ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന്് ഉറപ്പായതോടെ നേതാക്കളുടെ നിലപാടുകളിലും മാറ്റം ഉണ്ടായി. ഇന്ദിരാഗാന്ധിയോട് അടുപ്പമുണ്ടായിരുന്ന ദേവരാജ് അരസിനെ ബ്രഹ്മാനന്ത റെഡി പുറത്താക്കി. ഇന്ദിരാഗാന്ധി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നിന്നും രാജിവച്ചു. 1978 ജനുവരി ഒന്നിന് ഇന്ദിര അനുകൂലികൾ ഡൽഹിയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ആ യോഗത്തിൽ വച്ച് ഇന്ദിരാഗാന്ധിയെ എ.ഐ.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്തതോടെ പാർട്ടി രണ്ടായി പിളർന്നു.
എ.കെ. ആന്റണി മുഖ്യമന്ത്രിയായി ചുമതല ഏറ്റെങ്കിലും അദ്ദേഹം നിയമസഭാംഗമായിരുന്നില്ല. മത്സരിക്കാനും ജയിക്കാനും പറ്റിയ ഒരു മണ്ഡലം എന്ന നിലയ്ക്ക് തലേകുന്നിൽ ബഷീർ 14,377 വോട്ടിന് ജയിച്ച കഴക്കൂട്ടം നിയോജക മണ്ഡലം തിരഞ്ഞെടുത്തു. അടിയന്തിരാവസ്ഥയുടെ പാപപങ്കിലമായ സാഹചര്യത്തിൽ അവിടെ ജയിച്ചുകയറുക എന്നത് അത്ര നിസ്സാരകാര്യമല്ലെന്ന് ഉമ്മൻചാണ്ടിക്കും കൂട്ടർക്കും മനസിലായി. എന്നാൽ ആന്റണിയുടെ ക്ലീൻ ഇമേജ് ആ പാപക്കറകളയെല്ലാം തുടച്ചു നീക്കാൻ കെൽപ്പുള്ളതായിരുന്നു. കോൺഗ്രസ് കേന്ദ്ര നേതാക്കളെ ആരേയും പ്രചാരണത്തിനിറക്കിയില്ല.
എന്നാൽ ജനതാപാർട്ടിയുടെ പല പ്രഗത്ഭരായ നേതാക്കളും വരുകയുണ്ടായി. തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന്റെ ചുമതല ഉമ്മൻചാണ്ടിക്കായിരുന്നു. മുഖ്യമന്ത്രിയായ ആന്റണിയെ തറപറ്റിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതിപക്ഷം. അവരുടെ താരപ്രചാരകൻ പ്രൊഫ. ഈച്ചരവാര്യരായിരുന്നു. തെരഞ്ഞെടുപ്പിന്റെ രണ്ടുദിവസം മുമ്പ് ഇ.എം.എസ് ഒരു പ്രഖ്യാപനം നടത്തി. വാഹനങ്ങളിൽ ഒരു കാരണവശാലും വോട്ടർമാരെ കൊണ്ടുവരാൻ പാടില്ല. വന്നാൽ ഞങ്ങൾ തടയും. ആ മുന്നറിയിപ്പിനെ തടയിടാൻ ഒന്നും ഉമ്മൻചാണ്ടിയും കൂട്ടരും ശ്രമിച്ചില്ല. പകരം റിക്ഷകളും കുതിരവണ്ടികളും ആകാം എന്ന് ഇ.എം.എസ് പറയുകയും ചെയ്തിരുന്നു.
എന്തിനു പറയുന്നു കൊല്ലത്തു നിന്നും ആലപ്പുഴയിൽ നിന്നും ലോറിയിൽ റിക്ഷ കഴക്കൂട്ടത്ത് എത്തിച്ചു. ഇലക്ഷൻ ഓഫീസിൽ താമസിച്ചു കാര്യങ്ങൾ എല്ലാം ഏകോപിപ്പിച്ചത് ഉമ്മൻചാണ്ടിയായിരുന്നു. 1977 ഒക്ടോബർ 22ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ എ.കെ. ആന്റണി ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാർഥിയായ പിരിപ്പൻകോട് ശ്രീധരൻ നായരെ 8,669 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തിരുവനന്തപുരം ഈസ്റ്റ്, പാറശ്ശാല, കാസർഗോഡ്, തിരുവല്ല, തലശ്ശേരി എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. തിരുവനന്തപുരം ഈസ്റ്റ് പാറശ്ശാല, കാസർഗോഡ്, തിരുവല്ല, തലശ്ശേരി എന്നിവിടങ്ങളിൽ മാർക്‌സിസ്റ്റ് സ്ഥാനാർത്ഥികളും കാസർഗോഡ് അഖിലേന്ത്യ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയും തിരുവല്ലയിൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയുമാണ് ജയിച്ചത്.
ആന്റണി മന്ത്രിസഭയ്ക്ക് തുടക്കം മുതൽ തന്നെ ചില ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നിരുന്നു. ആന്റണിയുടെ കഴക്കൂട്ടത്തെ വിജയത്തിനുശേഷം കോൺഗ്രസിനകത്ത് ഉൾപ്പോരുകളും ശക്തി പ്രാപിച്ചു. ഇനി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ഒരാളെ കണ്ടെത്തണം. ഒരേ ഗ്രൂപ്പുകാർക്ക് കെ.പി.സി.സി അധ്യക്ഷസ്ഥാനവും മുഖ്യമന്ത്രി പദവിയും കൊടുക്കേണ്ടതില്ല എന്നൊരു തീരുമാനത്തിലെത്തി കരുണാകര വിഭാഗം. എന്നാൽ ആന്റണി ഗ്രൂപ്പിന് ഈ അഭിപ്രായം സ്വീകാര്യമായില്ല. തർക്കം മൂത്തതോടെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് അല്ലാതെ മറ്റു മാർഗ്ഗമില്ലെന്നായി. ഒരു പക്ഷത്ത് എസ്. വരദരാജൻ നായരും മറു പക്ഷത്ത് സി.എം. സ്റ്റീഫനും സ്ഥാനാർത്ഥികളായി. രണ്ടുപേരും കോൺഗ്രസ്സിന് വേണ്ടപ്പെട്ടവർ.
1943ൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രീയം ആരംഭിച്ച വ്യക്തിയാണ് വരദരാജൻ നായർ. 1951ൽ പൊതുരംഗത്തെത്തി കൊല്ലം ഡി.സി.സി പ്രസിഡന്റായി തുടങ്ങിയ ഒരു നീണ്ട ചരിത്രം തന്നെ സ്റ്റീഫനുണ്ട്. മത്സരം മുറുകി. എറണാകുളം മാസ് ഓഡിറ്റോറിയത്തിലായിരുന്നു പോളിംഗ്. തിരഞ്ഞെടുപ്പിൽ എസ്. വരദരാജൻ നായർ വിജയിച്ചു. അതോടെ കെ.പി.സി.സി അധ്യക്ഷസ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും എ ഗ്രൂപ്പിന് തന്നെ ലഭിച്ചു. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിലും പ്രശ്‌നങ്ങൾ അതിരൂക്ഷമായി ഉരുണ്ടുകൂടി. ലോകസഭയ്ക്ക് പിന്നാലെ ഒമ്പത് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ജനതാ പാർട്ടി വൻവിജയം നേടി.
അതോടെ മൊറാർജി സർക്കാർ ഇന്ദിരാഗാന്ധിയെ വേട്ടയാടുന്നത് ശക്തിപ്പെടുത്തി. ഷാ കമ്മീഷനും മറ്റ് വിവിധ കേന്ദ്ര അന്വേഷണം ഏജൻസികളും അവർക്ക് ചുറ്റും വലവിരിച്ച് കാത്തിരുന്നു. ഇതിനിടെ 1977 നടന്ന എ.ഐ.സി.സി യോഗത്തിൽ ഇന്ദിരാഗാന്ധി അവരുടെ സ്വാധീനം തെളിയിച്ചു. ദേവകാന്ത് ബെറുവ രാജിവച്ചു. ഇന്ദിരയാണ് ഇന്ത്യ എന്നു പ്രഖ്യാപിച്ച സാക്ഷാൽ ബെറുവ ഇന്ദിരയുടെ എതിർ പാളയത്തിലായി.
ആ സമ്മേളനത്തിന്റെ തുടക്കം മുതൽ തന്നെ വലിയ തർക്കത്തിലായിരുന്നു. മാവ്‌ലങ്കർ ഹാളിൽ ആയിരുന്നു സമ്മേളനം. അവിടെ ജവഹർലാൽ നെഹ്‌റുവിന്റെയോ, ഇന്ദിരാഗാന്ധിയുടെയോ ഒരു ചിത്രം പോലും ഉണ്ടായിരുന്നില്ല. ഇതോടെ ഒരു സംഘം പ്രതിനിധികൾ ബഹളം വച്ചു. ഉച്ചയ്ക്കുശേഷമാണ് നെഹ്‌റുവിന്റെ ഒരു ഫോട്ടോ കൊണ്ടുവന്നു വച്ചത്. 27 സംവത്സരങ്ങൾക്ക് ശേഷം അങ്ങനെ എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം നടന്നു.
എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ദിരാഗാന്ധി പിന്തുണച്ചത് ബ്രഹ്മാനന്ത റെഡ്ഡിയെ ആയിരുന്നു. സിദ്ധാർത്ഥ ശങ്കർ റേ എതിരാളി. റെഡ്ഡിതന്നെ ജയിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധിയെ ഉപദേശിച്ച നേതാവായിരുന്നു സിദ്ധാർത്ഥ ശങ്കർ റേ. ആ തെരഞ്ഞെടുപ്പിൽ എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും ഒക്കെ സിദ്ധാർത്ഥ ശങ്കർ റേയെയാണ് പിന്താങ്ങിയത്. എങ്കിലും ഇന്ദിരാഗാന്ധിയെ പരസ്യമായി വിമർശിക്കാൻ തയ്യാറായതുമില്ല.
എ.ഐ.സി.സിയിൽ ഇന്ദിരാഗാന്ധിക്കെതിരെ അതിശക്തമായി വിമർശനം നടന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം കേരളത്തിലും കടുത്ത വിമർശനം ഉണ്ടായി. കെ.പി.സി.സി യോഗത്തിൽ പരസ്യമായി വാദപ്രതിവാദം നടന്നു.
ഇന്ദിരാഗാന്ധിയെ വിമർശിച്ചവർ പണ്ട് എവിടെയായിരുന്നു എന്ന ചോദ്യം ഇവിടെയും ഉയർന്നു. ബഹളം മുറുകി വന്നപ്പോൾ പി.പി. ജോർജ് പ്രതിരോധത്തിന് ഇറങ്ങി. ജഗജീവൻ റാം പാർട്ടി ഉണ്ടാക്കിയപ്പോൾ ഇന്ദിരാഗാന്ധിയുടെ പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കുമെന്ന് ആന്റണി കമ്പി അടിച്ചില്ല? സർക്കാർ രാജിവെക്കണം എന്ന് അന്നത്തെ കോൺഗ്രസ് പ്രസിഡന്റായ ആന്റണിയുടെ പിന്തുണയോടെ കെ.എസ്.യുവും യൂത്ത് കോൺഗ്രസും പ്രമേയം പാസാക്കിയില്ലേ? കരുണാകരനെ മനപ്പൂർവ്വം ആക്ഷേപിക്കാൻ ചാക്കോ കെ.പി.സി.സി രേഖയും പൊക്കിപ്പിടിച്ചുകൊണ്ട് വന്നില്ലേ...? അതോടെ സമ്മേളന ഹാൾ ആകെ ആലങ്കോലമായി.
ഈ ഒരു അവസരത്തിൽ കോൺഗ്രസിലെ മറ്റു ചില നേതാക്കൾ ദേശീയതലത്തിൽ പാർട്ടിയിൽ കൂട്ട നേതൃത്വം വേണമെന്ന് ആവശ്യവുമായി മുന്നോട്ടുവന്നു. കരൻസിംഗ്, എസ്.എസ്.റേഡി, ബി.കെ. ബറുവ, എ.കെ. ആന്റണി, ചന്ദ്രി യാദവ് എന്നിവർ വ്യക്തിപൂജയ്‌ക്കെതിരെ പുതിയ ശുദ്ധീകരണ ആവശ്യവുമായി രംഗത്തെത്തി.
കേരളത്തിൽ അടിയന്തരാവസ്ഥയുടെ വില്ലൻ കെ. കരുണാകരൻ ആയിരുന്നു. രാജന്റെ തിരോധാനം ഉൾപ്പെടെ മറ്റു പല തിരോധാനങ്ങളും അന്വേഷിക്കാൻ ജസ്റ്റിസ് വിശ്വനാഥൻ കമ്മീഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി ആന്റണി പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ചില ഹർജികൾ കൂടി ഫയൽ ചെയ്യാൻ തുടങ്ങി. കരുണാകരനും മറ്റു 22 പേർക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രൊഫസർ ഈച്ചരവാര്യരുടെ സ്വകാര്യ അന്യായം പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്തു.
അതിനു പിന്നാലെ ഹൈക്കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതിന് എതിർ കക്ഷിക്കെതിരായി നടപടിയെടുക്കണമെന്ന് ഈച്ചരവാര്യർ ഡിവിഷൻ ബെഞ്ചിനോട് അപേക്ഷിച്ചു. ഇതിനിടയിൽ സർക്കാർ രണ്ടാമത് നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈക്കോടതിയുടെ പരാമർശം വന്നു. അധികം വൈകിയില്ല കരുണാകരന്റെയും സസ്‌പെൻഷനിലായിരുന്ന ഡി.ഐ.ജി പടിക്കൽ, ഡി.എസ്.പി. ലക്ഷ്മണ എന്നിവരുടെയും പേരിൽ വ്യാജ സത്യവാങ്മൂലം ബോധിപ്പിച്ചതിന് കേസെടുത്ത് വിചാരണം ചെയ്യാൻ ഹൈക്കോടതി അജ്ഞാപിച്ചു. ഹോം സെക്രട്ടറിയെ ഒഴിവാക്കുകയും ചെയ്തു. കരുണാകരൻ എന്ന നേതാവ് അടിയന്തരാവസ്ഥയോടുള്ള എതിർപ്പുകാരുടെ കേന്ദ്ര ബിന്ദുവായി മാറി. ഒടുവിൽ ആ കേസിൽ നിന്ന് കരുണാകരൻ ഒരുകണക്കിന് മോചിതനായി.
കേന്ദ്രത്തിൽ ക്രമേണ ബ്രഹ്മാനന്തരയും ഇന്ദിരാഗാന്ധിയും തമ്മിൽ അകന്നു തുടങ്ങിയിരുന്നു. ലോകസഭയിലെ കോൺഗ്രസ് കക്ഷി നേതാവായിരുന്ന വൈ.ബി. ചവാനും റെഡിയും ഒന്നിച്ചു. ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായതോടെ നേതാക്കളുടെ നിലപാടുകളിലും മാറ്റം ഉണ്ടായി. ഇന്ദിരാഗാന്ധിയോട് അടുപ്പമുണ്ടായിരുന്ന ദേവരാജ് അരസിനെ ബ്രഹ്മാനന്ത റെഡി പുറത്താക്കി. അതോടെ ശ്കതമായി തിരിച്ചടിക്കാൻ ഇന്ദിരാഗാന്ധി തീരുമാനിച്ചതിന്റെ ഫലമായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നിന്നും അവർ രാജിവച്ചു.
പിന്നാലെ പി.വി. നരസിംഹറാവു, സയ്യദ് മിർഖാസിം, ഭൂട്ടാസിങ്ങ്, കമലാവതി ത്രിപാഠി, വീരേന്ദ്ര വർമ്മ, മരതകം ചന്ദ്രശേഖർ, എ.പി. ശർമ എന്നിവരും പ്രവർത്തകസമിതി വിട്ടു. ഡിസംബർ 21 ചേർന്ന് പ്രവർത്തകസമിതി യോഗത്തിൽ അവരാരും ഉണ്ടായിരുന്നില്ല 1978 ജനുവരി ഒന്നിന് ഇന്ദിര അനുകൂലികൾ ഡൽഹിയിൽ റഫി മാർഗിൽ ഉള്ള കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലെ പുൽത്തകിടിയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ആ യോഗത്തിൽ വച്ച് ഇന്ദിരാഗാന്ധിയെ എ.ഐ.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്തു. ബ്രഹ്മാനന്ദ റെഡിയേയും ചവാനയും പദവികളിൽ നിന്ന് പുറത്താക്കി. അതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെടുകെ പിളർന്നു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1