ടെസ്ല ഇന്ത്യയില്‍ പണി തുടങ്ങി

FEBRUARY 19, 2025, 8:28 AM

ഇന്ത്യയില്‍ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ഭൂമി തേടി ടെസ്ല. കഴിഞ്ഞ ദിവസമാണ് ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നുവെന്ന വാര്‍ത്ത പുറംലോകം അറിഞ്ഞത്. അതിന് പിന്നാലെയാണ് രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങാനുള്ള നീക്കങ്ങള്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനി ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. കമ്പനി ഇതിനായി സാധ്യതയുള്ള സ്ഥലങ്ങള്‍ വിലയിരുത്താന്‍ തുടങ്ങി.

ഏറ്റവും ഒടുവില്‍ ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയാണ് ടെസ്ല കൂടുതലായി പ്ലാന്റിന് വേണ്ടി പരിഗണിക്കുന്ന ഇടം. കൂടാതെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ് ടെസ്ല. ഇലോണ്‍ മസ്‌ക് യു.എസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടതിന് പിന്നാലെയാണ് ടെസ്ലയുടെ വരവിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയെ പ്രധാന ഇടമായി ടെസ്ല കാണുന്നത്. ഇതിനുള്ള പ്രാഥമിക നിക്ഷേപമായി 3 മുതല്‍ 5 ബില്യന്‍ ഡോളര്‍ വരെ (43,000 കോടി രൂപവരെ) ടെസ്‌ല ഇന്ത്യയില്‍ ഒഴുക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനിടെ ടെസ്ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുറഞ്ഞ താരിഫ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ മസ്‌ക് തേടിയിട്ടുണ്ടെന്നാണ് വിവരം.

മഹാരാഷ്ട്രയ്ക്ക് നറുക്ക് വീഴാന്‍ വേറെയും കാരണങ്ങളുണ്ട്. കമ്പനിക്ക് നിലവില്‍ ഓഫീസുള്ള ഇടം കൂടിയാണ് പൂനെ. അത് കാരണം കൂടിയാണ് മഹാരാഷ്ട്രയെ ലിസ്റ്റില്‍ ഫേവറൈറ്റുകള്‍ ആക്കുന്നത്. ടെസ്ലയുടെ പല വിതരണക്കാരും സംസ്ഥാനത്ത് സാന്നിധ്യമുള്ള ആളുകളുമാണ്. ഇത് സാധ്യതകള്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്ന കാര്യമാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ പൂനെയ്ക്ക് സമീപമുള്ള ചകന്‍, ചിഖാലി എന്നിവയ്ക്ക് അടുത്തായി ബന്ധപ്പെട്ട സൈറ്റുകള്‍ ടെസ്ലയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. മെഴ്സിഡസ് ബെന്‍സ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോക്സ്വാഗണ്‍, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളുടെ ആസ്ഥാനമാണ് ചക്കന്‍, മേഖലയിലെ ഒരു പ്രധാന വാഹന നിര്‍മ്മാണ കേന്ദ്രമാണ് ഇതെന്ന് സാരം.

എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നും മഹാരാഷ്ട്ര അധികൃതര്‍ വ്യക്തമാക്കുന്നു. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു തുറമുഖത്തിന്റെ സാമീപ്യം പോലെയുള്ള ഘടകങ്ങളും ടെസ്ല ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, ഇത് ഇറക്കുമതി കൂടി മുന്നില്‍ കണ്ടാവും. അതേസമയം, വേദാന്ത-ഫോക്സ്‌കോണ്‍ സെമി കണ്ടക്ടര്‍ പ്ലാന്റ്, ടാറ്റ-എയര്‍ബസ് വിമാന നിര്‍മാണ പദ്ധതി എന്നിവയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ ഉയര്‍ന്ന നിക്ഷേപ പദ്ധതികള്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടമായിരുന്നു. ഈ മോശം റെക്കോര്‍ഡ് മറികടക്കാന്‍ ടെസ്ലയെ പരമാവധി സംസ്ഥാനത്ത് തന്നെ നിലനിര്‍ത്താനാണ് ശ്രമം.

അതേസമയം ഡല്‍ഹിയിലും മുംബൈയിലും ഷോറൂമുകള്‍ തിരഞ്ഞെടുത്തതായും റിപ്പോര്‍ട്ടുണ്ട്. 25,000 ഡോളറിന് (ഏകദേശം 22 ലക്ഷം രൂപ) താഴെ വിലവരുന്ന മോഡലുകളാകും കമ്പനി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിറ്റഴിച്ചേക്കുക. ഇന്ത്യയില്‍ ഫാക്ടറി തുറക്കാനുള്ള സ്ഥലവും കമ്പനി അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിക്രൂട്‌മെന്റിനായി ബിസിനസ് ഓപ്പറേഷന്‍സ് അനലിസ്റ്റ് മുതല്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് സ്‌പെഷലിസ്റ്റ് അടക്കം 14 വ്യത്യസ്ത ഒഴിവുകളാണ് ടെസ്‌ല പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡല്‍ഹി, മുംബൈ, പുണെ എന്നീ നഗരങ്ങളിലാണ് ഒഴിവുകള്‍. റിക്രൂട്‌മെന്റ് പ്രക്രിയ ആരംഭിച്ചെങ്കിലും ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ച് ടെസ്‌ല ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പ്രഖ്യാപിച്ചിരിക്കുന്ന ഒഴിവുകള്‍ മിക്കതും കാര്‍ വില്‍പനയുമായി ബന്ധപ്പെട്ടാണ്. ടെസ്‌ലയ്ക്ക് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ തന്നെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയായ 'സ്റ്റാര്‍ലിങ്കും' ഇന്ത്യയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.

ഇറക്കുമതി തീരുവയില്‍ ഇനിയെന്ത്?

കാറുകള്‍ക്കുള്ള ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്നത് ഇലോണ്‍ മസ്‌കിന്റെ ദീര്‍ഘകാലമായ ആവശ്യമാണ്. ആഭ്യന്തര ഉല്‍പാദനം ആരംഭിക്കുകയാണെങ്കില്‍ മാത്രമേ ഇളവുകള്‍ നല്‍കൂ എന്നാണ് കേന്ദ്രം ഇതുവരെ സ്വീകരിച്ച നിലപാട്. യുഎസുമായുള്ള വ്യാപാര ബന്ധത്തില്‍ മാറ്റം വന്ന സ്ഥിതിക്ക് കേന്ദ്രം ഇളവ് നല്‍കുമോയെന്നാണ് ഇനി അറിയേണ്ടത്.

നിലവിലെ നികുതി വ്യവസ്ഥയുണ്ടായിട്ടും ആഭ്യന്തര ഉല്‍പാദനവും നിക്ഷേപവും വരുന്നുണ്ടെന്നാണ് 2022ല്‍ കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ചെയര്‍മാനായിരുന്ന വിവേക് ജോഹ്‌റി പറഞ്ഞത്. ഇന്ത്യയില്‍ കാര്‍ നിര്‍മാണം തുടങ്ങിയാല്‍ ആവശ്യമുള്ള നികുതി ഇളവ് നല്‍കാമെന്നാണ് നിതി ആയോഗ് വൈസ് ചെയര്‍മാനായിരുന്നപ്പോള്‍ രാജീവ് കുമാര്‍ മുന്‍പ് എടുത്ത നിലപാടും. എന്നാല്‍, ആദ്യം ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വാഹനം വിറ്റ ശേഷമേ ഉല്‍പാദനം ആരംഭിക്കൂ എന്ന് ഇലോണ്‍ മസ്‌ക് 2022ല്‍ പറഞ്ഞിരുന്നു.

ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും മസ്‌ക് പരസ്യമായി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് താല്‍ക്കാലികമായ താരിഫ് ഇളവുകളെങ്കിലും സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മസ്‌ക് അന്ന് ചൂണ്ടിക്കാട്ടി.

ടെസ്‌ലയിലെ ഒഴിവുകള്‍

സര്‍വീസ് അഡൈ്വസര്‍, പാര്‍ട്‌സ് അഡൈ്വസര്‍, സര്‍വീസ് ടെക്‌നിഷ്യന്‍, സര്‍വീസ് മാനേജര്‍, ടെസ്‌ല അഡൈ്വസര്‍, സ്റ്റോര്‍ മാനേജര്‍, ബിസിനസ് ഓപ്പറേഷന്‍സ് അനലിസ്റ്റ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് സ്‌പെഷലിസ്റ്റ്, ഡെലിവറി ഓപ്പറേഷന്‍സ് സ്‌പെഷലിസ്റ്റ്, ഓര്‍ഡര്‍ ഓപ്പറേഷന്‍സ് സ്‌പെഷലിസ്റ്റ്, ഇന്‍സൈഡ് സെയില്‍സ് അഡൈ്വസര്‍, കണ്‍സ്യൂമര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍, പിസിബി ഡിസൈന്‍ എന്‍ജിനീയര്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam