'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': വല്ലതും നടക്കുമോ?

MARCH 26, 2024, 3:45 PM

ഇന്ത്യയില്‍ 2029 ല്‍ ഒറ്റ തിരഞ്ഞെടുപ്പ് സാധ്യമാകുമോയെന്നാണ് ജനം ഉറ്റുനോക്കുന്നത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതി, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് കൈമാറി. 191 ദിവസത്തെ പഠനത്തിന് ശേഷമാണ് 18,000 പേജുകളുള്ള റിപ്പോര്‍ട്ട് സമിതി തയ്യാറാക്കിയത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം 100 ദിവസത്തിനുള്ളില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും പഞ്ചായത്ത് തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനും സമിതി ശുപാര്‍ശ ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ. സിംഗ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരും അംഗങ്ങളാണ്.

വിഷയത്തില്‍ ഉന്നതതല സമിതി എന്താണ് ശുപാര്‍ശ ചെയ്യുന്നതെന്നും, എന്തുകൊണ്ടാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ആശയത്തെ എതിര്‍ക്കുന്നതെന്നും പരിശോധിക്കാം.

ആദ്യഘട്ടത്തില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താനാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിന്റെ കാലാവധി സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 83, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 172, എന്നിവ ഭേദഗതി വരുത്തുകയും ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 82 അ എന്ന ഒരു പുതിയ ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഇത് നടപ്പിലാക്കുന്നതിനായി പുതുതായി രൂപീകരിക്കുന്ന ലോക്സഭയുടെ ആദ്യ സിറ്റിംഗ് തീയതിയില്‍ രാഷ്ട്രപതിക്ക് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും പാനല്‍ നിര്‍ദ്ദേശിച്ചു.

സമിതിയുടെ ശുപാര്‍ശ പ്രകാരം പൊതു തിരഞ്ഞെടുപ്പില്‍ രൂപീകരിക്കപ്പെടുന്ന എല്ലാ നിയമസഭകളും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന സഭയുടെ കാലാവധി തീരുന്ന മുറയ്ക്ക് അവസാനിക്കും. ഇനി തൂക്കുസഭ വരികയോ, അവിശ്വാസ പ്രമേയം പാസാവുകയോ സംസ്ഥാന അസംബ്ലി പിരിച്ചുവിടുകയോ ചെയ്താല്‍ അവശേഷിക്കുന്ന കാലാവധി അവസാനിക്കുന്നതോടെ പുതിയ തിരഞ്ഞെടുപ്പ് നടത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഇടക്കാല തിരഞ്ഞെടുപ്പായാണ് ഇതിനെ കണക്കാക്കുന്നത്.

ഈ രീതിയില്‍ അഞ്ച് വര്‍ഷത്തിന് ശേഷം ലോകസഭയുടെയും എല്ലാ സംസ്ഥാന നിയമസഭകളുടെയും കാലാവധി ഒരേസമയം അവസാനിക്കുകയും ഒരേ സമയം ഇവരെല്ലാം ഒരു പൊതു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയും ചെയ്യും എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് വികസനത്തെയും ഐക്യത്തെയും പ്രോത്സാഹിപ്പിക്കുമെന്നും ജനാധിപത്യത്തിന്റെ അടിത്തറ ദൃഢമാക്കുമെന്നും സമിതി വിലയിരുത്തി.

സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) ഒറ്റ വോട്ടര്‍ പട്ടികയും ഒറ്റ വോട്ടര്‍ ഐഡി കാര്‍ഡും തയ്യാറാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും പാനല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 325 ഭേദഗതി ചെയ്യാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അതേസമയം ഈ ആശയം നടപ്പാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പല രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

ഒരേസമയം വോട്ടെടുപ്പ് നടത്താന്‍ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നതിനേക്കാള്‍ ഇരട്ടി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎം) വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) മെഷീനുകളും ആവശ്യമായി വരുമെന്നതിനാല്‍ ഈ നീക്കം അപ്രായോഗികമാണെന്നാണ് ഇതിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം. എന്നാല്‍ ഇവയ്ക്കെല്ലാം ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍കൂട്ടി ഒരു പദ്ധതി തയ്യാറാക്കണമെന്ന് രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി വ്യക്തമാക്കി.

ഒരേസമയം തിരഞ്ഞെടുപ്പ് നടത്തിയാല്‍ 77 ശതമാനം വോട്ട് ചെയ്യുന്ന ആളുകള്‍ ഒരേ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് 2015 ല്‍ ഐഡിഎഫ്സി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആറ് മാസത്തെ ഇടവേളയില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ 61 ശതമാനം വോട്ടര്‍മാര്‍ മാത്രമേ ഒരേ പാര്‍ട്ടിയെ തിരഞ്ഞെടുക്കൂ.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam