ട്രംപ് ഭരണകൂടം യു.എസില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് എച്ച്-1ബി വര്‍ക്ക് വിസയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ വിദേശയാത്ര ഒഴിവാക്കണമെന്നാണ് ടെക് കമ്പനികളായ ആപ്പിളും ഗൂഗിളും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിസ നടപടികള്‍ക്കായി വലിയ കാലതാമസമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്ക് ഇരു കമ്പനികളും കര്‍ശന നിര്‍ദേശം നല്‍കിയത്.
ട്രംപിന്റെ ഭരണത്തിന് കീഴില്‍ അമേരിക്കയില്‍ കുടിയേറ്റ നിയമങ്ങളില്‍ വലിയ മാറ്റങ്ങളും നിയന്ത്രണങ്ങളുമാണ് കൊണ്ടുവരുന്നത്. ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്ന നിരവധി ടെക് കമ്പനികള്‍ അമേരിക്കയില്‍ ഉണ്ട്. അതില്‍ പ്രധാനികളാണ് ആപ്പിളും ഗൂഗിളും. കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങള്‍ കാരണം വലിയ അനിശ്ചിതാവസ്ഥയാണ് ജീവനക്കാര്‍ നേരിടുന്നത്.
കുടിയേറ്റ നയങ്ങളിലെ മാറ്റം കാരണം ലോകമെമ്പാടുമുള്ള യുഎസ് എംബസികളിലും കോണ്‍സുലേറ്റുകളിലും വിസ നടപടികള്‍ 12 മാസം വരെ വൈകാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് കമ്പനികള്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാത്രമല്ല ഈ സാഹചര്യത്തില്‍ മുന്നറിയിപ്പ് അവഗണിച്ച് നാട്ടിലേക്ക് പോയാല്‍ തിരികെ യുഎസിലേക്ക് പ്രവേശിക്കാന്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുമെന്നും കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഗൂഗിളിന്റെ ഇമിഗ്രേഷന്‍ വിഭാഗം അയച്ച മെമ്മോ പ്രകാരം, വിസ നടപടികള്‍ക്കായുള്ള അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ നിലവില്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് വിവരം. ഉറ്റവരുടെ മരണം ഉള്‍പ്പെടെയുള്ള അത്യന്താപേക്ഷിതമായ സാഹചര്യങ്ങളില്‍ കമ്പനിയുടെ ഇമിഗ്രേഷന്‍ വിഭാഗവുമായി മുന്‍കൂട്ടി ബന്ധപ്പെടണമെന്ന് ഗൂഗിളും ആപ്പിളും തങ്ങളുടെ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിസ നടപടികള്‍ വൈകാന്‍ കാരണം
കുടിയേറ്റക്കാരുടെ സോഷ്യല്‍ മീഡിയ അവലോകനം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പുതിയ പരിശോധനാ രീതികള്‍ നിലവില്‍ വന്നതാണ് വിസ നടപടികള്‍ വൈകാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാതിരിക്കാന്‍ ഓരോ വിസ അപേക്ഷയും വളരെ സമഗ്രമായി പരിശോധിക്കാനാണ് എംബസികള്‍ക്ക് ട്രംപ് ഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദേശം.
എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ അപേക്ഷാ ഫോമില്‍ നല്‍കേണ്ടതുണ്ട്. ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങി പ്രധാനപ്പെട്ട എല്ലാ പ്ലാറ്റ്‌ഫോമുകളും ഇതില്‍ ഉള്‍പ്പെടും. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ വിവരങ്ങള്‍ സമഗ്രമായി അവലോകനം ചെയ്ത് അപേക്ഷകന്റെ പശ്ചാത്തലം പരിശോധിക്കുന്നത് തുടരുകയാണ്. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകളാണ് വിസയ്ക്ക് അപേക്ഷിക്കുന്നത്. ഇത്രയും പേരുടെ ഡിജിറ്റല്‍ വിവരങ്ങള്‍ വിശകലനം ചെയ്യുന്നത് എംബസികളിലെ ജോലി ഭാരം വര്‍ദ്ധിപ്പിക്കും. ഇതാണ് വിസ അപേക്ഷകളില്‍ വലിയ കാലതാമസം ഉണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
പുതിയ ഭരണകൂട നയംമൂലം വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ഭാരമായി വന്നിരിക്കുകയാണ്. എച്ച്-1ബി വിസകള്‍ക്കുള്ള ഫീസ് 83 ലക്ഷം രൂപയാക്കിയതാണ് കനത്ത തിരിച്ചടിയായത്. ഇതേത്തുടര്‍ന്ന് നിലവില്‍ പ്രതിവര്‍ഷം 85,000 എച്ച്-1ബി വിസകള്‍ മാത്രമാണ് യുഎസ് അനുവദിക്കുന്നത്. ഇതില്‍ ഗൂഗിളും ആപ്പിളുമാണ് വലിയ തോതില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
