ലോക സുന്ദരി മത്സരത്തിന് ഇനി ഏഴു നാൾ. ഇരുപത്തിയെട്ടു വർഷത്തിനു ശേഷമാണ് ലോക സുന്ദരി മത്സരം ഇന്ത്യയിലേക്ക് മടങ്ങി എത്തുന്നത്. എഴുപത്തിയൊന്നാമത് ലോക സുന്ദരി മത്സരം ഫെബ്രുവരി 18 ന് ഡൽഹിയിൽ അരങ്ങേറും. ഇതിനു മുൻപ്, ആദ്യമായി ഇന്ത്യ മിസ് വേൾഡിന് ആതിഥേയത്വം വഹിച്ചത് 1996 ൽ ആയിരുന്നു. ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷനാണ് ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. 2022 ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട സിനി ഷെട്ടിയാണ് ഇന്ത്യയുടെ സ്വന്തം സുന്ദരി.
നീലരത്നം പതിച്ച കീരിടം ചൂടാൻ 120 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് ഇന്ത്യൻ മണ്ണിലെത്തുന്നത്. അന്നത്തെ ഇന്ത്യയിലേക്കല്ല, ലോകരാജ്യങ്ങളുടെ മുൻനിരയിലേക്കു വളർന്ന പുതിയ ഇന്ത്യയിലേക്കാണ് ലോക സുന്ദരികളുടെ ക്യാറ്റ്വാക് നടക്കുക. 'ബെസ്റ്റ് ഇൻ ഡൈവേഴ്സിറ്റി, ഫെമിനിസം ആൻഡ് ബ്യൂട്ട"എന്ന ടാഗ്ലൈനോടെ വരുന്ന മിസ് വേൾഡ് മത്സരത്തിന്റെ ഫൈനൽ മാർച്ച് ഒൻപതിന് മുംബയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് നടക്കുക. തത്സമയ സംപ്രേക്ഷണവും ഉണ്ടാവും.
കഴിഞ്ഞ തവണ പോളണ്ടിലേക്ക് ലോക സൗന്ദര്യ കിരീടമെത്തിച്ച കരോലിന ബിലാവ്സ്ക പുതിയ സുന്ദരിയെ കിരീടമണിണിയിക്കും. സൗന്ദര്യത്തിന്റെയും വൈവിദ്ധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷത്തിന് ഒരു പക്ഷേ ഇന്ത്യ വേദിയാകില്ലായിരുന്നു. യു.എ.ഇയെ ആണ് ഈ വർഷത്തെ മത്സരത്തിന്റെ ആതിഥേയ രാജ്യമായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർ പേഴ്സണും സി.ഇ.ഒയുമായ ജൂലിയ എവ് ലിൻ മോർലി പിന്നീട് ആ തീരുമാനം തിരുത്തുകയിരുന്നു. അതിനുള്ള കാരണവും ജൂലിയ പറഞ്ഞു: എനിക്കു പ്രിയപ്പെട്ട സ്ഥലമായ ഇന്ത്യയിലേക്കു മടങ്ങാനും 120 ദേശീയ ചാമ്പ്യന്മാർ ഇന്ത്യൻ മഹത്വത്തിന് സാക്ഷ്യം വഹിക്കാനും കഴിയുകയെന്നത് എനിക്കുള്ള ഏറ്റവും വലിയ ബഹുമതിയാണെന്ന് അവർ വ്യക്തമാക്കി.
വേൾഡ് ടോപ്പ് ഡിസൈനർ അവാർഡ്, മിസ് വേൾഡ് ടോപ്പ് മോഡൽ, മിസ് വേൾഡ് സ്പോർട്സ് ചലഞ്ച്, മിസ് വേൾഡ് ടാലന്റ് ഫൈനൽ, മൾട്ടി മീഡിയ ചലഞ്ച്, ഹെഡ് ടു ഹെഡ് ചലഞ്ച് ഫൈനൽ എന്നീ മത്സരങ്ങൾ കൂടി ഉൾപ്പെടുന്നതാണ് ലോക സുന്ദരി മത്സരം. 120 രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കുന്ന മത്സരാർഥികളിൽ നിന്ന് ഒരു മാസം നീളുന്ന മത്സരങ്ങൾക്കൊടുവിൽ 80 പേർ പുറത്താവും. ശേഷിക്കുന്ന നാൽപതു പേരാണ് ഗ്രാൻഡ് ഫിനാലെയിലെത്തുക. മുംബയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജി 20 വേദി, ഡൽഹിയിലെ ഭാരത് മണ്ഡപം എന്നിവയാണ് ഈ വർഷത്തെ മത്സര വേദികൾ.
ഇവർ ഇന്ത്യൻ സുന്ദരിമാർ
ഇതുവരെ ആറ് ഇന്ത്യൻ സുന്ദരിമാർക്കാണ് മിസ് വേൾഡ് കീരിടം ചൂടാൻ സാധിച്ചത്. 1966ൽ ഫിസിഷ്യനും മോഡലുമായ റീത്ത ഫാരിയയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ മിസ് വേൾഡ്. മുംബമുംബൈ സ്വദേശിയായ റീത്ത കിരീടം ചൂടുന്ന ലോകത്തെ ആദ്യ ഫിസിഷ്യനായി.
1994ൽ മിസ് വേൾഡായ ഐശ്വര്യ റായ് പിന്നീട് ഇന്ത്യയിലെ ഫാഷന്റെ തന്നെ മറ്റൊരു പേരായി മാറി. തുടർന്ന് മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം 1997ൽ ആന്ധ്ര സ്വദേശിനി ഡയാന ഹെയ്ഡൻ വിജയ കിരീടം ചൂടി. ടിവി അവതാരകയും നടിയുമായിരുന്നു ഡയാന. 1999ൽ യുക്ത മുഖേയിലൂടെ വീണ്ടും ഇന്ത്യയിൽ മിസ് വേൾഡ് കിരീടം എത്തി. മുംബൈ സ്വദേശിനിയായ യുക്ത വിജയത്തിനു ശേഷം സാമൂഹിക പ്രവർത്തനങ്ങളിലേക്കു തിരിഞ്ഞു.
2000 ൽ പ്രിയങ്ക ചോപ്രയിലൂടെ ഇന്ത്യ വീണ്ടും സൗന്ദര്യ ലോകത്തിന്റെ നെറുകയിലെത്തി. പ്രിയങ്ക പിന്നീട് ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനമായി മാറുകയും ചെയ്തു. തുടർച്ചയായ വിജയങ്ങൾ നേടിയ ഇന്ത്യയ്ക്ക് പക്ഷേ, അടുത്ത ലോക കിരീടത്തിന് പതിനേഴു ദീർഘ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.
2017ൽ ഹരിയാന സ്വദേശിയായ മാനുഷി ചില്ലറാണ് അന്നു വിജയിയായത്. ഏഴു വർഷത്തിനു ശേഷം ഇന്ത്യൻ മണ്ണിൽ നിന്നു തന്നെ വീണ്ടുമൊരു ലോക സുന്ദരി പട്ടം ഇന്ത്യക്കാരിക്ക് നേടാൻ സാധിക്കുന്നെങ്കിൽ അത് വലിയ നേട്ടമാകും.
കർണാടകയിൽ വേരുകളുള്ള, മുംബൈയിൽ ജനിച്ചു വളർന്ന സിനി ഷെട്ടിയെന്ന 22 കാരിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണ മിസ് വേൾഡ് വേദിയിലെത്തുക. 2022 ഫെമിന മിസ് ഇന്ത്യയാണ് സിനി. ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് ബിരുദധാരിയായ സിനി ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സി.എഫ്.എ) പ്രൊഫഷണൽ പ്രോഗ്രാമിലും ജോലി നോക്കുന്നതിനിടെയാണ് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് വിജയിയായത്.
ഭരതനാട്യം നർത്തകി കൂടിയായ സിനി സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. 2000ൽ മിസ് വേൾഡ് കിരീടം ചൂടിയ പ്രിയങ്ക ചോപ്രയാണ് സിനിയുടെ പ്രചോദനവും റോൾ മോഡലും. ഇന്ത്യയിൽത്തന്നെ നടക്കുന്ന മത്സരത്തിൽ, നിലവിലെ വിജയിയായ പോളിഷ് സുന്ദരി കരോലിന ബിലാവ്സ്കയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനി.
മിസ് വേൾഡ് ആകുന്നയാൾക്ക് സമ്മാനമായി ലഭിക്കുക പത്തു കോടി രൂപയും കോടികൾ വിലമതിക്കുന്ന നീല രത്നക്കല്ലുകൾ പതിച്ച കിരീടവുമാണ്. മിസ് വേൾഡ് ആയിരിക്കുന്ന കാലയളവിൽ കിരീടം ഇവർക്ക് കൈവശം സൂക്ഷിക്കാം. ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലേക്ക് അവരുടെ അതിഥിയായി സന്ദർശനം, കൈനിറയെ മോഡലിംഗ് കരാറുകൾ, യു.എൻ സംഘടനകളുമായി ചേർന്ന് സാമൂഹിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളിത്തം അങ്ങനെ നിരവധി അവസരങ്ങൾ. ഫാഷൻ മേഖലയ്ക്കു പുറത്ത്, ലോകമെങ്ങും നടക്കുന്ന പല സുപ്രധാന ചടങ്ങുകളിലും ഇവർക്കു ക്ഷണം ലഭിക്കും. പ്രമുഖ സ്റ്റൈലിസ്റ്റുകൾ, ബ്യൂട്ടീഷ്യൻമാർ, ന്യൂട്രീഷ്യനിസ്റ്റുകൾ തുടങ്ങിയവരുടെയൊക്കെ സേവനം ഇവർക്കു സൗജന്യമായി ലഭിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1