യുവതയുടേത് ഗതിക ഊർജം; വിഫലമാകും തടയണകൾ

JULY 17, 2024, 4:48 PM

'അകലെ അകലെ നീലാകാശം' തേടുന്ന യുവതലമുറ കേരളസമൂഹത്തിന് ബാക്കിയാക്കുന്നത് ആശയെക്കളേറെ നിരാശ. അതേസമയം, പിറന്ന നാടിനെ തപ്ത നിശ്വാസത്തിലാഴ്ത്തി ചെറുപ്പക്കാർ ജീവിതം കരുപ്പിടിപ്പിക്കാൻ വിദേശത്തേക്കു ചേക്കേറുന്ന പ്രവണതയെ വ്യർത്ഥമായി അപലപിച്ചു കെണ്ടേയിരിക്കുന്നു പല സാമൂഹിക നിരീക്ഷകരും.

അനിശ്ചിത ഭാവിക്കപ്പുറം മരുപ്പച്ചകൾ ചൂണ്ടിക്കാട്ടാൻ ഉത്തരവാദപ്പെട്ടവർ ആകട്ടെ ഭ്രമകല്പനകളുടെ ലോകത്ത് തന്നെ വിഹരിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ മക്കൾ ഉൾപ്പെടെ വരേണ്യ യുവത വിദേശത്ത് വിദ്യാഭ്യാസവും അവിടെത്തന്നെ ജോലിയും കരസ്ഥമാക്കിയതിനുപിന്നാലെ അധ്വാനവർഗവും അതേ വഴിക്ക് നീങ്ങിയതോടെ കേരളം നേരിടുന്നത് നിർദ്ധാരണ ക്ഷമമല്ലാത്ത നിരവധി സമസ്യകൾ.

വിദ്യാർത്ഥികൾ പുറത്തേക്കു പോകുന്നത് പഠനത്തിനാണ്, തൊഴിലിനാണ്. ഒപ്പം വിദേശനാണ്യം കേരളത്തിലേക്ക് എത്തുന്നുമുണ്ട്. എങ്കിൽ പിന്നെ എന്താണ് പ്രശ്‌നമെന്ന ചോദ്യവും ഉയരുന്നു ചില മേഖലകളിൽ നിന്ന്. പതിറ്റാണ്ടുകളായി കേരളത്തെ താങ്ങി നിർത്തിയിരുന്നത് പ്രവാസികളും അവരുടെ പണവും ആയിരുന്നല്ലോ. ആ നിലയ്ക്ക്, പ്രവാസകാലത്തിന്റെ പുതിയ പതിപ്പു മാത്രമാണിപ്പോഴത്തേതെന്നു ചിന്തിക്കുന്നു ചിലർ.

vachakam
vachakam
vachakam

പക്ഷേ പോകുന്നവരിൽ പകുതിയും തിരികെ എത്തുന്നില്ല. പോകുന്ന നാടുകളിൽ കുടുംബമായി അവർ സ്ഥിരതാമസമാകുന്നു. നാട്ടിലുള്ളവരെ വിദേശത്തേക്കു വരാൻ പ്രേരിപ്പിക്കുന്നു. അവരുടെ വൈഭവവും കഴിവും ബുദ്ധിശക്തിയും ആ രാജ്യങ്ങൾക്ക് മുതൽക്കൂട്ടാവുന്നു. മികച്ച തലച്ചോറുകൾ ജന്മനാടിന് നഷ്ടം. നാട്ടിൽ യുവത ചുരുങ്ങുന്നു. സംസ്‌കാരത്തിലും അതിന്റെ ആഘോഷങ്ങളിലും ചലനാത്മകത കുറയുന്നു.

കേരളം വെറും ഉപഭോഗസംസ്ഥാനമായി മാറിയിരിക്കുന്നു. ഒറ്റപ്പെടുന്ന മാതാപിതാക്കളും ഉയരുന്ന വൃദ്ധജനസംഖ്യയും കൊണ്ട് കേരളത്തിന് പ്രായമേറുന്നു. ഒറ്റയ്ക്കാവുന്ന മാതാപിതാക്കൾക്കുവേണ്ടി ആശുപത്രികളോടു ചേർന്ന് ഓൾഡേജ് ഹോമുകൾ, മറ്റു പുനരധിവാസ പക്കേജുകൾ എന്നിവ ഇക്കഴിഞ്ഞ ലോകകേരളസഭയിൽ അവതരിപ്പിക്കപ്പെട്ടു എന്നു കൂടി വരുമ്പോൾ ഇത് സാധ്യതകളെക്കാൾ ഒരു പ്രതിസന്ധി തന്നെയെന്നത് വ്യക്തം.

ഇത്തരം ഒഴുക്കിനു പ്രധാന കാരണങ്ങളിൽ ഒന്ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം അത്ര മേൽ അനാകർഷകമായി എന്നതാണ്. കേരള സർക്കാർ നേതൃത്വത്തിലുള്ള യൂണിവേഴ്‌സിറ്റികളിൽ ഇക്കഴിഞ്ഞ അക്കാദമിക് വർഷം പകുതിയിലധികം മെറിറ്റ് സീറ്റുകളിൽ കുട്ടികളുണ്ടായിരുന്നില്ല. മാസങ്ങൾ, ചിലപ്പോൾ വർഷങ്ങൾ താമസിച്ചു വരുന്ന പരീക്ഷാ ഫലങ്ങൾ, സർവകലാശാലകളിലെ കെടുകാര്യസ്ഥത, അനുദിനം മാറുന്ന തൊഴിൽ മേഖലയുടെ പൾസ് അറിയാത്ത കോഴ്‌സ് ഡിസൈനുകൾ, പഠിച്ചു മാർക്ക് വാങ്ങിയാൽ തന്നെ ജോലിക്കുവേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്, റദ്ദാക്കപ്പെടുന്ന റാങ്ക് ലിസ്റ്റുകൾ, ജോലി ചെയ്തിട്ടും സർക്കാർ ശമ്പളം കിട്ടാത്ത അവസ്ഥ, ഇഷ്ടക്കാർക്ക് ജോലികൾ വച്ചു നീട്ടാൻ മടിയില്ലാത്ത കക്ഷി രാഷ്ട്രീയ പ്രസരം, ജോലിക്കുവേണ്ടി കൊടുക്കേണ്ടുന്ന കോഴപ്പണം. ഇവയൊക്കെ കേരളത്തെ ഉപേക്ഷിക്കത്തക്കതാക്കുന്നു; വിദേശത്തേക്കുള്ള ഗതികോർജ ഉറവുകൾ പൊട്ടിയൊഴുകുന്നു.

vachakam
vachakam
vachakam

കേരളത്തിൽ നിന്ന് വിദ്യാഭ്യാസ കുടിയേറ്റത്തിലുണ്ടായ വർധന സംസ്ഥാനത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗൗരവതരമായിരിക്കുമെന്ന നിരീക്ഷണമാണ് വിദഗ്ധർക്കുള്ളത്. അതേ സമയം, 'ഞങ്ങളുടെ കുട്ടി എങ്ങനെയും മറ്റെവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ ' എന്നു ചിന്തിക്കുന്ന മാതാപിതാക്കളെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വിദേശ രാജ്യങ്ങൾ പുറത്തു നിന്ന് കുട്ടികളെ മാടി വിളിക്കുകയാണ്. 2014-15 വർഷത്തിൽ യുകെ ഇക്കോണമിയുടെ ഗ്രോസ് ഔട്ട്പുട്ടിലേക്ക് 25.8 ബില്യൻ വന്നെത്തിയത് കുടിയേറ്റ വിദ്യാർഥികളിൽ നിന്നായിരുന്നു എന്ന വിവരം പുറത്തു വന്നിരുന്നു. വിദേശ വിദ്യാർഥികളുടെ ട്യൂഷൻ ഫീസായിരുന്നു ഇതേ കാലയളവിൽ യു കെയിലെ സർവകലാശാലകളിലെ മൊത്തം വരുമാനത്തിന്റെ 14 ശതമാനവും.

ഇരട്ടി വളർച്ച

vachakam
vachakam
vachakam

ഉപരിപഠനാർഥം കേരളം വിടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയോളം വർധനവുണ്ടായതായാണ് ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ടിന്റെ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത്. 2018ൽ 1,29,763 ആയിരുന്നു ഉപരിപഠത്തിനായി വിദേശത്തേക്ക് പലായനം ചെയ്ത കേരളീയ വിദ്യാർഥികളുടെ എണ്ണം. 2023ൽ 2,50,000 ആയി വർധിച്ചു. പതിനേഴ് വയസ് മുതൽ തുടങ്ങുന്നു വിദ്യാർഥി കുടിയേറ്റമെന്നും പ്രവാസി മലയാളികളിൽ 11.3 ശതമാനവും വിദ്യാർഥികളാണെന്നുമാണ് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വിദ്യാർഥി കുടിയേറ്റം മലയാളികൾക്കിടയിൽ പുതിയ പ്രവണതയല്ലെങ്കിലും സാമ്പത്തികമായി ഉന്നത ശ്രേണിയിലുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ് മുൻകാലങ്ങളിൽ പഠനാവശ്യാർഥം കടൽ കടന്നു പോയിരുന്നത്. ഇന്ന് ദൈനംദിന ചെലവുകൾ മാത്രം വഹിക്കാൻ ശേഷിയുള്ള കുടുംബങ്ങളിൽ നിന്ന് വരെ വിദ്യാർഥികൾ കുടിയേറ്റം നടത്തുന്നുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് നിലവാരമില്ലായ്മ, സംസ്ഥാനത്തെ തൊഴിൽ സാധ്യതാ രഹിത്യം, നൈപുണ്യ വികസന സംവിധാനങ്ങളുടെ അപര്യാപ്തത, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സൗകര്യങ്ങളുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായ വർധന മൂലം വിദേശ രാജ്യങ്ങളിലെ പഠന സൗകര്യങ്ങളെക്കുറിച്ച് വിദ്യാർഥികളിലുണ്ടായ അവബോധം, രക്ഷിതാക്കളുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും വന്ന മാറ്റം, രാജ്യാന്തര റിക്രൂട്ടിംഗ് ഏജൻസികളുടെ പ്രവർത്തനം, വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ഉൾപ്പെടെ രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടങ്ങി വിദ്യാർഥി കുടിയേറ്റത്തിന്റെ കാരണങ്ങൾ പലതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റഷ്യ-യുക്രൈൻ യുദ്ധമാരംഭിച്ച വേളയിൽ വിദ്യാർഥി കുടിയേറ്റം സംഭ്രമജനകമായ ചർച്ചാ വിഷയമായിരുന്നു. നോർക്ക റൂട്ട്‌സിൽ രജിസ്റ്റർ ചെയ്തതിനേക്കാൾ കൂടുതൽ വിദ്യാർഥികൾ ആ മേഖലയിലുണ്ടെന്ന് കണ്ടെത്തിയത് അതേ തുടർന്നായിരുന്നു. എവിടെയായിരിക്കണം പഠനമെന്ന് തീരുമാനിക്കാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവകാശമുണ്ട്. എന്നാൽ സംസ്ഥാനത്തിന് അത്ര സുഖകരമല്ല വിദ്യാഭ്യാസ കുടിയേറ്റമെന്നതാണ് പ്രശ്‌നം. സാമ്പത്തിക ചോർച്ച, മസ്തിഷ്‌ക ചോർച്ച തുടങ്ങി പല വിധേനയും ദോഷകരമാണ് ഈ പ്രവണത. പ്രതിവർഷം ദശലക്ഷങ്ങൾ വേണം ഒരു വിദ്യാർഥിക്ക് വിദേശ സർവകലാശാലയിൽ പഠിക്കാൻ. 

കേരളത്തിൽ ക്രയവിക്രയം ചെയ്യേണ്ട പണമാണ് ഇപ്രകാരം കുടിയേറ്റ വിദ്യാർഥികൾ വിദേശ രാഷ്ട്രങ്ങളിൽ ചെലവിടുന്നത്. പ്രതിവർഷം കേരളത്തിൽ നിന്ന് പഠനാവശ്യാർഥം വിദേശ കുടിയേറ്റം നടത്തുന്ന വിദ്യാർഥികളുടെ എണ്ണം പരിഗണിക്കുമ്പോൾ സംസ്ഥാനത്ത് ഇത് സൃഷ്ടിക്കുന്ന സാമ്പത്തിക ചോർച്ച അവഗണിക്കാനാകില്ല. 2021ലെ കണക്കനുസരിച്ച് രാജ്യത്തെ കുടിയേറ്റ വിദ്യാർഥികൾ പഠനത്തിനായി വിദേശ രാജ്യങ്ങളിൽ ചെലവിടുന്നത് പ്രതിവർഷം 690.9 കോടി ഡോളർ വരും. ഏകദേശം 59,417 കോടി രൂപ. രാജ്യത്തിന്റെ പുറത്തേക്കു പോകുന്ന ധനത്തിന്റെ 30.24 ശതമാനം (യാത്രാ ചെലവ് ഉൾപ്പെടെ) വരുമിത്.

പഠനം പൂർത്തിയാക്കി സംസ്ഥാനത്ത്, അല്ലെങ്കിൽ ഇന്ത്യയിലെവിടെയെങ്കിലും ജോലിക്കു കയറുകയല്ല, വിദേശത്ത് ജോലി സമ്പാദിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കുകയാണ് വിദ്യാഭ്യാസത്തിന് വേണ്ടി കടൽ കടക്കുന്ന നല്ലൊരു വിഭാഗം വിദ്യാർഥികളുടെയും ലക്ഷ്യം. മികച്ച വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള യുവാക്കൾക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണ് വികസിത രാജ്യങ്ങൾ. 2030 ആകുമ്പേഴേക്ക് ജർമനിയിൽ വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെയും ചൈനയിൽ മൂന്ന് ശതമാനത്തിന്റെയും കുറവുണ്ടാകുമെന്നാണ് ഈയിടെ വന്ന ഒരു റിപ്പോർട്ടിൽ പറയുന്നത്.

മസ്തിഷ്‌ക ചോർച്ച

കുടിയേറ്റത്തിന്റെ മറ്റൊരു മുഖ്യ പ്രത്യാഘാതം മസ്തിഷ്‌ക ചോർച്ച തന്നെ. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിനും പുരോഗതിക്കും വിനിയോഗിക്കേണ്ട കഴിവും ബുദ്ധിയുമാണ് വിദ്യാർഥി കുടിയേറ്റത്തിലൂടെ നഷ്ടപ്പെടുന്നത്. ആധുനിക കാലത്ത് കേരളത്തിന്റെ ഏറ്റവും മികച്ച ആസ്തി മസ്തിഷ്‌കങ്ങളാണ്. കേരളീയ യുവത്വത്തെ ഇവിടെ തന്നെ ഉപയോഗപ്പെടുത്താനാകണമെന്ന വാദം ഏറ്റവും പ്രസക്തമാകുന്നത് ഇക്കാരണത്താലാണ്.

വിദ്യാർഥികളെ വിദേശ രാജ്യങ്ങളിലേക്കാകർഷിക്കുന്ന ഘടകങ്ങളെ പഠന വിധേയമാക്കി, അവർ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള പഠന സൗകര്യങ്ങൾ കേരളത്തിൽ തന്നെ സജ്ജമാക്കുകയാണ് കുടിയേറ്റം നിയന്ത്രിക്കാനുള്ള പ്രധാന മാർഗം. അതേസമയം, സംസ്ഥാനത്ത് മൂന്ന് സർവകലാശാലകൾ മാത്രമാണ് ആഗോള റാങ്കിംഗിൽ ആദ്യ ഇരുനൂറിൽ കയറിയതെന്ന വസ്തുത ഗൗരവത്തോടെ കണേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ച പ്രകടം. ഇത് പരിഹരിക്കാൻ ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതോടൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. യുകെ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ വികസിത രാജ്യങ്ങൾ വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നത് തൊഴിൽ സാധ്യത ചൂണ്ടിക്കാട്ടിയാണ്.

കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തകർച്ചയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. വിദ്യാർഥികളെ പാർട്ടിക്കു വേണ്ടി ചൂഷണം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ ആക്ഷേപം നിഷേധിക്കുക സ്വാഭാവികം. പക്ഷേ, വിദ്യാഭ്യാസ വിചക്ഷണർ ഇക്കാര്യം അടിവരയിട്ടു പറഞ്ഞതാണ്. യുവതലമുറയുടെ നല്ല ഭാവിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ അതിപ്രസരത്തിന് നിയന്ത്രണമേർപ്പെടുത്താൻ ഭരണകൂടം തയ്യാറകേണ്ടത് അനിവാര്യം. പക്ഷേ, അത് സംഭവിക്കുമെന്ന് കരുതാനാവില്ല. ഫലത്തിൽ , കേരളത്തിൽ നിന്ന് യുവതലമുറ വിദേശത്തേക്ക് ഒഴുകിക്കെണ്ടേയിരിക്കും.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam