ബാർ കോഴയുടെ രണ്ടാം എപ്പിസോഡിൽ വില്ലനാര് ? ഹീറോയാര് ?

MAY 30, 2024, 11:23 AM

കേരളാ രാഷ്ട്രീയത്തിൽ വീണ്ടും ലഹരിയുടെ പിന്നിലുള്ള കോഴക്കഥകൾ നുരഞ്ഞു പൊന്തുന്നു. ബാർ ഉടമകളിൽ നിന്ന് കോഴ വാങ്ങിയതിന്റെ പേരിൽ മുൻ മന്ത്രി കെ.എം. മാണിയെ വേട്ടയാടിയ മാധ്യമങ്ങൾക്ക് ഇപ്പോൾ അന്നത്തെ വീര്യമില്ല. 2015 നവബർ 30ന് ഒരു ദീപാവലി ദിനത്തിൽ മാധ്യമങ്ങൾ പിന്നിൽ നിന്ന് മാറാതെ ഓടിച്ചിട്ട് പിടിച്ച് മാണിയെക്കൊണ്ട് രാജിവെപ്പിച്ചതിന്റെ പിന്നിൽ ഉമ്മൻചാണ്ടിയും വി.എം. സുധീരനും തമ്മിലുള്ള പകയുടെ പുകയുയർന്നതായി പിന്നീട് ജനസംസാരമുണ്ടായി. സുധീരനെ തോൽപ്പിക്കാൻ അന്നത്തെ മുഖ്യൻ ഉമ്മൻചാണ്ടി എല്ലാ ബാറുകളും പൂട്ടിക്കൊണ്ടാണ് ആ കോഴക്കഥയ്ക്ക് വിരാമമിട്ടത്.

മാണിയെ സഭയ്ക്കു പുറത്തും അകത്തും ഒരേ പോലെ ആക്രമിച്ച സി.പി.എമ്മിനോട് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന് ഒരിക്കലും ക്ഷമിക്കാൻ കഴിയുമായിരുന്നില്ല. എന്നാലും 'വിശാല ഹൃദയനായ' ജോസ് കെ.മാണി അതെല്ലാം ക്ഷമിച്ചതും ഇടതു മുന്നണിയിൽ ചേർന്നതും ഒരു മന്ത്രി കസേര സ്വപ്‌നം കണ്ടുകൊണ്ടായിരുന്നു. എന്നാൽ, 'പാലാക്കാർ' ജോസ് അങ്ങനെ ടർബോ ജോസ് ആകേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ അപ്പന്റെ സീറ്റിൽ മൽസരിച്ച മകനെ അവർ കാല് വാരി നിലത്തിട്ടു. രാജ്യസഭാ സീറ്റ് എന്ന 'രണ്ടില' കൊണ്ട് നാണം മറച്ചതുകൊണ്ട് മാണി പുത്രന് മാനം പോയില്ലെന്നത് ചരിത്രം.

ബിജു രമേശും അനിമോനും ശബ്ദ സന്ദേശവും

vachakam
vachakam
vachakam

2014 ഒക്‌ടോബർ 31നാണ് അബ്കാരിയും ഹോട്ടൽ ഉടമയുമായ ബിജു രമേശ് മാണി കോഴ ആവശ്യപ്പെട്ടു കൊണ്ടുള്ള ശബ്ദസന്ദേശം പുറത്തുവിട്ടത്. 5 കോടി മാണി സാറിന്റെ വീട്ടിലെത്തി നൽകിയെന്നും ഇനിയും 30 കോടി കൂടി അദ്ദേഹത്തിന് നൽകേണ്ടിവരുമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. അന്നും അനിമോന്റെ സന്ദേശം തന്നെയാണ് ബിജു രമേശ് പുറത്തു വിട്ടതെന്നതാണ് ഏറ്റവും വിചിത്രം. ഇപ്പോഴത്തെ വിവാദ പുരുഷനായ അബ്കാരികളുടെ നേതാവ് ചൈനാ സുനിൽ 5 കോടി രൂപ നൽകുമെന്നും അന്നത്തെ സന്ദേശത്തിലുണ്ടായിരുന്നു. ഇപ്പോൾ അനിമോന്റെ സന്ദേശത്തിൽ ഓരോ ബാറുടമകളും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അത് കെട്ടിട ഫണ്ടിലേയ്ക്കാണെന്ന് അനിമോൻ പറഞ്ഞുവെങ്കിലും, ആ ഫണ്ടിലേക്ക് 1 ലക്ഷം രൂപ വീതം നൽകണമെന്ന പോസ്റ്റർ വാട്‌സാപ്പിലുണ്ട്. മാത്രമല്ല, ഇടുക്കി അണക്കരയിൽ പ്രവർത്തിക്കുന്ന 'സ്‌പൈസ് ഗ്രൂവ്' എന്ന ബാറുകാർ 1 ലക്ഷം രൂപ എസ്.ബി.ഐ. വഴി അസോസിയേഷന് നൽകിയ ബാങ്ക് സ്‌ലിപ്പും ചാനലുകളിൽ കാണാനായി.

ടൂറിസവും മദ്യവിൽപനയും തമ്മിൽ ?

ബാർ അനുവദിക്കലും ഫീസ് നിശ്ചയിക്കലുമെല്ലാം എക്‌സൈസ് വകുപ്പ് മന്ത്രിയുടെ തീരുമാന പ്രകാരം നടക്കേണ്ടതാണ്. നയം മാറ്റം മന്ത്രിസഭ ചർച്ച ചെയ്യുന്നതിനു മുമ്പ് ഇടതുമുന്നണിയിലും വേണ്ട ആലോചനകൾ നടക്കേണ്ടതുണ്ട്. 2023 ജൂലൈ മാസത്തിൽ രണ്ടാം പിണറായി മന്ത്രിസഭയുടെ വക ഒരു മദ്യനയം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സാമ്പത്തികമായി സർക്കാർ ഗുരുതര സ്ഥിതിയിലായതുകൊണ്ട് വേണ്ട പുതിയ നയംമാറ്റങ്ങളെക്കുറിച്ച് ചർച്ചകളുണ്ടായി. എന്നാൽ ടൂറിസം വകുപ്പാണ് മെയ് 21ന് അബ്കാരി നയത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്തിയത്. എക്‌സൈസ് വകുപ്പിലോ മന്ത്രിസഭയിലോ മദ്യനയം മാറ്റം ചർച്ചയായില്ലെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാക്കുകൾ വിശ്വസിച്ചാൽ പോലും എന്തിന് മദ്യ നയത്തിൽ വരുത്താൻ പോകുന്ന കാതലായ മാറ്റങ്ങളെപ്പറ്റി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്തുവെന്നതിന്, ''അതൊന്നും ടൂറിസം വകുപ്പ് മന്ത്രി അറിയേണ്ട കാര്യമില്ല. ഉദ്യോഗസ്ഥർ അങ്ങനെ പല കാര്യങ്ങളും ചർച്ച ചെയ്തിരിക്കാം'' എന്നാണ് മന്ത്രി റിയാസിന്റെ വിശദീകരണം. ഇത് വിശ്വസിക്കണോ വേണ്ടയോ എന്ന് ജനമാണ് തീരുമാനിക്കേണ്ടത്.

vachakam
vachakam
vachakam

കോഴയുടെ ആഴവും പരപ്പും നോക്കൂ ...

കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരാൻ തടസ്സം ഡ്രൈഡേകളിൽ ബാറുകൾ അടച്ചിടുന്നതുകൊണ്ടാണെന്ന് പറയുന്നതിന്റെ പിന്നിലെ പൊള്ളത്തരം ആർക്കാണറിയാൻ പാടില്ലാത്തത് ? കേരളത്തിൽ 920 ബാറുകളാണുള്ളത്. ഹെറിറ്റേജ് ബാറുകൾ എന്നൊരു വിഭാഗം വേറെയുമുണ്ട്. ദേശീയ പാതയ്ക്കരികിൽ ബാറുകൾ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാൻ ദേശീയ പാതകളെ 'സ്റ്റേറ്റ് ഹൈവേ' എന്നൊരു പുതിയ പട്ടികയിൽപെടുത്തി ഗസറ്റ് വിജ്ഞാപനമിറക്കിയ ഭരണകൂടമാണിത്. ബിവറേജസ് കോർപ്പറേഷന്റെ 250ൽ ഏറെ ഔട്ട്‌ലെറ്റുകൾ വേറെയുമുണ്ട്. ബാർ ലൈസൻസ് ഫീ 30ൽ നിന്ന് 35 ലക്ഷമാക്കിയതും മദ്യം വിളമ്പാനുള്ള എഫ്.എൽ4 ലൈസൻസ് ഫീ 50,000ൽ നിന്ന് 2 ലക്ഷമാക്കിയതും ഇടതു സർക്കാരാണ്. ഇപ്പോൾ ഐ.ടി. പാർക്കുകളിൽ രാവിലെ 11 മുതൽ രാത്രി 11 മണിവരെ മദ്യം വിളമ്പാനുള്ള മദ്യശാലകൾ അനുവദിക്കാൻ 20 ലക്ഷം രൂപയാണ് ഫീയായി നിശ്ചയിച്ചിട്ടുള്ളതത്രെ. കൂടാതെ പ്രീമിയം ബ്രാൻഡ് മദ്യക്കുപ്പികളുടെ ഡോർ ഡെലിവെറി കൂടി സർക്കാർ ഉറപ്പാക്കാൻ പോകുകയാണത്രെ.

ഇത്രയേറെ മദ്യപാനികളെ ''സ്‌നേഹിക്കുകയും സേവിക്കുകയും'' ചെയ്യുന്ന മറ്റൊരു സർക്കാരിനെ ലോകത്തെങ്ങും കാണാനാവില്ല. പ്രതിദിനം 6 ലക്ഷം ലിറ്റർ മദ്യം ഇപ്പോൾ വിറ്റഴിയപ്പെടുന്നുണ്ട്. ഒന്നാം തിയതി, ഗാന്ധി ജയന്തി, ശ്രീനാരായണ ഗുരു ജയന്തി തുടങ്ങിയ 30ഓളം ഡ്രൈ ഡേകൾ എടുത്തു കളഞ്ഞാൽ മദ്യവിൽപ്പനയിൽ നിന്ന് 15,000 കോടി രൂപ പ്രതിവർഷം അധികമായി ലഭിക്കുമെന്ന് സർക്കാരിലെ ഉന്നതർ കണ്ടെത്തിക്കഴിഞ്ഞു. റേഷനരി വിതരണം ചെയ്യാൻ ഷിഫ്റ്റ് ഏർപ്പെടുത്തുന്ന നമ്മുടെ നാട്ടിൽ, പ്ലസ് വണ്ണിലേക്ക് പ്രവേശനം കിട്ടാതെ അലയുന്ന മലബാർ പ്രദേശങ്ങളിൽ എല്ലാം ഒരു മാറ്റവും ഇതുവരെ വിജയകരമായി നടപ്പാക്കാൻ കഴിയാത്ത ഭരണകൂടം അബ്കാരികളുടെയും മദ്യപാനികളുടെയും 'ബിസിനസും ജീവിതവും' ഭദ്രമാക്കുമെന്ന വാഗ്ദാനം നൽകുമ്പോൾ ഇതാണോ ഇടതുഭരണത്തിന്റെ ഉറപ്പെന്ന് ജനം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

vachakam
vachakam
vachakam

അവയവക്കടത്തിന്റെ കണ്ണീർപ്പുറങ്ങൾ

തൃശ്ശൂർ ജില്ലയിലെ ചാവക്കാടും മറ്റും കടക്കെണിയിലായ കുടുംബങ്ങളെ അവയവ മാഫിയ ചൂഷണം ചെയ്യുന്നതായി ഇതേ ആഴ്ചക്കുറിപ്പിൽ ഒന്നരവർഷം മുമ്പെഴുതിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഒരന്വേഷണവും സർക്കാർ നടത്തിയില്ല. മാത്രമല്ല, ഈ വാർത്ത മാധ്യമങ്ങളിൽ വന്നതോടെ അഴിമതിക്കാരായ ചില പോലീസുകാർ ഇതേ അവയവകടത്ത് മാഫിയയുമായി അവിഹിത ബന്ധം സ്ഥാപിച്ച് പണം പിടുങ്ങാൻ തുടങ്ങിയെന്നുള്ള യാഥാർത്ഥ്യങ്ങളാണ് ഒാരോ ദിവസവും പുറത്തുവരുന്ന മാധ്യമ വാർത്തകളിൽ നിന്ന് നാം മനസ്സിലക്കേണ്ടത്. ഒരു അവയവ മാറ്റം നടക്കണമെങ്കിൽ മിനിമം നാല് വകുപ്പുകളുടെയെങ്കിലും അനുമതി പത്രങ്ങളും മറ്റും ആവശ്യമാണ്. ഇതെല്ലാം അവയവ മാഫിയ തരപ്പെടുത്തിയെടുക്കുമ്പോൾ, ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടേണ്ട റവന്യൂ, ആരോഗ്യ, പോലീസ് വകുപ്പുകൾ എന്തേ ഈ തട്ടിപ്പുകൾ തടയാൻ രംഗത്തിറങ്ങാതിരുന്നത് ? കോവിഡിനു ശേഷമുള്ള കേരളത്തിലെ സർക്കാർ തലങ്ങളിൽ വേരുറപ്പിച്ച അഴിമതിയുടെ വൈറസ് ഇപ്പോൾ എത്രത്തോളം ഭീകരമായി മാറിയെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നില്ലേ ?

സിനിമകളും സിനിമാക്കാരും എന്തു പിഴച്ചു ?

ഇപ്പോൾ ഒരു സിനിമ നിർമ്മിക്കുമ്പോൾ അതിന്റെ അണിയറയിൽ തന്നെ 150 -200 പേർ ജോലി ചെയ്യുന്നുണ്ട്. വിവിധ മതസ്ഥരാണവർ. അവർക്ക് സിനിമയെന്ന ഒറ്റ മതമേയുള്ളൂ. പൂജയും മറ്റും ചെയ്യുമ്പോൾ പോലും പല സെറ്റുകളിലും ഹൈന്ദവ -ക്രിസ്ത്യൻ -മുസ്ലീം മതങ്ങളുടെ പ്രതീകമായുള്ള ചിത്രങ്ങളോ സൂചകങ്ങളോ കാണാറുണ്ട്.
വൈപ്പിനിലെ ഒരു സിനിമാ ചിത്രീകരണവേളയിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ഏറെ ദയനീയമായി മമ്മൂട്ടി ഒരു കാര്യം പറയുകയുണ്ടായി. ''പണ്ടെല്ലാം ഞാൻ മുഹമ്മദാലിയും നീ ബാലചന്ദ്രനുമായിരുന്നുവെങ്കിലും നമുക്ക് മധ്യേ, നമ്മുടെ കുടുംബങ്ങൾക്ക് മധ്യേ ജാതിയുടെയും മതത്തിന്റെയും വേർതിരിവുകളുണ്ടായിരുന്നില്ല. ഇന്ന് അതെല്ലാം പഴങ്കഥയായോ ബാലാ ?'' കായൽപ്പരപ്പിലേക്ക് നോക്കി മമ്മൂട്ടി ഇങ്ങനെ പറഞ്ഞത് കവി ചുള്ളിക്കാടാണ് ഒരു വേദിയിൽ വച്ച് അനുസ്മരിച്ചിട്ടുള്ളത്. സിനിമയിൽ നിന്ന് സമ്പാദിച്ച പണം ഒരാൾ സിനിമയിൽ തന്നെ നിക്ഷേപിക്കുമ്പോൾ, ആ വ്യക്തി സിനിമയെ അത്രത്തോളം സ്‌നേഹിക്കുന്നതായി വേണം നാം മനസ്സിലാക്കാൻ. മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രം 40 കോടി മുടക്കി മമ്മൂട്ടി നിർമ്മിക്കുമ്പോഴും മകൻ ദുൽഖറിന് വിതരണാവകാശത്തിൽ ഒരു ഭാഗം നൽകുമ്പോഴും സിനിമയെ ഒരു വ്യവസായമെന്ന രീതിയിൽ കാണുക മാത്രമല്ല മമ്മൂട്ടി ചെയ്യുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അഭിനയത്തിലൂടെ സമ്പാദിച്ച കോടികൾ 'റിസ്‌ക്ക് ' എടുത്തുകൊണ്ടു സിനിമയിൽ തന്നെ നിക്ഷേപിക്കുകയാണ്. മോഹൻലാലും ആന്റണി പെരുമ്പാവൂരിനെ മുന്നിൽ നിർത്തി സിനിമാ വ്യവസായത്തിൽ പണം നിക്ഷേപിക്കുന്നുണ്ട്.

'ടർബോ' എന്ന ചിത്രത്തിനുവേണ്ടി കൊച്ചിയിലും ചേർത്തലയിലും പിറവത്തും മറ്റും സെറ്റുകളിടുമ്പോൾ, അവിടെ ചെലവഴിക്കുന്ന ആ പണം ആ നാട്ടുകാരിൽ ചിലരുടെ പോക്കറ്റിലേക്കും പോകുന്നുണ്ട്. 'ടർബോ' സംവിധാനം ചെയ്ത വൈശാഖ് (വിശാഖ് എന്നു പറഞ്ഞാൽ മതിയെന്ന സംവിധായകന്റെ നിർദ്ദേശം നവമാധ്യമങ്ങളിൽ കണ്ടിരുന്നു) കാസർഗോഡുകാരൻ കുടിയേറ്റ ക്രൈസ്തവനാണ്. മിഥുൻ മാനുവൽ തോമസും ക്രൈസ്തവനാണ്. സിനിമകളുടെ സെറ്റുകളിൽ കാണുന്ന സ്‌നേഹവും സൗഹൃദവും പ്രതിബദ്ധതയും ആവശ്യമില്ലാത്ത 'കളറുകൾ' നൽകി കുളമാക്കരുത്. അങ്ങനെ വന്നാൽ പെരിയാറിലെ 'വിഷം കലക്കലിനെ' പോലെ വല്ലാത്ത ഒരവസ്ഥ സമൂഹത്തിലും സംഭവിക്കും. അത് വേണോ ?

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam