കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിനെതിരെ കൊടുംങ്കാറ്റ്..!

JANUARY 25, 2024, 10:03 AM

ഈശ്വരവാര്യരുടെ മകൻ രാജൻ എന്ന ആർ.ഇ.സി വിദ്യാർത്ഥിയുടെ തിരോധനം. അത് ഭീകരരൂപം പൂണ്ട് കരുണാകരൻ മന്ത്രിസഭയെ അടിമുടി ഉലച്ചുകളയുന്ന കൊടുങ്കാറ്റായി മാറി. ജനതാപാർട്ടിയിലെ പുതുമുഖമായ ബാലശ്ശേരി അംഗം പി.കെ. ശങ്കരൻകുട്ടി നടത്തിയ പരാമർശം ആണ് ആ കൊടുങ്കാറ്റിന് ആരംഭമിട്ടത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ച് 1977 ഫെബ്രുവരി മാസം അത്ര ശുഭകരമായിരുന്നില്ല. പാർട്ടിയിൽ ഉരുൾപൊട്ടൽ ആരംഭിച്ചിരുന്നു. ജഗജീവൻ റാം, എച്ച്.എൻ. ബഹുഗുണ, നന്ദിനി,  കെ.ആർ. ഗണേഷ്, തിവാരി തുടങ്ങിയവർ പെട്ടെന്ന് കേൺഗ്രസ്സിൽ നിന്നും രാജിവച്ചു. അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു ബാബു ജഗജീവൻ റാം രാജിവച്ചത്. ജനത പാർട്ടി നേതാക്കൾ ജഗജീവൻ റാമിനെ കണ്ടിരുന്നു. പെട്ടെന്ന് റാമിന് മനംമാറ്റം ഉണ്ടായി. അടിയന്തരാവസ്ഥയുടെ നാളുകളിൽ അതിനെ ശക്തിയായി അനുകൂലിച്ച നേതാവായിരുന്നു ജഗജീവൻ റാം. എന്നാൽ ഇന്ദിരാഗാന്ധിയുടെ അടുത്ത വൃത്തത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. ബഹുഗുണ ആയിരുന്നു ഇതിന്റെ എല്ലാം പിന്നിൽ പ്രവർത്തിച്ചത്.

അതോടെ ഇന്ദിരാഗാന്ധി അസ്വസ്ഥയായി 'അടിയന്തരാവസ്ഥ ഇന്നലെ പ്രഖ്യാപിച്ചതല്ല. അത് തെറ്റാണെന്ന് ഇവരാരും ഇന്നുവരെ പറഞ്ഞിട്ടുമില്ല. അവർക്ക് വേണമെങ്കിൽ കോൺഗ്രസ് പ്രസിഡന്റിനോട് പറയാമായിരുന്നു.' ഇന്ദിരാഗാന്ധി പത്രസമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു. സത്യത്തിൽ ഈ നേതാക്കളുടെ പിണക്കം ഇന്ദിരാഗാന്ധിയോട് ആയിരുന്നില്ല. സഞ്ജയ് ഗാന്ധിയുടെ ബ്രിഗേഡിനോടായിരുന്നു.
അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള പൊതു തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യ പൂർണ്ണമായും ജനതാപാർട്ടിക്കൊപ്പം നിന്നു. ഇവിടെ കേരളത്തിൽ മറിച്ചാണ് സംഭവിച്ചത്.

vachakam
vachakam
vachakam

അടിയന്തരാവസ്ഥ ജനനന്മയ്ക്ക് എന്ന മുദ്രാവാക്യം ജനങ്ങൾ ഉൾക്കൊണ്ടു. കേരളത്തിൽ പോലീസിന്റെ ചില തെറ്റായ നടപടികൾ മൂലം സംഭവിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ സംഭവിച്ചു. അതിൽ ഏറ്റവും കോളിളക്കമുണ്ടാക്കിയത് രാജൻ സംഭവം ആയിരുന്നു. എന്നാൽ പൊതുവേ ജനജീവിതം സമാധാനപരവും സ്വസ്ഥവും ആയിരുന്നു.
കേരളത്തിൽ തിരക്കിട്ട് സ്ഥാനാർത്ഥി നിർണയത്തിനുള്ള ചർച്ചകൾ ആരംഭിച്ചു. അതിന്റെ മുന്നോടിയായി എൻ.ഡി.പിയുമായും പി.എസ്.പി.യുമായും ചർച്ചകൾ നടത്തി. സി.എം സ്റ്റീഫനും വയലാർ രവിയും ആന്റണിയും കരുണാകരനും ഒക്കെ ചേർന്ന് സീറ്റു ധാരണയും ഉറപ്പിച്ചു. ചർച്ചയ്ക്ക് ശേഷം കെ. കരുണാകരൻ സ്വകാര്യമായി എ.കെ. ആന്റണിയോട് ചോദിച്ചു: നമ്മുടെ മുന്നണി സംവിധാനത്തെക്കുറിച്ച് എന്താണ് അഭിപ്രായം..?

മുന്നണി കെട്ടുറപ്പോടെ പോകണമെന്ന് ഉറപ്പുണ്ടെന്ന് ആന്റണി തറപ്പിച്ചു പറഞ്ഞു. ഇത്രയും സമ്മതിച്ച സ്ഥിതിക്ക് കെ. കരുണാരൻ ഒരു നിർദ്ദേശം വെച്ചു ആന്റണി ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കണം. ഈ അവസരം പാഴാക്കരുത്. എന്നാൽ, മത്സരിക്കുമെന്നോ ഇല്ലെന്നോ ആന്റണി പറഞ്ഞില്ല.

ആന്റണിക്ക് മത്സരത്തേക്കാൾ വലിയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.
1977 മാർച്ച് ആറിന് ഇന്ദിരാഗാന്ധി രാമമംഗലത്തു നിന്നും കണ്ണൂരിലെ കോട്ട മൈതാനിലെത്തി. പതിനായിരങ്ങൾ അവരെ അത്യാവശ്യത്തോടെ സ്വീകരിച്ചു.  ഇന്ദിരാഗാന്ധി അവരെ അഭിസംബോധന ചെയ്തു. സമ്മേളനത്തിനശേഷം ഇന്ദിരാഗാന്ധി കരുണാകരനോട് പറഞ്ഞു:

vachakam
vachakam
vachakam

'കർണാടക നമ്മുടെ കൂടെ നിൽക്കും അതുറപ്പാണ്. കേരളത്തിൽ പൊതുവിൽ എങ്ങനെയുണ്ട്..?'

'ഇതുവരെ യാതൊരു കുഴപ്പവുമില്ല. ഭൂരിപക്ഷം സീറ്റുകളും നമുക്ക് കിട്ടും എന്ന് ഉറപ്പാണ്. 'ഏറെ ആത്മവിശ്വാസത്തോടെയാണ് കരുണാകരൻ അത് പറഞ്ഞത്. തിരഞ്ഞെടുപ്പു രംഗം ഉണർന്നു.


vachakam
vachakam
vachakam

ജനത പാർട്ടിയുടെ പി.സി. ചെറിയാൻ ഉമ്മൻചാണ്ടിക്കെതിരെ ഇടതുമുന്നണിയുടെയും ജനത പാർട്ടിയുടെയും സംയുക്ത സ്ഥാനാർത്ഥി ആയിരുന്നു. അഞ്ചുവർഷക്കാലം കൊണ്ട് പുതുപ്പള്ളി മണ്ഡലത്തിന്റെ എല്ലാ മേഖലയിലും സുപരിചിതനായിരുന്നു ഉമ്മൻചാണ്ടി. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ്  പ്രചരണം സുഗമമായിരുന്നു. 15910 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് അന്ന് ഉമ്മൻചാണ്ടി ജയിച്ചത്. കേരളത്തിൽ അങ്ങനെ ഭരണത്തുടർച്ചയുണ്ടായി. 1977 ലാണ് ഉമ്മൻചാണ്ടി ആദ്യമായും അവസാനമായും പശുവും കിടാവും ചിഹ്നത്തിൽ മത്സരിച്ചത്.  1970ൽ സ്വതന്ത്രചിഹ്നമായ തെങ്ങ് ആയിരുന്നു അടയാളം.

കോൺഗ്രസ് നയിക്കുന്ന മുന്നണി വിജയിച്ചതോടെ സ്വാഭാവികമായും ഭരണത്തിന്റെ നേതൃത്വം കോൺഗ്രസിന്റെ കൈകളിൽ എത്തി. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി കെ. കരുണാകരനെ തിരഞ്ഞെടുത്തു.

1977ലെ തെരഞ്ഞെടപ്പോടുകൂടി നിയമസഭാ സീറ്റുകളുടെ എണ്ണം 133ൽ നിന്നും 140 ആയി വർദ്ധിച്ചു. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 36 സീറ്റും സി.പി.ഐക്ക് 23 സീറ്റും ലീഗിന് 13ഉം ആർ.എസ്.പിക്ക് ഒമ്പതും എൻ.ഡി.പിക്ക് അഞ്ചും പി.എസ്.പിക്ക് മൂന്നും സീറ്റുകൾ കിട്ടി. പ്രതിപക്ഷത്ത് കേവലം 29 പേരാണ്  വിജയിച്ചത്. 111-29 എന്ന കക്ഷിനിലയുമായി. 1977 മാർച്ച് 25ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായി അധികാരമേറ്റു.

കേന്ദ്രത്തിൽ പ്രധാനമന്ത്രിയായി മൊറാർജി ദേശായി അധികാരമേറ്റതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു കരുണാകരന്റെ സത്യപ്രതിജ്ഞ. ഒപ്പം മുസ്ലീം ലീഗിലെ സി.എച്ച്. മുഹമ്മദ് കോയയും പ്രതിജ്ഞ എടുത്തു. ഘടകകക്ഷി മന്ത്രിമാരുടെ കാര്യം തീരുമാനമാകാത്തതുകൊണ്ട് തൽക്കാലം രണ്ടുപേർ സത്യപ്രതിജ്ഞ ചെയ്യട്ടെ എന്നു തീരുമാനമുണ്ടായി.

കോൺഗ്രസ് മന്ത്രിമാരുടെ കൂട്ടത്തിൽ ആന്റണിയുടെ തീരുമാനപ്രകാരം ഉമ്മൻ ചാണ്ടിയുടെ പേരുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ആന്റണി തന്റെ രാഷ്ട്രീയ ഗ്രാഫ് ഉയർത്താനുള്ള വഴികൾ തേടിക്കൊണ്ടിരുന്നു. കേരളത്തിലെ വിജയത്തിന്റെ മുഴുവൻ ക്രഡിറ്റും ആന്റണിക്കു ലഭിച്ചു.  ജനതാപ്പാർട്ടി ചുഴറ്റിവിട്ട കൊടുങ്കാറ്റ് തെക്കോട്ട് കടക്കാതെ തടുത്തുനിർത്തിയ വിന്ധ്യപർവ്വതമാണ് എ.കെ. ആന്റണിയെന്ന് എം.എൻ. ഗോവിന്ദൻ നായർ  അഭിപ്രായപ്പെട്ടതു അക്കാലത്താണ്.
കരുണാകരൻ മന്ത്രിസഭയിലേക്ക് 17 ദിവസത്തിനു ശേഷമാണ് ഉമ്മൻ ചാണ്ടി കെ.എം. മാണി ഉൾപ്പടെയുള്ളവർ അധികാരമേറ്റത്. 1977 ഏപ്രിൽ 11. സത്യപ്രതിജ്ഞാവേദി രാജ്ഭവൻ. വലിയ ആൾക്കൂട്ടം തന്നെയായിരുന്നു  രാജ്ഭവനിൽ.
ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ നിന്ന് ഒട്ടേറെ പ്രവർത്തകർ രാജ്ഭവനിൽ നേരത്തെ തന്നെ എത്തിയിരുന്നു. അക്കൂട്ടത്തിൽ ഉമ്മൻചാണ്ടിയുടെ പിതാവും മാതാവും സഹോദരനും സഹോദരിയുമൊക്കെ ഉണ്ട്. മുൻനിരയിൽ കെ. കരുണാകരൻ, എ.കെ. ആന്റണി, സി. അച്യുതമേനോൻ തുടങ്ങിയവർ ഉപവിഷ്ടരായിരുന്നു. അച്യുതമേനോനെയും കെ. കരുണാകരനെയും ആന്റണിയെയും തൊഴുതു കൊണ്ട് ഉമ്മൻചാണ്ടി സത്യപ്രതിജ്ഞാവേദിയിലെത്തി. കാണികൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അച്യുതമേനോൻ ആണ് ആദ്യം പറഞ്ഞത് 'എങ് മിനിസ്റ്റർ... എല്ലാ ആശംസകളും'

ഗവർണർ എൻ.എൻ. വാഞ്ചുവാണ്. അദ്ദേഹത്തിന്റെ മുന്നിൽ ഉമ്മൻചാണ്ടി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. എം.കെ. ഹേമചന്ദ്രൻ, കെ.ശങ്കരനാരായണൻ, കെ.കെ. ബാലകൃഷ്ണൻ, കെ.നാരായണക്കുറുപ്പ്, ഇ. ജോൺ, ജേക്കബ്, കെ. അവുക്കാദർകുട്ടി, നഖ, പി.കെ. വാസദേവൻ നായർ, കാന്തലോട്ടു കുഞ്ഞമ്പു ബേബി, ജോൺ കെ. പങ്കജാക്ഷൻ എന്നിവരാണ് അന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.

തൊഴിലും ഭവന നിർമാണവും ആണ് ഉമ്മൻചാണ്ടിയുടെ വകുപ്പ്. ഐ.എൻ.ടി.യു.സിയുടെ മുൻനിര പ്രവർത്തകനായതുകൊണ്ടാകാം അദ്ദേഹത്തിന് തൊഴിൽ വകുപ്പ് തന്നെ കൊടുത്തത്. അഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ രണ്ട് പ്രഗൽഭരായ നേതാക്കളുടെ നിര്യാണത്തിൽ സഭ കണ്ണീരോടെ അനുശോചനം രേഖപ്പെടുത്തി. പ്രഗൽഭരായ ടി.വി. തോമസും എ.കെ.ജിയും ആയിരുന്നു ആ നേതാക്കൾ. എ.കെ.ജി വെറും നേതാവ് മാത്രമല്ല നേതാക്കളുടെ നേതാവായിരുന്നു. സ്വാതന്ത്ര്യ സമരത്തിലേക്ക് എ.കെ.ജി വന്നത് തന്നെ സത്യാഗ്രഹിയായിട്ടാണ്.

ഗുരുവായൂർ സത്യാഗ്രഹകാലത്ത് എ.കെ.ജി, നേതാവ് കേളപ്പാജിയുടെ വലം കൈയായിരുന്നു. അക്കാലങ്ങളിൽ കെ. കരുണാകരനെ പോലെയുള്ള നേതാക്കൾക്ക് എ.കെ.ജി വീര പുരുഷനായിരുന്നു.

1977 മാർച്ച് 29. കേരള നിയമസഭയിൽ ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച് ചൂടുപിടിച്ച ചർച്ച. അതിൽ പങ്കെടുത്ത് ജനതാപാർട്ടിയിലെ  പുതുമുഖമായ ബാലശ്ശേരി അംഗം പി.കെ. ശങ്കരൻകുട്ടി നടത്തിയ പരാമർശം കൊടുങ്കാറ്റായി, അത് ആഞ്ഞടിച്ച് കരുണാകരന്റെ ആദ്യ സർക്കാർ വീഴുമെന്ന് ആരും കരുതിയില്ല. അന്ന് രാവിലെ നടന്നത് അനുശോചന ചർച്ചയാണ.് മാർച്ച് 26നാണ് അഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം പ്രാരംഭ ദിവസങ്ങളിൽ തന്നെ ചരമോപചാരം നടത്തേണ്ടതാണ്. എന്നാൽ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് സഭ പൂർത്തിയാക്കേണ്ട ചില ധനകാര്യ വിഷങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് 29 ലേക്ക് മാറ്റിയതാണ് അതിനശേഷം അഭ്യർത്ഥനകൾ ചർച്ചയ്ക്ക് എടുത്തു. കെ. കരുണാകരനും സി.എച്ച്. മുഹമ്മദ് കോയയും മാത്രമാണ് മന്ത്രിസഭയിൽ. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നയാളാണ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു ശങ്കരൻകുട്ടി അദ്ദേഹത്തിന്റെ പ്രസംഗമാണ്.

'ജയിൽ തനിക്കും എബ്രഹാം മാനുവൽ എന്ന സുഹൃത്തിനും പിണറായി വിജയനും ഉണ്ടായ അനുഭവങ്ങൾ വിവരിച്ചായിരുന്നു തുടക്കം. ജയിലിൽ മരിച്ച അബ്ദുള്ള എന്ന സഖാവിനെയും അദ്ദേഹം പരാമർശിച്ചു. എന്നിട്ട് പറഞ്ഞു നഷ്ടപ്പെട്ടുപോയ മക്കളെ ചൊല്ലി കരയുന്ന മാതാപിതാക്കളുടെ ശബ്ദം ഈ അന്തരീക്ഷത്തിൽ മാറ്റൊലികൊള്ളുകയാണ്. അടിയന്തരാവസ്ഥയിലെ അനുഭവങ്ങളെ കുറിച്ചുള്ള വൈകാരികവും ഹൃദയസ്പർശിയുമായ ഒരു കഥാവിവരണം എന്നതിനപ്പുറം ആരും അതിന് പ്രാധാന്യം നൽകിയില്ല.  ശങ്കരൻകുട്ടി വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇ. ചന്ദ്രശേഖരൻ നായർ ഒരു ക്രമപ്രശ്‌നം ഉന്നയിച്ചെങ്കിലും ജയിൽ സംബന്ധിച്ചും ചർച്ച ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞു ശങ്കരൻകുട്ടി വഴങ്ങാതെ നിന്നു. തുടർന്നുള്ള ചർച്ച കരുണാകരന് ദോഷകരമായി.

വീണ്ടും ശങ്കരൻകുട്ടി ചോദിച്ചു: 'ഈശ്വര വാര്യർ ആയച്ച കത്തിനു മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ..? അദ്ദേഹത്തിന്റെ കാണാതെപോയ മകൻ റീജനൽ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി രാജനെ ആറുമാസമായി നഷ്ടപ്പെട്ടു, കാണാതെ ഉഴലുന്ന ആ പിതാവിന്റെ കണ്ണുനീർ കണ്ടിട്ടും ഈ മുഖ്യമന്ത്രിക്ക് യാതൊരു വികാരവും ഉണ്ടായിട്ടില്ല.'

ചർച്ചയ്ക്കുള്ള മറുപടിയിൽ കരുണാകരൻ ഇക്കാര്യം പരാമർശിച്ചു വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. ഒന്നും മറച്ചുവെക്കാൻ ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായതെന്നാണ് ഭരണപക്ഷം പറയുന്നത്. മുഖ്യമന്ത്രി പറഞ്ഞു: 'രാജന്റെ അച്ഛനായ ഈശ്വരവാര്യർ എന്റെ ഒരു ആത്മസുഹൃത്താണ.് ഒരു പഴയ സഹപ്രവർത്തകനും ആണ്. അദ്ദേഹത്തിന്റെ മകനെ പോലീസ് കസ്റ്റഡിയിൽ വച്ചിട്ടില്ല. പോലീസ് കസ്റ്റഡിയിൽ ഇല്ല. ഗവൺമെന്റ് കസ്റ്റഡിയിൽ ഇല്ല. ഇല്ലാത്ത ആളെക്കുറിച്ച് എങ്ങനെ മറുപടി പറയും...?

പ്രതിപക്ഷ നേതാവ് ഇ.എം.എസ് സഭയിൽ ഇല്ല. സി.പി.എം ഉപ നേതാവായ ടി.കെ. രാമകൃഷ്ണനാണ് പകരം. അദ്ദേഹം എഴന്നേറ്റു. 'രാജനെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണോ അങ്ങ് പറയുന്നത്..?'

കരുണാകരൻ വീണ്ടും അതുതന്നെ ആവർത്തിച്ചു. ഗവൺമെന്റ് കസ്റ്റഡിയിലും ഇല്ല, പോലീസ് കസ്റ്റഡിയിലും ഇല്ല. അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ വെച്ചിട്ടില്ല. അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന ശങ്കരൻകുട്ടി ആവർത്തിച്ചു ചോദിച്ചപ്പോഴും പോലീസ് കസ്റ്റഡിയിൽ ഇങ്ങനെ ഒരാൾ ഇല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

നിയമസഭയിൽ കരുണാകരൻ എടുത്ത നിലപാടും, നൽകിയ മറുപടിയും ശരിയായിരുന്നു എന്നാണ് ഉമ്മൻചാണ്ടി ഉൾപ്പെടെ  കോൺഗ്രസിൽ ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരൻ ആയിരുന്നല്ലോ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ട് അക്കാലത്ത് നടന്ന എല്ലാ അറസ്റ്റുകളും നേരിട്ട് അറിയണമെന്നില്ല. അതുമായി ബന്ധപ്പെട്ട ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നത് വിശ്വസിക്കുകയേ തരമുള്ളൂ. രാജന്റെ അറസ്റ്റ് സംബന്ധിച്ച കാര്യം വന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥർ നൽകിയ വിവരം സത്യമാണെന്ന് കരുതി സഭയിൽ പറയുകയായിരുന്നു.

രാജൻ എന്ന വിദ്യാർത്ഥിയുടെ തിരോധനം ഭീകരരൂപം പൂണ്ട് തങ്ങളെ അടിമുടി ഉലച്ചുകളയുന്ന കൊടുങ്കാറ്റായി വളർന്നുവരികയാണെന്ന് തൊട്ടടുത്ത ദിവസങ്ങളിൽ മനസ്സിലായി.

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam