രാഷ്ട്രീയ സുനാമികളും ഐസ്‌ക്രീം കേസും

MARCH 27, 2025, 2:12 AM

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം കേസ് വരുന്നത്. കോഴിക്കോട് നഗരത്തിലെ ഒരു ഐസ്‌ക്രീം  ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് 1997ൽ നടന്നുവെന്ന് ആരോപിക്കപെടുന്ന പെൺവാണിഭമാണ് ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ്. കേസിലെ മുഖ്യ സാക്ഷിയായ റജീന എന്ന സ്ത്രീ കേരളത്തിലെ വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയതോടെ ദേശീയ ശ്രദ്ധ ആകർഷിച്ച സംഭവമാമായി മാറി. 

'അന്വേഷി' എന്ന എൻ.ജി.ഒ. ആണ് കേസിൽ ആദ്യമായി പരാതി നൽകിയത്. 2004 ഒക്ടോബർ 18നാണ് പ്ര്‌സ്താവന പുറത്തുവരുന്നത്. കുഞ്ഞാലിക്കുട്ടി ഉംറയ്ക്ക്ു പോകാൻ മുബൈയിലെത്തിയ സമയമായിരുന്നു അത്. അച്ചടിദൃശ്യ മാധ്യമങ്ങൾ ഈ വിഷയം ആഘോഷമാക്കി. 12 ദിവസം കഴിഞ്ഞ് മടങ്ങിവന്ന കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകർ ഏർപ്പെടുത്തിയ സ്വീകരണം സംഘർത്തിലാണ് കലാശിച്ചത്. ചില മാധ്യമപ്രവർത്തകർക്കും ഇതിൽ പരിക്കേറ്റിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ മാധ്യമപ്രവർത്തകർ തിരിഞ്ഞു. കൊച്ചിയിലെ താജ് ഹോട്ടലിൽ കുഞ്ഞാലിക്കുട്ടിയെ ഉപരോധിച്ച മാധ്യമപ്രവർത്തകരും പോലീസും തമ്മിൽ തമ്മിൽ തർക്കമുണ്ടായി.

ക്ലീഫ് ഹൗസിൽ യു.ഡി.എഫ് യോഗം ചേർന്ന അവസരത്തിൽ മാധ്യമപ്രവർത്തകർ അവിടേക്ക് ഇരച്ചു കയറി. പ്രതിപക്ഷം സടകുടഞ്ഞെഴുന്നേറ്റതോടെ മന്ത്രിസഭയുടെ പത്താം സമ്മേളനം നടന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ രാജിയാണ് എല്ലാവരും അവശ്യപ്പെട്ടത്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് തെറ്റൊന്നും ഉള്ളതായി തോന്നിയില്ലെന്നു പറയുന്നു. മാധ്യമ പ്രകോപനങ്ങളും ടിവി ചർച്ചകളും സൃഷ്ടിച്ച അന്തരീക്ഷത്തിലെ ചൂടിൽ അങ്ങിനെ ചെയ്യുന്നതിനോട് ഉമ്മൻ ചാണ്ടിക്ക് ഒരു യോജിപ്പും ഉണ്ടായിരുന്നില്ല.

vachakam
vachakam
vachakam

എന്നാൽ ലീഗ് രാജിവയ്ക്കാൻ കുഞ്ഞാലിക്കുട്ടിക്ക് നിർദ്ദേശം നൽകിയതോടെ അദ്ദേഹം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചു. 2005 ജനുവരി നാലിന് കുഞ്ഞാലിക്കുട്ടിയുടെ രാജി ഉമ്മൻ ചാണ്ടി സ്വീകരിച്ചു. ഉമ്മൻചാണ്ടി പ്രഖ്യാപിച്ച 100ദിന കർമ്മ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയ സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങൾ. ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ച പരിപാടികളായിരുന്നെങ്കിലും ആ സാഹചര്യങ്ങളിൽ അതിന്റെയെല്ലാം ശോഭ കെട്ടുപോയി..!

കുഞ്ഞാലിക്കുട്ടിക്ക് ശേഷം വ്യവസായ മന്ത്രി ആയത് വി.കെ. ഇബ്രാഹിം കുഞ്ഞാണ്, കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്തിരുന്ന ഐടി വകുപ്പ് അപ്പോൾ ഉമ്മൻചാണ്ടി ഏറ്റെടുത്തു. കുഞ്ഞാലിക്കുട്ടിയെ തുടർന്ന് കെ.പി. വിശ്വനാഥനും കെ.കെ. രാമചന്ദ്രൻ മാസ്റ്റർക്കും രാജിവെക്കേണ്ടിവന്നു. ഹൈക്കോടതിയിൽ നിന്നുണ്ടായ ഒരു പരാമർശം ആയിരുന്നു വിശ്വനാഥന്റെ രാജിയുടെ കാരണം. 2005 ഫെബ്രുവരി 10ന് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു രാമചന്ദ്രൻ മാസ്റ്റർ. വകുപ്പിലെ നിയമങ്ങളും സ്ഥലം മാറ്റങ്ങളും സംബന്ധിച്ച ലോകായുക്തയുടെ മുന്നിൽ പരാതി വന്നു. ലോകായുക്തയ്ക്ക് നൽകിയ മൊഴി മാറ്റി പറയണമെന്ന് തരത്തിൽ വയനാട് ഡിഎംഒയോട് മന്ത്രി സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ അദ്ദേഹം രാജിവച്ചു.

2006 ജനുവരി 14നായിരുന്നു അത്. സത്യത്തിൽ വിശ്വനാഥന്റെ രാജി സ്വീകരിക്കേണ്ടി വന്നത് ഉമ്മൻചാണ്ടിക്ക് ഏറെ മനോവേദന ഉണ്ടാക്കിയ കാര്യമാണ്. പരാതിക്കാർ പറയുന്നത് ശരിയാണെങ്കിൽ വനം വകുപ്പിലെ കാര്യങ്ങൾ അതീവ ഗുരുതരമാണ് എന്നാണ് കോടതി പറഞ്ഞത്. എന്നാൽ വനം വകുപ്പിൽ സ്ഥിതിഗതികൾ വളരെ ഗുരുതരം എന്നത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കണ്ടായിരിക്കണം കോടതി അങ്ങനെ പറഞ്ഞത് എന്ന വിശ്വാസക്കാരനായിരുന്നു ഉമ്മൻചാണ്ടി. 

vachakam
vachakam
vachakam

നിയമസഭ നടക്കുന്ന സമയമായിരുന്നു അപ്പോൾ. ഉടൻതന്നെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നോട്ടീസിന് മറുപടി പറയുമ്പോൾ വിശ്വനാഥൻ രാജിസന്നദ്ധത പ്രകടിപ്പിച്ചു. മനസ്സില്ല മനസ്സോടെ, അതിലേറെ ദുഃഖത്തോടെ ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയായിരുന്നു. ഒടുവിൽ കോടതിയിൽ അദ്ദേഹത്തിന് നിരപരാധിത്വം തെളിഞ്ഞപ്പോഴേക്കും സർക്കാർ മാറിയിരുന്നു എന്നത് വേറെ കാര്യം.
എന്തു പ്രശ്‌നങ്ങൾ ഉണ്ടായാലും പരാതികൾ കിട്ടിയാലും അതിന്റെ ഉറവിടങ്ങളിൽ എത്തി നേരിട്ട് മനസ്സിലാക്കാൻ ശ്രമിച്ചിരുന്ന ആളാണ് ഉമ്മൻചാണ്ടി. എന്തും കണ്ടു ബോധിച്ചാലാണ് ശരിയായ പ്രതിവിധിയും പരിഹാരവും നിശ്ചയിക്കാൻ ആവൂ. 

ഈ ചിന്താഗതിക്കാരനായിരുന്നു ഉമ്മൻചാണ്ടി. ലോകത്ത് ഏറ്റവും നന്നായി കഞ്ചാവ് വിളയുന്ന സ്ഥലമാണ് ഇടുക്കിയിലെ കമ്പക്കല്ല്. ആ നിബിഡ വനത്തിലെ കഞ്ചാവുതോട്ടം തേടി പോകാൻ വരെ ഉമ്മൻചാണ്ടി തയ്യാറായത് ഈ ഒരു മനോഭാവത്തിന്റെ പശ്ചാത്തലത്തിലാണ്. ഇടുക്കി മറയൂരിലെ കാട്ടിൽ കാറ്റിനു തന്നെ ചന്ദനത്തിന്റെ സുഗന്ധമാണ്. സ്വാഭാവിക ചന്ദനവനങ്ങൾ കേരളത്തിൽ അവിടെ മാത്രമാണ്. മുനീറകൾക്കും ശിലാ ചിത്രങ്ങൾക്കും ശർക്കരക്കും പ്രസിദ്ധമാണ് മറയൂർ. മറയൂരിലെ ചന്ദന കള്ളക്കടത്ത് ഏത് സർക്കാരിനും പലപ്പോഴും തലവേദന ഉണ്ടാക്കാറുണ്ട്. അവിടം സന്ദർശിക്കാനും മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമയം കണ്ടെത്തി. ചന്ദന കടത്ത് കേസിൽ ഹൈക്കോടതിയുടെ ഒരു പരാമർശം ഉണ്ടായപ്പോഴാണ് വനംവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കെ.പി. വിശ്വനാഥൻ 2005 ഫെബ്രുവരി പത്തിന് രാജിവച്ചത്.


vachakam
vachakam
vachakam

പിന്നീട് വനവകുപ്പിന്റെ താൽക്കാലിക ചുമതലയേറ്റത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു. അദ്ദേഹം ചന്ദന വിഷയത്തിൽ പ്രത്യേക ശ്രദ്ധ നൽകി. കവയത്രി സുഗതകുമാരിയേയും മറ്റും പങ്കെടുപ്പിച്ച് മറയൂരിൽ ചന്ദന സംഗമം നടത്തി. അതിന്റെയെല്ലാം മുൻനിരയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉണ്ടായിരുന്നു. കടവരി, കമ്പക്കല്ല് എന്നിവിടങ്ങളിൽ വൻതോതിൽ കഞ്ചാവ് കൃഷി നടക്കുന്ന കാര്യം സുഗതകുമാരിയാണ് ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അവിടെ 800 ഏക്കർ വനം രേഖകളിൽ റവന്യൂ ഭൂമിയാണെന്നും സുഗമതകുമാരി പറഞ്ഞു. കഞ്ചാവ് കൃഷി നേരിട്ട് കാണാൻ തീരുമാനിച്ചത് അങ്ങനെയാണ്.

കമ്പക്കല്ലിലേക്കുള്ള യാത്ര തികച്ചും അപകടകരമാണെന്ന് മറയൂർക്കാടുകളെ പറ്റി നന്നായി അറിയാവുന്നവർ ഉമ്മൻചാണ്ടിക്കു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും രണ്ടും കൽപ്പിച്ച് ഉമ്മൻചാണ്ടി ആ യാത്രയ്ക്ക് തയ്യാറായി. തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി. തോമസ് എം.എൽ.എയും ഒപ്പം കൂടി. 2005 മെയ് 23ന് വെളുപ്പിന് മുഖ്യമന്ത്രി അടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടു. വനം എക്‌സൈസ് പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരും ഉണ്ട്. 27 ജീപ്പുകളിലായാണ് യാത്ര. ഉമ്മൻചാണ്ടിക്കും രാധാകൃഷ്ണനും മറ്റും ഒരു ജിപ്‌സി വാനാണ് കിട്ടിയത്. ആദ്യം മൂന്ന് മണിക്കൂർ തമിഴ്‌നാട്ടിലെ ഇന്ദിരാഗാന്ധി സംരക്ഷിത വനത്തിലൂടെ ആണ് യാത്ര.
മഞ്ഞപ്പെട്ടി എന്ന സ്ഥലത്ത് ജീപ്പ് എത്തിയപ്പോൾ അവിടെ നിർത്തേണ്ടി വന്നു. കാരണം ഇനി ദുർഘടം പിടിച്ച പാതയാണ് റോഡ് എന്ന് പറയാൻ വയ്യ കരിങ്കല്ലുകൾക്കും മുകളിലൂടെ ചാടിയും ചെരിഞ്ഞും ഉലഞ്ഞുമാണ് വാഹനങ്ങൾ പോകുന്നത്. വഴിയിൽ പുഴയുണ്ട് പാലമില്ല. 

കരിങ്കല്ലുകൾ അടുക്കി താൽക്കാലിക ചപ്പാത്ത് കെട്ടി അതിലൂടെ ജിപ്‌സി അടക്കം നീങ്ങി. വനത്തിനുള്ളിലുള്ള മണപ്പെട്ടി എന്ന ആദിവാസി ഊരിലെത്തി. ഇനി വണ്ടി ഒരു കാരണവശാലും മുന്നോട്ടു പോകില്ല. അഞ്ചര മണിക്കൂർ നടക്കണം കമ്പക്കല്ലിൽ എത്താൻ. സമുദ്രനിരപ്പിൽ നിന്ന് ആയിരത്തിലേറെ അടി ഉയരത്തിലാണ് കമ്പക്കല്ല്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ പലരും മുഖ്യമന്ത്രിയുടെ സംഘത്തേക്കാൾ മുൻപേ കമ്പക്കല്ലിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു. കാട്ടിൽ പരിചയമുള്ള അവർക്കൊപ്പം എത്താൻ മന്ത്രിമാർക്ക് ആവുന്നില്ല. ഒരാൾക്ക് നടക്കാവുന്ന കാട്ടുവഴിത്താരയാണ്. കാടും പടലും? കുറ്റിച്ചെടികളും വകഞ്ഞു മാറ്റി കൂടെ വന്നവർ വഴിയൊരുക്കി. കല്ലുകളിൽ തട്ടി വീഴാതെ കൈപിടിച്ച് വഴിയിലെ ചെറു പുഴകളും അരുവികളും താണ്ടി യാത്ര തുടർന്നു. 

മുഖ്യമന്ത്രിയും കൂട്ടരും കമ്പക്കല്ലിൽ എത്തിയപ്പോഴേക്കും മുന്നേ പോയ സംഘം കഞ്ചാവ് തോട്ടത്തിൽ എത്തിയിരുന്നു. വടംകെട്ടിയാണ് അവർ അവിടെ എത്തിയത്.  ഇനി ചെങ്കുത്തായ കയറ്റമാണ്. പിൻവാങ്ങാൻ ഉമ്മൻചാണ്ടി തയ്യാറല്ല. യാത്ര അവിടെ അവസാനിപ്പിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥന്മാരുടെ ഉപദേശം. ഉമ്മൻചാണ്ടിയുടെ ആരോഗ്യമാണ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തിയത്. അക്കാലത്ത് ഉമ്മൻചാണ്ടിയുടെ പ്രായം 62 വയസ്സ്. എങ്കിലും നടക്കാൻ തന്നെ തീരുമാനിച്ചു ഉമ്മൻചാണ്ടി.

ഇടയ്ക്കിടെ ആളുകൾ താങ്ങി. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞപ്പോൾ മന്ത്രിസംഘം കഞ്ചാവ് തോട്ടത്തിൽ എത്തി. 100 കണക്കിന് ഏക്കർ തോട്ടം തീവച്ച നശിപ്പിച്ചിട്ടാണ് ആ സംഘം മടങ്ങിയത്. അവിസ്മരണീയമായിരുന്നു കാനന താരകളിലൂടെയുള്ള ആ യാത്ര. കാടിന്റെ രീതികൾ പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് പിന്നീട് ഉമ്മൻചാണ്ടി പറയുകയുണ്ടായി. ക്ഷീണിച്ച് അവശരായി കാട്ടുമരങ്ങളുടെ തണലിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. എല്ലാവർക്കും പതിന്മടങ്ങ് ഉന്മേഷം. ഉമ്മൻചാണ്ടി തലസ്ഥാന നഗരിയിൽ തിരിച്ചെത്തിയപ്പോൾ ആദ്യം ചെയ്ത കാര്യം റവന്യൂഭൂമി എന്നു പറഞ്ഞ 800 ഏക്കർ വനംവകുപ്പിന് വിട്ടുകൊടുത്തുകൊണ്ടുള്ള ഉത്തരവിടുകയായിരുന്നു.

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam