എച്ച്-1 ബി വിസയില്‍ ഇടഞ്ഞ് സ്പോണ്‍സര്‍ഷിപ്പ്; ഇന്ത്യക്കാരോട് അമേരിക്കന്‍ കമ്പനികള്‍ പറയുന്നത്

NOVEMBER 10, 2025, 11:47 AM

അമേരിക്കയില്‍ മികച്ച കരിയര്‍ സ്വപ്നം കണ്ട ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമാണ് എച്ച്-1 ബി വിസ ഫീസ് വര്‍ധിപ്പിച്ചത്. എച്ച്-1 ബി വിസ അപേക്ഷയ്ക്കുള്ള ഫീസ് 1,00,000 ഡോളറായി കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ വിസ സ്പോണ്‍സര്‍ഷിപ്പ് 1.9 ശതമാനമായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അമേരിക്കയില്‍ ജോലി അന്വേഷിക്കുന്ന നിരവധി വിദേശ വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

പുതുതായി എച്ച്-1 ബി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളറായി അടുത്തിടെ ട്രംപ് ഭരണകൂടം ഫീസ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ടെക്, ബയോടെക് മേഖലകളിലെ കമ്പനികള്‍ വര്‍ക്ക് വിസകള്‍ സ്പോണ്‍സര്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിഞ്ഞിരിക്കുകയാണ്. വിസകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് കുത്തനെ കുറഞ്ഞു. 2023-ലെ 10.9 ശതമാനത്തില്‍ നിന്ന് 2025 ല്‍ എത്തുമ്പോള്‍ സ്പോണ്‍സര്‍ഷിപ്പ് 1.9% ആയി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൂടാതെ ബഹുരാഷ്ട്ര ടെക് കമ്പനികളില്‍ ജൂനിയര്‍ വിഭാഗം തസ്തികകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ടൂളുകള്‍ കൊണ്ട് മാറ്റി സ്ഥാപിച്ചതും റിക്രൂട്ട്മെന്റ് കുറയാന്‍ കാരണമായി. സമീപകാലത്ത് പഠിച്ചിറങ്ങിയ ബിരുദധാരികളില്‍ തൊഴിലില്ലായ്മ 5.8 ശതമാനമായി ഉയര്‍ന്നു. 2021-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്പോണ്‍സര്‍ഷിപ്പിനായി വന്‍തുക മുടക്കാനോ കാലതാമസം മൂലം ഉണ്ടാകുന്ന അനിശ്ചിതാവസ്ഥ നേരിടാനോ വലിയ കമ്പനികള്‍ തയ്യാറല്ല. അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ജോലിക്ക് എടുക്കുന്നത് വലിയ കാലതാമസമുള്ള പ്രക്രിയയായി മാറിക്കഴിഞ്ഞു. അതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ഒഴിവാക്കുകയാണ് കമ്പനികള്‍ക്ക് മുന്നിലുള്ള എളുപ്പവഴി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം 2024 ല്‍ അനുവദിച്ച എച്ച്-1 ബി വിസകളുടെ 70 ശതമാനത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായിരുന്നു ലഭിച്ചത്. 283397 ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കാണ് വിസ ലഭിച്ചത്. തൊട്ടുപിന്നില്‍ ചൈനയാണ്. 46680 വിസകളാണ് ചൈനക്കാര്‍ക്ക് അനുവദിച്ചത്. മൂന്നാമത് ഫിലിപ്പീന്‍സ് ആണ് - 5248. ടെക് വ്യവസായത്തിലെ റിക്രൂട്ട്മെന്റിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമയായ വാള്‍മാര്‍ട്ട് പോലും അടുത്തിടെ എച്ച്-1ബി വിസ ആവശ്യമുള്ള പ്രൊഫണലുകള്‍ക്കുള്ള ജോലി ഓഫറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ട്രംപിന്റെ നിയമങ്ങള്‍ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കും എന്നതിനാല്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് ട്രംപ് ഭരണകൂടത്തിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. 

വിസ ഫീസ് കുത്തനെ ഉയര്‍ത്തിയ നടപടി നിയമവിരുദ്ധമാണെന്നും സാങ്കേതിക വിദ്യ, ഗവേഷണം കണ്‍സള്‍ട്ടിംഗ് എന്നീ മേഖലകളില്‍ ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എച്ച് വണ്‍ ബി വിസയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്നു ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികള്‍. ഈ കമ്പനികളെയാണ് ട്രംപിന്റെ നിയമം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇപ്പോഴും ഈ വിസ നിയമം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചിട്ടില്ല.

നിലവില്‍ അമേരിക്കയില്‍ 1.1 ദശലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ സര്‍വകലാശാലകളിലും ഉണ്ട്. പലരും തങ്ങളുടെ മുന്‍ഗാമികള്‍ അമേരിക്കയില്‍ മികച്ച കരിയര്‍ കെട്ടിപ്പടുത്തതിന്റെ കഥകള്‍ കേട്ടാണ് ഇവിടെ എത്തിയത്. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ മാറിയതോടെ ഇവരുടെയെല്ലാം ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അമേരിക്കയില്‍ പഠിക്കുന്നത് തന്നെ വലിയൊരു സാമ്പത്തിക ഭാരമാണ്. അതിനൊപ്പം ജോലി കിട്ടാത്ത അവസ്ഥ കൂടി ആകുമ്പോള്‍ തീര്‍ത്തും നിരാശരായി മാതൃരാജ്യത്തേക്ക് മടങ്ങേണ്ട അവസ്ഥയാണ്.

രാജ്യത്ത് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയ ശേഷം തൊഴിലുടമകള്‍ സ്പോണ്‍സര്‍ഷിപ്പ് ചെലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. തൊഴില്‍ മേഖലകളില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് കുടിയേറ്റക്കാരെ പടിപടിയായി ഒഴിവാക്കുന്നതെന്നാണ് വിവരം

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam