കേരളത്തിലെ കോൺഗ്രസിലുള്ളവർ ഇപ്പോൾ പാടി നടക്കുന്ന രണ്ട് ജിംഗൾസുകളുണ്ട്. ജിംഗിൾസ് എന്ന പരസ്യങ്ങൾക്കായുള്ള ചിന്നപ്പാട്ട് എന്നർത്ഥം. അതിൽ ആദ്യത്തേത് 'പായലേ വിട, പൂപ്പലേ വിട.....' എന്ന ഒരു പെയിന്റ് കമ്പനിയുടെ ഏറെ പോപ്പുലറായ ഒരു പരസ്യ ഗാനമാണ്. രണ്ടാമത്തേത് 'സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ' എന്നത് ഒരു ജാമിന്റെ പരസ്യഗീതമാണ്.
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റി സണ്ണി ജോസഫ് എന്ന മലബാറുകാരൻ വക്കീലിനെ നിയോഗിച്ചതിൽ ഒരു വിഭാഗം കോൺഗ്രസുകാർ അനിഷ്ടത്തിലാണ്. സുധാകരനെ മാറ്റുന്നുവെന്ന് കേട്ടപ്പോൾ, അദ്ദേഹത്തിനു ചുറ്റും അണിനിരന്ന സുരക്ഷാ നേതാക്കളാണ് പണിപറ്റിച്ചത്. അനാരോഗ്യത്തിന്റെ പേരുപറഞ്ഞ് തന്നെ മൂലയ്ക്കിരുത്താൻ കോൺഗ്രസിലെ ചിലർ ശ്രമിക്കുന്നുവെന്നാണ് സുധാകരന്റെ ആവലാതി.
ഡെൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ എല്ലാം സമ്മതിച്ച കെ. സുധാകരൻ കേരളത്തിലെത്തിയപ്പോഴാണ് കെ. മുരളീധരന്റെയും തരൂർജിയുടെയുമെല്ലാം പിന്തുണ കേട്ട് ഞെട്ടിപ്പോയത്. എന്നാൽ ഒരു കൈ നോക്കാമെന്നു കരുതി പോരിനിറങ്ങിയ കെ.സുധാകരനെ ഇന്ത്യാ-പാക്ക് യുദ്ധത്തിന്റെ ബഹളത്തിനിടയിൽ ഹൈക്കമാൻഡ് 'രാഷ്ട്രീയ ഡ്രോൺ' അയച്ച് നിർവ്വീര്യമാക്കുകയായിരുന്നു.
തലമുറമാറ്റവും തലയ്ക്കിടികളും
കോൺഗ്രസിന്റെ കേരളഘടകത്തിൽ ആവശ്യത്തിലേറെ പ്രശ്‌നങ്ങളുണ്ട്. പാർട്ടി അച്ചടക്കമെന്നതെല്ലാം ഒരുമാതിരിയാണ്. പാലക്കാട്ടെ പി. സരിൻ കോൺഗ്രസ് വിട്ടപ്പോൾ, പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗം തലവനെന്ന സ്ഥാനവും ഉപേക്ഷിച്ചിരുന്നു. സരിന്റെ സ്ഥാനത്തേയ്ക്ക് ഇതുവരെ ആരും നിയോഗിക്കപ്പെട്ടിട്ടില്ല. കെ.പി.സി.സി ആസ്ഥാന മന്ദിരത്തിൽ കെ.എസിന്റെ കാലത്ത് വലിയ ചലനമൊന്നും ഉണ്ടായിരുന്നില്ലെന്നു പറയുമ്പോഴും പിണറായി ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിൽ ഏറെ നേട്ടമുണ്ടാക്കിയ നേതാവായിരുന്നു സുധാകരൻ എന്നത് മറക്കാനാവില്ല.
പഴയനേതാക്കളെ മാറ്റുമ്പോൾ, അവരെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. കോൺഗ്രസിലെ താപ്പാനകൾക്ക് സ്ഥാനമൊഴിയാനുള്ള വൈമുഖ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അടുത്തവട്ടം കേരളത്തിൽ ഭരണം കൈയെത്തും ദൂരത്തിലാകുമ്പോൾ, വലിയ തലകളുടെ തലയ്ക്കിടി കൂടാനേ സാധ്യതയുള്ളൂ. കോൺഗ്രസിലെ ഏറ്റവും ഗ്രാസ്‌റൂട്ട് ലെവലിലുള്ള പ്രാദേശിക നേതാക്കൾക്ക് തദ്ദേസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏറെ പ്രധാനമാണ്. ഒരു വാർഡ്‌മെമ്പറോ പഞ്ചായത്ത് പ്രസിഡന്റോ ഒക്കെ അവരുടെ സങ്കലപ്ത്തിൽ വലിയ പദവിയാണ്. പ്രാദേശികതലത്തിൽ കോൺഗ്രസ് ഇപ്പോൾ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെയുണ്ട്.
കെ.പി.സി.സി ഭവന നിർമ്മാണപദ്ധതി, ഹൈബി ഈഡനെ പോലെയുള്ളവരുടെ 'തണൽ' പദ്ധതി, നിർധന രോഗികൾക്കുള്ള ഡയാലിസിസ് സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവയെല്ലാം ഇതിൽപെടും. ജനങ്ങൾക്ക് നേരിട്ട് സഹായവും സാന്ത്വനവുമാകുന്ന ഈ പദ്ധതികളുടെ നേട്ടം കൊയ്യാനാവാത്തവിധം ഗ്രൂപ്പു പോര് മൂർച്ഛിക്കാൻ അനുവദിക്കരുത്. കെ.എസിനെപോലെയുള്ള നേതാക്കളോട് അണികൾ പ്രകടിപ്പിക്കുന്ന വൈകാരിക പ്രതികരണങ്ങളുടെ പേരിൽ അച്ചടക്ക നടപടികളൊന്നും സണ്ണി വക്കീലിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പക്വതയും സംയമനവും ഈ മലയോര കർഷക പുത്രനെ ആരും പഠിപ്പിക്കേണ്ടതുമില്ല.
പക്ഷെ വരും തെരഞ്ഞെടുപ്പുകളിൽ വിജയം അനായാസമാകുമെന്നു കരുതി പല മാഫിയകളുടെ പ്രതിനിധികളും കോൺഗ്രസ് പാർട്ടിയുടെ തണൽ തേടിവരാം. അവരെ തൽക്കാലം അകറ്റി നിർത്താനുള്ള ചങ്കുറപ്പ് സംസ്ഥാന നേതാക്കൾ പ്രകടിപ്പിക്കണം. കെ.സി. വേണുഗോപാലിനെ എതിർക്കുന്നവരുടെ എണ്ണം കൂടിയതാണ് പുതിയ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ ഉണ്ടായത്. എന്നാൽ, ഇടതു കക്ഷികളല്ല കേരളത്തിൽ കോൺഗ്രസിന്റെ യഥാർത്ഥ ശത്രു,
പകരം ബി.ജെ.പി.യിലേയ്ക്ക് മറുകണ്ടം ചാടാൻ ആഗ്രഹിക്കുന്ന കോൺഗ്രസിലെ ചില നേതാക്കളാണ്. കോൺഗ്രസിന്റെ ചെലവിൽ ബി.ജെ.പി.യെ സുഖിപ്പിച്ച് പദവികൾ ആഗ്രഹിക്കുന്നവരെ നേരിടാൻ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് ഏറെ വിയർക്കേണ്ടിവരും.
കവയിത്രിയായ റോസ്‌മേരിക്ക് നന്ദി
കേരളത്തിലെ തെരുവ്‌നായ്ക്കളുടെ കടിയേറ്റ് കുഞ്ഞുങ്ങൾ മരിക്കുമ്പോൾ, ഗുരുതരമായ ഈ പ്രശ്‌നത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് ഭരണകർത്താക്കൾ. കവയത്രിയായ റോസ്‌മേരി മനോരമയിൽ എഴുതിയ ഒരു ലേഖനത്തിൽ പഴയകാലത്തെ കരുണാകരൻ സർക്കാരിനെ ഒന്നു കൊട്ടിയത് കണ്ടു. പത്തനംതിട്ട കുളനടയിൽ 1982ൽ സ്ഥാപിക്കപ്പെട്ട സർക്കാർ തലത്തിലുള്ള ഒരു വാക്‌സിൻ നിർമ്മാണ യൂണിറ്റിന്റെ 'കദനകഥ'യാണ് റോസ്‌മേരി തന്റെ ലേഖനത്തിൽ പങ്കുവച്ചത്. 1982ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മൃഗസംരക്ഷണ വകുപ്പിലെ ഏമാന്മാരാണ് ഈ പദ്ധതിയുടെ അന്ത്യംകുറിച്ചതെന്ന് റോസ്‌മേരി സൂചിപ്പിക്കുന്നുണ്ട്.
ആരോഗ്യവകുപ്പ് കെ.ജി ആർ. കർത്തായും, കെ.സി. രാമചന്ദ്രൻ നായരും പങ്കുവച്ച് ഭരിച്ചകാലമായിരുന്നു അത്. ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറൽ വാക്‌സിൻ എന്ന പേരിലുള്ള ഈ സ്ഥാപനം പൊതുമേഖലയിലുള്ള രണ്ടാമത്തെ വാക്‌സിൻ നിർമ്മാണ ഫാക്ടറിയായിരുന്നു. കൂനൂർ പാസ്റ്റർ ഇൻസ്റ്റിട്യൂട്ടിൽ സേവനമനുഷ്ടിച്ചിരുന്ന ഡോ. ധർമ്മരാജൻ എന്ന വ്യക്തിയുടെ സ്വപ്‌ന സാഫല്യമായിരുന്നു ഈ സ്ഥാപനം. ഫ്രാൻസിൽ നിന്ന് ഇറക്കുമതിചെയ്ത യന്ത്രസാമഗ്രകളുമായി വാക്‌സിൻ യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങി. ആഫ്രിക്കൻ രാജ്യങ്ങളടക്കം 90 രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റിഅയക്കാൻ കരാറുകളായി. എന്നാൽ, വാക്‌സിൻ നിർമ്മാണത്തിനായി മറ്റ് ചില ഉപാധികൾ കേരളത്തിലെ മൃഗസംരക്ഷ വകുപ്പിലെ ഉന്നതർ മുന്നോട്ടുവച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ ധർമ്മരാജൻ അഴിമതിക്ക് കൂട്ടുനിന്നില്ല.
നമുക്ക് മികച്ച വാക്‌സിൻ വിലകുറച്ച് ലഭിക്കുമായിരുന്ന ആ സ്ഥാപനത്തിന് 1995ൽ പൂട്ടുവീണു. രാഷ്ട്രീയഉദ്യോഗ സ്ഥലോബികൾ 'ചവിട്ടിത്താഴ്ത്തിയ' ജനക്ഷേമപദ്ധതികൾ ഒന്നായി തന്റെ സ്വപ്‌നം പൊലിഞ്ഞതിന്റെ മനോവിഷമത്തിലാകാം 2014ൽ ഡോ. ധർമ്മരാജൻ അന്തരിച്ചു. ഇങ്ങനെ കേരളത്തിന്റെ പോയകാല ചരിത്രത്തിന്റെ ഏടുകളിൽ പൂട്ടിപ്പോയ എത്രയോ സ്ഥാപനങ്ങളുണ്ടാകുമല്ലേ? റോസ്‌മേരി പങ്കുവച്ച ഈ വാക്‌സിൻ ഫാക്ടറിയുടെ ചരിത്രം അന്ന് മന്ത്രിസഭയിലുണ്ടായിരുന്നു രമേശ് ചെന്നിത്തല മറന്നിട്ടുണ്ടാവില്ല. പക്ഷെ, ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഓർത്തിരുന്നിട്ട് 'എന്തുചെയ്യാനാ'?
കോൾനില കർഷകരും ദുരന്തബാധിതരും
തൃശൂരിലെ
25,000 കോൾനില കർഷകരുടെ നെല്ലിന്റെ വിലയായ 110 കോടി രൂപ കഴിഞ്ഞ 2 മാസമായി
കുടിശ്ശികയാണ്. സർക്കാരും കാനറാബാങ്കുമായുള്ള കരാർ പുതുക്കാത്തതാണ് നെൽവില
കുടിശ്ശികയാകാൻ കാരണം. ഇവിടെയുള്ള 80 ശതമാനം കർഷകരും കാനറാബാങ്കിന്റെ
പട്ടികയിൽപ്പെട്ട കർഷകരാണ്. കാലാവസ്ഥാവ്യതിയാനം മൂലം കർഷകർക്കുള്ള
വിളനാശത്തിന്റെ നഷ്ട പരിഹാരവും കഴിഞ്ഞ ഒരു വർഷമായി സർക്കാർ നൽകിയിട്ടില്ല.
ചൂരൽമല
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ദിവസേന നൽകിവരുന്ന 300 രൂപയും
വീട്ടുവാടകയായ് 6000 രൂപയും മുടങ്ങിയെന്ന വാർത്തകൾ ചാനലിൽ കണ്ടു.
300 രൂപ കിട്ടാൻ മറ്റ് ജോലികളൊന്നും ചെയ്യുന്നില്ലെന്ന സത്യവാങ്ങ്മൂലം ഏർപ്പെടുത്തിയ ഏമാന്മാരാണ് ഇവിടെയുള്ളത്. ആഴ്ചകൾക്കു മുമ്പേ, ദുരിതാശ്വാസ ഫണ്ടിൽ കിടന്ന പണമെടുത്ത് എൽസ്റ്റോൺ കമ്പനിക്കു വേണ്ടി കോടതിയിൽ കെട്ടിവച്ച ഭരണകൂടത്തിന്റെ കൗശലം അപാരമാണ്. ഈ കടുംകൈ മൂലം ദുരിതാശ്വാസ ഫണ്ട് 8 ലക്ഷം രൂപയായി കുറഞ്ഞു. ഇക്കാര്യം അധികൃതരെ അറിയിച്ചതാണ്. എന്നിട്ടും മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് ആശ്വാസപ്പണവും വാടകക്കാശും നൽകാൻ മുഖ്യമന്ത്രി മുൻകൈയെടുത്തത്.
കനിലവാരത്തിൽ നിർമ്മിക്കാൻ പോകുന്ന ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ പട്ടികയും ഇതുവരെ പൂർണ്ണമായിട്ടില്ല. ഇനിയും 50 വീട്ടുകാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിലപാടിലാണ് ഭരണകൂടം. ഇതിനിടെ എസ്റ്റേറ്റ് അക്വയർ ചെയ്തതു മൂലം തൊഴിൽ നഷ്ടപ്പെട്ടവരുടെ കൂടിശ്ശിക നൽകാതെ എൽസ്റ്റോൺ എസ്റ്റേറ്റുകാർ ഒളിച്ചു കളിക്കുന്നു.
മാത്രമല്ല, നിർദ്ദിഷ്ട ടൗൺഷിപ്പ് ഭൂമിയിലുള്ള ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്നവർ ഒഴിഞ്ഞു പോകണമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കൽപ്പന ഇറക്കിയിട്ടുണ്ട്. ശമ്പളക്കുടിശ്ശികയോ നഷ്ടപരിഹാരമോ ഇവർക്കൊന്നും എസ്റ്റേറ്റ് ഉടമസ്ഥർ ഇനിയും നൽകിയിട്ടില്ല. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താതെ നടന്ന് കൊണ്ടിരിക്കുന്ന വയനാട്ടിലെ പുനരധിവാസ പരിശ്രമങ്ങളെക്കുറിച്ച് എന്തു പറയാനാണ് ?
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1