ലോകകപ്പ് ആവേശം അതിന്റെ പാരമ്യത്തിലാണ്. സി.പി.എമ്മിലാകട്ടെ, പിണറായിക്കെതിരെയുള്ള പടയൊരുക്കവും പതിയെ ചൂട് പിടിക്കുന്നു. മുഖ്യമന്ത്രി വി.ഡി.സതീശനെ സംഘിയാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് മുൻമന്ത്രി മുഹമ്മദ് റിയാസ്.
ഇതിനിടെ, എ.ഡി.ജി.പി. അജിത് കുമാറിനെതിരെയുള്ള നിയമനടപടികൾ വൈകുകയാണെന്ന് ചില മാധ്യമങ്ങൾക്കും കെ.സി.പക്ഷത്തിനും പരാതിയുണ്ട്. ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ രാജീവ് ചന്ദ്രശേഖറും വി.മുരളീധരൻ കൊമ്പ് കോർത്തു കഴിഞ്ഞു. ലോകകപ്പ് എങ്ങനെയും കഴിഞ്ഞിട്ടു വേണം രാത്രി കാലത്ത് അപ്രഖ്യാപിത പവർകട്ട്, ഏർപ്പെടുത്താനെന്ന് ചിന്തിക്കുന്നുണ്ട് കെ.എസ്.ഇ.ബി.യും
. ചെന്നിത്തല തൂഫാനായി ദക്ഷിണേന്ത്യ മുഴുവൻ ആഞ്ഞടിക്കുകയാണ്. ഡ്രഗ്‌സിനെതിരെ കൊച്ചിയിൽ നടക്കുന്ന കൂറ്റൻ റാലിയും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയും മോഹൻലാലും വേദി പങ്കിടുമെന്ന് വാർത്തകളുണ്ട്.
പിണറായിയുടെ പൊൻകുഞ്ഞിന്റെ പങ്കപ്പാടുകൾ
രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ മുടിചൂടാമന്നന്മാരായിരുന്നു ഏ.ഡി.ജി.പി. അജിത് കുമാറും പൊളിറ്റിക്കൽ സെക്രട്ടറി ശശിയും. ഞങ്ങളുടെ കുഞ്ഞുങ്ങളെ തല്ലിച്ചതച്ച പിണറായിയുടെ പൊൻകുഞ്ഞിനെ നിർത്തിപ്പൊരിക്കും, മൂക്ക് ചെത്തുമെന്നെല്ലാം യു.ഡി.എഫ്. നേതാക്കൾ പറഞ്ഞിരുന്നതാണ്. എന്നാൽ ഇപ്പോൾ അജിത് കുമാറിന് ഒഴിവു വരുന്ന ഡിജിപി സ്ഥാനം കിട്ടാനായി എസ്.ഐ.ടി. നൽകിയ അന്വേഷണ റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ വച്ചു താമസിപ്പിച്ചുവെന്ന പരാതിയാണ് മാധ്യമങ്ങൾക്കുള്ളത്.
ജൂലൈ 20 നാണ് നിലവിലെ ഫയർ ഫോഴ്‌സ് മേധാവിയുടെ കാലാവധി തീരുന്നത്. ഈ ഡി.ജി.പി.യുടെ തസ്തിക നികത്താനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി ചേരേണ്ടത്. ഡി.ജി.പി.ക്ക് എസ്.ഐ.ടി. തലവൻ ഷൗക്കത്തലി റിപ്പോർട്ട് നൽകിയിട്ട് 20 ദിവസം കഴിഞ്ഞു. റിപ്പോർട്ട് നൽകിയ ശേഷം ഷൗക്കത്തലി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റുകഴിഞ്ഞു. ഷൗക്കത്തലിയുടെ താഴെയുള്ളയാൾ എസ്.പി. ബൈജു പൗലോസാണ്. ആലപ്പുഴ ക്രൈംബ്രാഞ്ച് മേധാവിയായായ വിൽസൺ ബാബു ഇപ്പോൾ അവധിയിലുമാണ്. അതുകൊണ്ട് എസ്.ഐ.ടി. റിപ്പോർട്ടിൽ ഡിജിപി ഉന്നയിച്ചിട്ടുള്ള സംശയങ്ങൾ ദുരീകരിക്കാൻ നിലവിലുള്ള പൊലീസ് സംഘത്തിന് കഴിയില്ല.
ഏ.ഡി.ജി.പി.യുടെ ആസ്ഥാനത്തുള്ള രണ്ട് ഗ്രേഡ് എസ്.ഐ.മാരാണത്രെ. അജിത്കുമാറിന്റെ നിർദ്ദേശമനുസരിച്ച് എച്ച്.ഐ.ആറിൽ തിരുത്തൽ വരുത്തിയതെന്ന് ഇവർ പറഞ്ഞുകഴിഞ്ഞു. എന്നാൽ അന്ന് താൻ വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തായിരുന്നുവെന്ന് അജിത്കുമാർ പറയുന്നുണ്ടത്രെ. ഇത്രയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കേസിന്റെ ഫയലിനുമേൽ മൂന്നാഴ്ചയോളം ഡിജിപി അടയിരിക്കുകയായിരുന്നുവോ എന്ന് മർദ്ദനമേറ്റ ഏ.ഡി.തോമസ് എം.എൽ.എയും മറ്റും ചോദിച്ചു കഴിഞ്ഞു. കോൺഗ്രസിലെ ചില നേതാക്കളെ സംബന്ധിച്ച വിവാദ ഫയലുകൾ അജിത്കുമാറിന്റെ കൈവശമുളളതുകൊണ്ടാണ് അജിത്കുമാറിനെതിരെയുള്ള നിയമനടപടികൾ മന്ദഗതിയിലായിട്ടുള്ളതെന്ന് മറ്റു ചിലർ ആരോപണമുന്നയിക്കുന്നുണ്ട്.
അന്ന് അദാനി 'പാർട്ണർ' ഇപ്പോഴോ?
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുമതി നൽകിയ വിഴിഞ്ഞം തുറമുഖ പദ്ധതിയെയും കോൺഗ്രസിന്റെ എക്കാലത്തെയും ലീഡർ കെ.കരുണാകരൻ നടപ്പാക്കാൻ തീരുമാനിച്ച കൊച്ചി വിമാനത്താവള പദ്ധതിയെയും നഖശിഖാന്തം എതിർത്തവരാണ് ഇടതുമുന്നണി. പിൽക്കാലത്ത് കൊച്ചി വിമാനത്താവളത്തിന്റെ സാരഥ്യം ഏറ്റെടുത്ത ഒരു മുൻമന്ത്രി അന്ന് അലറിക്കൂവിയത് തന്റെ ഡെഡ് ബോഡിക്ക് മീതെ നടന്നുകൊണ്ടു മാത്രമേ ഈ വിമാനത്താവള പദ്ധതി നടപ്പാക്കാനാവൂ എന്നായിരുന്നു.
ഇപ്പോൾ വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച വിവാദമുയർത്തിയത് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു സ്വർണ ഖനിയായിരിക്കുമെന്ന് തിരിച്ചറിഞ്ഞ പിണറായി വിജയൻ ആദ്യം തുറമുഖവകുപ്പ് നൽകിയത് കടന്നപ്പിള്ളി രാമചന്ദ്രനായിരുന്നു. വീണ്ടും അഹമ്മദ് ദേവർകോവിലിന് ഇതേ വകുപ്പ് നൽകി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് തുറമുഖ വകുപ്പ് പിണറായിയുടെ വിശ്വസ്തനായ വി.എൻ.വാസവനാണ് നൽകിയത്. വി.എസ്. മന്ത്രിസഭയുടെ കാലത്ത് എം. വിജയകുമാറിനെപോലെയുള്ളവർ ഭരിച്ച വകുപ്പാണ് വാസവന് പിണറായി നൽകിയത്.
വിഴിഞ്ഞം കരാർ ഒപ്പുവച്ച രണ്ടാം പിണറായി സർക്കാർ പദ്ധതി പറഞ്ഞ സമയത്ത് പൂർത്തിയാക്കാതെ വന്നപ്പോൾ സംസ്ഥാന സർക്കാരിന് കരാറനുസരിച്ച് നൽകേണ്ടിയിരുന്ന നഷ്ടം 219 കോടി രൂപയാണ്. ഈ കോടികൾ സംസ്ഥാന സർക്കാർ എഴുത്തിത്തള്ളുകയായിരുന്നു. ബുധനാഴ്ച (ജൂലൈ 15) വാർത്താ സമ്മേളനത്തിൽ അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി ക്ഷുഭിതനായി. ദിവസേന 12 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന കരാറിലെ വ്യവസ്ഥയാണ് പിണറായി പിന്നീട് വിഴുങ്ങിയത്. മാത്രമല്ല കുത്തകകൾക്ക് കുട പിടിക്കുന്നവരാണ് യു.ഡി.എഫ്. എന്ന് വാദിക്കുന്നവർ ഭരണകാലത്ത് കൈകോർത്ത എത്രയോ പങ്കു കച്ചവടങ്ങളാണ് ചൂണ്ടിക്കാണിക്കാനുള്ളത്!
എൻ.എസ്.എസും. 'പട്ടി'ഷോയും
എൻ.എസ്.എസിന്റെ സ്ഥാപകൻ മന്നത്ത് പത്മനാഭൻ പിള്ളയുടെ പ്രതിമ ഡെൽഹിയിൽ അനാവരണം ചെയ്തതിന്റെ അലയൊലികൾ പെരുന്നയിൽ മാത്രമല്ല കേരളത്തിൽ മുഴുവൻ ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഈ ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എൻ.എസ്.എസ്. ജനറൽ സെക്രട്ടറിക്ക് എതിരെ നടത്തിയ പരോക്ഷ പരാമർശമാണ് വിവാദമായി മാറിയത്. ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് എൻ.എസ്.എസിന്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശനം നിഷേധിച്ച ഒരു സംഭവം പണ്ട് പെരുന്നയിൽ അരങ്ങേറിയിരുന്നു.
2026 ഫെബ്രുവരിയിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ജനറൽ സെക്രട്ടറി അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാ നപടികളുടെ ഭാഗമായി മന്നം സമാധിയിൽ പൊലീസ് നായകളെ കൊണ്ട് പരിശോധിപ്പിക്കാനുള്ള നീക്കമാണ് അന്ന് തടഞ്ഞതെന്ന് പിന്നീട് സുകുമാരൻ നായർ വിശദീകരിച്ചുവെങ്കിലും അവഗണനയുടെയും അധിക്ഷേപത്തിന്റെയും മുറിവുകൾ ഇന്നും അവശേഷിക്കുന്നുണ്ടെന്നാണ് മനസ്സിലക്കേണ്ടത്.
എൻ.എസ്.എസ്. സെക്രട്ടറിയും താനുമായുള്ള ബന്ധം സാധാരണ നിലയിലാണെന്ന് ബുധനാഴ്ചത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. എസ്.എൻ.ഡി.പി. യോഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും നേതാവ് തുഷാർ വെള്ളാപ്പിള്ളിയെ താൻ വീട്ടിൽ കയറ്റിയില്ലെന്ന മാധ്യമ വാർത്ത വെറും നുണയാണെന്ന് സതീശൻ പറഞ്ഞതും മാധ്യമ പ്രവർത്തകർക്ക് പ്രഹരമായി മാറി.
ഏറ്റവും ഒടുവിലായി സതീശൻ പറഞ്ഞു ''ഞാൻ കേരളത്തിലെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. ആർക്കും എന്നെ സമീപിക്കാം. എല്ലാ സന്ദർശനങ്ങളും പരസ്യമായിട്ടാണ്. ഒളിച്ചല്ല. ജാതി നോക്കിയോ പാർട്ടി നോക്കിയോ ഒരു മുഖ്യമന്ത്രിക്ക് സന്ദർശകരെ സ്വീകരിക്കാനാവില്ല. മാധ്യമ ലേഖകർ ഉന്നമിട്ടത് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ മുഖ്യമന്ത്രിയെ സന്ദർശിക്കനെത്തിയ സംഭവമാണ്. വാക്കിൽ കുടുക്കാൻ കൈരളി, ദേശാഭിമാനി ലേഖകർ നടത്തുന്ന വൃഥാശ്രമങ്ങളെയും മുഖ്യമന്ത്രി പരിഹസിക്കുന്നത് ചാനലിൽ കണ്ടു.
പണത്തിനുവേണ്ടിയാണ് എല്ലാമെല്ലാം....!
പാർട്ടി ഫണ്ടുകളിൽ വെട്ടിപ്പ്, ബാങ്ക് വായ്പകളിൽ വെട്ടിപ്പ്, കോടികളുടെ സംരംഭങ്ങളിൽ അടിമുടി വെട്ടിപ്പ്. കോവിഡിനെ ചെറുക്കാൻ വാങ്ങിക്കൂട്ടിയത് പലതും തോന്നിയ വിലയ്ക്ക്. ചില ആശുപത്രികൾ പോലും അവയവദാന തട്ടിപ്പിന്റെ പേരിൽ പ്രതിസ്ഥാനത്തായി മാറുന്നു. കേരളം വല്ലാത്ത ഒരു കാലഘട്ടത്തിലാണിപ്പോൾ.
ബാങ്കിൽ അക്കൗണ്ടില്ലാതിരുന്നിട്ടും തമിഴ്‌നാട്ടിലെ ഏതോ ഒരു ശാഖയിൽ നിന്ന് 9 കോടി രൂപ വായ്പയെടുത്തതായും, പണം ഉടൻ അടയ്ക്കണമെന്നുമുള്ള നോട്ടീസ് കൈപ്പറ്റി അന്തം വിട്ടിരിക്കുന്ന വൃദ്ധ ദമ്പതികളുടെ ദുരന്തകഥയും ഇന്ന് ചാനലിൽ കണ്ടു. പല ബാങ്കുകളിൽ നിന്നായി 700 കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് വാർത്തകൾ വരുന്നത്. വെട്ടിപ്പിന് ചൂട്ട് പിടിച്ച ഒരു വിരുതൻ മൂവാറ്റുപുഴക്കാരനാണത്രെ.
അയാൾ ബാങ്കുകളുടെ ശാഖകൾ പോലും ഉദ്ഘാടനം ചെയ്തതിന്റെ ഫേട്ടോകളും ചാനലുകളിൽ കണ്ടു. തനിക്ക് എതിരെയല്ല, കൈക്കൂലി വാങ്ങി വായ്പ നൽകിയ ബാങ്ക് ഉദ്യോഗസ്ഥരാണ് പ്രതികളെന്നാണ് ഇയാളുടെ വിചിത്ര വാദം. ഒരു ക്രിമിനൽ കേസിന്റെ മണമുണ്ടായിട്ടും പൊലീസ് എന്തോ ഈ കേസുകളിൽ നിന്ന് അകന്നുനിൽക്കുകയാണ്. എന്താണവോ കാരണം?
'ഹയർ ആൻഡ് ഫയർ', ഈ തീ എങ്ങനെ അണയ്ക്കും?
കേരളത്തിലെ രണ്ട് ഐ.ടി. കമ്പനികളിലെ ആയിരത്തോളം വരുന്ന ജീവനക്കാർ ഇപ്പോൾ തെരുവിലാണ്. കൊച്ചി പാലാരിവട്ടത്തും കോഴിക്കോട്ടുമുള്ള 'കേറോ ഹെൽത്ത്' കമ്പനിയിലാണ് ആദ്യത്തെ പിരിച്ചുവിടൽ അരങ്ങേറിയത്. 75 ലക്ഷം കോടി രൂപയുടെ ഇടപാടുള്ള മാതൃകമ്പനിയുടെ ഉപകരാറുകാരാണ്. കേറോ ഹെൽത്ത്, ഒരു സുപ്രഭാതത്തിൽ ഇവിടെയുള്ള ജോലിക്കാരുടെ മുമ്പിൽ കമ്പനിയുടെ വാതിൽ കൊട്ടിയടയ്ക്കുകയായിരുന്നു.
രണ്ട് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകിക്കൊണ്ടായിരുന്നു ഈ ക്രൂര കൃത്യം അരങ്ങേറിയത്. രണ്ടാമത്തെ കൂട്ടപ്പിരിച്ചുവിടൽ നടന്നത് ടാൽറോപ് കമ്പനിയിലാണ്. ഇവിടെ 3 മാസം മുതൽ 11 മാസം വരെ ശമ്പളം കുടിശ്ശികയാണ്. കൂടാതെ 15 കോടി രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചവരും ഇപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
ഇടതുമുന്നണി കേന്ദ്രം കൊണ്ടുവന്ന ലേബർ കോഡിനെതിരെ സമരം നടത്തിയെങ്കിലും, അവർ കേരളത്തിലെ നിലവിലുള്ള ലേബർ കോടതികളുടെ പ്രവർത്തനം അവരുടെ ഭരണകാലത്തു തന്നെ മരവിപ്പിച്ചിരുന്നുവെന്നത് ഓർമ്മിക്കണം.
ലേബർ കോഡിന് എതിരെ ഇടതു തൊഴിലാളി നേതാക്കൾ തൊഴിലാളികളോട് വാതോരാതെ പ്രസംഗിച്ചിരുന്നുവെങ്കിലും, കേന്ദ്രനയത്തിന് നിശ്ശബ്ദമായി വഴിയൊരുക്കിക്കൊണ്ട് അവർ തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നുവെന്ന് ചിലരെങ്കിലും കുറ്റപ്പെടുത്തുന്നു. തൊഴിലാളികളുടെ വിവിധ ക്ഷേമനിധി ബോർഡുകളിൽ കൈയിട്ടുവാരിയ രണ്ടാം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം പൊതുജന മദ്ധ്യത്തിൽ തുറന്നു കാണിക്കേണ്ട ഐ.എൻ.ടി.യു.സിയുടെ ദേശീയ നേതാവ് എൻ. സജ്ജീവറെഡ്ഡിക്ക് ഇപ്പോൾ 97 വയസ്സുണ്ട്.
കേരളത്തിലെ 'ഇണ്ടക്ക്' നേതാവ് ചന്ദ്രശേഖരനാകട്ടെ, പിണറായിയുമൊത്ത് 'കഞ്ഞിയും കറിയും വച്ച്' കളിച്ചുകൊണ്ടിരുന്ന കുട്ടി സ്റ്റോറിയിലെ നായകനുമാണ്. ലോകമൊട്ടാകെ തൊഴിൽ നയങ്ങളിൽ മാറ്റം വരുമ്പോൾ 48 മണിക്കൂർ ദേശീയ പണിമുടക്കെന്ന ഉമ്മാക്കി കാണിച്ച് 'സമരഫണ്ട്' പിരിക്കാനല്ലാതെ ചില ഇടതു തൊഴിലാളി നേതാക്കളെ മറ്റെന്തിന് കൊള്ളാം?
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
