മുമ്പൊരു തവണ ചാലിയാറിനെ കുറിച്ച് ഈകോളത്തിൽ എഴുതിയപ്പോൾ അതിന്റെ തീരത്തെ നിലമ്പൂർ എന്ന ചെറുപട്ടണത്തെ കുറിച്ചും ചിലതു പറയുകയുണ്ടായി. മലബാറിൽ നിന്നും ഊട്ടിയിലേക്കുള്ള പാതകളിൽ ഒന്ന് നിലമ്പൂർ വഴിയാണ് പോകുന്നത്. കാട്ടിലൂടെയുള്ള ഈ വഴി ആദ്യം ഉപയോഗിച്ചത് ബ്രിട്ടീഷ് അധികാരികളും പ്രദേശത്തെ യൂറോപ്യൻ തോട്ടമുടമകളും ആയിരുന്നു. ചാലിയാർ വഴി ഊട്ടിക്കുള്ള ജലപാതയെ കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാറിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന തോമസ് ബേബർ എഴുതുകയുണ്ടായി.
അക്കാലത്തു വയനാട് വഴിയുള്ള യാത്രകൾ വളരെ വിഷമം പിടിച്ചതായിരുന്നു. അതിനുള്ള കാരണം വയനാട് നല്ല തണുത്ത കാലാവസ്ഥയുള്ള നാടാണെങ്കിലും മലമ്പനിയുടെ കേളീരംഗമായിരുന്നു എന്നതാണ്. അന്നൊക്കെ നാട്ടുകാരും യൂറോപ്യന്മാരും ഏറ്റവും കൂടുതൽ ഭയപ്പെട്ട അസുഖമായിരുന്നു മലമ്പനി. മലമ്പനി പിടിച്ചാൽ മരണം ഉറപ്പ് എന്നായിരുന്നു അന്നൊക്കെ അവസ്ഥ. അതിനെ ചെറുക്കാൻ അവർ പല മാർഗങ്ങൾതേടി. ക്വിനോൻ എന്നറിയപ്പെടുന്ന മരുന്ന് അതിനു പറ്റിയ ഔഷധമാണെന്ന് അവർ കണ്ടെത്തിയിരുന്നു. ഈ മരുന്ന് നിർമിച്ചത് സിങ്കോണ എന്ന മരത്തിന്റെ തൊലിയിൽ നിന്നാണ്.
മലമ്പനി നിവാരണത്തിനുള്ള മരുന്ന് ഉല്പാദിപ്പിക്കാനായി അവർ വയനാട്ടിലും ഊട്ടിയിലും സിങ്കോണ മരങ്ങൾ നട്ടുപിടിപ്പിച്ചു. വിദൂരസ്ഥമായ ബ്രസീലിൽ നിന്നാണ് അതിന്റെ വിത്തുകൾ അവർ കൊണ്ടുവന്നത്. ഇന്നും ഊട്ടിയിലേക്കുള്ള വഴിയിൽ ഈ മരങ്ങൾ ഉയർന്നു നിൽക്കുന്നതു കാണാനാകും. പറഞ്ഞുവന്നത് ചാലിയാർ വഴി ഊട്ടിയിലേക്കുള്ള കാട്ടുപാതയെക്കുറിച്ചാണ്. വയനാട് ഒഴിവാക്കിയുള്ള വഴികൾ അന്വേഷിക്കുന്ന കൂട്ടത്തിലാണ് ചാലിയാർ വഴിയുള്ള ജലയാത്രയുടെ സാദ്ധ്യതകൾ ബേബറും സംഘവും കണ്ടെത്തിയത്. അതും കാട്ടിലൂടെയുള്ള വഴി തന്നെയായിരുന്നു.
എന്നാൽ തോണിയിലാണ് യാത്രയുടെ ഒരു വലിയ ഭാഗം പിന്നിടുന്നത്; അതിനാൽ താരതമ്യേന സുഖകരം. അതോടെ നിലമ്പൂരും സമീപപ്രദേശങ്ങളും യൂറോപന്മാരുടെ പ്രധാന സങ്കേതങ്ങളായി. ഇന്നും അവിടെ കാട്ടിനുള്ളിലെ ഇൻസ്‌പെക്ഷൻ ബംഗ്‌ളാവിൽ ബ്രിട്ടിഷ് കാലത്തെ പ്രൗഢിയും സൗകര്യങ്ങളും കാണാനുണ്ട്. അവിടെ ചാലിയാറിൽ മുങ്ങിമരിച്ച ഒരു ഇംഗ്ലീഷ് യുവാവിന്റെ സ്മാരകവും യാത്രികരെ കാത്തിരിക്കുന്നു. 1840 കാലത്തു മലബാർ തേക്കിന് യൂറോപ്പിൽ വലിയ ആവശ്യം വന്നു. യുദ്ധത്തിനും വ്യാപാരാവശ്യത്തിനുമായി കപ്പലുകൾ ധാരാളമായി നിർമിക്കാൻ തുടങ്ങിയ സമയത്താണ് തേക്ക് തടിയുടെ ക്ഷാമം അധികൃതർക്ക് അനുഭവപ്പെട്ടത്. അതിനായി അന്നത്തെ കളക്ടർ ഹെന്റി വാലന്റൈൻ കൊണോലി നിലമ്പൂരിൽ ഒരു വലിയ തേക്കിൻതോട്ടം തന്നെ നിർമിച്ചു.
നിലമ്പൂരിന്റെ അഭിമാനമായി ഇന്നും അത് അവിടെ നിലനിൽക്കുന്നു. പഴയ മലബാർ ജില്ലയിലെ ഏറനാട് താലൂക്കിലെ പ്രധാന പട്ടണങ്ങളിൽ പെട്ടതാണ് നിലമ്പൂരും മഞ്ചേരിയുമൊക്കെ. ഒരുകാലത്തു നിലമ്പൂരിന്റെ വാണിജ്യ പ്രാധാന്യം കണക്കിലെടുത്തു ഷൊറണ്ണൂരിൽ നിന്നും അങ്ങോട്ട് തീവണ്ടിപ്പാതയും ബ്രിട്ടിഷുകാർ നിർമിച്ചു. പാത ഇന്നുമുണ്ട്; തീവണ്ടികൾ അപൂർവമാണെന്നു മാത്രം. എന്നാലും അതൊക്കെ പഴയകാല പ്രതാപത്തിന്റെ ഓർമ്മകൾ ഉണർത്തി ഇന്നും അവിടെയുണ്ട്. ഏറനാട്ടിലെ നാട്ടുകാർ അധികവും കൃഷിപ്പണിയിൽ ഏർപ്പെട്ട മാപ്പിളമാരായിരുന്നു. വളരെ സ്‌നേഹസമ്പന്നരായ സമൂഹമാണ് മാപ്പിളമാർ. അവരുടെ മതനിഷ്ഠയും നേർച്ചകൾ അടക്കമുള്ള ആചാരങ്ങളും ഇന്നും പ്രസിദ്ധമാണ്.
അവിടെയുള്ള സാധാരണ മാപ്പിള കൃഷിക്കാരും ജന്മിമാരും തമ്മിൽ പണ്ടേ പലവിധ വഴക്കുകളും വക്കാണങ്ങളും ഉണ്ടായിരുന്നു. കടുത്ത നികുതിഭാരവും മറ്റു ബാധ്യതകളും ചുമത്തി ജന്മിമാർ നാട്ടുകാരെ പിഴിഞ്ഞു. ബ്രിട്ടിഷ് അധികാരികൾ അതിനു പിന്തുണയും നൽകി. അതോടെ മാപ്പിളമാരും ജന്മിമാരും തമ്മിലുള്ള തർക്കങ്ങൾ ബ്രിട്ടിഷ് വിരുദ്ധ കലാപങ്ങളായി രൂപം മാറി. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ അവിടെ നിരന്തരം കലാപങ്ങൾ അരങ്ങേറിയിരുന്നു. കലാപകാരികളിൽ പലരുടെയും ശവകുടീരങ്ങൾ പിൽക്കാലത്തു ആരാധനാകേന്ദ്രങ്ങളായി മാറുകയും ചെയ്തു. ശുഹദാക്കൾ എന്നപേരിൽ അറിയപ്പെട്ട ഈ രക്തസാക്ഷികൾക്ക് വലിയ ആധ്യാത്മിക ശക്തിയുണ്ടെന്ന് ജനങ്ങൾ വിശ്വസിച്ചു. അവരുടെ ജാറങ്ങളിൽ (ദിവ്യന്മാരുടെ ശവകുടീരങ്ങളാണ് ജാറങ്ങൾ എന്നറിയപ്പെടുന്നത്) കാലാകാലങ്ങളിൽ നേർച്ചയും മറ്റു ആഘോഷങ്ങളും കൊണ്ടാടപ്പെട്ടു. പരലോക പ്രീതിക്കും ഇഹലോക സൗഭാഗ്യങ്ങൾക്കുമായി പ്രാർത്ഥനകൾ നടന്നു.
ഇത്തരം പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും കേന്ദ്രഭൂമിയാണ് ഇന്നത്തെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയും മഞ്ചേരിയും നിലമ്പൂരും അടക്കമുള്ള പ്രദേശങ്ങൾ. പഴയകാലത്തെ മഹാസമരങ്ങളുടെയും പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ഓർമ്മകൾ ഇന്നും ഗ്രാമീണ ജനത നിലനിർത്തുന്നു. അതിനായി അവർക്കു പല പടപ്പാട്ടുകളുമുണ്ട്. മോയിൻകുട്ടി വൈദ്യർ രചിച്ച മലപ്പുറം പടപ്പാട്ട് പഴയകാല പോരാളികൾക്ക് ആവേശം നൽകിയ ഒരു കൃതിയായിരുന്നു. ആ പാട്ട് ആലപിക്കുന്നതും അതിന്റെ കോപ്പികൾ കൈവശം വെക്കുന്നതും ബ്രിട്ടീഷ് സർക്കാർ നിരോധിക്കുകപോലുമുണ്ടായി.
അങ്ങനെയുള്ള പോരാളികളിൽ ഇന്നും ഏറ്റവും സ്മരിക്കപ്പെടുന്നവരിൽ ഒരാൾ വാരിയൻകുന്നത്തു കുഞ്ഞമ്മദ് ഹാജിയാണ്. അദ്ദേഹം മഞ്ചേരിയിലാണ് ജനിച്ചത്. ആദ്യകാലത്തു ഒരുപോത്തുവണ്ടിയിൽ നിലമ്പൂർ ഭാഗത്തു നിന്നും വനവിഭവങ്ങളും അരിയും മറ്റു ഉല്പന്നങ്ങളുമായി കോഴിക്കോട് അങ്ങാടിയിലേക്ക് വന്നു കച്ചവടം നടത്തിയ ഒരാളായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് അദ്ദേഹം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി. 1921ലെ കലാപകാലത്തു ബ്രിട്ടീഷുകാർ അദ്ദേഹത്തെ പിടിക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാൽ മാപ്പിള കലാപകാരികളുടെ പ്രമുഖനേതാവായി ഉയർന്ന കുഞ്ഞമ്മദ് ഹാജി കാട്ടിൽ ഒളിവിലിരുന്ന് ഗറില്ലാ യുദ്ധത്തിന് നേതൃത്വം നൽകി. ബ്രിട്ടീഷ് പൊലീസിലെ ഉദ്യോഗസ്ഥനും നാട്ടുപ്രമാണിയും ആയിരുന്ന ആനക്കയത്തെ ഖാൻ ബഹാദൂർ ചേക്കുട്ടി എന്ന മാപ്പിളയെ അദ്ദേഹത്തിന്റെ വീട്ടിൽപോയി വെട്ടിക്കൊന്നു തലയെടുത്തു കുന്തത്തിൽ കുത്തിനിർത്തി നാടുനീളെ ജൈത്രയാത്ര നടത്തിയ ആളാണ് കുഞ്ഞമ്മദ് ഹാജി. അതോടെ ബ്രിട്ടിഷ് പട അദ്ദേഹത്തെ പിടിക്കാനായി പരക്കം പാഞ്ഞു.
എന്നാൽ ഒളിവിലിരുന്നു അദ്ദേഹം ഒരു സർക്കാർ തന്നെ രൂപീകരിച്ചു. ഹാജിയുടെ പാസില്ലാതെ അക്കാലത്തു ഒരാൾക്കും അവിടെ പൊതുനിരത്തിലൂടെ യാത്ര ചെയ്യാൻപോലും സാധിച്ചിരുന്നില്ല. ഒരു കൊല്ലത്തോളം ഇങ്ങനെയുള്ള റിബൽ ഭരണം അവിടെ നിലനിന്നു. മാസങ്ങൾക്കുശേഷം, നിലമ്പൂരിൽ നിന്ന് ഉൾകാട്ടിലേക്ക് കുറേക്കൂടിപോയാൽ കാണുന്ന ഒരു പ്രദേശത്തു വെച്ചാണ് ബ്രിട്ടീഷ്‌സേന കുഞ്ഞമ്മദ് ഹാജിയെ പിടികൂടിയത്. അദ്ദേഹത്തെ അവിടെ നിന്ന് മഞ്ചേരിക്ക് നടത്തിക്കൊണ്ടു വന്നതു കയ്യിലും കാലിലും ചങ്ങലയിട്ട് തോക്കുധാരികളായ പട്ടാളക്കാരുടെ അകമ്പടിയിലാണ്. പിന്നീട് മലപ്പുറത്തെ എംഎസ്പി ക്യാംപ് നിൽക്കുന്ന കുന്നിൻപുറത്തു വെച്ച് ബ്രിട്ടിഷ് സൈന്യം അദ്ദേഹത്തെ വെടിവെച്ചു കൊന്നു. മുഖം മറയ്ക്കാതെ ബ്രിട്ടീഷ് സൈനികർക്കു നേരെനോക്കിക്കൊണ്ടാണ് അദ്ദേഹം വെടിയുണ്ട മാറിൽ ഏറ്റുവാങ്ങിയത് എന്ന് പഴമക്കാർ പറയുന്നുണ്ട്.
അങ്ങനെയുള്ള ഐതിഹ്യങ്ങളുടെയും വീരകഥകളുടെയും നാടായ നിലമ്പൂരിൽ നിന്നാണ് പുതിയൊരു വീരനായകൻ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്കു ഇപ്പോൾ കാലെടുത്തു വയ്ക്കുന്നത്. പി.വി അൻവർ നിലമ്പൂർ എം.എൽ.എ മാത്രമല്ല; മറിച്ചു ആ നാടിന്റെ സവിശേഷമായ സംസ്‌കാരത്തിന്റെയും സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഓർമകളിൽ നിന്നും അവയുടെ പാരമ്പര്യത്തിൽ നിന്നും ഉയർന്നുവന്ന ഒരു രാഷ്ട്രീയ നേതാവാണ്. കെ.പി.സി.സി ട്രഷറർ ആയിരുന്ന പിതാവിനെ പിൻപറ്റി അദ്ദേഹം കോൺഗ്രസിലാണ് പൊതുപ്രവർത്തനം ആരംഭിച്ചതെങ്കിലും പിണറായി വിജയൻ സി.പി.എം നേതാവായി വന്ന കാലത്തു ആ പാർട്ടിയുമായി അടുക്കുകയായിരുന്നു. ഏറനാട് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച സി.പി.ഐ സ്ഥാനാർത്ഥിക്കു നൽകേണ്ട വോട്ടുകൾ സി.പി.എം അൻവറിനു മറിച്ചു നൽകിയാണ് അദ്ദേഹത്തെ അവിടെ തങ്ങളുടെ നേതാവായി ഉയർത്തിക്കൊണ്ടു വന്നത്. പിന്നീട് രണ്ടുതവണ അദ്ദേഹം അവിടെ ജനപ്രതിനിധിയായി. പാർട്ടിക്കാർക്ക് വേണ്ടപ്പെട്ടവനായി.
അവസാനം അൻവറും പാർട്ടിയും തമ്മിൽ തെറ്റി വഴിപിരിഞ്ഞു. ഇരുകൂട്ടരും പരസ്പരം പോർവിളികളുമായി മുന്നേറുകയാണ്. നിലമ്പൂരിൽ വമ്പൻ പൊതുയോഗം വിളിച്ചു അൻവർ കരുത്തുകാട്ടി. തൊട്ടുപിന്നാലെ, സി.പി.എം നേതാക്കൾ അതേ സ്ഥലത്തു പൊതുയോഗം നടത്തി അൻവറിനെതിരെ കടന്നാക്രമണം നടത്തി. ഇരുഭാഗത്തും കൈവിട്ടുപോകുന്ന നിലയിലാണ് കാര്യങ്ങൾ മുന്നേറുന്നത്. തന്റെയോ അനുയായികളുടെയോ രോമത്തിൽപോലും ആരെങ്കിലും തൊട്ടാൽ അവരെ വെറുതെ വിടുന്ന പ്രശ്‌നമില്ല എന്ന് അൻവർ പ്രഖ്യാപിച്ചിരിക്കുന്നു.
മാത്രമല്ല, അദ്ദേഹം പുതുതായി ഒരുതോക്കിനുള്ള ലൈസൻസും എടുത്തിട്ടുണ്ട്. നിലമ്പൂർ പണ്ടേതോക്കുകളുടെയും കള്ളത്തോക്കുകളുടെയും നാടാണ്. പരസ്പരമുള്ള വൈരം തീർക്കാനും വന്യമൃഗങ്ങളെ വേട്ടയാടാനും പ്രമാണിമാരും നാട്ടുകാരും തോക്ക് ഉപയോഗിക്കുന്ന ശീലമുണ്ട്. അതിന്നും തുടരുന്നുമുണ്ട്. ഒരുപക്ഷേ ഇത്തവണ നിലമ്പൂരിൽ നിന്നും രാഷ്ട്രീയ കേരളത്തിന്റെ ചില വെടിയൊച്ചകൾ അക്ഷരാർത്ഥത്തിൽ തന്നെ നാട്ടുകാർ കേൾക്കേണ്ടി വരുമോ എന്നചോദ്യം പ്രസക്തമാണ്.
എൻ.പി ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1