ബ്രിട്ടന്‍ പൊതു തിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണത്തെ പുറത്താക്കി ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയിരിക്കുകയാണ്. ഭരണ കാലാവധി പൂര്‍ത്തിയാകും മുമ്പ് നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയുമായ റിഷി സുനകിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
650 സീറ്റുകളില്‍ 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. റിഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി 90 സീറ്റുകളില്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു. അന്തിമ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്‌തെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഇന്നത്തെ രാത്രി ജനങ്ങള്‍ സംസാരിച്ചു. അവര്‍ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും മാപ്പ് ചോദിക്കുന്നതായും പ്രധാനമന്ത്രി റിഷി സുനകും വ്യക്തമാക്കി.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് തുടങ്ങി 650 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 326 സീറ്റുകള്‍ വേണം. ലിബറല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍ പാര്‍ട്ടി, സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്.എന്‍.പി), എസ്.ഡി.എല്‍.പി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി), സിന്‍ ഫെയിന്‍, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ജനവിധി തേടിയത്.
സര്‍ക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 2022 ഒക്ടോബറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സുനക് ആദ്യമായാണ് ജനവിധി തേടിയത്.
ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. 2010 ല്‍ ഗോര്‍ഡന്‍ ബ്രൗണിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയാകുന്ന ലേബര്‍ പാര്‍ട്ടി നേതാവാകും സ്റ്റാര്‍മര്‍. 2019ലെ ലേബര്‍ പാര്‍ട്ടിയുടെ തോല്‍വിക്കു ശേഷം ജെറമി കോര്‍ബിനില്‍ നിന്നാണ് സ്റ്റാര്‍മര്‍ ചുമതലയേറ്റത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 14 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് അവര്‍ ഭരണമുറപ്പിച്ചത്. ആഭ്യന്തരവും അന്താരാഷ്ട്രവുമായ വലിയ വെല്ലുവിളികളാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിക്കസേരയിലേറുമ്പോള്‍ സ്റ്റാര്‍മെറിനെ കാത്തിരിക്കുന്നത്. ഇപ്പോഴും തുടരുന്ന ഉക്രെയിന്‍ യുദ്ധവും ഗാസയിലെ ഇസ്രയേല്‍ ആക്രമണവും മുതല്‍ യു.കെയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം വരെ അതിലുണ്ട്.
യൂറോപ്യന്‍ യൂണിയനിലോ വ്യാപാര യൂണിയനിലോ വീണ്ടും ചേരുന്നതിനെ അനുകൂലിക്കാത്തയാളാണ് സ്റ്റാര്‍മര്‍. എന്നാല്‍ ചെറു കമ്പനികളെ സഹായിക്കാനായി യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര തടസങ്ങള്‍ നീക്കുന്നത് ഇപ്പോഴും സാധ്യമാണെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്. അതിര്‍ത്തികളില്‍ ഉത്പന്നങ്ങള്‍ പരിശോധിക്കുന്നത് കുറയ്ക്കുന്നതിനായുള്ള പുതിയ കരാറാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ഉക്രെയിന്‍ വിഷയം
റഷ്യയുമായി യുദ്ധം ചെയ്യുന്ന ഉക്രെയിന് 380 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഈ വര്‍ഷം ബ്രിട്ടന്‍ നല്‍കുക. വരും വര്‍ഷങ്ങളിലും ഉക്രെയിന് സഹായം നല്‍കുന്നത് തുടര്‍ന്നേക്കും. ഉക്രെയിനിനുള്ള സൈനിക, സാമ്പത്തിക, നയതന്ത്ര, രാഷ്ട്രീയ പിന്തുണ സ്ഥിരതയുള്ളതായി തുടരുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ഉള്ളത്.
പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന നിലപാടുള്ളയാളാണ് നിയുക്ത പ്രധാനനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. സമാധാന പ്രക്രിയയില്‍ ശരിയായ സമയത്ത് പാലസ്തീനെ അംഗീകരിക്കേണ്ടതായി വരും എന്ന് അദ്ദേഹം നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. സുരക്ഷിതമായ ഇസ്രായേല്‍, പരമാധികാരമുള്ള പാലസ്തീന്‍ എന്നതാണ് ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ തന്നെ പറയുന്നത്.
ചൈനയുമായിള്ള ബന്ധം
ചൈനയുമായി ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും തന്ത്രപരമായതുമായ സമീപനം കൊണ്ടുവരുമെന്നുമാണ് ലേബര്‍ പാര്‍ട്ടി പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. നേരത്തേ ഈ വര്‍ഷം ആദ്യം ബ്രിട്ടന്‍ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തിയിരുന്നു. സൈബര്‍ ആക്രമണം, ചാരപ്രവൃത്തി എന്നിവ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ ചൈനീസ് അംബാസഡറോട് വ്യക്തമാക്കിയിരുന്നു.
ടാറ്റ സ്റ്റീലുമായുള്ള ധാരണ
ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉത്പാദകരാണ് ടാറ്റ സ്റ്റീല്‍. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് നിര്‍മ്മിക്കുന്നതിനായി മുന്‍സര്‍ക്കാരും ടാറ്റ സ്റ്റീലുമായുള്ള ധാരണയുടെ ഭാഗമായി 63.5 കോടി ഡോളറിന്റെ സഹായം നല്‍കാമെന്ന കരാറില്‍ പുതിയ സര്‍ക്കാര്‍ ഒപ്പുവെക്കേണ്ടതായുണ്ട്.
കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുതലുള്ള ഒരു ബ്ലാസ്റ്റ് ഫര്‍ണസ് അടച്ചുപൂട്ടാനുള്ള നടപടികള്‍ ടാറ്റ സ്റ്റീല്‍ ആരംഭിച്ചുകഴിഞ്ഞു. മറ്റൊരു ഫര്‍ണസ് സെപ്റ്റംബറില്‍ അടച്ചുപൂട്ടും. ഇതിന്റെ ഭാഗമായി 2800 പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക എന്നാണ് കണക്ക്. പുതിയ സര്‍ക്കാര്‍ ടാറ്റയുമായി മെച്ചപ്പെട്ട കരാറുണ്ടാക്കുമെന്നും അതുവഴി തൊഴില്‍നഷ്ടം കുറയ്ക്കാന്‍ കഴിയുമെന്നുമാണ് സംഘടനകളുടെ പ്രതീക്ഷ.
ജല മലിനീകരണം
സ്വകാര്യ വെള്ളക്കമ്പനികളുണ്ടാക്കുന്ന ജലമലിനീകരണവും ബ്രിട്ടനിലെ വലിയൊരു പ്രശ്നമാണ്. കുടിവെള്ളത്തിന്റെ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജൂലൈ 11-നാണ് അന്തിമ തീരുമാനം പുറത്തുവരിക. പുതിയ സര്‍ക്കാരിന് വലിയ തലവേദനയായിരിക്കും ഇത്.
ഡോക്ടര്‍മാരുടെ സമരം
ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ 18 മാസമായി സമരത്തിലാണ്. 35 ശതമാനം വേതനവര്‍ധനവാണ് ഡോക്ടര്‍മാരുടെ ആവശ്യം. 10 ശതമാനം വര്‍ധനവാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. ബ്രിട്ടനിലെ ആരോഗ്യമേഖലയെ വലിയതോതില്‍ സമരം ബാധിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം ഇരട്ടിയായി (80 ലക്ഷം) എന്നാണ് കണക്ക്.
തപാല്‍ സംവിധാനം
500 വര്‍ഷം പഴക്കമുള്ള ബ്രിട്ടനിലെ തപാല്‍ സംവിധാനമായ റോയല്‍ മെയിലിനെ 357 കോടി കോടി ബ്രിട്ടീഷ് പൗണ്ടിന് ചെക്ക് ശതകോടീശ്വരനായ ഡാനിയേല്‍ ക്രെറ്റിന്‍സ്‌കിയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞ മെയിലാണ് ധാരണയായത്. എന്നാല്‍ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ആക്റ്റ് പ്രകാരം സര്‍ക്കാരിന് ഇതില്‍ സൂക്ഷ്മ പരിശോധന നടത്താനും വില്‍പ്പന തടയാനും കഴിയും. ഈ വിഷയത്തിലും തങ്ങള്‍ ഇടപെടുമെന്ന് ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1