സഹിഷ്ണുതയോടെയാകണം ഒരോ ദുരന്തവും മറികടക്കേണ്ടതെന്നു ജനങ്ങളെ ഉപദേശിച്ചു മഹാനായ റോമൻ കവി വിർജിൽ. സഹിഷ്ണുത അന്യമാകുമ്പോൾ ദുരന്താനുഭവ തീവതയേറുമെന്നതിന് ചരിത്രത്തിലുണ്ട് നിരവധി ദൃഷ്ടാന്തങ്ങൾ. എന്തായാലും, സങ്കുചിത രാഷ്ട്രീയത്തിന്റെ നേരിയ ദുർഗന്ധം വമിപ്പിച്ച ചില്ലറ വിവാദങ്ങൾ ഗൗനിക്കാതെ ഏക മനസോടെ മലയാളി സമൂഹം കൈ കോർത്ത് നിൽക്കുന്നു വയനാട്ടിലെ ദുരന്ത ബാധിതർക്ക് സാന്ത്വനമേകി. ദുരന്തത്തിൽ ഒറ്റപ്പെട്ടവർക്ക് തുണയേകിയ ധീര സൈനികരെയും സന്നദ്ധ സേവകരെയും നമിച്ച് കേരളത്തിന്റെ കണ്ണും മനസും വയനാട്ടിനൊപ്പമെത്തി. വാക്കുകളിലൊതുങ്ങാത്ത സഹജീവി സ്‌നേഹം. ഇനിയാകട്ടെ അതിബൃഹത്തായ പുനരധിവാസ പ്രവർത്തനത്തിനൊപ്പം ഭാവി കേരളത്തിനായുള്ള കരുതലിന്റെ പാഠങ്ങളുംവയനാട് ചൂണ്ടിക്കാട്ടിയത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ആധുനിക ശാസ്ത്രത്തിന്റെ അത്ഭുതകരമായ വികാസം മൂലം കൈവന്ന സംവിധാനങ്ങൾ കുറ്റമറ്റതാക്കിയാൽ മാത്രമേ പ്രകൃതി ക്ഷോഭ ഭീഷണി വർധിച്ചു വരുന്ന കേരളത്തിനു ഭാവിയിൽ സമാധാനത്തോടെ മുന്നോട്ടു പോകാനാകൂ. കാലാവസ്ഥാ പ്രവചനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനു സംസ്ഥാനത്തിന്റേതായ സംവിധാനം ഒരുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ നാട് നേരിട്ട സമാനതകളില്ലാത്ത തിരിച്ചടിയിൽനിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണെന്ന് വ്യക്തം. പ്രകൃതിദുരന്തസാധ്യത മുൻകൂട്ടി മനസിലാക്കി ആഘാതം പരമാവധി ലഘൂകരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ അനിവാര്യം. ഇതിനിടെ ഏറ്റവും ഗൗരവത്തോടെ കണേണ്ടതാണ് മുല്ലപ്പെരിയാർ ഡാമിന്റെ അപകട സാധ്യതയും.
കൃത്യമായ ഗവേഷണം നടത്താനും കേരളത്തിന് അനുസൃതമായ മാനദണ്ഡങ്ങൾ വികസിപ്പിക്കാനും കോട്ടയത്തെ കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തിൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ജനങ്ങൾ മറക്കാനിടയില്ല. നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കേന്ദ്ര ജല കമ്മീഷൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിങ്ങനെ കേന്ദ്ര സ്ഥാപനങ്ങളാണ് സംസ്ഥാനങ്ങൾക്കു പ്രധാന മുന്നറിയിപ്പുകൾ നൽകുന്നത്. പക്ഷേ പ്രളയം, ഉരുൾപൊട്ടൽ, കടൽക്ഷോഭം, ചുഴലിക്കാറ്റ് തുടങ്ങി ജനജീവിതം തകർത്തെറിയുന്ന ദുരന്തങ്ങൾ ആവർത്തിക്കുന്ന അനുഭവമാണ് രാജ്യത്തുടനീളം അരങ്ങേറാറുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന മുന്നറിയിപ്പുകളുടെ കൃത്യത അതീവ നിർണായകവുമാണ്.
'ഇവിടെ ഏത് അണ എപ്പോൾ മഹാദ്രോഹകാരണമാകും എന്നറിയാൻ പാഴൂർ പടിപ്പുര അല്ല, ആധുനിക ശാസ്ത്രത്തിന്റെ സംവിധാനങ്ങളാണ് ശരിയായി ഉതകുക. ആൽപ്‌സ് പർവതപ്രാന്തങ്ങളിൽ ഈ സങ്കേതികവിദ്യ വളരെ ഫലപ്രദമായി ഉപയോഗിച്ചുപോരുന്നുണ്ട്. എന്നാലോ, ഇവിടെ വർഷംതോറും ഒട്ടേറെപ്പേർ മലയിടിഞ്ഞുമരിക്കുന്ന ഹിമാലയ താഴ്‌വരകളിൽപ്പോലും ഇത് ഉപയോഗത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല': അതുല്യ ശാസ്ത്രജ്ഞാനി കൂടിയായ എഴുത്തുകാരൻ സി.രാധാകൃഷ്ണന്റെ വാക്കുകൾ.
മിനിയേച്ചർ സെസ്‌മോളജി, ലേസർ ടെക്‌നോളജി, ടെലിമെട്രി, ഉപഗ്രഹസർവേ എന്നീ നാലു മേഖലകളിലും കൈവരിച്ചു കഴിഞ്ഞ അഭൂതപൂർവമായ നേട്ടങ്ങൾ ഇനിയൊരു വമ്പൻ പ്രകൃതി ദുരന്തം ഒഴിവാക്കാനും ചുരുങ്ങിയ പക്ഷം കെടുതികളുടെ ആക്കം കുറയ്ക്കാനും ഉപകരിക്കണം. രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ ഉലയാത്ത രാഷ്ട്രീയ ഇച്ഛാ ശക്തിയും ഇതിന് അനിവാര്യമാണ്.
തനിയാവർത്തനം
ഒാരോ വർഷകാല വരവും ഭീതിയോടെ നേരിടേണ്ട അവസ്ഥയിലാണ് കേരളം. അടുത്തിടെയായി വർഷാന്തമെന്നോണം ഉരുൾപൊട്ടൽ സംഭവിക്കുന്നു സംസ്ഥാനത്ത്. ഋതുഭേദങ്ങളെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും കൃത്യവും സൂക്ഷ്മവുമായ വിവരങ്ങൾ നൽകുകയും അതിനനുസൃതമായി ഉരുൾപൊട്ടൽ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകളെയും ജീവജാലങ്ങളെയും ഒഴിപ്പിക്കുന്നത് ഉൾപ്പെടെ ഭരണകൂടം മുന്നൊരുക്കം നടത്തുകയുമാണ് ദുരന്തത്തിന്റെ അളവ് കുറയ്ക്കാനുള്ള മാർഗം. എന്നാൽ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും പരാജയമാണെന്ന് ഓഖി ദുരന്തവും മുണ്ടക്കൈ ഉരുൾപൊട്ടലും ബോധ്യപ്പെടുത്തുന്നു.
കേരളത്തിൽ മഴയുടെ രീതിയിലും തോതിലും സാരമായ മാറ്റങ്ങൾ സംഭവിച്ച സാഹചര്യത്തിൽ നിരീക്ഷണ രീതി വികസിപ്പിക്കുകയും കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ട്. കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതകളെക്കുറിച്ച് ഈയിടെ പുറത്തുവന്ന രണ്ട് പഠന റിപ്പോർട്ടുകൾ ആശങ്ക അധികമാക്കുന്നുണ്ട്. സംസ്ഥാനത്തെ പതിമൂന്ന് ശതമാനം ഭൂമി ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നുവെന്ന് കൊച്ചി ഫിഷറീസ് സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. അമേരിക്കയിലെ മിഷിഗൺ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെയും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കൽ മെട്രോളജി (പുണെ)യുടെയും സഹകരണത്തോടെയായിരുന്നു ഈ പഠനം നടത്തിയത്.
2018ലെ പ്രളയത്തിനു ശേഷം പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത മൂന്നര ശതമാനം വർധിച്ചതായും റിപ്പോർട്ടിലുണ്ട്. 1990 മുതൽ 2020 വരെയുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട പഠനങ്ങളെ ആധാരമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൂടുതൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയും ഇതിനായി ഗവേഷണം നടത്തി. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) നാഷനൽ റിമോട്ട് സെൻസർ സെന്റർ തയ്യാറാക്കിയ അറ്റ്‌ലസും വിശകലന വിധേയമാക്കി. ഇതനുസരിച്ച് ആലപ്പുഴ ഒഴികെയുള്ള പതിമൂന്ന് ജില്ലകളും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള 30 ജില്ലകളിൽ പത്തെണ്ണം കേരളത്തിലാണ്.
രാജ്യത്ത് 1998-2022 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ നടന്നത് ഉത്തരാഖണ്ഡ്, കേരളം, ജമ്മു കശ്മീർ, മിസോറാം, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശങ്ങളിലാണെന്നുംറിമോട്ട് സെൻസർ സെന്റർഅറ്റ്‌ലസ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഹൈറേഞ്ചുകളിൽ 600 മീറ്ററിൽ കൂടുതൽ ഉയരമുള്ള സ്ഥലങ്ങളിൽ 31 ശതമാനത്തിനും ഉരുൾപൊട്ടൽ ഭീഷണിയുള്ളതായാണ് വിദഗ്ധ നിഗമനം. ഈ ഗണത്തിൽ 10 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ചെരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത അധികമാണ്. വന നശീകരണം, മണ്ണിടിക്കൽ, പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ, അതിതീവ്ര മഴ തുടങ്ങിയവയാണ് ഉരുൾപൊട്ടലിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിക്കു വ്യത്യസ്തകൾ ഏറെ. പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയിലായി 44 നദികൾ, അതിനിടയിൽ കുന്നുകളും മലകളും നിറഞ്ഞ പ്രത്യേകതകൾ പലതുള്ള ഭൂപ്രകൃതിയും. മാത്രമല്ല രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശവുമാണിത്. കേരളത്തിന്റെ ജനസാന്ദ്രത സംസ്ഥാനത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ചതുരശ്ര കിലോമീറ്ററിന് 850നും 900ത്തിനുമിടയിലാണ്.
എന്നാൽ വനമേഖല, നദി, തടാകങ്ങൾ, റോഡുകൾ, റെയിൽപാത തുടങ്ങിയവ മാറ്റി നിർത്തി ജനവാസ യോഗ്യമായ പ്രദേശങ്ങളെ മാത്രം പരിഗണിച്ചാൽ ചതുരശ്ര കിലോമീറ്ററിന് ഏകദേശം 2500 വരും ജനസാന്ദ്രത. ഈ സാഹചര്യത്തിൽ കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും അതിതീവ്ര മഴ, മേഘവിസ്‌ഫോടനം തുടങ്ങിയ പ്രതിഭാസങ്ങളിലൂടെ കേരളത്തെ സാരമായി ബാധിക്കുന്നു. മനുഷ്യജീവൻ ഉൾപ്പെടെ നാശനഷ്ടങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൻതോതിൽ ഉയരുന്നത് സ്വാഭാവികം. ഉരുൾപൊട്ടലിനെതിരെ സംസ്ഥാനം അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
പ്രകൃതിയിലെ മനുഷ്യ ഇടപെടലും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും വിഷയമാക്കി ചർച്ചകൾ സമാന്തരമായി പുരോഗമിക്കട്ടെ. അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകൾ ദുരന്തങ്ങൾക്ക് കാരണമാകുമെന്നതിൽ തർക്കിച്ചിട്ട് കാര്യമില്ല. എന്നാൽ തീരെ മനുഷ്യ ഇടപെടൽ ഇല്ലാത്ത പ്രദേശങ്ങളിലും സംഭവിക്കാറുണ്ട് ഉരുൾപൊട്ടലുകൾ എന്നതും അനിഷേധ്യം. 2020 ഓഗസ്റ്റിൽ സംഭവിച്ച, 70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തം നടന്ന പ്രദേശം യാതൊരു മനുഷ്യ ഇടപെടലും നടന്നിട്ടില്ലാത്ത ഇടമായിരുന്നുവെന്ന് പ്രകൃതി ശാസ്ത്രജ്ഞരും സമ്മതിക്കുന്നു. അവിടെ ആദ്യമായി ജെ.സി.ബി എത്തിയത് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരയാനായിരുന്നു.
പ്രകൃതിയിലെ മനുഷ്യ ഇടപെടലുകൾ നടക്കാത്ത മുൻകാലങ്ങളിലും കേരളത്തിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ഉരുൾപൊട്ടലുകൾ ഉണ്ടായി. ഒരു നൂറ്റാണ്ട് മുമ്പ് 1924 ജൂലൈ ഓഗസ്റ്റ് മാസത്തിൽ സംഭവിച്ചതാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. മൂന്നാഴ്ചയോളം നീണ്ടുനിന്ന മഴയെയും അനുബന്ധമായുണ്ടായ ഉരുൾപൊട്ടലിനെയും തുടർന്ന് കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി, സമുദ്രനിരപ്പിൽ നിന്ന് 65,00 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങൾ വരെ.നാടൊട്ടുക്കും ഗതാഗത സ്തംഭനമുണ്ടായി 24ലെ വെള്ളപ്പൊക്കത്തിൽ. റെയിൽ പാലങ്ങളിൽ വെള്ളം കയറി ട്രെയിൻ സർവീസ് നിലച്ചു. ഉയർന്ന പ്രദേശങ്ങളെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. മധ്യകേരളത്തെ പ്രളയം ഏറ്റവും കൂടുതലായി ബാധിച്ചു. ആലപ്പുഴ മുഴുവനായും എറണാകുളത്തിന്റെ എഴുപത്തഞ്ച് ശതമാനവും വെള്ളത്തിനടിയിലായി. പ്രകൃതിയിൽ കാര്യമായ മനുഷ്യ ഇടപെടൽ നടന്നിട്ടില്ലാത്ത കാലമായിരുന്നില്ലേ അതെന്ന ചോദ്യം നിലനിൽക്കുന്നു, വിദഗ്ധരുടെ വിശദീകരണങ്ങൾക്ക് വഴങ്ങാതെ.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1