കൊടിയ ക്രൂരതയെ 'മൃഗീയത'യെന്നു വിശേഷിപ്പിച്ചു പോന്നതിലെ വിവരദോഷം കേരളം മനസിലാക്കി തിരുത്തിയിട്ട് അധിക കാലമായില്ല. വിശപ്പും ദാഹവും സഹിക്കാനാകാതെ നാട്ടിലേക്കിറങ്ങുന്ന കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം മനുഷ്യജീവനുകൾ ദാരുണമായി പൊലിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ എസ്.എഫ്.ഐ സംഘത്തിന്റെ അതിക്രൂരമായ കൈക്രിയക്ക് വിധേയനായി സിദ്ധാർത്ഥ് എന്ന യുവാവ് കൊല്ലപ്പെട്ടതിന്റെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ കേരളത്തിലെ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു: പൂക്കോട് വെറ്ററിനറി കോളേജിൽ അരങ്ങേറിയ വിക്രിയകളെ മൃഗീയമെന്നു മയപ്പെടുത്തി മൃഗങ്ങളെ ആക്ഷേപിക്കരുത്.
മൃഗത്തിന്റെ കാര്യം എങ്ങനെയായിരുന്നാലും മനുഷ്യ ജീവനോടു കനിവു വേണ്ടെന്ന പാഠം പൂക്കോട് വെറ്ററിനറി കോളേജിൽ പകർന്നു നൽകിയ എസ്.എഫ്.ഐ സംഘത്തോട് 'മാ നിഷാദ' എന്നു പറയാൻ ഡീൻ ഉൾപ്പെടെ ഗുരുശ്രേഷ്ഠർക്കായില്ല; മനുഷ്യത്വ സ്പർശമുള്ള ഒരു സഹപാഠി പോലുമുണ്ടായില്ല സിദ്ധാർത്ഥിനു വേണ്ടി ചെറുവിരലനക്കാൻ എന്നതും സാധാരണ ജനങ്ങൾ വിസ്മയത്തോടെ കാണുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വൈത്തിരി പഞ്ചായത്തംഗം എൻ.കെ ജ്യോതിഷ് കുമാറിൽ നിന്ന് മാധ്യമ ചർച്ചയ്ക്കിടെ പുറത്തുവന്നത്. സിദ്ധാർത്ഥിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണത്രേ. ഇതിനുശേഷം രണ്ട് എസ്എഫ്‌ഐക്കാർ അകത്തു കയറി വാതിലടച്ചുവെന്നും അഞ്ചുപേർ പുറത്ത് നിന്ന് വാതിൽ പൊളിച്ച് ആത്മഹത്യ എന്ന് വരുത്തി തീർത്തു എന്നുമായിരുന്നു ചില വിദ്യാർത്ഥികളുടെ വാക്കുകൾ ഉദ്ധരിച്ചുള്ള വെളിപ്പെടുത്തൽ.
അതിക്രൂരമെന്ന് ആരും പറഞ്ഞുപോകുന്ന ഇത്തരം സംഭവങ്ങളിൽപോലും കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢശ്രമങ്ങളും ഇതിനിടെ അരങ്ങേറുമ്പോഴും മൃഗീയതയുടെ മഹിമയ്ക്കു പൊലിവേറുന്നു. പൊള്ളയായ വാഗ്ദാനങ്ങളും കണ്ണിൽ പൊടിയിടുന്ന പരിഷ്‌കാരങ്ങളും അധികാരത്തിന്റെ ഉരുക്കുമുഷ്ടിപ്രയോഗവും മതി ഇനിയും വോട്ടുറപ്പിക്കാനെന്നു വിശ്വസിക്കുന്ന ഭരണ നേതൃത്വത്തിൽ നിന്നു തന്നെ ഇത്തരം കരുനീക്കങ്ങൾ ജനങ്ങൾ പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതെ വരുമ്പോൾ കടുത്ത പ്രതികരണത്തിലേക്കു നീങ്ങുന്നവരെ വിമർശിക്കാനും അപഹസിക്കാനും വ്യഗ്രത കാട്ടുന്നവർ ഇതിനപ്പുറവും ചെയ്യുമെന്ന് ആക്ഷേപിക്കുന്നത് പ്രതിപക്ഷത്തുള്ളവർ മാത്രമല്ല.
സിദ്ധാർത്ഥിന്റെ മരണവുമായി
ബന്ധപ്പെട്ട കേസിൽ പ്രതികളുടെ രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ
രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിപ്പിക്കാൻ പോലീസിന്റെ മേലും
സമ്മർദമുണ്ടാകുക സ്വാഭാവികം. എല്ലാ വിദ്യാർത്ഥി സംഘടനകളും
ഇങ്ങനെയൊക്കെയാണെന്ന വാദം സുബോധമുള്ളവർക്കു സ്വീകാര്യമാകില്ല. വിദ്യാർത്ഥി
സംഘടനാ നേതാക്കൾ ഇത്തരം ക്രൂരതയ്ക്കു കൂട്ടുനിൽക്കുന്നവരാണെന്നു
സ്ഥാപിച്ചാലും യഥാർത്ഥ പ്രതികളുടെ കറ കഴുകിക്കളയാനാവുമോ? കൂടുതൽ ക്രൂരമായ
സംഭവങ്ങളുണ്ടാകുമ്പോൾ മറ്റു ചിലതെല്ലാം മറക്കുകയാണു പതിവ്. പുതിയ സംഭവങ്ങൾ
പുറത്തുവരുന്നതോടെ പലതിനും മറയിടാമെന്ന വ്യാമോഹത്തിലാണു ചിലർ. തുടരെ
ഉണ്ടാകുന്ന വന്യജീവി ആക്രമണവും മരണങ്ങളും സിദ്ധാർത്ഥിന്റെ മരണം പോലെ മറ്റു
പല പ്രധാന വിഷയങ്ങളിൽനിന്നും ജനശ്രദ്ധ തിരിക്കുന്നുമുണ്ട്.
പൂക്കോട്ടെ
കാമ്പസിൽ നടന്ന ആൾക്കൂട്ട വിചാരണയും തുടർന്നുണ്ടായ മരണവും കോളിളക്കം
സൃഷ്ടിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ കേരളത്തിലെ കാമ്പസുകളിൽ പുത്തരിയല്ലെന്ന
വസ്തുതയും പുറത്തുവരുന്നു. പലതും മാധ്യമശ്രദ്ധ നേടുന്നില്ലെങ്കിലും ഇരകളുടെ
മനസിൽ അവ സൃഷ്ടിച്ച വടുക്കൾ മായില്ല.
പൂക്കോട് സംഭവത്തിനോടു ചേർന്നു തന്നെയാണ് കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി സി.ആർ. അമലിനെതിരേയുള്ള ആൾക്കൂട്ട ആക്രമണവും പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് കോളേജ് യൂണിയൻ ചെയർമാനും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും സസ്‌പെൻഷനിലായി. സസ്‌പെൻഷനിലായ യൂണിറ്റ് സെക്രട്ടറിയുടെ പരാതിയിൽ മറ്റു രണ്ടു വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തു. എങ്കിലും പ്രതികളാരെയും ഇതുവരെയും പിടികൂടിയിട്ടില്ല. പ്രതികൾ ഒളിവിലാണന്നാണു പോലീസിന്റെ വിശദീകരണം. പ്രതികളുടെ സംരക്ഷകർ തീരുമാനിക്കും അവർ എപ്പോൾ ഒളിവിൽനിന്ന് ഇറങ്ങണമെന്നും പോലീസിൽ കീഴടങ്ങണമെന്നും.
ചെപ്പടി വിദ്യകൾ
സിദ്ധാർത്ഥിന്റെ മരണത്തെത്തുടർന്ന് പൂക്കോട് വെറ്ററിനറി കോളജിലെ ഡീൻ ഡോ. എം.കെ. നാരായണനെയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡന്റെ ചുമതലയുള്ള ഡോ. ആർ. കാന്തനാഥനെയും വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വൈസ് ചാൻസലർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലാത്തതിനാലാണു സസ്‌പെൻഷൻ. മറുപടി എങ്ങിനെ തൃപ്തികരമാകും? കോളേജിലുണ്ടായ ഈ ഹീനകൃത്യത്തിൽ തനിക്കുള്ള ഉത്തരവാദിത്വം നിഷേധിക്കാൻ ഡീൻ കാണിച്ച ഉളുപ്പില്ലായ്മ അദ്ദേഹത്തിന്റെ പ്രതികരണങ്ങിൽ വ്യക്തമായിരുന്നു. ഇപ്പോഴത്തെ സസ്‌പെൻഷനൊക്കെ തത്കാല ശാന്തിക്കായുള്ള ചെപ്പടി വിദ്യയാണെന്ന് ആർക്കാണറിയാത്തത്?. സംരക്ഷിക്കാൻ ആളുണ്ടെങ്കിൽ ഇതല്ല ഇതിലും വലിയ ആരോപണങ്ങളിൽനിന്നും നിഷ്പ്രയാസം ഊരിപ്പോരാനാകും.
ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരേ കൊലക്കുറ്റം ചുമത്തണമെന്നാണ് സിദ്ധാർത്ഥിന്റെ പിതാവ് പ്രകാശൻ ആവശ്യപ്പടുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആ യുവാവ് നേരിട്ട അതിക്രൂര മർദനങ്ങളുടെ സാക്ഷ്യപത്രമാണ്. ഉറ്റ സുഹൃത്താണ് സിദ്ധാർത്ഥിന്റെ മരണത്തിന്റെ മുഖ്യ സൂത്രധാരനെന്ന പ്രകാശന്റെ വെളിപ്പെടുത്തൽ ഇനിയും വരാനിരിക്കുന്ന വലിയ ട്വിസ്റ്റുകൾക്കു വഴിയൊരുക്കിയേക്കാം. കേരളത്തിലും ഇങ്ങനെയൊക്കെ നടക്കുമോയെന്ന് മറുനാട്ടുകാരെക്കൊണ്ടു ചോദിപ്പിക്കുന്ന ഏറ്റവും പുതിയ സംഭവമായി പൂക്കോട് വെറ്ററിനറി കോളേജിലേത്. ഇത്തരം പല സംഭവങ്ങളാണ് കുറേക്കാലമായി കേരളത്തിന്റെ പേരിൽ അവരെ ആവർത്തിച്ച് വിസ്മയത്തിലാക്കിക്കൊണ്ടിരിക്കുന്നത്.
പൂക്കോട് കോളേജിലും ഹോസ്റ്റലിലും ചില പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളൊക്കെ വന്നുതുടങ്ങി. അതേസമയം, മുട്ടുശാന്തിയല്ല, കാമ്പസുകളിലെ അതിരുവിട്ട രാഷ്ട്രീയക്കളികളും അതിനോടനുബന്ധിച്ചുള്ള അതിക്രമങ്ങളും എങ്ങിനെ തടയാം എന്നതാണു പ്രധാനം. കേരളം എത്രയോ തവണ ചർച്ച ചെയ്ത വിഷയമാണിത്. ഓരോ കാമ്പസ് കൊലപാതകം കഴിയുമ്പോഴും ഈ വിഷയം വീണ്ടും ഉയരും. പതുക്കെ എല്ലാം തണുക്കും. അടുത്ത ക്രൂരതയ്ക്കായി കാത്തിരിക്കും. ആളും തരവും നോക്കിയാവും പ്രതികരണം പോലും. കാമ്പസുകൾ കലാപകലുഷിതമാകുമ്പോൾ വിദ്യാഭ്യാസത്തിന്റെ മൂല്യത്തകർച്ചയെക്കുറിച്ചുള്ള വിലാപത്തിന് എന്താണർത്ഥമെന്ന ചോദ്യം പ്രസക്തം.
കാമ്പസ് രാഷ്ട്രീയം ആവശ്യമാണോ എന്നു ഭരണകർത്താക്കളും അക്കാദമിക സമൂഹവും ചിന്തിക്കണമെന്ന ശിവഗിരി ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം ഈ വിഷയം വീണ്ടും സജീവമാക്കുന്നു. കുട്ടിക്കുരങ്ങനെക്കൊണ്ടു ചുടുചോറു വാരിക്കുന്നതുപോലെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ വിദ്യാർത്ഥി സംഘടനകളിൽ അക്രമരാഷ്ട്രീയം പ്രോത്സഹിപ്പിക്കുയാണെന്നും സ്വാമി അഭിപ്രായപ്പെട്ടു. എന്തിനും ഏതിനും പ്രതികരിക്കുന്ന സാസ്‌കാരിക നായകരാകട്ടെ വായടച്ചു. കാര്യത്തോടടുക്കുമ്പോൾ മുഖം പൂഴ്ത്തുന്ന ഇവരൊക്കെ കേരളത്തിന് അപമാനമാണെന്നും പറഞ്ഞു സ്വാമി സച്ചിദാനന്ദ.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1