മേനകഗാന്ധി അകത്ത് വരുൺ ഗാന്ധി പുറത്ത്

MARCH 25, 2024, 11:04 AM

ഒടുവിൽ  വരുൺ ഗാന്ധി ബിജെപിയ്ക്ക് കണ്ണിലെ കരടായി. എങ്കിലും മേനകഗാന്ധിക്ക് സീറ്റുണ്ട്. അവർ യൂപിയിലെ സുൽത്താൻപൂരിൽ താമര അടയാളത്തിൽ മത്സരിക്കും. എന്നാൽ വരുൺഗാന്ധി 2009 മുതൽ പിലിപിത്തിൽ ടിക്കറ്റ് നിഷേധിച്ചിരിക്കുന്നു.  
രാഹുൽ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധിയുടെയും മേനക ഗാന്ധിയുടെയും മകനാണ് വരുൺ ഗാന്ധി. ബംഗാളിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ കൊച്ചുമകൾ യാമിനി റോയ് ചൗധരിയെയാണ് വരുൺ വിവാഹം കഴിച്ചിരിക്കുന്നത്.

വലിയ, വലിയ സ്വപ്‌നങ്ങൾ കണ്ടുകൊണ്ടായിരുന്നു വരുൺ ഗാന്ധിയും അമ്മ മേനക ഗാന്ധിയും  ബിജെപിയിലേക്ക് 2004ൽ ചേക്കേറിയത്. ചെറിയൊരു കാലയളവിനുള്ളിൽ തന്നെ വരുൺ ഗാന്ധി ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. തീവ്ര ഹിന്ദുത്വ നിലപാട്, വർഗീയ വിദ്വേഷം ചീറ്റി അടിക്കുന്ന പ്രസംഗങ്ങൾ... അങ്ങിനെ ബിജെപി  ക്യാമ്പുകളെ ഇളക്കിമറിച്ച യുവനേതാവ്.

അതുവഴി ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയായി. പിലിപിത്തിൽ നിന്നും എംപി ആയി വിജയിച്ചു. അപ്പോഴും അമ്മയുടെയും മകന്റെയും ആഗ്രഹം എങ്ങനെയും യുപിയിലെ മുഖ്യമന്ത്രി ആവുക. അതിനായി മുസ്ലീങ്ങളെ അതിര് കടന്ന് ആക്രമിക്കാനും ഒരുമ്പെട്ടു. താമസം വിന ജയിൽ ശിക്ഷ കിട്ടി എന്നത് വേറേ കാര്യം..!
 കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്താണ് കല്ലുകടി ഉണ്ടായത്. രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ നിന്നും മത്സരിക്കണമെന്ന പാർട്ടി നിർദ്ദേശം വരുൺ ഗാന്ധി തള്ളി. തിരഞ്ഞെടുപ്പ് തമാശകളി ആക്കാൻ ഇല്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങണമെന്ന ആവശ്യവും തള്ളി. അതോടെ മോദിയുടെയും അമിത്ഷായുടെയും കണ്ണിലെ കരടായി മാറി വരുൺ ഗാന്ധി.

vachakam
vachakam
vachakam

അമ്മ കേന്ദ്രമന്ത്രി ആയിരുന്നിട്ടു പോലും ബിജെപി വരുണിനെ ഓരോ പദവികളിൽ നിന്നും ഒഴിവാക്കി തുടങ്ങി. എന്തിനേറെ യുപി നിയമസഭ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ മോദി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലേക്ക് പോലും വരുൺ ഗാന്ധിയെ ക്ഷണിച്ചില്ല. യുപി മുഖ്യമന്ത്രിയാകാൻ മോഹിച്ച വരുൺ ഗാന്ധിക്ക് ഇതിൽപരം ഒരു അവഹേളനം ലഭിക്കാനുണ്ടോ..?

വർഗീയവിഷം ചുരത്തുന്ന പ്രസംഗങ്ങൾ എല്ലാം വരുൺ ഗാന്ധി അവസാനിപ്പിച്ചതിന്റെ പിന്നിൽ ഒരു കഥയുണ്ട്. ജീവിതത്തിലെ നികത്താൻ ആവാത്ത വലിയ ഒരു നഷ്ടമാണ് വരുൺ ഗാന്ധിക്ക് ഉണ്ടായത്.

വരുൺ ഗാന്ധിയുടെ ജീവിതത്തിൽ ഉണ്ടായ ആ നഷ്ടം പിന്നീടുള്ള ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അത് സ്വന്തം മകളുടെ മരണമായിരുന്നു. ജനിച്ച് മൂന്നാം മാസത്തിലാണ് വരുണിനും ഭാര്യ യാമിനി റോയി ചൗധരിക്കും മകളെ നഷ്ടമായത്. 'തന്റെ ഈ കൈകളിൽ ഇരുന്നാണ് അവൾ മരിച്ചത്. ജീവിതത്തിൽ ഒരു രാഷ്ട്രീയ നേട്ടവും ഒരു പദവിയും ആ നഷ്ടത്തേക്കാൾ വലുതല്ല' ഏറെ കാലത്തിനുശേഷം വരുൺ മനസ്സ് തുറന്നു. ഏതാണ്ട് നാല് മാസത്തോളം അദ്ദേഹം വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. പിന്നീട് സംസാരത്തിൽ പോലും അഗ്രസീവ് ആകാൻ ഇഷ്ടപ്പെടാത്ത ഒരു യോഗിയുടെ മട്ടിലേക്ക് അദ്ദേഹം മാറി.

vachakam
vachakam
vachakam

2014ൽ രണ്ടാമത്തെ മകൾ അനസൂയയുടെ ജനനവും ശൈലിയിൽ മാറ്റം വരുത്തിയില്ല.  മേനകഗാന്ധിയും സോണിയ ഗാന്ധിയും തമ്മിൽ കണ്ടാൽ മിണ്ടുക പോലും ഇല്ല. എന്നാൽ മക്കൾ തമ്മിൽ അങ്ങനെ ആയിരുന്നില്ല, ഊഷ്മളമായ ബന്ധമായിരുന്നു അവരുടേത്. 1997ൽ പ്രിയങ്ക ഗാന്ധിയുടെ വിവാഹത്തിന് രാഹുലിനൊപ്പം വരുണുമുണ്ടായിരുന്നു. എന്നാൽ വരുണിന്റെ വിവാഹത്തിന്  ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഉണ്ടായിരുന്നില്ലെങ്കിലും മകൾ മരിച്ചപ്പോൾ  താങ്ങും തണലുമായി നിന്നത് രാഹുലും പ്രിയങ്കയുമായിരുന്നു.

കർഷകരോട് ഏറെ ആഭിമുഖ്യമുള്ള യുവ നേതാവാണ് വരുൺ ഗാന്ധി.  ഒപ്പം ഇടതുലിബറൽ ചിന്താരീതിയോടും നെഹ്‌റൂവിയൻ കാഴ്ചപ്പാടിനോടും ഏറെ ആഭിമുഖ്യമുള്ളയാളുമാണ് ഇന്നത്തെ വരുൺ ഗാന്ധി. 

ഇന്നേവരെ എംപി എന്ന നിലയിൽ ഒരു നയാപൈസ പോലും ശമ്പളം കൈപ്പറ്റിയിട്ടില്ല വരുൺ ഗാന്ധി.  ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്കാണ് ആ പണം നൽകുന്നത്.  എംപിമാരുടെ ശമ്പള വർദ്ധനവ്  ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞവനാണ് വരുൺ ഗാന്ധി.  2018ൽ സുൽത്താൻപൂരിലെ ഒരു പൊതു ചടങ്ങിൽ വരുൺ ഇങ്ങനെ പ്രസംഗിച്ചു.

vachakam
vachakam

'ഏത് മേഖലയിലും കഠിനാധ്വാനവും ജോലിയിലെ മികവും ശമ്പളത്തെ സ്വാധീനിക്കുമ്പോൾ പത്തു വർഷത്തിനുള്ളിൽ ഏഴ് തവണ ശമ്പളം വർധിപ്പിക്കാൻ എംപിമാർക്ക് വെറുതെ കൈയുയർത്തുക മാത്രം മതിയായിരുന്നു.' ശമ്പളവും അലവൻസ് അടക്കം പൊതു ഖജനാവിൽ നിന്ന് 2.7 ലക്ഷം രൂപ ഒരു എംപിക്കായി ഒരു മാസം നൽകുന്നത് അനാവശ്യമാണെന്നായിരുന്നു വരുണിന്റെ വാദം. ഇന്നിപ്പോൾ അതിലുമേറെ കൂട്ടിയിരിക്കുന്നു.

ഈ കടുത്ത വിമർശനത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉടൻ താക്കീതിന്റെ രൂപത്തിൽ ഇണ്ടാസ് വന്നു. 

ഇടക്കാലത്ത് വിവാദ പ്രസംഗങ്ങളോട് വിട പറഞ്ഞെങ്കിലും അദ്ദേഹം വെറുതെ ഇരിക്കുകയായിരുന്നില്ല. രണ്ടര വർഷം നീണ്ടുനിന്ന ഗവേഷണഫലമായി വരുൺ ഒരു പുസ്തകം എഴുതി. അത് വെറും പുസ്തകം അല്ല. 850 പേജുള്ള അക്കാദമി പഠനക്കുറിപ്പ്. വരുണിന്റെ പുസ്തകത്തിൽ ഒട്ടേറെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉണ്ട്. നിലവിലെ പദ്ധതികൾക്ക് എവിടെയാണ് പിഴവ് സംഭവിക്കുന്നത് എന്നു കണ്ടെത്തലുകൾ ഉണ്ട്. കാലാവസ്ഥ വ്യതിയനം കൊണ്ട് കടക്കെണിയിൽ ആകുന്ന കർഷകരുടെ പ്രശ്‌നങ്ങൾ, അവർക്ക് ഇൻഷുറൻസ് പദ്ധതികൾ ഒരുക്കേണ്ടതിന്റെ ആവശ്യകത, ഇങ്ങനെ ഒട്ടേറെ നല്ല നിരീക്ഷണങ്ങൾ ഉണ്ട്. പാർട്ടിയുടെ പല പരിപാടികളിൽ നിന്നും വിട്ടു നിന്നിരുന്നുവെങ്കിലും സ്വന്തം മണ്ഡലത്തിലെ കർഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കോളേജുകളിൽ കുട്ടികളോട് സംസാരിക്കുന്നുണ്ട്. രാഷ്ട്രീയമല്ല ഗ്രാമീണ ഇന്ത്യയും കാർഷിക മേഖലയും അതാണ് മുഖ്യവിഷയം. ദേശീയ പത്രങ്ങളിൽ കോളങ്ങൾ എഴുതുന്നുണ്ട്. സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന എംപിമാരുടെ ശമ്പളം ജനോപകാരപ്രദമായ പദ്ധതികളിലേക്ക് നൽകാൻ തക്കവിധം ഒരു സ്‌കീം കൊണ്ടുവരണമെന്നും അതിനായി ഒരു പ്രത്യേക കമ്മിറ്റിയെ തന്നെ വയ്ക്കണമെന്നും അദ്ദേഹം ഒരിക്കൽ സ്പീക്കർക്ക് കത്തെഴുതി.വരുൺഗാന്ധിയുടെ ഇത്തരം പ്രവൃത്തികളൊക്കെ    ബിജെപിക്കെന്നും തലവേദന തന്നെയായിരുന്നു.

എന്തായാലും ഇക്കുറി വരുണിന്റെ സ്ഥിരം സീറ്റായ പിലിപിത്തിൽ മത്സരിക്കുന്നത് 2021ൽ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ ജിതിൻ പ്രസാദയാണ്. അദ്ദേഹമിപ്പോൾ ഉത്തർപ്രദേശിൽ മന്ത്രിസഭാംഗം ആണ്.  ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥിയായി പിലിപിത്തിൽ തന്നെ വരുൺഗാന്ധി മത്സരിക്കാനാണ് സാധ്യത.

ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam