പ്രമാദമായ ജെസ്ന മരിയ ജെയിംസ് തിരോധാന കേസിന്റെ അന്വേഷണം സിബിഐ അവസാനിപ്പിച്ചിരിക്കുകയാണ്. സി.ബി.ഐ നടത്തിയ അന്വേഷണത്തിലും ജെസ്‌നയെ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന ക്ലോഷര്‍ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം തിരോധാനം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടര്‍ അന്വേഷണം നടത്താമെന്നും സിബിഐ അറിയിച്ചിട്ടുണ്ട്.
സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്. 2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ജസ്‌ന. പിന്നീടാണ് കാണാതാവുന്നത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാട്ടി ജെസ്‌നയുടെ പിതാവ് 2021 ജനുവരിയില്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കി.
ഈ കേസില്‍ എന്താണ് ഇത്ര ദുരൂഹത?
ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ കേസ് സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
നിന്നനില്‍പില്‍ മാഞ്ഞു പോയതുപോലെയാണ് ജസ്ന പോയത് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്ന ജസ്‌ന മരിയ ജെയിംസ് എന്ന ഇരുപതുകാരിയെ ആറ് വര്‍ഷം മുമ്പാണ് കാണാതായത്.
എവിടെ നിന്ന് തുടങ്ങുന്നു ?
ജെസ്ന മരിയ ജെയിംസിന്റെ കുടുംബം സാമ്പത്തിക ശേഷിയുള്ളതാണ്. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും. അമ്മ മരിച്ചു. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടില്‍ നിന്നും 2018 മാര്‍ച്ച് 22ന് രാവിലെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. രാവിലെ 9.30 മുതല്‍ കാണാതായി എന്നാണ് കണക്കാക്കപ്പെടുന്നത്.
കോണ്‍ട്രാക്ടറായ പിതാവ് ജെയിംസ് മുണ്ടക്കയത്തിന് അടുത്തുള്ള ജോലി സ്ഥലത്തേക്ക് പോയി. സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ കൈവശം മറ്റൊന്നും എടുക്കാതെയാണ് പുറത്തു പോയത്.
വീട്ടില്‍ നിന്നും മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുക്കൂട്ടുതറയില്‍ നിന്നാണ് ബസ് കയറി മുണ്ടക്കയത്തേക്ക് പോകുന്നത്. ഒരു ഓട്ടോറിക്ഷയിലാണ് കോട്ടയം ജില്ലയില്‍പ്പെടുന്ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. അവിടെ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള എരുമേലി വഴി പോകുന്ന ബസില്‍ ജസ്ന കയറിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്. പിന്നീട് ജെസ്നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജെസ്നയെ കാണാതായതോടെ അന്ന് രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് വെച്ചുച്ചിറ പൊലീസിലും പരാതി നല്‍കുകയായിരുന്നു.
എങ്ങനെ, എങ്ങോട്ട് പോയി?
അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്നയുടേതെന്ന അയല്‍ക്കാരം ബന്ധുക്കളും പറയുന്നു. അതുകൊണ്ടുതന്നെ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതാവുന്ന സമയം ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു.
പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് എന്നാണ് കരുതുന്നത്. അങ്ങോട്ടുള്ള ബസില്‍ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവള്‍ അവിടെ എത്തിയിട്ടില്ല. ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ മറ്റു ഗാഢ സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന ഈ നാട്ടുമ്പുറത്തുകാരി പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ എടിഎം കാര്‍ഡോ പോലും എടുത്തിട്ടില്ല. ഉപയോഗിക്കുന്ന ഫോണ്‍ പോലും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.
ഉത്തരം മുട്ടി പൊലീസ്
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. തെളിവുകളൊന്നും ബാക്കി വയ്ക്കാതെ കാണാതായ ജസ്‌നയെ എങ്ങനെ കണ്ടെത്താനാകുമെന്ന് അറിയാതെ തിരഞ്ഞ പൊലീസ് ജസ്‌നയുടെ വാട്‌സാപും മൊബൈല്‍ ഫോണുമൊക്കെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോണ്‍ കോളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെയും ജെസ്‌നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായിരുന്നു. കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മുന്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയും, പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണും വെളിപ്പെടുത്തിയെങ്കിലും അതിനപ്പുറം എന്തെങ്കിലും സൂചന നല്‍കാന്‍ ഇരുവരും തയാറായിട്ടില്ല.
പ്രധാനമന്ത്രിക്ക് പരാതി
കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് 2021 ജനുവരിയില്‍ ബിജെപി നേതാക്കളുടെ സഹായത്തോടെ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതി ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൈമാറി. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നത്. ജസ്‌ന ജീവിച്ചിരിക്കുന്നു എന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്‌നയുടെ പിതാവ് പറഞ്ഞു.
ജഡ്ജിയുടെ കാറിലേക്ക് കരി ഓയില്‍
2021 ഫെബ്രുവരി 3 ന് എരുമേലി സ്വദേശി രഘുനാഥന്‍ നായരാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ഷര്‍സിയുടെ കാറിലേക്ക് കരി ഓയില്‍ ഒഴിച്ചത്. രഘുനാഥന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളില്‍ നീതി നിഷേധം നടക്കുകയാണെന്നും കേസുകള്‍ അനന്തമായി നീളുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ജസ്‌നയുടെ ചിത്രമുള്ള പോസ്റ്റര്‍ രഘുനാഥന്‍ നായരുടെ കൈവശമുണ്ടായിരുന്നു. ജഡ്ജിയുടെ കാര്‍ കോടതി വളപ്പിനകത്തേക്ക് കയറുമ്പോള്‍ എന്‍ട്രന്‍സ് ഗേറ്റില്‍ പ്ലക്കാര്‍ഡുമായി നിന്നായിരുന്നു ഇയാള്‍ കരി ഓയില്‍ ഒഴിച്ചത്.
ലൗ ജിഹാദ്
'ഹൃദയം പണയംവെക്കരുത്' എന്ന പേരില്‍ ലൗ ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് ബിജെപി പ്രചാരണ പരിപാടികള്‍ തുടങ്ങിയിരുന്നു. ജസ്‌നയുടെ തിരോധാനത്തിന് ലൗ ജിഹാദുമായി ബന്ധമുണ്ട് എന്ന ആരോപണം ചില കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. തുടര്‍ന്ന് ജസ്‌നയുടെ തിരോധാനം മുന്‍നിര്‍ത്തി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികള്‍. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും ലൗ ജിഹാദ് വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ബി.ജെ.പി ആദ്യമായാണ് പരസ്യമായി രംഗത്തിറങ്ങുന്നത്.
സിബിഐ
ജസ്ന തിരോധാന കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന് ഫെബ്രുവരി 19 ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകള്‍ കൈമാറേണ്ടത്. ജസ്‌നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും സിബിഐ വ്യക്തമാക്കി.
സിബിഐയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നും യാത്രാ സൗകര്യം അടക്കം ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സിബിഐ ആവശ്യപ്പെട്ടു. സൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍ ജയിംസും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിതും സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ജസ്‌നയെ ഇതുവരെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ജസ്‌നയെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് മുന്‍ മേധാവിയും പെണ്‍കുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി.
പൂജപ്പുര ജയിലിലെ തടവുകാരന്‍ നല്‍കിയ മൊഴിയായിരുന്നു സി.ബി.ഐ അന്വേഷണത്തില്‍ പ്രതീക്ഷ നല്‍കിയത്. ജെസ്‌നക്ക് എന്ത് സംഭവിച്ചെന്ന് തനിക്ക് അറിയാമെന്ന് കൊല്ലം ജില്ലാ ജയിലില്‍ തനിക്കൊപ്പം കഴിഞ്ഞ ഒരു തടവുകാരന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി. പക്ഷെ ആ തടവുകാരനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് ജസ്‌ന എവിടെപ്പോയി, എന്ത് സംഭവിച്ചൂ തുടങ്ങിയ കാര്യങ്ങളിലൊന്നും തെളിവില്ലെന്നും നിര്‍ണായക വിവരം ലഭിക്കാതെ ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ജെസ്‌ന തിരോധാനം ദുരൂഹതകള്‍ ബാക്കിയാക്കി അവസാനിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1