ഇന്ത്യക്ക് നഷ്ടമായ ഭാഗ്യം കുഴിച്ചെടുക്കാന്‍ പാകിസ്ഥാന്‍

MARCH 5, 2025, 7:20 AM

സമാനതകളില്ലാത്ത സാമ്പത്തിക പ്രതിന്ധിയിലുടെ കടന്ന് പോകുന്ന രാജ്യമാണ് പാകിസ്ഥാന്‍. പിടിച്ച് നില്‍ക്കാന്‍ വേണ്ടി രാജ്യാന്തര നാണ്യനിധിയില്‍ (ഐഎംഎഫ്) നിന്ന് 700 കോടി ഡോളര്‍ വായ്പ ലഭിക്കുന്നതിന് വേണ്ടി ഒന്നര ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നിര്‍ത്തലാക്കിയത് മാത്രം മതി ഇന്ത്യയുടെ അയല്‍രാജ്യം നേരിട്ടിരിക്കുന്ന പ്രതിസന്ധി മനസിലാക്കാന്‍. ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് വലിയ ആശ്വസമായിരിക്കുകയാണ് പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയില്‍ സിന്ധു നദിക്കടിയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത. ഇപ്പോഴിതാ ഈ സ്വര്‍ണം ഖനനം ചെയ്‌തെടുക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് പാകിസ്ഥാന്‍.

സ്വര്‍ണ നിക്ഷേപം കണ്ടെത്തിയ ഉടന്‍ തന്നെ ഖനനത്തിനുള്ള മുന്നൊരുക്കങ്ങള്‍ പാക് സര്‍ക്കാര്‍ ആരംഭിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നാഷണല്‍ എന്‍ജിനീയറിംഗ് സര്‍വീസസ് പാകിസ്താന്‍ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡിപ്പാര്‍ട്ട്മെന്റ് പഞ്ചാബുമായി ചേര്‍ന്നാണ് സ്വര്‍ണം കുഴിച്ചെടുക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

അറ്റോക്ക് പ്ലേസര്‍ ഗോള്‍ഡ് പദ്ധതി എന്ന പേരിലാണ് സിന്ധു നദിക്കടിയിലെ സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പദ്ധതിക്ക് പാകിസ്താന്‍ നല്‍കിയിരിക്കുന്ന പേര്. പദ്ധതി രാജ്യത്തെ ഖനന മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്നാണ് നാഷണല്‍ എന്‍ജിനീയറിംഗ് സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ സര്‍ഗാം ഇഷാഖ് ഖാന്‍ അഭിപ്രായപ്പെട്ടത്. 'അറ്റോക്ക് ജില്ലയിലെ സിന്ധു നദിക്കരയിലുള്ള ഒമ്പത് പ്ലേസര്‍ ഗോള്‍ഡ് ബ്ലോക്കുകള്‍ക്കായി ബിഡ്ഡിംഗ് ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി സര്‍വീസിനുമാണ് ഇരുകക്ഷികളും കരാറിലേര്‍പ്പെട്ടിരിക്കുന്നത്' സര്‍ഗാം ഇഷാഖ് ഖാന്‍ പറഞ്ഞു.

സ്വര്‍ണ ഖനന മേഖലയിലെ വെല്ലുവിളികളെ ശരിയായി അഭിസംബോധന ചെയ്യുന്നതിലൂടെയും അവസരങ്ങള്‍ മുതലെടുക്കുന്നതിലൂടെയും ആഗോള ഖനന വ്യവസായത്തിലെ ഒരു പ്രധാന കളിക്കാരനായി മാറാന്‍ പാകിസ്ഥാന് കഴിയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നദിക്കടിയില്‍ കണ്ടെത്തിയ സ്വര്‍ണ ശേഖരത്തിന്റെ ഏകദേശ മൂല്യം ഇന്ത്യന്‍ രൂപയില്‍ 80000 കോടി രൂപയോളം വരുമെന്നാണ് അനുമാനം.

ഹിമാലയത്തില്‍ നിന്നും ഉത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകി പാകിസ്ഥാനിലേക്ക് എത്തുന്ന നദിയാണ് സിന്ധു. 1947-ലെ വിഭജനത്തിന് മുമ്പ് പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമായിരുന്ന സിന്ധു നദി ഇന്ത്യക്കും പാകിസ്ഥാനും ചരിത്രപരമായും സാംസ്‌കാരികപരമായും ഏറെ പ്രധാനപ്പെട്ടതാണ്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെക്‌റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടിയില്‍ പര്‍വതങ്ങള്‍ രൂപപ്പെടുകയും ഇതിനെതുടര്‍ന്നുണ്ടായ മണ്ണൊലിപ്പിലിലൂടെ സ്വര്‍ണ്ണ കണങ്ങള്‍ നദിയിലേക്ക് എത്തുന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്തതായി കണക്കാകുന്നു.

കാലക്രമേണ ഈ സ്വര്‍ണ കണങ്ങള്‍ വലിയ തോതില്‍ അറ്റോക്ക് മേഖലയിലെ നദീതടത്തില്‍ അടിഞ്ഞുകൂടി. പ്ലേസര്‍ ഗോള്‍ഡ് ഡിപ്പോസിറ്റ് എന്നറിയപ്പെടുന്ന ഈ സ്വാഭാവിക പ്രക്രിയ നദിയുടെ മറ്റ് പല പ്രദേശങ്ങളിലും വലിയ അളവില്‍ സ്വര്‍ണ്ണം ശേഖരിക്കപ്പെടുന്നതിന് കാരണമായി. അറ്റോക്ക് ജില്ലയില്‍ മാത്രം 32 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന സ്വര്‍ണ്ണം ഉണ്ടെന്നും കണക്കാക്കപ്പെടുന്നു.

നദിയില്‍ സ്വര്‍ണ്ണം കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ മേഖലയില്‍ പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സ്വര്‍ണം തേടി പ്രദേശവാസികള്‍ വലിയ തോതില്‍ നദിയില്‍ സ്വന്തം നിലയ്ക്ക് കുഴിക്കാനും മണല്‍ അരിക്കാനും തുടങ്ങിയതോടെയുമായിരുന്നു സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിലേക്ക് പോയത്. മഞ്ഞുകാലത്ത് നദിയില്‍ ജലനിരപ്പ് കുറഞ്ഞ സമയത്തായിരുന്നു ഇത്തരം ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായത്.

വലിയ സ്വര്‍ണ്ണശേഖരം കണ്ടെത്തിയെങ്കിലും ഇത് പൂര്‍ണ്ണമായി ഖനനം ചെയ്‌തെടുക്കല്‍ പാകിസ്ഥാനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. കരയിലെ ഖനനത്തേക്കാള്‍ ഇരട്ടിയിലേറെ ചിലവാണ് നദിയിലെ ഖനനത്തിന്. മൈന്‍സ് ആന്‍ഡ് മിനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ നദിക്കടിയിലെ സ്വര്‍ണം ഖനനം ചെയ്യുന്നതിലെ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഹായം പാകിസ്ഥാന്‍ നേടിയേക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam