സംസ്ഥാനത്തിന്റെ ഭരണത്തലവനും സർക്കാരിനും ഇടയിൽ തുടർന്നുവരുന്ന ഒളിപ്പോര് അടിക്കടി വളരുകയാണ്. മാന്യതയുടെ സീമകൾ ലംഘിച്ചുള്ള പ്രതിഷേധ നാടകം ആവർത്തിച്ചരങ്ങേറുന്നു. 'എന്തൊരു നാണം കെട്ട അവസ്ഥ'യാണിതെന്ന് സാധാരണ ജനങ്ങൾ ചോദിക്കത്തക്കവിധം ദുരൂഹതയും സംസ്‌കാര ച്യുതിയും കെട്ടിമറിയുന്നു ഇതോടൊപ്പം.
പോകുന്ന വഴിയിലെല്ലാം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്ഷേപകരമായ മുദ്രാവാക്യം വിളികളോടെ കരിങ്കൊടി കാണിക്കുന്നു എസ്.എഫ്.ഐ പ്രവർത്തകർ. ഗവർണറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങൾ നിർമ്മിക്കാൻ അപ്രഖ്യാപിത മൽസരവും നടക്കുന്നു. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതു മുന്നണി സർക്കാർ സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്. ഐയെയും, നിരോധിത ഭീകരസംഘടനയായ പി.എഫ്.ഐയെയും ഉപയോഗിച്ചാണ് തന്നെ തെരുവിൽ നേരിടുന്നതെന്നു വരെ ഗവർണർ ആരോപിച്ചുകഴിഞ്ഞു.
ഗവർണറുടെ ഭാഗത്തുനിന്നു വരുന്നുവെന്നതിനാൽ തന്നെ ഇത്തരത്തിലുള്ളൊരു ആരോപണം വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. എന്തായാലും പ്രതിഷേധക്കാരെ വളരെ തന്ത്രപരമായാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. അല്ലെങ്കിൽ പോലീസ് കൈകാര്യം ചെയ്യപ്പെടുമെന്നതാണു കാരണം. തന്ത്രങ്ങൾ കണ്ടെത്താൻ നിർബന്ധിതമാകുകയാണു പോലീസ്. ചില നേതാക്കൾ പോലീസിനെ ഭീഷണിപ്പെടുത്തുന്നതും പോലീസ് അതെല്ലാം കേട്ട് പഞ്ചപുച്ഛമടക്കിനിൽക്കുന്നതുമൊക്കെ ദൃശ്യമാധ്യമങ്ങളിലൂടെ ജനം കണ്ടു.
തൃശൂർ ലോ കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് പോലീസിനെതിരേ പരസ്യവെല്ലുവിളിയുമായി ഒരു കെ.എസ്.യു നേതാവ് പ്രസംഗിച്ചതിന്റെ വീഡിയോ പുറത്തുവന്നു. ഏതു പക്ഷത്തെ രാഷ്ട്രീയക്കാരും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
നവകേരള യാത്രയ്ക്കിടെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്ത കർമകുശലത ഗവർണറെ എസ്.എഫ്.ഐ തടയുമ്പോൾ കാണാത്തതെന്തെന്ന ചോദ്യം പോലീസ് കേട്ടതായി ഭാവിക്കുന്നില്ല. പ്രതിഷേധക്കാർക്കു പിന്നിലുള്ളത് ബലം കുറഞ്ഞ ആൾക്കാരൊന്നുമല്ലെന്ന കാര്യം ഗവർണറും തുറന്നു പറഞ്ഞിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ പ്രതിഷേധക്കാരെ മറികടക്കുന്ന പ്രകടനം ഗവർണറും കാഴ്ച വച്ചു. വഴിയോരത്തെ ചായക്കടയ്ക്കു മുന്നിൽ ഇരുന്നു പ്രതിഷേധിച്ച ഗവർണർ വ്യത്യസ്തമായൊരു പ്രതിഷേധ ശൈലി പ്രകടമാക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധ നാടകവും ഗവർണറുടെ പ്രതിരോധവും ചേർന്ന് ഖജനാവു ചോർത്തുന്നതും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
കണ്ണൂർ മട്ടന്നൂരിൽ മറ്റൊരു നാടകം അരങ്ങേറി. മട്ടന്നൂർ ജംഗ്ഷനിൽ തന്റെ കാറിനു നേരെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ ഇടയിലേക്ക് ഒട്ടും കൂസലില്ലാതെയാണ് ഗവർണർ ഇറങ്ങിച്ചെന്നത്. വയനാട്ടിൽനിന്നു തിരുവനന്തപുരത്തേക്കു പോകാൻ കണ്ണൂർ വിമാനത്താവളത്തിലേക്കു പോകും വഴിയായിരുന്നു ഗവർണർക്കെതിരെ പ്രതിഷേധം ആളിയത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല അജീഷിന്റെയും പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോളിന്റെയും വകേരി മൂടക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെയും വീടുകളിലെത്തി കുടുംബാഗങ്ങളെ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു ഗവർണർ. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പാക്കം കരേരിക്കുന്ന് കോളനിയിലെ ശരത്തിനെയും അദ്ദേഹം കണ്ടിരുന്നു. സർവകലാശാലാ ഭരണം നിയന്ത്രിക്കാൻ ഇടപെടുന്നതു പോലുള്ള അതിക്രമമല്ലേ ഇതെന്ന ചിന്ത ചിലരിൽ തീവ്രമായെന്നു വ്യക്തം. ഭരണാധികാരികൾ ഇരകളെ അവഗണിക്കുമ്പോൾ ഗവർണർ നടത്തുന്ന ഇടപെടലുകൾ എല്ലാവർക്കും സഹിക്കാനാകണമെന്നില്ല.
സർവകലാശാലാ ചാൻസലർ എന്ന നിലയിൽ സെനറ്റ് അംഗങ്ങളുടെ നാമനിർദേശത്തിലും മറ്റും ഗവർണർ നടത്തുന്ന ഇടപെടലുകളാണ് എസ്.എഫ്.ഐ പ്രതിഷേധത്തിനുള്ള പ്രധാന കാരണമത്രേ. എന്നാൽ, വയനാട്ടിൽ അത്തരം പരിപാടികൾക്കൊന്നുമല്ല ഗവർണർ വന്നത്. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ വീടുകളിലെത്തി അവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അവരോടുള്ള സഹതാപവും കരുതലും ബോധ്യപ്പെടുത്തുകയായിരുന്നു ഗവർണറുടെ യാത്രാ ലക്ഷ്യം. അതിലും രാഷ്ട്രീയം ഇല്ലേയെന്ന ചോദ്യം ഉയരുന്നുണ്ട്. ഭരണാധികാരികൾ പ്രശ്‌നങ്ങളിൽനിന്ന് ഒളിച്ചോടുമ്പോൾ ആരെങ്കിലുമൊക്കെ ഈ പാവങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നത് എന്തിനാണ് തടസപ്പെടുത്തുന്നതെന്ന മറു ചോദ്യവുമുണ്ട്.
വയനാട് ജില്ലയിലെ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മാനന്തവാടി ബിഷപ്‌സ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ ഗവർണർ പറഞ്ഞത് എന്തായാലും നാട്ടുകാരെ ഇത്തിരിയെങ്കിലും ആശ്വസിപ്പിച്ചിട്ടുണ്ടാകും. നൂറു കണക്കിനു നാട്ടുകാർ ഒപ്പിട്ട നിവേദനവും ഗവർണർ അവലോകന യോഗത്തിൽ സ്വീകരിച്ചു. ഗവർണർമാർ ഇങ്ങനെയൊക്കെ ചെയ്യാറുണ്ടോയെന്നു ചോദിച്ചാൽ അസാധാരണ സന്ദർഭങ്ങളിൽ അങ്ങനെയുമാകാം എന്നാണു വിശദീകരണം.
വീറോടെ ഗവർണർ
മട്ടന്നൂർ ടൗണിലെ ട്രാഫിക് സിഗ്‌നലിനടുത്തേക്കു പ്രകടനമായെത്തിയ എസ്.എഫ്.ഐയിലെ പ്രതിഷേധക്കാരെ പോലീസിനു തടയാതെ പറ്റുമായിരുന്നില്ല. പോലീസ് തടഞ്ഞെങ്കിലും ഗവർണറുടെ പൈലറ്റ് ജീപ്പുകൾ കടന്നുപോയശേഷം അദ്ദേഹത്തിന്റെ കാർ എത്തിയപ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ റോഡിലേക്കു ചാടി. കാറിന്റെ ഗ്ലാസ് താഴ്ത്തി പ്രതിഷേധക്കരോട് 'ഗോ ബാക്ക്' എന്നാജ്ഞാപിച്ച ഗവർണർ അവർ മാറാതെ നിന്നതോടെ കാറിൽ നിന്നു പുറത്തിറങ്ങി. ഏതാനും മിനിറ്റ് അദ്ദേഹം വീറടക്കാതെ പുറത്തുനിന്നു. പ്രതിഷേധക്കാരെ റോഡിൽനിന്നു മാറ്റാത്തതിന് പോലീസിനെ ശകാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇത്തരം രംഗങ്ങൾ ഇതിനുമുമ്പും അരങ്ങേറിയിട്ടുണ്ടെന്നതിനാൽ സംഭവത്തിന്റെ ഗൗരവം കുറയുന്നില്ല. തെരുവിൽ നടക്കുന്ന ഇത്തരം ഏറ്റുമുട്ടലുകൾ രണ്ടു വിദ്യാർഥി സംഘടനകൾ തമ്മിലോ രാഷ്ട്രീയ പാർട്ടികൾ തമ്മിലോ അല്ലെന്നതു ജനങ്ങൾ കാണുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർഥി സംഘടനകൾ ഇടപെടുന്നതും പ്രക്ഷോഭം നടത്തുന്നതും അത്യപൂർവ സംഭവമല്ല രാജ്യത്ത്. എന്നാലിപ്പോൾ മിക്ക വിദ്യാർഥി യുവജന സംഘടനകളും തികച്ചും രാഷ്ട്രീയ താത്പര്യങ്ങളോടെ മാത്രമുള്ള പ്രവർത്തനങ്ങളിലാണു മുഴുകുന്നത്. ഗവർണർക്കെതിരേയുള്ള പ്രതിഷേധവും അങ്ങനെ തന്നെ.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി സംഘടനയാണ് ഗവർണറെ
ഒരു കലാലയത്തിലും കയറ്റില്ലെന്നു പ്രതിജ്ഞയെടുത്തിരിക്കുന്നത്. എങ്കിൽ അതു
നേരിട്ടിട്ടുതന്നെ കാര്യം എന്ന വാശിയിൽ ഗവർണറും വാശി കാണിക്കുമ്പോൾ
ജനങ്ങൾക്കു മുന്നിൽ അരങ്ങേറുന്ന ചക്കളത്തപ്പോരാട്ടം അതിരുകൾ വിടുന്നു.
ഗവർണറെ
സർവകലാശകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള ബിൽ നിയമസഭ പാസാക്കി.
ആ ബിൽ ഗവർണറുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. അനുബന്ധമായി ഗവർണർ
സർക്കാർ പോര് സുപ്രീം കോടതി വരെ എത്തിയിരിക്കുന്നു. നിയമപരമായ സാധ്യതകളും
പരിമിതികളും മനസിലാക്കാതെ ഇരുകൂട്ടരും നടത്തുന്ന ഈ പരസ്യ പോരാട്ടം ഇഴഞ്ഞും
തിരിഞ്ഞും നീങ്ങുന്നു. പ്രതിപക്ഷമാകട്ടെ നിസംഗതയോടെയാണിതു കാണുന്നത്. ഇതൊരു
'അഡ്ജസ്റ്റ്‌മെന്റ് രാഷ്ടീയ'ത്തിന്റെ ഭാഗമായി
ചിത്രികരിക്കപ്പെടുന്നുമുണ്ട്. ഇനിയുമേറെ വിഴുപ്പുകൾ അലക്കപ്പെടുമെന്നതാണ്
സ്ഥിതി.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പാർട്ടി താൽപ്പര്യം സംരക്ഷിക്കാൻ സർക്കാർ ഒന്നിനു പുറകെ ഒന്നായി നടത്തുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളെ കോടതിയിലും പുറത്തും ചോദ്യംചെയ്യുകയും നടപടികളെടുക്കുകയും ചെയ്യുന്നു ഗവർണർ എന്ന നിരീക്ഷണത്തിനിടെയാണ് കുറെക്കാലമായി എസ്.എഫ്.ഐയുടെ സമരം മുറുകുന്നത്. പക്ഷേ സർവകലാശാലാ ക്യാമ്പസുകളിൽ തന്നെ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐയുടെ ഭീഷണിയെ ഗവർണർ അവഗണിക്കുന്നു. ചാൻസലർ എന്ന നിലയ്ക്ക് സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഗവർണർക്ക് ഇടപെടാമെന്നും, വിവേചനാധികാരം ഉപയോഗിക്കാമെന്നും സുപ്രീം കോടതി വിധി വന്നു. എന്നാൽ ഇതിന് അനുവദിക്കില്ലെന്ന നിലപാടാണ് സർക്കാർ തുടർന്നുവരുന്നത്. ഇതിന്റെ ഭാഗമായായിരുന്നു കേരള സർവകലാശാലയുടെ സെനറ്റ് യോഗത്തിൽ വി.സിയെ മറികടന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിച്ചതും, ഗവർണറുടെ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാനുള്ള തീരുമാനത്തെ അട്ടിമറിച്ചതും. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു തന്നെ ഇതിന് നേതൃത്വം നൽകിയെന്നത് തികഞ്ഞ അധികാര ദുരുപയോഗവും, സർവകലാശാലയ്ക്കുതന്നെ അപമാനകരവുമാണെന്ന അഭിപ്രായമുയരുന്നു. പരമോന്നത നീതിപീഠം അംഗീകരിച്ച ചാൻസലറുടെ അധികാരത്തെ ധിക്കരിക്കുകയാണ് മന്ത്രി ചെയ്തതെന്ന ആക്ഷേപമുയരുന്നു.
സർക്കാരിന്റെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യാൻ ഭരണഘടന നൽകുന്ന അധികാരം ഗവർണർ ഉപയോഗിക്കുന്നുവെന്ന വാദമുണ്ട്. അധികാരം അഴിമതി നടത്താനും സ്വജനപക്ഷപാതം കാണിക്കാനുമുള്ളതാണെന്ന് സി.പി.എമ്മും സർക്കാരും കരുതുന്നതായി ചൂണ്ടിക്കാണിക്കുന്നത് പ്രതിപക്ഷം മാത്രമല്ല. ഗവർണറും ഇതു തന്നെ പറയുന്നു. നിയമ ലംഘനങ്ങളുടെ പരമ്പര തന്നെ പിണറായി സർക്കാരിന്റെ ഏഴ് വർഷത്തെ ഭരണത്തിലുണ്ടായത് ഗവർണറും ചൂണ്ടിക്കാട്ടിയത് ഗൗരവതരം തന്നെ. ഇത് ഏതെങ്കിലും വിധത്തിൽ ചോദ്യംചെയ്യുന്നവരെ പാർട്ടിക്കാരെയും പോലീസിനെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അടിച്ചമർത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന ആക്ഷേപവും ശക്തം.
ഇതിന്റെ ഭാഗമായാണ് തന്നെ തെരുവിൽ നേരിടുന്നതെന്നും എസ്.എഫ്.ഐക്കാരെയും പോലീസിനെയും ഇതിന് ഉപയോഗിക്കുകയാണെന്നും ഗവർണർ പറയുന്നു.
തന്റെ
വാഹനം തടയാനും അക്രമാസക്ത സമരം നടത്താനും എസ്.എഫ്.ഐക്കാരെ ഒരോയിടങ്ങളിൽ
എത്തിക്കുന്നത് പോലീസ് വാഹനങ്ങളിലാണെന്ന് വരെ ഗവർണർ നേരത്തെ
ആരോപിച്ചിരുന്നു. അക്രമികളെ തടയുകയും പിടിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന
പോലീസിന്റെ രീതിയിൽനിന്നുതന്നെ ഒത്തുകളി ദൃശ്യമാണെന്നും നിരീക്ഷണമുണ്ട്.
എന്തായാലും, മുഖ്യമന്ത്രിയാണ് തനിക്കെതിരായ അക്രമത്തിനു പിന്നിലെന്ന് ഗവർണർ
ആവർത്തിച്ചിട്ടും പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല. ആരോപണം
ശരിവയ്ക്കുന്നതിന് തുല്യമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആഭ്യന്തരവകുപ്പ്
ഭരിക്കുന്നയാൾതന്നെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതി വ്യാപകമായി
വിമർശിക്കപ്പെടുന്നുണ്ട്. നവകേരള സദസ്സിന്റെ പേരിൽ പ്രതിഷേധക്കാരെ
ക്രൂരമായി അടിച്ചമർത്തിയതിനെ പൂർണമായി ന്യായീകരിച്ചു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ ഗൺമാൻതന്നെ പ്രതിഷേധക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ
പുറത്തുവന്നിരുന്നു. കടുത്ത പ്രതിഷേധം ഉയർന്നിട്ടും ഇത് തന്റെ
ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയ്ക്ക് അകത്തും പുറത്തും
പറഞ്ഞത്. പിന്നീട് ഇതേ ഗൺമാനെതിരെ പോലീസിന് കേസെടുത്തതു വേറെ കാര്യം.
തന്റെ അധികാര ദുരുപയോഗത്തിനും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്നവരെ ഏതു വിധേനയും നേരിടുകയെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ രീതിയെന്ന് പ്രതിപക്ഷം നിസ്സഹായതയോടെ ആവർത്തിച്ചാക്ഷേപിക്കുന്നത് സംഭവങ്ങൾ നിരത്തിക്കാട്ടിയാണ്.
ഭരണഘടനയും നിയമവുമൊന്നും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ തടസമായി മാറുന്നില്ല. ഇതിന്റെ ആപൽക്കരമായ മുഖം ഭരണത്തലവനായ ഗവർണർ തന്നെ തുറന്നുകാട്ടുന്നു. നിലമേലിൽ തന്നെ തടയാൻ ശ്രമിച്ചത് എസ്.എഫ്.ഐയും പി.എഫ് ഐ തീവ്രവാദികളും ചേർന്നാണെന്ന് ഗവർണർ പറയുന്നതിന് തെളിവുകളുണ്ടത്രേ. അറസ്റ്റിലായവരിൽ ഏഴുപേർ പി.എഫ്.ഐക്കാരാണെന്ന റിപ്പോർട്ട് ഗവർണർക്ക് ലഭിച്ചിരുന്നു.
സി.പി.എമ്മും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധം ഇടയ്ക്കിടെ മറ നീക്കാറുണ്ടെന്ന് സംഘപരിവാർ വക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പുകളിൽ ഇരുകൂട്ടരും ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തിലേർപ്പെടുകയും ഒരുമിച്ച് ഭരിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം മഹാരാജാസ് കേളേജിൽ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ പി.എഫ്.ഐക്കാർ കൊലപ്പെടുത്തിയിട്ടും പ്രതികളെ പിടികൂടാൻ പോലീസ് താൽപര്യം കാണിക്കാതിരിക്കുന്നത് സി.പി.എമ്മിന്റെ താളത്തിനു തുള്ളിയതിനാലായിരുന്നുവെന്ന ആരോപണം ശക്തമാണിപ്പോഴും.
ഭീകരപ്രവർത്തനം നടത്തുകയാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും സംഘടനയിൽപ്പെട്ടവരുമായി സി.പി.എം ബന്ധം തുടരുന്നതും, ഗവർണർക്കെതിരെ അക്രമാസക്ത സമരം നടത്താൻ ഇക്കൂട്ടരെ ഉപയോഗിക്കുന്നതും വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും സംഘപരിവാർ പറയുന്നു.ഇതു സംബന്ധിച്ച റിപ്പോർട്ട് ഗവർണർ കേന്ദ്രസർക്കാരിന് കൈമാറുകയും ശക്തമായ നടപടികൾ ഉണ്ടാവുകയും വേണമെന്ന ആവശ്യവും അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1