കരുണാകരന്റെ രാജിക്ക് സമ്മർദ്ദമേറുന്നു

OCTOBER 31, 2024, 12:07 PM

കരുണാകരന് 1991-95 കാലഘട്ടത്തിൽ ഉണ്ടായതുപോലൊരു പ്രതിസന്ധി അതിനുമുമ്പോ, പിമ്പോ ഉണ്ടായിട്ടില്ല. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ മുസ്ലീംലീഗ് മന്ത്രിമാരെ രാജിവെപ്പിക്കാൻ തീരുമാനമെടുത്തുകഴിഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന ഘടകകക്ഷികളുടെ യോഗം മറ്റു ഘടകകക്ഷികളുടെ മന്ത്രിമാരുടെ രാജിയും ഉറപ്പാക്കിയെടുത്തു. ഈ വിവരം പ്രധാനമന്ത്രിയെയും കേന്ദ്ര നിരീക്ഷകരായ മൂപ്പനാരെയും സോളങ്കിയേയും അറിയിച്ചു. ഇനി രാജിയല്ലാതെ മറ്റ് യാതൊരു മാർഗവുമില്ലെന്നു റാവു കരുണാകരന് പ്രിയപ്പെട്ട ചില എം.പിമാരെ വിളിച്ചറിയിക്കുകയും ചെയ്തു.

കെ.കരുണാകരൻ എന്ന രാഷ്ട്രീയ നേതാവ് വെല്ലുവിളികളുടെ ചുഴലിക്കൊടുങ്കാറ്റിനെ അഭിമുഖീകരിച്ച കാലമാണ് 1995. സ്വന്തം പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും അദ്ദേഹത്തിന് എതിരെ ശക്തമായ നീക്കങ്ങൾ ഉണ്ടായി. സ്വന്തക്കാരൻ എന്ന് കരുണാകരൻ വിശ്വസിച്ചു പോന്ന പലരും പലവിധ എതിർപ്പുകളും ആയി ഒത്തുകൂടി. രാഷ്ട്രീയത്തിൽ നന്ദിക്കും സഹായത്തിനും വലിയ വിലയൊന്നും ഇല്ലെന്ന് കരുണാകരൻ തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു.
ഇഷ്ടക്കാരെ സംപ്രീതരാക്കാൻ വേണ്ടി എന്ത് വൃത്തികേടും കാണിക്കാൻ മടിക്കാത്ത ചില പോലീസുകാരും അണിയറയിൽ ചില നീക്കങ്ങൾ നടത്തി. ഘടകകക്ഷികളും കരുണാകരന്റെ ശൈലിയോട് യോജിക്കാൻ കഴിയാതെ അകന്നു മാറാൻ തുടങ്ങി. 1995 ജനുവരി അവസാനമായപ്പോൾ മുസ്ലിംലീഗും കേരള കോൺഗ്രസിലെ മാണി, ജേക്കബ്, ബാലകൃഷ്ണപിള്ള വിഭാഗവും നേതൃമാറ്റം കൂടിയേ തീരൂ എന്ന് ശക്തമായി പറയാൻ തുടങ്ങി.

ജനുവരി 28ന് കോൺഗ്രസിന്റെയും ഘടകക്ഷികളുടെയും നേതാക്കളെ പ്രധാനമന്ത്രി റാവു ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഉമ്മൻചാണ്ടി, പി.സി. ചാക്കോ, ജി. കാർത്തികേയൻ, കുഞ്ഞാലിക്കുട്ടി, ഈ. അഹമ്മദ്, കെ.എം. മാണി, ടി.എം. ജേക്കബ്, ബാലകൃഷ്ണപിള്ള, എം.വി. രാഘവൻ എന്നിവരാണ് ഡൽഹിക്ക് പോയത്.

vachakam
vachakam
vachakam


മുസ്ലിംലീഗ് പ്രതിനിധികളുമായാണ് പ്രധാനമന്ത്രി റാവു ആദ്യം സംസാരിച്ചത്. പിന്നെ കെ.എം. മാണി, ജേക്കബ്, ബാലകൃഷ്ണപിള്ള, എം.വി. രാഘവൻ, ഉമ്മൻചാണ്ടി, എന്നിവരുമായായി പ്രധാനമന്ത്രി ദീർഘനേരം സംസാരിച്ചു. എന്നാൽ അതിലൊന്നും കൃത്യമായ ഒരു തീരുമാനമെടുക്കാൻ റാവുവിന് കഴിഞ്ഞില്ല. ഉമ്മൻചാണ്ടിയോടും പി.സി. ചാക്കോയോടും കാർത്തികേയനോടും ഡൽഹിയിൽ തുടരാൻ റാവു ആവശ്യപ്പെട്ടു.

വയലാർ രവിയേയും ഡൽഹിക്ക് വിളിപ്പിച്ചു ചർച്ചകൾ പലവട്ടം പലരീതിയിൽ നടന്നു. അപ്പോഴേക്കും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഉടൻ തന്നെ ഉമ്മൻചാണ്ടി എം.എൽ.എ കോർട്ടേഴ്‌സിലെ പി. ബാലന്റെ മുറിയിൽ ആന്റണി ഗ്രൂപ്പുകാരെ മുഴുവൻ വിളിച്ചു കൂട്ടി. നേതൃമാറ്റ ആവശ്യത്തിൽ നിന്ന് ഒരു കാരണവശാലും പിന്മാറേണ്ട എന്ന് തീരുമാനിച്ചു. എന്നാൽ അവിശ്വാസ പ്രമേയത്തിന് സർക്കാരിനോടൊപ്പം നിൽക്കാമെന്നും തീരുമാനിച്ച ശേഷം യോഗം പിരിയുകയായിരുന്നു.

vachakam
vachakam
vachakam

ഈ വിവരം പരമ രഹസ്യമായി എ ഗ്രൂപ്പുകൾ സൂക്ഷിച്ചു. അതോടെ ഇനി എന്തു സംഭവിക്കും എന്ന് ആർക്കും ഒരു പിടിയും ഇല്ലാതായി. ആകാംക്ഷ വർദ്ധിച്ചു. ഒടുവിൽ നന്ദി ചർച്ച നടക്കേണ്ട ദിവസം എത്തി. സഭയിൽ നന്ദി പ്രമേയ ചർച്ച നടക്കുകയാണ്. അതിൽ സംസാരിക്കുവാൻ ഭരണമുന്നണിയിലെ ആരേയും അനുവദിച്ചില്ല മുഖ്യമന്ത്രി കരുണാകരൻ. അതിന് കാരണമായി പറഞ്ഞത് ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾ ആരും പ്രസംഗിക്കേണ്ട ആവശ്യമില്ല എന്നാണ്.
കനത്ത സംഘർഷാവസ്ഥയിൽ തന്നെ വോട്ടെടുപ്പ് നടന്നു. ഒടുവിൽ പ്രമേയം പാസായി. എന്നാൽ വി.എം. സുധീരൻ മാത്രം സഭയിൽ ഹാജരായില്ല. കോൺഗ്രസിന്റെ ചീഫ് വിപ്പ് ജി. കാർത്തികേയൻ     എല്ലാ അംഗങ്ങൾക്കും വിപ്പ്  നൽകിയിരുന്നതാണ്. ഹാജരാകാതിരുന്ന സുധീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കരുണാകരൻ.

1995 ഫെബ്രുവരി 10-14 തിയതികളിൽ അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ തീരുമാനിച്ചു. മൂന്നാം തിയതി നിശ്ചയിച്ചിരുന്ന ബജറ്റ് അവതരണം മറ്റൊരു ദിവസത്തേക്ക് മാറ്റി. പത്താം തിയതി വരെ സഭ നിർത്തിവച്ചു. എന്നാൽ ഘടകങ്ങൾ വെറുതെയിരുന്നില്ല, അവർ സംഘടിതമായി തന്നെ മുന്നോട്ടു പോയി. നേതൃ മാറ്റ വിഷയത്തിൽ ഉടൻതന്നെ ഒരു തീരുമാനമെടുക്കണം. അല്ലെങ്കിൽ തങ്ങളുടെ മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കും. അവർ പ്രധാനമന്ത്രിക്ക് ഒരു ഫാക്‌സ് സന്ദേശം അയച്ചു.

അതോടെ ചർച്ചകൾ വീണ്ടും ഡൽഹിയിൽ ആയി. ഘടകകക്ഷി നേതാക്കളെയും ഉമ്മൻചാണ്ടിയെയും കരുണാകരനെയും നരസിംഹറാവു ഡൽഹിയിലേക്ക് വിളിപ്പിച്ചു. അപ്പോൾ ഡൽഹി രാഷ്ട്രീയത്തിലും   സംഘർഷാവസ്ഥയ്ക്ക് കുറവൊന്നുമില്ല.പ്രധാനമന്ത്രി റാവുവിനോട് മുതിർന്ന നേതാവ് അർജുൻ സിംഗ് ഇടഞ്ഞു നിൽക്കുകയാണ്. അദ്ദേഹത്തെ പുറത്താക്കാൻ ആലോചനകൾ നടക്കുന്നു. ഈ അവസരത്തിൽ ആന്റണി ഗ്രൂപ്പുകാർ ഒന്നടങ്കം അർജുൻ സിംഗിന്റെ പിന്നിൽ അണിനിരന്നു. തൊട്ടടുത്ത ദിവസം നടന്ന അച്ചടക്ക സമിതിയിൽ എ.കെ. ആന്റണി ശക്തമായി എതിർത്തുവെങ്കിലും അർജുൻ സിംഗിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുക തന്നെ ചെയ്തു റാവു.

vachakam
vachakam
vachakam

എന്തായാലും കേരളത്തിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ഒരു നേതൃമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നരസിംഹറാവു ആന്റണി ഗ്രൂപ്പിന് നൽകി. ഇതിനിടെ പ്രധാനമന്ത്രി നരസിംഹ റാവുതന്നെ കേരളത്തിലെത്തി കോൺഗ്രസിലെ പ്രശ്‌നം അവസാനിപ്പിക്കുമെന്നൊരു സൂചന കിട്ടി. എന്നാൽ അദ്ദേഹത്തിനു പകരം കറുപ്പയ്യ മൂപ്പനാരും മാധവസിംഗ് സോളങ്കിയുമാണ് ദൂതുമായി കേരളത്തിലെത്തിയത്.

1995 മാർച്ച് 17ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ നിശ്ചയിച്ചു. പുതിയ സർക്കാർ ആയിരിക്കണം അത് അവതരിപ്പിക്കേണ്ടത് എന്ന് നാല് ഘടകക്ഷി നേതാക്കൾ കേന്ദ്ര നിരീക്ഷകരായ മൂപ്പനാരേയും സോളാങ്കിയേയും അറിയിച്ചു.

നിയമസഭ പിരിച്ചുവിടരുത് എന്നാണ് കോൺഗ്രസ് എം.എൽ.എമാരുടെ ആവശ്യം. രണ്ടു ദിനരാത്രങ്ങൾ കൊണ്ടുപിടിച്ച ചർച്ചയുമായി മുന്നോട്ട്‌പോയി. ഒടുവിൽ നിരീക്ഷകർ മടങ്ങി. മാർച്ച് 17ന് അപ്പുറം ഇപ്പോഴത്തെ സർക്കാരിനെ നിലനിർത്താൻ ആവില്ലെന്ന് അവർക്ക് ബോധ്യമായി. മാർച്ച് 16 വരെ കാക്കാമെന്നാണ് നാല് ഘടകകക്ഷി നേതാക്കൾ പറഞ്ഞത്. എൻ.ഡി.പിയും സി.എം.പിയും ഒഴികെയുള്ള ഘടകകക്ഷികൾ അക്കാര്യത്തിൽ ഒന്നിച്ചു തീരുമാനം എടുത്തു. വീണ്ടും പന്ത് പ്രധാനമന്ത്രിയുടെ കോർട്ടിലാണ്. പിറ്റേദിവസം തന്നെ കരുണാകരനെ പ്രധാനമന്ത്രി ഡൽഹിക്ക് വിളിപ്പിച്ചു. കാര്യമായി ചിലതെല്ലാം അവർ സംസാരിച്ചു.

ഈ അവസരത്തിൽ കരുണാകരന്റെ ഗ്രൂപ്പിലുള്ള ചില എം.എൽ.എമാർ പ്രതിസന്ധി തീർക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചതോടെ നിലവിലെ രാഷ്ട്രീയ ചിത്രം പൊടുന്നനെ മാറിമറിഞ്ഞു. ഇതേ അവസരത്തിൽ ഡൽഹിയിലുള്ള കരുണാകര പക്ഷത്ത് നിൽക്കുന്ന ചില എം.പിമാർ നരസിംഹറാവുവിനെ കണ്ടു കരുണാകരനെ തുടരാൻ അനുവദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിച്ചു. എന്നാൽ കരുണാകരന്റെ രാജി അല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് റാവു അവരോട് വെട്ടി തുറന്നു പറഞ്ഞു.

ഇനിയും കരുണാകരൻ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ലീഗ് മന്ത്രിമാരെ രാജിവെപ്പിക്കാൻ മുസ്ലിം ലീഗ് തീരുമാനമെടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന ഘടകകക്ഷികളുടെ യോഗം മറ്റു കടകക്ഷികളുടെ മന്ത്രിമാരുടെ രാജിയും ഉറപ്പാക്കിയെടുത്തു. ഈ വിവരം പ്രധാനമന്ത്രിയെയും കേന്ദ്ര നിരീക്ഷകരായ മൂപ്പനാരെയും സോളങ്കിയേയും അറിയിച്ചു.
നരസിംഹറാവു ഒരു പടി കൂടി കടന്നു കരുണാകരപക്ഷം എംപിമാരെ വിളിച്ച് ഇനി കരുണാകരൻ രാജിവെക്കുക തന്നെയാണ് നല്ലത് എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.1995ൽ കേരളത്തിന് വേണ്ടുന്ന സമഗ്ര പുരോഗതിക്കായി തയ്യാറാക്കിയ ബജറ്റ് അവതരിപ്പിക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമത്തോടെ കരുണാകരൻ രാജിവെക്കാൻ ഒരു തീരുമാനമെടുത്തു കഴിഞ്ഞു. തുടങ്ങിവച്ച പല വലിയ പദ്ധതികൾ നിന്നു പോകുമോ എന്ന ആശങ്കയും ഇടയ്ക്കിടെ ഉയർന്നു ആ മനസ്സിൽ.

ഇതൊന്നും ശ്രദ്ധിക്കാതെ ആണല്ലോ പലരും രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നത്. ചിലർക്ക് വെറുമൊരു വ്യക്തിയാണ് പ്രശ്‌നം. 1969 പ്രതിപക്ഷ നേതാവായത് മുതൽ തനിക്ക് വ്യക്തിപരമായി തന്നെ ഒട്ടേറെ ഒളിയമ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്, അവർക്കൊക്കെ പ്രശ്‌നം വെറും കരുണാകരനായിരുന്നു. കരുണാകരൻ ഇങ്ങനെ പോയാൽ എന്താവും സ്ഥിതി എന്ന് ആലോചിക്കുന്നവർ ഉണ്ടായിരുന്നു പക്ഷേ ഒരു പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വ്യക്തിയെക്കാൾ പ്രധാനം കർമ്മങ്ങൾക്കും നിലപാടുകൾക്കും ആണെന്ന സത്യം പലരും വിസ്മരിക്കുകയാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 50 കുടുംബങ്ങൾക്ക് സഹായം നൽകുന്ന ഒരു ഫയൽ ഒപ്പിട്ട ശേഷമാണ് കരുണാകരൻ ഓഫീസിൽ നിന്ന് അന്ന് പടിയിറങ്ങിയത്. 

എന്നാൽ കരുണാകരൻ തന്ത്രപൂർവ്വം ആർക്കും മനസ്സ് കൊടുക്കാതെയാണ് ഇറങ്ങുന്നത്. പത്രമാധ്യമങ്ങൾ ഒന്നടങ്കം ക്ലിഫ് ഹൗസിൽ തമ്പടിച്ചിരിക്കുകയാണ്. കരുണാകരനോടൊപ്പം ഉള്ള ചില നേതാക്കൾ കരുണാകരനുമായി സംസാരിച്ചു പുറത്തേക്ക് വരുമ്പോൾ പത്രപ്രവർത്തകർ വളയുന്നു. എന്നാൽ അവരാരും ഒന്നും പറഞ്ഞില്ല. വൈകുന്നേരത്തോടെ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ വിളിപ്പിച്ചു മുറിയിൽ ഇരുത്തിയശേഷം പറഞ്ഞു: കിഴക്കേകോട്ടയിലെ ഗാന്ധി പാർക്കിൽ ഞാൻ അല്പസമയത്തിനുള്ളിൽ പ്രസംഗിക്കാൻ എത്തുന്നുണ്ട് അവിടെ വച്ച് നമുക്ക് കാണാം.

(തുടരും)

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam