രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; അറിയാം രാജ്യസഭയെ

FEBRUARY 16, 2024, 12:40 PM

അമ്പത്താറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 27 ന് നടക്കുകയാണ്. പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവ് വരുന്ന സീറ്റിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആറു വര്‍ഷമാണ് രാജ്യസഭാംഗങ്ങളുടെ കാലാവധി.

ഭരണഘടനയുടെ എണ്‍പത്തി മൂന്നാം വകുപ്പ് പ്രകാരം രാജ്യസഭയുടെ കാലാവധി ഒരിക്കലും കഴിയില്ല. അതായത് രാജ്യസഭ പൂര്‍ണമായും പിരിച്ചു വിടപ്പെടുന്നില്ല. രണ്ടു വര്‍ഷ ഇടവേളയില്‍ രാജ്യ സഭയില്‍ ആകെയുള്ള അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കും. എന്നാല്‍ പലപ്പോഴായി വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ആറു വര്‍ഷത്തില്‍ മൂന്നു തവണ മാത്രം നടക്കേണ്ട രാജ്യ സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ മൂന്നിലേറെ തവണയാണ് നടക്കുന്നത്.

ചില സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് കാരണവും സംസ്ഥാന നിയമസഭകള്‍ കാലാവധി എത്തുന്നതിന് മുമ്പ് പിരിച്ചു വിടപ്പെട്ടതുകൊണ്ടുമൊക്കെയാണ് ഇങ്ങിനെ തിരഞ്ഞെടുപ്പ് സമയക്രമം മാറ്റിമറിക്കപ്പെട്ടത്. രാജ്യ സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനങ്ങളില്‍ നിയമസഭ മരവിപ്പിച്ചു നിര്‍ത്തിയ സാഹചര്യങ്ങളിലും തിരഞ്ഞെടുപ്പ് മാറ്റി വെക്കപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷം തോറുമുള്ള രാജ്യസഭാ തിരഞ്ഞെടുപ്പെന്ന പതിവ് അതോടെ അട്ടിമറിക്കപ്പെട്ടു.

ഭരണഘടനയുടെ എണ്‍പതാം വകുപ്പ് പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നും രാജ്യസഭയിലെത്താവുന്ന പരമാവധി അംഗങ്ങള്‍ 238 ആയി നിജപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ രാഷ്ട്രപതിക്ക് പരമാവധി 12 അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം. ഇതുകൂടി ചേരുമ്പോള്‍ സഭയുടെ ആകെ അംഗബലം 250 ആകും. എന്നാല്‍ രാജ്യസഭയില്‍ ഇപ്പോഴുള്ളത് 245 അംഗങ്ങളാണ്. തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂള്‍ പ്രകാരം 233 ആയി പുന ക്രമീകരിച്ചിരിക്കുന്നു. ജനസംഖ്യാ അനുപാതത്തിലാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് രാജ്യസഭാ സീറ്റുകളുടെ എണ്ണം നിശ്ചയിച്ചു നല്‍കിയിരിക്കുന്നത്.

രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ

എണ്‍പതാം വകുപ്പ് നാലാം ഉപവകുപ്പ് പ്രകാരം നിയമസഭാംഗങ്ങളാണ് രാജ്യസഭയിലേക്ക് അതതു സംസ്ഥാനത്തു നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുക. ആനുപാതിക പ്രാതിനിധ്യ രീതിയില്‍ സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ വോട്ട് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഓരോ പാര്‍ട്ടികള്‍ക്കും നിയസഭയില്‍ അവര്‍ക്കുള്ള അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നോ അതിലേറെയോ അംഗങ്ങളെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാം എന്നതാണ് ആനുപാതിക പ്രാതിനിധ്യം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഓരോ നിയമസഭാംഗത്തിനും ഒരു വോട്ടാണ് ഉണ്ടാവുക. നിയമസഭാംഗങ്ങള്‍ക്ക് നല്‍കുന്ന ബാലറ്റ് പേപ്പറില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടേയും പേര് രേഖപ്പെടുത്തിയിരിക്കണം. ഇവരില്‍ നിന്ന് ഇഷ്ടാനുസരണം മുന്‍ഗണനാ ക്രമം നിശ്ചയിച്ച് ഒന്ന് രണ്ട് മൂന്ന് ക്രമത്തില്‍ വോട്ട് രേഖപ്പെടുത്താം. ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് എം എല്‍ എ ഒന്നാം വോട്ട് നല്‍കിയിരിക്കണം. നിലവിലുള്ള ഒഴിവുകളേക്കാളേറെ സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്തുള്ള സാഹചര്യത്തില്‍ ഏതെങ്കിലും സാഥാനാര്‍ത്ഥിക്ക് അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിമാര്‍ക്ക് ഒന്നാം വോട്ടുകള്‍ വെച്ച് ജയിക്കാന്‍ വേണ്ട വോട്ട് നേടിയെടുക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ മാത്രമാണ് തൊട്ടു താഴെയുള്ള രണ്ടാം പ്രിഫറന്‍സ് വോട്ടും എണ്ണാന്‍ തുടങ്ങുകയുള്ളു.

വോട്ടുകള്‍ എങ്ങനെ കണക്കാക്കുന്നു

ഉദാഹരണത്തിന് കേരളത്തില്‍ മൂന്ന് രാജ്യ സഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുവെന്നിരിക്കട്ടെ. ഒരു സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ട വോട്ടുകള്‍ എങ്ങിനെ കണക്കാക്കാമെന്ന് പരിശോധിക്കാം. കേരളത്തിലെ ആകെ എംഎല്‍എമാര്‍ 140. അതിനെ ഒഴിവുവരുന്ന 3 സീറ്റുകളുടെ എണ്ണത്തോട് ഒന്ന് ചേര്‍ത്തു കിട്ടുന്ന സംഖ്യ അതായത് നാലു കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയോട് ഒന്ന് ചേര്‍ത്താല്‍ കിട്ടുന്നത് 36 ആണ്. അതായത് കേരളത്തില്‍ മൂന്ന് രാജ്യ സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ ജയിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചുരുങ്ങിയത് 36 വോട്ട് വേണ്ടി വരുമെന്ന് ചുരുക്കം.

ഉപരി സഭയുടെ മൂല്യം ഇടിയുന്നു

നിലവാരവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് അര്‍ത്ഥവത്തായ ചര്‍ച്ചകളും വിലയിരുത്തലുകളും നടക്കുന്ന വേദിയായാണ് ഉപരിസഭയായ രാജ്യസഭയെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ലോകനാഥ് മിശ്ര വിഭാവന ചെയ്തത്. ജനപ്രിയ വോട്ടുകള്‍ സമാഹരിച്ച് തെരഞ്ഞെടുപ്പില്‍ ജയിച്ചുവരാനാകാത്ത യഥാര്‍ത്ഥ പ്രതിഭാധനന്മാര്‍ക്ക് അവരുടെ പ്രതിഭയും ബുദ്ധിയും സകല കഴിവുകളും പുറത്തെടുക്കാനും നിയമനിര്‍മാണത്തില്‍ പങ്കാളികളാകാനും ഉള്ള വേദിയാണ് രാജ്യ സഭയെന്ന് എം അനന്തശയനം അയ്യങ്കാറും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ കാലം കടന്നു പോയതോടെ രാജ്യസഭയുടെ ഗൗരവത്തിലും സ്വഭാവത്തിലുമൊക്കെ മാറ്റം വന്നു. ഭരണഘടനാ ശില്‍പ്പികള്‍ ഉദ്ദേശിച്ച രീതിയില്‍ ഗൗരവ തരമായ ചര്‍ച്ചകള്‍ നടക്കുന്ന പ്രതിഭകളുടേയും ചിന്തകരുടേയും പണ്ഡിതന്മാരുടേയും ഒരു സഭയെന്ന നിലയില്‍ നിന്ന് രാജ്യ സഭ ഏറെ മാറി. രാജ്യ സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും മല്‍സരിക്കാമെന്ന് ജന പ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്തതോടെ രാജ്യ സഭയും ലോക്സഭ പോലെ മറ്റൊരു സഭ മാത്രമായി മാറി. കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എന്ന സങ്കല്‍പ്പം പതിയെ അപ്രത്യക്ഷമായി. പകരം രാഷ്ട്രീയക്കാരുടേയും നോമിനികളുടേയും കൗണ്‍സിലായി മാറി. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെല്ലാം പാര്‍ലമെന്ററി പ്രക്രിയയില്‍ മികച്ച സംഭാവനകളര്‍പ്പിക്കാന്‍ ശേഷിയുള്ള പരിണ്ഡിത പ്രജ്ഞരായ നേതാക്കളല്ല എന്നതും വസ്തുതയാണ്. തുടര്‍ച്ചയുള്ള സഭയായ രാജ്യസഭയും ഓരോ അഞ്ച് വര്‍ഷത്തിലും മാറിക്കൊണ്ടിരിക്കുന്ന സഭയായ ലോക്സഭയും ചേര്‍ന്ന ഇന്ത്യന്‍ പാര്‍ലമെന്റ് സംവിധാനം അതിമഹത്തായ ഒരു സംവിധാനമാണ്.

രണ്ട് തട്ടുള്ള പാര്‍ലമെന്ററി സംവിധാനത്തിന്റേയും ഉപരിസഭയുടേയും ചരിത്രത്തിന് പതിനെട്ടാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അമേരിക്കന്‍ ഭരണ ഘടന രൂപപ്പെടുത്തുന്ന വേളയില്‍ തോമസ് ജെഫേഴ്‌സണ്‍ ജോര്‍ജ് വാഷിങ്ങ്ടണുമായി വലിയ തര്‍ക്കത്തിലേര്‍പ്പെടുകയുണ്ടായി. വിഷയം മറ്റൊന്നുമായിരുന്നില്ല, ദ്വിതല നിയമനിര്‍മാണ സഭ സ്ഥാപിക്കുന്നത് എന്തിനെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഒരുക്കല്‍ ജോര്‍ജ് വാഷിങ്ങ്ടണൊപ്പമിരുന്ന് പ്രാതല്‍ കഴിക്കുന്നതിനിടെ ജെഫേഴ്‌സണോട് വാഷിങ്ങ്ടണ്‍ ചോദിച്ചു. 'നിങ്ങള്‍ എന്തിനാണ് കാപ്പി സോസറിലൊഴിച്ച് കുടിക്കുന്നത്'. ജെഫേഴ്‌സന്റെ മറുപടി വന്നു. 'തണുപ്പിക്കാന്‍' അതു കേട്ട ജോര്‍ജ് വാഷിങ്ങ്ടണ്‍ ഉടന്‍ മറുപടി കൊടുത്തു. നിയമ നിര്‍മാണത്തെ നമ്മള്‍ സെനറ്റെന്ന സോസറിലോഴിച്ച് തണുപ്പിക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭയെയും തിരഞ്ഞെടുപ്പ് രീതിയെയും വിശകലനം ചെയ്തുകൊണ്ട് മുന്‍ രാജ്യസഭാ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ വിവേക് അഗ്നിഹോത്രി ഒരു ദേശീയ മാധ്യമത്തില്‍ വിശദമാക്കിയതാണ് ഇക്കാര്യങ്ങള്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam