സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുന്നണി ബന്ധങ്ങളിൽ ഉരുണ്ടു കൂടിയ കാർമേഘം, രാഷ്ട്രീയ മാപിനിയിൽ ഉയർത്തിയ ചൂട് ഇനിയും ശമിച്ചിട്ടില്ല. അധികാരാധിഷ്ഠിതമായ ഭിന്നതയാൽ മുൻപുണ്ടാകാത്ത വിധം ആശയ കുഴപ്പത്തിലാണ് ഇടത് കക്ഷികളും കോൺഗ്രസും. ബി.ജെ.പിയുടെ കാര്യം അല്പം വ്യത്യസ്തമാണ്. അധികാരത്തിലേക്കുള്ള യാത്രയിലെ കല്ലും മുള്ളും നിറഞ്ഞ പാതകൾ താണ്ടുകയാണ് അവർ.
എന്റെ പിഴ എന്റെ പിഴ !
കേരള നേതാക്കൾ ഏറ്റുപറയാൻ മടിച്ച പരാജയ കാരണങ്ങൾ ഒടുവിൽ അക്കമിട്ട് നിരത്തി മാധ്യമങ്ങളോട് വിസ്തരിക്കാൻ രണ്ടുമാസം കഴിഞ്ഞിട്ടാണെങ്കിലും തയ്യാറായിരിക്കുന്നു അഖിലേന്ത്യാ നേതാവ് എം.എ.ബേബി. തോൽവിക്ക് പിന്നിലെ കാരണങ്ങൾ വിശദമായി വിലയിരുത്തിയതായി ജനറൽ സെക്രട്ടറി മാലോകരെ അറിയിക്കുന്നു. പ്രചാരണരീതിയിലും സ്ഥാനാർഥി തിരഞ്ഞെടുപ്പിലും ജനങ്ങളുമായുള്ള ആശയവിനിമയത്തിലും പാർട്ടിക്ക് പിഴവുകൾ സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
ഇടതുപക്ഷ സർക്കാർ ജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികളും നിലപാടുകളും ഫലപ്രദമായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. വിലയിരുത്തലും കേന്ദ്ര കമ്മിറ്റി രേഖപ്പെടുത്തിയതായി എം.എ. ബേബി വ്യക്തമാക്കി. നേതാക്കളുടെ പെരുമാറ്റത്തിലും പൊതുജനങ്ങളോടുള്ള സമീപനത്തിലും കൂടുതൽ വിനയവും സഹിഷ്ണുതയും പുലർത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്ന പാർട്ടി രേഖയും പുറത്തുവന്നു.
ജനങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവരുടെ പ്രശ്‌നങ്ങളോട് കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രതികരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര കമ്മിറ്റി നിർദേശിച്ചു. എന്നാൽ ഈ നിർദ്ദേശം സ്വീകരിക്കാൻ മനസ്സുള്ള ഏതു നേതാവാണ് കേരളത്തിൽ ഇന്ന് സി.പി.എമ്മിന്റെ തലപ്പത്തുള്ളത് എന്ന് ബേബിക്ക് പോലും നിശ്ചയം കാണില്ല.
സെപ്തംബർ പകുതിയോടെ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളും നേതൃത്വത്തിന്റെ പ്രവർത്തനങ്ങളും വിശദമായി വിലയിരുത്തുമെന്നും സ്വയംവിമർശനം എല്ലാ തലങ്ങളിലുമുണ്ടാകുമെന്നും അദ്ദേഹം പറയുമ്പോൾ സംസ്ഥാനത്ത് പാർട്ടിയിൽ ഒരു തലമുറ മാറ്റം പ്രതീക്ഷിക്കുകയാണ് സി.പി.എം രാഷ്ട്രീയം ഉറ്റുനോക്കുന്നവർ.
വല്യേട്ടനോട് ഇടഞ്ഞ്
പ്രതിപക്ഷ നിരയിലേക്ക് ഇരിപ്പിടം മാറിയതു മുതൽ നിയമസഭയിൽ ഉപനേതാവ് പദവിക്കായി സി.പി.ഐ ഉയർത്തിയ ആവശ്യത്തെ പുറം കാലുകൊണ്ട് തട്ടിയ പിണറായി വിജയനു മുന്നിൽ കീഴടങ്ങേണ്ടതില്ല എന്ന നിലപാടെടുക്കാൻ ഘടകകക്ഷി തീരുമാനിച്ചതോടെ മുന്നണിയുടെ അസ്ഥിത്വംതന്നെ ചർച്ച ചെയ്യുകയാണ് രാഷ്ട്രീയ കേരളം. പദവി ലഭിച്ചില്ലെങ്കിൽ നിയമസഭയിൽ സി.പി.എമ്മിനോട് സഹകരിക്കില്ലെന്നാണ് സി.പി.ഐ നിലപാട്. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് നിർണായക തീരുമാനം. പ്രതിപക്ഷം എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാകില്ലെന്നും ചില വിഷയങ്ങളിൽ സി.പി.എമ്മിനെ എതിർക്കേണ്ടി വരുമെന്നും സി.പി.ഐ തീരുമാനിച്ചുകഴിഞ്ഞു.
അങ്ങനെയെങ്കിൽ നിയമസഭയ്ക്ക് അകത്ത് ഒരുമിച്ചിരുന്നാലും എതിർപ്പുള്ള വിഷയങ്ങൾ മുന്നണി മര്യാദ നോക്കാതെ പറയുമെന്നാണ് സി.പി.ഐയുടെ ഭീഷണി. ഇത് സി.പി.എമ്മിനെ കൊണ്ടെത്തിക്കുന്ന ദുരവസ്ഥ വിവരിക്കാൻ കഴിയില്ല. ഇടതുമുന്നണി യോഗം വിളിച്ചുകൂട്ടാൻ ടി.പി. രാമകൃഷ്ണൻ കാട്ടിയ അലംഭാവത്തിന് ഇതിനപ്പുറം ഒരു തിരിച്ചടി കിട്ടാനില്ല. അതിനിടെ, വിഴിഞ്ഞം വിഷയത്തിൽ നിലപാട് മാറ്റമുണ്ടെന്നും യോജിച്ചുള്ള സമരത്തിനില്ലെന്നും സി.പി.ഐ അറിയിച്ചു കഴിഞ്ഞു. എന്നാൽ ഉപനേതാവ് പദവി വിട്ടുനൽകില്ലെന്ന് സി.പി.എം കടുപ്പിച്ചതോടെ എൽ.ഡി.എഫിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്.
സഭയിൽ എല്ലാ വിഷയത്തിലും ഒരേ നിലപാടാകണമെന്നില്ലെന്നും വേണ്ടി വന്നാൽ സി.പി.എമ്മിനെ എതിർക്കാനുമാണ് സി.പി.ഐ തീരുമാനം. സഭയിൽ ഒരുമിച്ച് ഇരിക്കുന്നതിന് പ്രശ്‌നമില്ലെന്നും പാർട്ടി എക്‌സിക്യൂട്ടീവിൽ തീരുമാനമെടുത്തു. ഉപനേതാവ് പദവി സി.പി.ഐക്ക് നൽകുന്ന കാര്യം ഇനി ആലോചിക്കാൻ പോലും കഴിയില്ല. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനാണ് ഇക്കാര്യം ബിനോയ് വിശ്വത്തെ അറിയിച്ചത്. ഇത് മനസിലാക്കി സി.പി.എമ്മിനോട് സഹകരിക്കണമെന്നാണ് ആവശ്യം.
എൽ.ഡി.എഫ് യോഗം വിളിച്ചാൽ പങ്കെടുക്കാമെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഇപ്പോൾ യോജിച്ചുള്ള സമരം വേണ്ടെന്നും ബിനോയ് വിശ്വവും കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. വിഴിഞ്ഞം വിഷയം സതീശനെതിരായ വലിയ ആയുധമായി സി.പി.എം കൊണ്ടുവരുന്നതിനിടയിലാണ് സി.പി.ഐയുടെ ഈ പുറംതിരിഞ്ഞു നിൽപ്പ്.
എൽ.ഡി.എഫ് യോഗം വിളിച്ച് സർക്കാരിനെതിരെ സമരം തുടങ്ങണമെന്നാണ് യോഗത്തിൽ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടത്. ഇതിനാണ് യോഗം വിളിച്ചാൽ പങ്കെടുക്കാമെന്ന് ബിനോയ് വിശ്വം പറഞ്ഞത്. യോഗത്തിൽ ഉപനേതൃപദവി ആവശ്യപ്പെടുമെന്നും അതിനിടയിൽ തർക്കങ്ങളുണ്ടായാൽ തങ്ങൾ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എടുക്കുന്ന നിലപാട് മാധ്യമങ്ങളോട് തുറന്നു പറയുമെന്ന നിലപാടും ബിനോയ് വിശ്വം സ്വീകരിച്ചതോടെ ഏറ്റുമുട്ടൽ ചിത്രം കൂടുതൽ തെളിഞ്ഞു.
പ്രസിഡന്റ് എവിടെ ?
സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷൻ സതീശൻ മന്ത്രിസഭയിലെ ഒരു മന്ത്രിയായതോടെ ഒഴിവു വന്ന സ്ഥാനത്ത് ഒരാളെ പ്രതിഷ്ഠിക്കാൻ രണ്ടുമാസം കഴിഞ്ഞിട്ടും കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല.മുറുമുറുപ്പുകൾ ശക്തമായപ്പോൾ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ സജീവമാക്കി കോൺഗ്രസ് ദേശീയ നേതൃത്വം. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കഴിഞ്ഞ ദിവസം കേരളത്തിലെത്തി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. മുഖ്യമന്ത്രി വി.ഡി.സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവരുടെ അഭിപ്രായം തേടി.
'ഒരാൾക്ക് ഒരു പദവി' നയം കോൺഗ്രസിന്റെ സ്വന്തം അഭിപ്രായമണോ എന്ന ആശങ്ക പങ്കുവെക്കുന്നു പാർട്ടി അണികൾ. വിദേശത്തുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തി ഡൽഹിയിൽ കൂടുതൽ ചർച്ചകൾ നടക്കുമ്പോൾ ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ, കെ.സി.ജോസഫ്, അടൂർ പ്രകാശ് തുടങ്ങിയ നേതാക്കൾക്കൊപ്പം യുവനിരയിലെ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകളാണ് ഹൈക്കമാന്റിന് മുന്നിലുള്ളത്. പ്രാഥമിക ചർച്ചകൾക്കു ശേഷം നേതാക്കളെ ഡൽഹിയിലേക്കു വിളിപ്പിച്ചു ചർച്ച നടത്തിയാവും അന്തിമതീരുമാനമെടുക്കുക.
ജനപ്രതിനിധികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒരാൾക്ക് ഒരു പദവിയെന്ന നയം സ്വീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതു പ്രയോഗികമല്ലെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. കെ.പി.സി.സി അധ്യക്ഷനായി അനുഭവസമ്പത്തും ജനകീയതയുമുള്ള നേതാവിനെ തീരുമാനിക്കുമ്പോൾ, ജനപ്രതിനിധിയാണെന്നത് അയോഗ്യത ആകേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ പക്ഷം.
ലോക്‌സഭാംഗമായ കെ.സി.വേണുഗോപാൽ ദേശീയതലത്തിൽ പാർട്ടിയുടെ സംഘടനാച്ചുമതല വഹിക്കുന്നുണ്ടല്ലോ എന്നായിരുന്നു കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് വന്ന ഒരു കമന്റ്.
ചുരുക്കത്തിൽ, സർക്കാരിനെ സതീശൻ നയിക്കുമ്പോൾ, പാർട്ടിയെ ആര് നയിക്കും എന്നതിൽ പോലും നേതൃബാഹുല്യമുള്ള ആ ജനാധിപത്യ പാർട്ടിയിൽ തീരുമാനമാകുന്നില്ല.
ജയിലിലെ സത്യപ്രതിജ്ഞ
അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് കേരള ബി.ജെ.പിയിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നതായി റിപ്പോർട്ട് പുറത്തുവന്നു. പാർട്ടിയിലെ പ്രധാന ഭാരവാഹികൾ ഉൾപ്പെട്ട അഴിമതി ആരോപണങ്ങളിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന അധ്യക്ഷൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് ഭാവിയിൽ പരാതിക്ക് വഴിവയ്ക്കും. ദേവികുളത്ത് സ്ഥാനാർത്ഥിയായിരുന്ന എസ്. രജേന്ദ്രന്റെ ഫണ്ട് ദുർവിനിയോഗം ചെയ്യപ്പെട്ടു എന്നാണ് ഏറ്റവും പുതിയ ആക്ഷേപം.
തെളിവുകൾ ഒന്നൊന്നായി പുറത്തുവന്നതോടെ പാർട്ടി നേതൃത്വം വെട്ടിലായി. ഒരോ സ്ഥാനാർത്ഥികളെയും ഫണ്ട് വിവരം അറിയിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ പറഞ്ഞിരുന്നു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുകോടി കൊടികൾ നിർമ്മിക്കാനുള്ള മൂന്നരക്കോടി രൂപയുടെ കരാറിലാണ് പ്രധാനമായും വെട്ടിപ്പ് നടന്നത്. കേന്ദ്ര നേതൃത്വം നൽകുന്ന കൊടികൾ ലഭിക്കാൻ വൈകിയ സാഹചര്യം മുതലെടുത്ത്, പാർട്ടിയിലെ ചില നേതാക്കൾ തന്നെ ഒരു തട്ടിക്കൂട്ട് സ്വകാര്യ കമ്പനി രൂപീകരിച്ച് കരാർ നൽകുകയായിരുന്നു.
ഈ ഇടപാടിലൂടെ ഒരു സംസ്ഥാന സെക്രട്ടറിയും യുവമോർച്ച നേതാവും ചേർന്ന് 54 ലക്ഷം രൂപ കമ്മീഷനായി കൈപ്പറ്റിയെന്ന് പാർട്ടി ട്രഷറർക്ക് വിവരം ലഭിച്ചിരുന്നു. പിന്നാലെ കേന്ദ്രം അയച്ച കൊടികൾ ഉപയോഗിക്കാതെ പാർട്ടി ഓഫീസിൽ കെട്ടിക്കിടന്ന് വിവാദത്തിന്റെ തോരണങ്ങൾ പാറിച്ചു.
ഹെലികോപ്റ്റർ, വാഹന വാടക ഇനങ്ങളിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി റിപ്പോർട്ടുണ്ട്. പ്രചാരണത്തിനായി മൂന്ന് ഹെലികോപ്റ്ററുകൾ 136 മണിക്കൂർ പറക്കാൻ കരാർ നൽകിയെങ്കിലും ആകെ ഉപയോഗിച്ചത് 42 മണിക്കൂർ മാത്രമാണ്. ഇതിനുപുറമെ, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുത്ത 200 കാറുകളിൽ പകുതി പോലും ഉപയോഗിക്കാതെ തന്നെ ട്രിപ്പ് ഷൂസിൽ തിരിമറി നടത്തി ഒരുകോടിയോളം രൂപതട്ടിയെടുത്തതായും പാർട്ടിക്കുള്ളിൽ പരാതി ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കിയതിലും പരാതി ഉയർന്നിട്ടുണ്ട്.
സാമ്പത്തിക ആരോപണങ്ങൾ നേരിടുന്ന സംസ്ഥാന സെക്രട്ടറി, മേഖല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നിവരും വരാനിരിക്കുന്ന പുനസംഘടനയിൽ അകത്തോ പുറത്തോ എന്നറിയില്ല. കേരളത്തിൽ ഒന്ന് പച്ച തൊടാൻ മോഹിക്കുന്നതിനിടയാണ് പാർട്ടി ഉന്നത നേതാക്കളുടെ പേര് വലിച്ചിഴയ്ക്കപ്പെടും വിധം ഫണ്ട് വിവാദം തലപൊക്കിയത്.
അധ്യക്ഷനില്ലാത്ത സംസ്ഥാന കോൺഗ്രസ്. ഹൈക്കമാന്റിന് ഉടനെയെങ്ങും എത്തിപ്പിടിക്കാനാവാത്തവിധം 100 പ്ലസ് വിജയവുമായി പൂക്കി ചിരിയോടെ നിൽക്കുന്ന സതീശൻ.
സംസ്ഥാന ഘടകത്തിനെതിരെ വടിയെടുക്കാതെ സരോപദേശം മാത്രം നൽകാൻ കെൽപ്പുള്ള ഒരു കേന്ദ്ര കമ്മിറ്റിയുമായി മുന്നോട്ടുപോകുന്ന സി.പി.എം നേതൃത്വം.
രാജ്യം ഭരിക്കുന്ന പാർട്ടിക്ക് തിരുവനന്തപുരം നഗരസഭ പിടിച്ചെടുത്തതിന്റെ തിളക്കം. നിയമസഭയിൽ എണ്ണം കൂട്ടിയതിന്റെ മിനുക്കം. അങ്ങനെ തിളങ്ങി നിൽക്കുമ്പോൾ കാവിയിൽ ചെളി തെറിപ്പിച്ച് വന്ന തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം.ഉൾപാർട്ടി പ്രശ്‌നങ്ങളിൽ പെട്ടുഴലുന്ന മൂവർക്കും സാധ്യതകളുടെ ആകാശം തുറന്നിടുകയാണ് ഇനി രാഷ്ട്രീയ കേരളം.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
