പരസ്യവാചകങ്ങളിൽ, മുദ്രാവാക്യങ്ങളിൽ, പ്രത്യയ ശാസ്ത്ര വിസ്താരങ്ങളിൽ,
വലിയ നേതാക്കളുടെ നെടുങ്കൻ പ്രസംഗങ്ങളിൽ.. കേരളത്തിലെ വോട്ടർമാർ ഇന്നോളം
കണ്ടും കേട്ടും പരിചയിച്ച അത്തരം ഒരു വോട്ടെടുപ്പുകാലത്തെ അപ്പാടെ
അട്ടിമറിച്ച ഒരു ഉപതെരഞ്ഞെടുപ്പു മാമാങ്കമാണ് പൊടിയടങ്ങി അവസാനിച്ചത്.
വയനാടൻ പോരാട്ടവും ചേലൊത്ത ചേലക്കര മത്സരവും കഴിഞ്ഞ് വന്ന പാലക്കാട്
കാത്തുവച്ചത് ഒരു 'ന്യൂജെൻ' പ്രചാരണമായി മാറി. ട്വിസ്റ്റുകളുടെ ഘോഷയാത്ര.
സ്ഥാനാർത്ഥികൾ
തമ്മിലല്ല, പാർട്ടികൾ നേരിട്ടും മുന്നണികൾ ഒന്നാകെയും ഒരു ചെസ് ബോർഡിലെ
പോലെ കരുക്കൾ നീക്കിക്കളിച്ചു. ഓരോ നീക്കവും അവിചാരിതവും ചടുലവുമായി. ഓരോ
നീക്കവും കഴിയുമ്പോൾ ആര് ആർക്കാണ് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കുകയെന്ന
ചോദ്യം മാത്രം അവശേഷിപ്പിച്ചുകൊണ്ട് പ്രചരണ കാലം മുന്നേറി. കാലുമാറ്റവും
കൂറുമാറ്റവും കെട്ടിപ്പിടുത്തവും കണ്ട് വോട്ടർമാർ അന്ധാളിച്ചു. മറവിരോഗം
തങ്ങൾക്കാണോ രാഷ്ട്രീയ നേതാക്കൾക്കാണോ പിടിപെട്ടതെന്നാലോചിച്ച് സമ്മതിദായകർ
മൂക്കത്തു വിരൽവച്ചു പോയ ഒരു വോട്ടെടുപ്പുകാലം.
എതിരാളിക്ക് ആയുധം നൽകും വിധം മുന്നേറിയത് പലരും അറിഞ്ഞതുപോലും വളരെ വൈകി.
മണ്ഡലത്തിലെ
അടിസ്ഥാന പ്രശ്‌നങ്ങളും അടിയന്തര ആവശ്യങ്ങളും മുകൾത്തട്ടിലേക്ക് ഉയർന്നു
വന്നില്ല. അവ അവിടെ മയങ്ങിക്കിടക്കട്ടെ എന്ന മട്ടിൽ നടന്ന പൂഴിക്കടകൻ
പ്രചാരണ പ്രയോഗങ്ങളിലായിരുന്നു ഏവർക്കും ശ്രദ്ധ.
പാലക്കാട് അവസാന നിമിഷങ്ങളിൽ ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കും വിധം പ്രചാരണം മുറുകിയത് നമ്മുടെ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ മുൻപ് തീവ്രമായി പ്രകടമാകാത്ത വിധം വർഗീയ ചേരുവകൾ പ്രയോഗിക്കാനുള്ള കക്ഷികളുടെ ഉൽസുകതയാണ് പുറത്തു കൊണ്ടുവന്നത്. ഇക്കാര്യത്തിൽ ആരാണ് കൂടുതൽ ഉത്സാഹിച്ചതെന്ന് ആരാണ് നേടിയതെന്ന് മണിക്കൂറുകൾക്കകം അറിയാം.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം ബി.ജെ.പിയിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെപ്പോലും ഞെട്ടിച്ചു. സി.പി.എം പാളയത്തിൽ വാര്യർ എത്തിച്ചേരുമെന്നു കരുതിയ സഖാക്കളേയും ഇടതു ചെരിഞ്ഞ് വലത്തോട്ടു മറിഞ്ഞ സന്ദീപിന്റെ നീക്കം ഞെട്ടിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന കൺവൻഷൻ നടക്കുന്ന അതേ സമയത്ത് സന്ദീപ് കോൺഗ്രസ് പ്രവേശന മുഹൂർത്തം നിശ്ചയിച്ച് മാധ്യമ ശ്രദ്ധ നേടിയതും മറ്റൊരു ടിസ്റ്റായി. കെ.സി. വേണുഗോപാൽ വരെ നേരിട്ട് ഇടപെട്ട ഓപറേഷൻ.
ഖദർ ഷാളണിഞ്ഞ് കെ.
സുധാകരന്റേയും സതീശന്റെയും മധ്യേ കോൺഗ്രസ് ചിരിയുമായി നിൽക്കുന്ന സന്ദീപ്
വാര്യർ ഒരു അപൂർവ ചിത്രമായി വോട്ടർമാരുടെ മനസിൽ പതിഞ്ഞു. ഡോ. സരിനെ
പുറത്താക്കി സന്ദീപിനെ വരിച്ച നാടകത്തിന്റെ പൊരുളറിയാൻ പാലക്കാട്ടെ
വോട്ടർമാർക്ക് അൽപ നേരമേ കിട്ടിയുള്ളൂ. എല്ലാം വളരെ പെട്ടെന്നായിരുന്നു.
സന്ദീപിനെ
വരവേറ്റ പാണക്കാട് തങ്ങൾക്കെതിരായ പരാമർശം ന്യൂനപക്ഷ വോട്ടുകളിൽ
പ്രതിഫലിക്കുമെന്ന് കണക്കു കൂട്ടുന്നവർ ഒരിടത്ത്. ട്രോളിയിൽ എത്തിയത്
കള്ളപ്പണമായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് മോഹിച്ചു പോയവർ
മറുവശത്ത്. വോട്ടെടുപ്പ് ദിനത്തിൽ ഇരട്ട വോട്ടിന്റെ പട്ടിക പുറത്തുവിട്ട്
സി.പി.എം. അന്തിമലാപ്പിൽ മണ്ഡലത്തിൽ നല്ല വേരോട്ടമുള്ള ബി.ജെ.പിയെ
പ്രതിരോധത്തിലാക്കിയത് സന്ദീപ് ഫാക്ടർ തന്നെ.
കഴിഞ്ഞ തവണ യു.ഡി.എഫിനെ സഹായിച്ച പിരായിരി പഞ്ചായത്തിലെ വോട്ടുകൾ നിർണായകമാണെന്ന് പാർട്ടികൾ കരുതുന്നു. ജയപരാജയത്തിന്റെ വിധി കുറിക്കാൻ ഒരു പിരായിരി മതിയാവും. സി.പി.എം അവസാന നിമിഷത്തിലേയ്ക്ക് കാത്തുവച്ച 'പരസ്യ ബോംബ് ' വെറും ഗുണ്ടായി മാറുമോ എന്നതും തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസത്തെ പ്രധാന ചോദ്യമാണ്.
കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ സംഘപരിവാർ കാലത്തെ തീവ്ര ഹിന്ദു നിലപാടുകൾ വിവരിച്ചു കൊണ്ട്, ഇസ്‌ലാമിക മാനേജുമെന്റ് നിയന്ത്രണത്തിലുള്ള ദിനപത്രങ്ങളിൽ പരസ്യം നൽകിക്കൊണ്ടാണ് സി.പി.എം അവരുടെ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്.
സമസ്ത എ.പി വിഭാഗത്തിൽ സിറാജ്, ഇ.കെ വിഭാഗത്തിന്റെ സുപ്രഭാതം പത്രങ്ങളുടെ മുൻപേജിൽ,വാർത്തയുടെ ഭാവത്തിൽ വന്ന ആ പരസ്യം വഴി സി.പി.എം ലക്ഷ്യമിട്ടത് കോൺഗ്രസിനെ തോൽപിക്കാനല്ല, മറിച്ച് ബി.ജെ.പിയെ സഹായിക്കാനാണെന്ന് മുസ്ലിം ലീഗ് വോട്ടെടുപ്പു ദിനത്തിൽ കണ്ടെത്തി. എന്നാൽ കോൺഗ്രസിന്റെ ഹിന്ദു ആഭിമുഖ്യം തുറന്നു കാട്ടാനുള്ള ശ്രമമാണ് പത്രപരസ്യം വഴി നടത്തിയതെന്ന് സി.പി.എം. വിശദീകരിച്ചു. അതേ സമയം, പാലക്കാട്, കോൺഗ്രസും ആർ.എസ്.എസുമായി അതിശക്തമായ കൂട്ടുകെട്ടിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് തദ്ദേശീയ വോട്ടർ കൂടിയായ സി.പി.എം നേതാവ് എ.കെ. ബാലൻ തോക്ക് തിരിച്ചുവച്ചു.
ഇതെല്ലാം രാഷ്ട്രീയ കേരളത്തിന്റെ നേരമ്പോക്കായി അവശേഷിക്കുമല്ലോ 23ന് തെരഞ്ഞെടുപ്പു ഫലം വെളിച്ചം കാണുമ്പോൾ !
* കർഷക രോക്ഷം പ്രതിഫലിക്കുമെന്ന് കണക്കുകൂട്ടുന്ന മഹാരാഷ്ട്ര നിയമസഭാ മണ്ഡലങ്ങൾ ഒന്നാകെയും ജാർഖണ്ഡ് നിയമസഭയിലേയ്ക്കും ജനം വിധിയെഴുതിയതും പാലക്കാടൻ തെരഞ്ഞെടുപ്പു ദിനത്തിൽത്തന്നെ.
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1