മലയാളി ലോകത്തെവിടെ ആയാലും ഓണം ആകുമ്പോള്‍ നാടും, വീടും, തുമ്പപ്പൂവും, പൂക്കളവും, പായസവും എല്ലാം ഓര്‍മകളിലേക്ക് ഓടി വരും... മലയാളികളുടെ ദേശീയോല്‍സവമാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണം. വാര്‍ഷിക ഗ്രിഗോറിയന്‍ കലണ്ടറില്‍ ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലും മലയാളം കലണ്ടറില്‍ ചിങ്ങ മാസത്തിലുമാണ് ഓണം വരുന്നത്.
കേരളം സന്ദര്‍ശിക്കുന്ന മഹാബലിയുടെ ഓര്‍മ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതുന്നു.
കേരളം ഭരിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന മഹാബലി ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടതാണ് ഓണം സംബന്ധിച്ച ഐതിഹ്യം. അതുകൊണ്ടു തന്നെ മാവേലി തമ്പുരാനും ഉത്രാടപ്പാച്ചിലും തിരുവോണ സദ്യയുമൊക്കെ ഏതു മലയാളിയുടേയും സ്വന്തമാണ്. സംഘകാല തമിഴ് സാഹിത്യമായ മധുരൈ കാഞ്ചിയിലാണ് ഓണത്തെ സംബന്ധിച്ച ആദ്യ പരാമര്‍ശം ഉള്ളതെന്ന് ചരിത്ര ഗവേഷകര്‍ പറയുന്നു. ഒരു വിളവെടുപ്പ് ഉത്സവമെന്നാണ് അതില്‍ ഓണത്തെ വിശേഷിപ്പിക്കുന്നത്.
കര്‍ക്കടകത്തിലെ പഞ്ഞം കളഞ്ഞ് ചിങ്ങത്തിലെത്തുമ്പോള്‍ കൊയ്ത്തായി. കൊയ്ത്തിന് ശേഷമുള്ള കറ്റമെതി, നെല്ല് ഉണക്കല്‍ എന്നിവയെല്ലാം കൃഷിക്കാരന്റെ തിരക്കുകളെ ഓര്‍മ്മിപ്പിക്കുന്നു. അക്കാരണത്താല്‍ വിളവെടുപ്പ് ഉത്സവമെന്ന വിശേഷണത്തിന് ഏറെ പ്രസക്തിയും ഉണ്ട്. പണിയെടുക്കുന്നവര്‍ ഭൂരിപക്ഷമായിരുന്ന കാലത്തു നിന്നാണ് ഓണസദ്യയുടെ പ്രാധാന്യം തുടങ്ങുന്നത്. സാധാരണ ദിവസങ്ങളില്‍ ഇല്ലാത്ത വിഭവങ്ങള്‍ ഈ സദ്യയില്‍ സ്ഥാനം പിടിക്കും.
ഓണവും ദ്രാവിഡ സംസ്‌ക്കാരവും
കേരളത്തില്‍ ഓണം തമിഴ്നാട്ടില്‍ നിന്നും സംക്രമിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. ഏ.ഡി എട്ട് വരെ ദ്രാവിഡ ദേശം പലനിലയില്‍ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാര്‍ഹികോത്സവമായി മാറി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു.
അത്തം മുതല്‍ തിരുവോണം വരെ പത്ത് ദിവസമാണ് ഓണം ആഘോഷിക്കുന്നത്. അത്തം പിറക്കുന്നതോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നു. ഈ പത്ത് ദിവസം ആഘോഷിക്കുന്നത് വ്യത്യസ്തമായാണ്.
അത്തം
മലനാടിന്റെ മണ്ണില്‍ മഴക്കാലം പെയ്തു തോര്‍ന്നാല്‍ പിന്നെ ചിങ്ങത്തിന്റെ പൂക്കാലമാണ്. കര്‍ക്കടകത്തിന്റെ മഴത്തോറ്റംകഴിഞ്ഞ് തൊടികളില്‍ ഭൂമിയുടെ കുളിരായി പൂമൊട്ടുകള്‍ വിരിയുകയായി. അങ്ങനെ പൊന്നോണത്തിന്റെ വരവറിയിച്ച് അത്ത ദിനം വന്നെത്തുകയായി.
ചിത്തിര
ഓണത്തിന്റെ രണ്ടാം ദിവസമാണ് ചിത്തിര. വീടും പരിസരവും വൃത്തിയാക്കി മഹാബലി ചക്രവര്‍ത്തിയ്ക്കായി ഒരുങ്ങുന്നു.
ചോതി
പൂവിളിയും പൂവടയും ഓണപ്പുടവയും ഓണപ്പൂക്കളവും തൂശനിലയിലെ സദ്യയുമെല്ലാം മനസില്‍ സൂക്ഷിക്കാന്‍ കഴിയുമ്പോഴേ നാം മലയാളികളാകൂ. നന്‍മയുടെ പ്രതീകമായ മാതേവരെ വരവേല്‍ക്കാനൊരുങ്ങുന്ന മലയാളിക്ക് ഓണാനുഭവങ്ങളിലെ മൂന്നാം നാള്‍ ചോതി ദിനമാണ്.
വിശാഖം
കാലത്തിന്റെ പൂപ്പൊലിപ്പാട്ടാണ് ഓണം. ഓണച്ചന്തകളിലും മറ്റും ഏറ്റവും തിരക്കിലേക്ക് പോകുന്ന ഒരു ദിവസമാണ് വിശാഖം. പഴയകാലത്ത് ഓണച്ചന്ത തുടങ്ങിയിരുന്നത് വിശാഖം നാളിലാണ്.
അനിഴം
ഓണത്തിന്റെ അഞ്ചാം നാളായ അനിഴം ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞിരിക്കുന്നു. അന്നാണ് വള്ളം കളിയ്ക്ക് മുന്നോടിയായുളഅള റിഹേഴ്‌സലിനൊക്കെ തുടക്കമാകുന്നത്.
തൃക്കേട്ട
തൃക്കേട്ട ദിവസത്തെ, ഓണത്തിന്റെ ആറാം നാളായി കരുതപ്പെടുന്നു. ഓണത്തിന്റെ ആഘോഷങ്ങളിലേക്കും തിരക്കുകളിലേക്കും എല്ലാവരും എത്തുന്ന ദിനം കൂടിയാണ് തൃക്കേട്ട.
മൂലം
മൂലം നാള്‍ മുതലാണ് ഓണാഘോഷങ്ങള്‍ക്ക് പൂര്‍ണമായ ഉത്സവച്ഛായ ലഭിക്കുന്നത്. പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രകളുമായി ഓണത്തിന്റെ മിഴിവാര്‍ന്ന തലത്തിലേക്ക് ആഘോഷങ്ങള്‍ കടക്കുന്നു.
പൂരാടം
അത്തം തുടങ്ങി ഇന്ന് എട്ടാം നാള്‍, ഇന്ന് പൂരാട ദിനം. ഉത്രാട ദിനത്തിനുള്ള ഒരുക്കത്തിലാണ് പൂരാട ദിനം മലയാളികള്‍ ഏര്‍പ്പെടുന്നത്.
ഉത്രാടം
ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ഉത്രാടം നാളില്‍. ഓണത്തിന്റെ ആരവവും ആര്‍പ്പു വിളികളും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് ഉത്രാട ദിനം.
തിരുവോണം
അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്. ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍, പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളുടെ പുനരാവിഷ്‌കരണമെന്നോണം ഓണം സമുചിതമായി ആഘോഷിക്കുന്ന സുദിനമാണന്ന്. വലിയ പൂക്കളം ഒരുക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സദ്യ ഒരുക്കിയും എല്ലാം തിരുവോണനാള്‍ ആഘോഷിക്കുന്നു.
പേരിന് പിന്നില്‍
കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാള്‍ വളരെ മുന്‍പേ തന്നെ കേരളത്തിലും മധുര ഉള്‍പ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്. തിരുമാള്‍ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളില്‍ പറയുന്നു.
സംഘകാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങള്‍ കഴിഞ്ഞിരുന്നു. ആറു മാസം മഴ ദീര്‍ഘമായി പെയ്തിതിരുന്നു. എന്നാല്‍ മഹാബലി എന്ന സങ്കല്പം ഇന്ത്യയിലും കേരളത്തിലും ധാരാളമായിട്ട് കാണാം. ഗോത്രങ്ങള്‍ക്കിടയിലും അവരുടെ മാവേലിയെ വധിച്ചതിനെക്കുറിച്ച് കഥകളുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1