പാറാവിൽ കാര്യമില്ല; ഭഗവാന്റെ സ്വർണ്ണം ചോർന്നു

OCTOBER 8, 2025, 12:45 PM

അച്ചടക്കം മറന്നുള്ള അവിഹിതം ആപത്തു വരുത്തുമെന്നു പറഞ്ഞുവച്ചു, വൈപ്പിൻ വിഷമദ്യക്കേസിലെ മുഖ്യ പ്രതികളിലൊരാളായിരുന്ന രാമവർമ്മൻ തിരുമുൽപ്പാട്. ദുരന്തം അരങ്ങേറിയ 1982 സെപ്തംബറിൽ കൊച്ചി ഇടപ്പള്ളിയിലെ ക്രൈംബ്രാഞ്ച് ലോക്കപ്പിൽ ചട്ടങ്ങൾക്കു നേരെ കണ്ണടച്ചുകൊണ്ട് ഒരു ഉന്നത പോലീസ് ഓഫീസർ നൽകിയ അനുമതി പ്രകാരം തിരുമുൽപ്പാടിനോടു സംസാരിക്കാൻ അവസരം ലഭിച്ച രണ്ടു പത്രപ്രവർത്തകരുടെ മുന്നിലാണയാൾ നിർവികാരനായി ഈ നിരീക്ഷണം പങ്കുവച്ചത്.

വ്യവസായിക ആവശ്യത്തിനു ലഭിക്കുന്ന വിഷം കലർന്ന സ്പിരിറ്റായ മീഥൈൽ ആൽക്കഹോൾ സുരക്ഷിത ചാരായമാക്കുന്നതിലുള്ള വൈദഗ്ധ്യമായിരുന്നു തിരുമുൽപ്പാടിനെ അബ്കാരികളുടെ ആളാക്കിയത്. ലാഭക്കൊതി മൂത്തതിനാലോ ഓണക്കാലത്ത് ചാരായ ഡിമാൻഡ് പരിധി വിട്ടതിനാലോ തന്റെ ഫോർമുല പ്രകാരമുള്ള പ്രക്രിയ യഥാവിധി പാലിക്കപ്പെടാത്തത് വിനാശകരമായി മാറിയെന്നതിൽ അയാൾക്കു സംശയമില്ലായിരുന്നു. അക്കാര്യത്തിൽ മദ്യ വ്യവസായികൾ വരുത്തിയ വീഴ്ചയാണ് 77 പേരുടെ ജീവനെടുത്ത വൈപ്പിൻ വിഷമദ്യ ദുരന്തത്തിനു കാരണമായതെന്ന് പിന്നീടു കോടതിയും ചൂണ്ടിക്കാട്ടി.

വർഷം 43 കഴിഞ്ഞപ്പോൾ തിരുമുൽപ്പാടിന്റെ നിരീക്ഷണം നേരിട്ടോ അല്ലാതെയോ ശരിവയ്ക്കുന്നുണ്ട്, ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളി നഷ്ടത്തിലൂടെ വാർത്തകളിൽ നിറയുന്ന ഉണ്ണികൃഷ്ണൻ പോറ്റി. വിവാദത്തിന്റെ തുടക്കത്തിൽ അതിനെ നിസ്സാരവൽക്കരിക്കാനാണ് ദേവസ്വം ബോർഡും വകുപ്പ് മന്ത്രിയും മറ്റും ശ്രമിച്ചത്. തന്നെ ചിലർ കള്ളനാക്കാൻ ശ്രമിക്കുകയാണെന്നു വരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നു വന്നതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏക കുറ്റവാളിയാക്കി രക്ഷപ്പെടാൻ നടത്തിയ ശ്രമം പാളി.  'അച്ചടക്കം മറന്നുള്ള അവിഹിതം ആപത്തു വരുത്തി'യെന്ന ഏറ്റുപറച്ചിൽ തിരുമുൽപ്പാടിന്റെയെന്നതുപോലെ പോറ്റിയുടെയും വാക്കുകളിൽ നിഴലിക്കവേ കൂട്ടാളികൾ ആരൊക്കെയെന്ന ചോദ്യം ബാക്കിയാകുന്നു.

vachakam
vachakam
vachakam

സ്വർണ്ണപ്പാളി വിവാദം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സംരക്ഷണത്തിനു നിയോഗിക്കപ്പെട്ടവരുടെ ഒത്താശയോടെ ശബരിമലയിൽ നടന്നതായി പറയുന്ന കാര്യങ്ങൾ ഞെട്ടലോടെ കേരളം കേൾക്കുന്നു. ഏറെ വർഷങ്ങളായി ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണു ശബരിമലയിലെ കാര്യങ്ങൾ നടന്നുവരുന്നത്. അതീവശ്രദ്ധയോടെ പരിപാലിക്കേണ്ട ശബരിമല തീർഥാടനത്തിലും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിവിധ സർക്കാരുകളും തിരുവിതാംകൂർ ദേവസ്വം ബോർഡും വീഴ്ച വരുത്തിയതാണു കോടതി പ്രത്യേക ഡിവിഷൻ ബെഞ്ച് രൂപീകരിക്കുന്നതിലേക്കു നയിച്ചത്.

ഇപ്പോഴത്തെ വെളിപ്പെടുത്തലുകളും കോടതിയുടെ ഇടപെടലോടെയാണുണ്ടായത്. സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം അന്വേഷിച്ച ദേവസ്വം വിജിലൻസ് സംഘം, സ്വർണവിഷയത്തിൽ തട്ടിപ്പു നടന്നതായി അറിയിച്ചതിനെത്തുടർന്നാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം രഹസ്യമായിരിക്കുകയും റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ കോടതിക്കു നേരിട്ടു സമർപ്പിക്കുകയും വേണം. 

അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന് സെപ്തംബർ 10ന് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവ് അനുസരിക്കുന്നതിനു പകരം പുനഃപരിശോധനാ ഹർജി നൽകാനാണു ദേവസ്വം ബോർഡ് മുതിർന്നത്. ഇതിനിടെ  ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായി. ഇതിനു മുൻപ്, 2019 ജൂലൈ 20ന് 12 പാളികൾ സ്വർണം പൂശാനായി സ്‌പോൺസർമാരിൽ ഒരാളായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയിരുന്നെന്ന വിവരവും  പുറത്തുവന്നു. ഇതേപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയ ദേവസ്വം വിജിലൻസ്, ചെമ്പുപാളികൾ കൈമാറി എന്നാണു ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയതെന്നു കണ്ടെത്തി.

vachakam
vachakam
vachakam

അന്നു കൊണ്ടുപോയ പാളികളുടെയും തിരിച്ചെത്തിച്ച പാളികളുടെയും തൂക്കത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്നു എന്ന വിവരവും വ്യക്തമായി. 1998ൽ വിജയ് മല്യ ശ്രീകോവിലും നടവാതിലും ദ്വാരപാലകശിൽപങ്ങളും സ്വർണം പൊതിഞ്ഞുനൽകിയിരുന്നു. അങ്ങനെയെങ്കിൽ 2019 ൽ സ്വർണം പൂശാനായി സ്വകാര്യവ്യക്തിക്കു കൈമാറിയ പാളികൾ ചെമ്പാണ് എന്ന് എന്തുകൊണ്ടു രേഖപ്പെടുത്തി എന്ന ചോദ്യത്തിനു തൃപ്തികരമായ വിശദീകരണം നൽകാൻ ദേവസ്വം ബോർഡിനു കഴിഞ്ഞിട്ടില്ല. അതോടെയാണ് സ്വർണം എവിടെ എന്ന സംശയവും സ്വർണക്കൊള്ള നടന്നു എന്ന ആരോപണവും ഉയർന്നതും രണ്ട് മുൻ ദേവസ്വം പ്രസിഡന്റുമാരടക്കം 12 ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നതും.

സ്വർണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം കമ്മീഷണർമാരും അറിഞ്ഞിരുന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. 2018 മുതൽ 2021 വരെയുള്ള മൂന്ന് വർഷക്കാലം ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ വൻ സ്വാധീനം ചെലുത്തിയതിന്റെയും തെളിവു ലഭിച്ചു. ഇതോടെ കുറ്റം ഉദ്യോഗസ്ഥരുടെ മാത്രം തലയിലിട്ട് രക്ഷപെടാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടിയായി. മന്ത്രി വാസവന്റെ നിലയാണ് കൂടുതൽ പരുങ്ങലിലാകുന്നതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബരിമലയിലെ സ്‌പോൺസർ വേഷത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ദുരൂഹ ഇടപാടുകൾ തുടങ്ങുന്നത് 2018 ജൂലൈയിലാണ്.

ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശി നൽകാമെന്ന വാഗ്ദാനം വന്നതോടെ. പിന്നീട് കട്ടിളയും ദ്വാരപാലക ശിൽപവും പീഠവുമൊക്കെയായി 2021 മെയ് വരെ ഇടപാടുകൾ തുടർന്നു. കഴിഞ്ഞ മാസം ഏഴിന് നടയടച്ചശേഷം ശ്രീകോവിലിന്റെ വാതിലിന് ഇരുവശത്തുമുള്ള ദ്വാരപാലകശിൽപങ്ങളിലെ സ്വർണം പൊതിഞ്ഞ പാളികൾ ശബരിമലയിലെ കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ഹൈക്കോടതി നിയോഗിച്ച സ്‌പെഷൽ കമ്മിഷണറായ ജില്ലാ ജഡ്ജിയെ അറിയിക്കാതെ തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറ്റം ചെയ്യപ്പെട്ടു. ഇക്കാര്യം സ്‌പെഷൽ കമ്മീഷണർ റിപ്പോർട്ട് ചെയ്തതോടെയാണു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

vachakam
vachakam
vachakam

'ബ്ലായ്ക്ക്' ബോർഡ്

വിജയ് മല്യ 30 കിലോയിലേറെ സ്വർണമാണ് നൽകിയതെന്നും, ഈ സ്വർണ്ണം ഉപയോഗിച്ച് ആ വർഷം തന്നെ ശബരിമലയിലെ മേൽക്കൂര, ശ്രീകോവിൽ, ദ്വാരപാലക ശിൽപ്പങ്ങൾ എന്നിവയ്ക്ക് സ്വർണം പൂശിയെന്നുമാണ് പിടിച്ചെടുത്ത രേഖയിലുള്ളത്. അറ്റകുറ്റപ്പണികൾക്കായി തനിക്ക് ലഭിച്ചത് സ്വർണം പൂശാത്ത ചെമ്പുതകിടായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതോടെ ദേവസ്വം ബോർഡ് വെട്ടിലായി. ദ്വാരപാലക ശിൽപ്പങ്ങളുടെ പാളിയിലെ സ്വർണത്തിന് മങ്ങലുണ്ടെന്നു പറഞ്ഞ് സ്വർണ്ണം പൂശാൻ കൊണ്ടുപോയെങ്കിൽ നേരത്തെയുള്ള സ്വർണത്തിന് എന്തു സംഭവിച്ചുവെന്ന കാര്യം അവ്യക്തം.

അറ്റകുറ്റപ്പണികൾക്ക് കൊണ്ടുപോകുന്നതിന് മുൻപുതന്നെ സ്വർണം മോഷണം പോയെന്ന് ഇതുവഴി തെളിയുന്നു. ദേവസ്വം ബോർഡ് അധികൃതരുടെ പിന്തുണയില്ലാതെ ഇത് സംഭവിക്കുമെന്ന് ആരും കരുതുന്നില്ല. സന്നിധാനത്തു നടത്തുന്ന ഇത്തരം ജോലികൾക്ക് തന്ത്രിയുടെ അനുവാദം വാങ്ങണമെന്നും മേൽശാന്തിയുടെ സാന്നിധ്യത്തിൽ മാത്രം അവ നടത്തണമെന്നും ദേവസ്വം മാന്വൽ നിഷ്‌കർഷിക്കുന്നുണ്ട്. സ്‌പെഷൽ കമ്മിഷണർ, ദേവസ്വം ബോർഡിലെ ഉത്തരവാദപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെയും അനുമതി ആവശ്യമാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികൾ സന്നിധാനത്തുതന്നെ നടത്തണമെന്ന് 2023 ഏപ്രിലിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേക നിർദേശവും നൽകിയിരുന്നു.

ഇതെല്ലാം മറികടക്കപ്പെട്ടു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുടെ മറവിൽ ദേവസ്വം അധികൃതരുമായി ഒത്തുകളിച്ച് പല സാമ്പത്തിക ഇടപാടുകളും നടത്തിയതായാണ് വാർത്ത. കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും പറയപ്പെടുന്നു. പലിശയ്ക്ക് പണം നൽകിയതായും, ആരുടെയൊക്കെയോ ഇടനിലക്കാരനാണെന്നും റിപ്പോർട്ടുകൾ വരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തതോടെ അയ്യപ്പഭക്തരെ കബളിപ്പിച്ച് വോട്ടുനേടാൻ പിണറായി സർക്കാരും ദേവസ്വം ബോർഡും ശ്രമം നടത്തുന്നതായുള്ള ആരോപണത്തിനിടെയാണ് സ്വർണപ്പാളി വിവാദം കൊഴുത്തത്.

പമ്പയിൽ സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം പരാജയമായി മാറിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ തികഞ്ഞ അയ്യപ്പ ഭക്തനാണെന്നും, ശബരിമലയുടെ കാര്യത്തിൽ സർക്കാർ മുൻ നിലപാടുകൾ മാറ്റിയെന്നുമൊക്കെ പ്രചാരണം നടക്കുന്നുമുണ്ട്. ഭഗവാനെന്തിനു പാറാവെന്ന നായനാരുടെ ചോദ്യമൊക്കെ സി.പി.എമ്മിനിപ്പോൾ പഴങ്കഥ. ഇതിനിടെ സംഭവിച്ച കനത്ത തിരിച്ചടിയായി പുതിയ സംഭവ പരമ്പര. ദ്വാരപാലക ശില്പങ്ങളുടെ കാര്യത്തിൽ മാത്രമല്ല ദേവസ്വം ബോർഡിൽ സൂക്ഷിച്ചിരുന്ന സ്വർണനാണയങ്ങളുടെയും മറ്റും കാര്യത്തിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

കൃത്യമായ ഇടവേളകളിൽ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി ദേവസ്വം ബോർഡ് ഓഡിറ്റിംഗ് നടത്തിയിട്ടില്ല. ഇക്കാര്യംകൊണ്ടു തന്നെ കാണിക്കയായി ലഭിച്ച വസ്തുക്കൾ സ്‌ട്രോംഗ് റൂമിൽ എല്ലാം അതേപടി ഉണ്ടെന്നതു സംബന്ധിച്ച് ഉറപ്പ് പറയാൻ ആർക്കും കഴിയില്ലെന്നതാണ് നിലവിലെ അവസ്ഥ. ദാരുശില്പ പീഠങ്ങൾ നഷ്ടപ്പെട്ട കാര്യം ആറുവർഷം കഴിഞ്ഞ് ഇപ്പോൾ ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണം വന്നപ്പോഴാണ് ബോർഡിനുതന്നെ മനസിലായത്. 

ക്ഷേത്ര സ്വത്തുക്കൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന ആവശ്യം ഇതോടെ ശക്തി പ്രാപിക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ ലഭിക്കുന്ന സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ രജിസ്റ്ററിൽ രേഖപ്പെടുത്തി സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുന്ന രീതിയാണ് പൊതുവെ നിലനിൽക്കുന്നത്. കൃത്യമായ ഇടവേളകളിൽ സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നവ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് നിയമാവലിയിൽ ഉണ്ടെങ്കിലും ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഇതൊന്നും നടക്കാറില്ലെന്നതാണു വസ്തുത.

ശബരിമല ക്ഷേത്രത്തിൽ ലഭിക്കുന്ന വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും ഡിജിറ്റൽ രേഖകളാക്കി സൂക്ഷിക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുകയാണിപ്പോൾ. വൈകി വന്ന ബുദ്ധി തന്നെ. ഇതുവരെയും ക്ഷേത്രങ്ങളിൽ നിന്ന് സ്വർണമോ തത്തുല്യമായ മറ്റ് അമൂല്യവസ്തുക്കളോ മോഷണം പോവുകയോ കാണാതാവുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ മാത്രമാണ് രജിസ്റ്ററുമായി ഒത്തുനോക്കി ഇതെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ആധുനിക കാലത്ത് ക്ഷേത്രങ്ങളിൽ ലഭിക്കുന്ന എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും ഡിജിറ്റൽ രേഖകളാക്കി കമ്പ്യൂട്ടറിൽ സൂക്ഷിക്കാനാവും. 'അച്ചടക്കം മറന്നുള്ള അവിഹിതം' കണ്ടെത്താൻ സമയബന്ധിത ഓഡിറ്റിംഗ് ഉപകരിക്കും.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam