കോരനു കഞ്ഞി കൊടുക്കാൻ പറ്റാതെ വരും: സുപ്രീംകോടതിയുടെ തുണ തേടി കേരളം

FEBRUARY 29, 2024, 11:53 AM

ഖജനാവിൽ ചില്ലിക്കാശില്ലാതായതു മൂലം കേരളം ഇന്നനുഭവിക്കുന്ന പ്രതിസന്ധി താൽക്കാലികമായെങ്കിലും മറികടക്കാൻ സംസ്ഥാന സർക്കാർ ആശയോടെ ഉറ്റുനോക്കുന്നത് സുപ്രീംകോടതിയെ. നിയമജ്ഞരുടെ ഭാവനയിൽ പോലും വരാതിരുന്ന തരത്തിൽ അപൂർവതകളുളള ഹർജിയാണ് അടുത്ത മാസാദ്യം പരിഗണിക്കാൻ സുപ്രീംകോടതി മാറ്റിവച്ചിട്ടുള്ളത്.

സാമ്പത്തിക വർഷത്തിന്റെ അവസാനമെന്ന നിലയിൽ കുറഞ്ഞത് 30,000 കോടി രൂപയെങ്കിലും അടുത്ത മാസാവസാനത്തോടെ സംസ്ഥാന സർക്കാരിന് അനിവാര്യമാകും. അതു കണ്ടെത്താനാവാതെ വന്നാൽ 'കോരനു കുമ്പിളിൽ പോലും കഞ്ഞി കൊടുക്കാൻ' പറ്റാതെ വരും. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ഇതു മുന്നിൽ കണ്ടാണ്. കേന്ദ്ര സർക്കാരാകട്ടെ, സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചതിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അതേസമയം, നിലവിൽ 13,608 കോടി രൂപ കേരളത്തിനു നൽകാനുണ്ടെന്നു കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. ഹർജിയിലൂടെ എന്തെങ്കിലും പരിഹാരം ലഭിച്ചില്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമാകവേ പിണറായി സർക്കാരിനെ കാത്തിരിക്കുന്നത് വിഷമമേറിയ കടമ്പ തന്നെയാകും.

സംസ്ഥാനം രൂപീകൃതമായ ശേഷം സാക്ഷ്യം വഹിച്ചിട്ടില്ലാത്തത്ര കഠിന സ്വഭാവമാർന്ന ധനപ്രതിസന്ധിയെയാണു കേരളം അഭിമുഖീകരിക്കുന്നത്. 2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണം തുടങ്ങിയശേഷം ഇത്തരമൊരു സ്ഥിതിവിശേഷം ഇതാദ്യമാണ്. കഴിഞ്ഞ വർഷവും കടുത്ത വിഷമതകൾ ഉണ്ടായിരുന്നെങ്കിലും ഇത്രയേറെ രൂക്ഷമായിരുന്നില്ല. സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനാകാത്തതിനും കാരണം ധനപ്രതിസന്ധി തന്നെ. കരാറുകാർക്കു ബിൽ ഡിസ്‌കൗണ്ടിങ് സംവിധാനമൊരുക്കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കവും മുന്നേറുന്നില്ല. നിലവിലെ കുടിശികയിൽ ഒരു വിഹിതമെങ്കിലും നൽകാതെ അവർ ഡിസ്‌കൗണ്ടിങ്ങിനു വഴങ്ങില്ലെന്ന ശാഠ്യം തുടരുന്നു.

vachakam
vachakam
vachakam

സാധാരണ ജനങ്ങളെ ബാധിക്കുന്ന ക്ഷേമപദ്ധതികൾ തുടരാനാകാത്ത ദുരവസ്ഥ വന്നിരിക്കുന്നു. തെരഞ്ഞെടുപ്പു സമയത്ത് സർക്കാരിനെ വല്ലാത്ത വിഷമത്തിലാക്കുന്നു ഇത്. ആറു മാസത്തോളം കുടിശ്ശികയായിക്കഴിഞ്ഞു ക്ഷേമ പെൻഷൻ. രണ്ടു മാസത്തെ പെൻഷനെങ്കിലും തെരഞ്ഞെടുപ്പിനു മുൻപ് നൽകാനുള്ള ശ്രമത്തിലാണു സർക്കാർ. ഇതിനായി സഹകരണ ബാങ്കുകളെയും മറ്റും സമീപിച്ചിട്ടുണ്ടെങ്കിലും സഹകരണ മേഖലയും ധനപ്രതിസന്ധിയുടെ പിടിയിലാകയാൽ പ്രശ്‌ന പരിഹാരമായിട്ടില്ല. പ്രതിപക്ഷത്തിന് ഇത് വലിയ പ്രചാരണ വിഷയമാകുക സ്വാഭാവികം.

വ്യവഹാരം പാര

വൈദ്യുതിമേഖലയിലെ പരിഷ്‌കാരം, പബ്ലിക് അക്കൗണ്ട്, കിഫ്ബി വായ്പാ തിരിച്ചടവ് എന്നിവ പരിഗണിക്കാതെ വായ്പ വെട്ടിക്കുറച്ചതുൾപ്പെടെയുള്ള വിഹിതത്തിലാണ് നിലവിൽ 13,608 കോടി രൂപ കേരളത്തിനു നൽകാനുണ്ടെന്നു കേന്ദ്രം സമ്മതിച്ചിട്ടുള്ളത്. ഇത്രയും സമ്മതിച്ചത് നല്ല ലക്ഷണമായി സംസ്ഥാന സർക്കാർ വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും കേസുമായി സുപ്രീം കോടതിയെ സമീപിച്ചതിനാൽ ആ പണം പോലും ഇപ്പോൾ കൈമാറില്ലെന്ന നിലയിലാണു കേന്ദ്രം. അടുത്ത മാസം അതും കിട്ടാത്ത പക്ഷം നില ശോചനീയമാകും. ഈ പ്രതിസന്ധി മുന്നിൽ കണ്ട് വർഷാന്ത്യച്ചെലവ് നിയന്ത്രിക്കാനുളള തന്ത്രങ്ങൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട് സംസ്ഥാനമെങ്കിലും അതുകൊണ്ടൊന്നും കഞ്ഞി മുടങ്ങില്ലെന്ന് ഉറപ്പുവരുത്താനാകില്ല.

vachakam
vachakam
vachakam

ധനപ്രതിസന്ധി നിമിത്തം പദ്ധതിപ്രവർത്തനങ്ങൾ തീർത്തും മന്ദഗതിയിലായിട്ടു കാലം കുറേയായി. ആസൂത്രണബോർഡിനു കീഴിലുളള പദ്ധതി അവലോകന സംവിധാനമായ പ്ലാൻസ്‌പെയ്‌സ് ഇക്കാര്യം സമ്മതിച്ചുകഴിഞ്ഞു. നിലവിലെ സ്ഥിതിയനുസരിച്ച് 38,629.19 കോടി വരുന്ന മൊത്തം പദ്ധതിയുടെ 58.9 ശതമാനം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. തദ്ദേശപദ്ധതി എത്തിയിട്ടുള്ളത് 59.53 ശതമാനത്തിലും. സംസ്ഥാന പദ്ധതികൾ മാത്രമാണ് 60 ശതമാനത്തിനു മുകളിൽ പോയിട്ടുള്ളത്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ 55.14 ശതമാനമേ പൂർത്തിയായിട്ടുള്ളൂ. ഇനി കഷ്ടിച്ച് ഒരു മാസമേ പദ്ധതിപൂർത്തീകരണത്തിന് ബാക്കിയുള്ളൂ. എത്ര പരിശ്രമിച്ചാലും പദ്ധതി ലക്ഷ്യം കാണില്ലെന്ന വിദഗ്ധരുടെ നിഗമനം ഗൗരവതരമായി കണേണ്ടതുണ്ട്.

കേന്ദ്രം സമ്മതിച്ചിട്ടുള്ള 13,500 കോടി രൂപ കേരളത്തിനു കിട്ടുന്നപക്ഷം തൽക്കാലം പിടിച്ചുനിൽക്കാൻ സർക്കാരിനു കഴിഞ്ഞേക്കാം. എന്നാൽ കുറഞ്ഞത് 18,000 കോടിയെങ്കിലും അത്യാവശ്യങ്ങൾക്കു വേണ്ടിവരുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ജനുവരിയിലെ കണക്കനുസരിച്ച് ജി.എസ്.ടിയിൽനിന്ന് 5000 കോടിയോളമാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. മറ്റ് നികുതിയിനങ്ങളെല്ലാം ചേർന്നാലും 7000 കോടിയാകും പരമാവധി ലഭിക്കുക. ഇതിൽത്തന്നെ ഏകദേശം 2000 കോടി വേണം ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി. ബാക്കിയേ മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കാനാകൂ. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി കൂടി കൈവിട്ടാൽ എന്തുചെയ്യുമെന്ന ആലോചന സർക്കാരിനെയും ഭരണ മുന്നണിയേയും വല്ലാതെ വലയ്ക്കുന്നത്.

പുതുതല്ല വിലാപം

vachakam
vachakam
vachakam

കേന്ദ്രം ധനസഹായം നൽകാതെ കേരളത്തെ അവഗണിക്കുന്നു എന്ന വിലാപം പുതിയതൊന്നുമല്ല. കേരളം കണ്ട എല്ലാ ധനമന്ത്രിമാരും ഈ ആരോപണം ആവർത്തിച്ച് ഉന്നയിച്ചിട്ടുള്ളതാണ്. മിക്കപ്പോഴും പദ്ധതികൾക്കും കേന്ദ്രം പണം നൽകുന്നത് ഒറ്റയടിക്കല്ല. ആദ്യഘട്ടം പൂർത്തിയാക്കി റിപ്പോർട്ടും കണക്കും സമർപ്പിച്ചശേഷമാണ് രണ്ടാം ഗഡു അനുവദിക്കുക. ഈ ജോലികൾ യഥാസമയം പൂർത്തിയക്കേണ്ടത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥ മേധാവികളുടെ കടമയാണ്. ഇത് പലപ്പോഴും നടക്കാറില്ല. ഇതാരും പുറത്ത് അറിയാറുമില്ല. റിപ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ കേന്ദ്രത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പല കാര്യങ്ങളിലും വ്യക്തത തേടുക പതിവാണ്. ഇതിനൊക്കെ മറുപടി നൽകിയലേ അടുത്ത ഗഡു പണം ലഭിക്കൂ.

കേന്ദ്ര സഹായം ഒരു പ്രത്യേക പദ്ധതിക്കായി വാങ്ങിയിട്ട് വകമാറ്റി ചെലവഴിച്ചാൽ തുടർ സഹായം നിലയ്ക്കും. ഇതിനെയൊക്കെ രാഷ്ട്രീയമായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാൻ പലപ്പോഴും എതിർ ചേരികളിലുള്ള രാഷ്ട്രീയ നേതാക്കൾ ശ്രമിക്കുന്നത് ജനങ്ങൾക്കു തിരിച്ചറിയുക എളുപ്പമല്ല. അതേസമയം ചില മേഖലകളിൽ കേരളത്തിന് അർഹിക്കുന്ന സഹായം നൽകാതിരിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ടെന്നതും വ്യക്തം. എന്നാൽ, കൃത്യസമയത്ത് കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനും പ്രോജക്ടുകൾ നിശ്ചിത സമയത്ത് പൂർത്തീകരിക്കാനും കഴിയാത്തതാണ് ഭൂരിപക്ഷം കേസുകളിലും കേന്ദ്ര സഹായം തടസ്സപ്പെടാൻ ഇടയാക്കുന്നത്.

ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി കേരളത്തിന് 700 കോടി ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ല എന്ന തീരുമാനമെടുത്തതിനാൽ ഈ തുക നൽകാതെ കേന്ദ്രം തടഞ്ഞുവച്ചു. ഏറ്റവും ഒടുവിൽ കേരളം നയം മാറ്റാൻ തയ്യാറായി. കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിച്ച് ഇവിടെയും നടപ്പാക്കുമെന്ന് കേരളം സത്യവാങ്മൂലം കേന്ദ്രത്തിന് നൽകി. ഇത് നേരത്തേ ചെയ്തിരുന്നെങ്കിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 700 കോടി നേരത്തെ തന്നെ ലഭിക്കുമായിരുന്നു. എന്തായാലും വൈകിയെങ്കിലും നയം മാറ്റാൻ തയ്യാറായതോടെ 700 കോടി നഷ്ടപ്പെടില്ലെന്ന് ഉറപ്പായിയ്യുണ്ട്. കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കുന്നതായി കാണിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി ധാരണാപത്രം ഒപ്പിട്ട് ഡൽഹിക്കയച്ചതോടെയാണ് 700 കോടി കിട്ടാൻ വഴിതെളിഞ്ഞത്. സർവകലാശാലകൾക്ക് 100 കോടി വീതവും കോളേജുകൾക്ക് 5 കോടി വീതവും കിട്ടുന്ന പദ്ധതിയാണിത്. 60 ശതമാനം കേന്ദ്രത്തിന്റെയും 40 ശതമാനം സംസ്ഥാനത്തിന്റെയും വിഹിതമാണ്.

കേരളത്തിന്റെ ധാരണാപത്രം കിട്ടാൻ വൈകിയതിനാൽ കേന്ദ്രം ആദ്യഘട്ടത്തിൽ പണം അനുവദിച്ചിരുന്നില്ല. സർവകലാശാലകളുടെയും കേളേജുകളുടെയും പ്രോജക്ടുകൾ അപ്ലോഡ് ചെയ്യാൻ ഉടൻ പോർട്ടൽ തുറന്ന് നൽകുമെന്നും രണ്ടാം ഘട്ടത്തിൽ പണം അനുവദിക്കുമെന്നും കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ടിപ്പോൾ. അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പുറമെ അദ്ധ്യാപകരുടെ പരിശീലനം, ഗവേഷണം എന്നിവയ്ക്കുമായാണ് പ്രധാനമന്ത്രി ഉച്ചതാർ സർവശിക്ഷാ അഭിയാൻ പ്രകാരം 700 കോടി നൽകുന്നത്. കേരള, എം.ജി, കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് സർവകലാശാലകൾക്ക് 100 കോടി വീതം ലഭിക്കും. രാഷ്ട്രീയ കാരണങ്ങളാൽ തീരുമാനമെടുക്കാൻ വൈകിയില്ലായിരുന്നെങ്കിൽ ഈ പണം നേരത്തെ ലഭിക്കുമായിരുന്നു.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam