ദൈവവിശ്വാസികൾ കാത്തിരിക്കുന്ന രക്ഷകൻ നരേന്ദ്ര മോദിയോ..?

MAY 29, 2024, 9:43 AM

ഇന്ത്യപോലൊരു രാജ്യത്ത് താൻ ദൈവത്താൽ അയക്കപ്പെട്ടവനാണ്. ദൈവഹിതമാണ് താൻ നടപ്പാക്കുന്നത് എന്നൊക്കെ പറയുന്നത് രാഷ്ട്രീയമായി പ്രയോജനം കിട്ടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നരേന്ദ്ര മോദി അത് പറഞ്ഞത്. അതും വാരണസി പോലൊരു പാർലമെന്റ് മണ്ഡലത്തിൽ. അവിടെ നിന്നുമാല്ലോ അദ്ദേഹം ഇത്തവണയും മത്സരിച്ചത്..!

ഒടുവിൽ അതും സംഭവിച്ചു. അതേ ഇന്ത്യയെ വികസനത്തിലേക്ക് നയിക്കാൻ ദൈവം അയച്ചതാണ് തന്നെയെന്നും, താൻ ചെയ്യുന്നത് എല്ലാം ഒരു ദിവ്യശക്തി കൊണ്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറയുന്നിടത്തോളം വരെ കാര്യങ്ങളെത്തിയിരിക്കുന്നു...!

തളരാതെ അധ്വാനിക്കാൻ ഈശ്വരൻ തനിക്ക് ശക്തി നൽകിയിട്ടുണ്ടത്രെ..! യുപിയിലെ വാരാണസിയിൽ കഴിഞ്ഞ 14ന് ഒരു നൽകിയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ: 'അമ്മ ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെപ്പോലെ ജനിച്ചയാളാന്നേ ഞാനും കരുതിയിരുന്നുള്ളു. അമ്മയുടെ നിര്യാണത്തിനു ശേഷം, എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഈശ്വരൻ എന്നെ അയച്ചതാണെന്ന് എനിക്ക് ബോധ്യമായി.

vachakam
vachakam
vachakam

ഈ ഊർജം എന്റെ ശരീരം തരുന്നതല്ല, ഈശ്വരൻ തരുന്നതാണ്. ഒരു ലക്ഷ്യം സാക്ഷാത്കരിക്കാനായി ദൈവം കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നൽകിയതായി ഞാൻ വിശ്വസിക്കുന്നു. ഞാൻ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാൽ എന്തു ചെയ്യുമ്പോഴും ഈശ്വരൻ എന്നെ നയിക്കുന്നതായി ഞാൻ കരുതുന്നു.'

ദൈവം നിയോഗിച്ചു എന്നു പറയുന്ന ഈ വ്യക്തിയുടെ പിന്നാമ്പുറകഥ ഇങ്ങനെ:
1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധ കാലഘട്ടത്തിലാണ് മോദി ആർ.എസ്സ്.എസ്സിൽ ചേരുന്നത്. 1975 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോയ മോദി, അവിടെയിരുന്ന് കേന്ദ്ര സർക്കാരിനെതിരേ വേണ്ടതും വേണ്ടാത്തതുമൊക്കെ എഴുതിയുണ്ടാക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. ജയപ്രകാശ് നാരായൺ അടിയന്തരാവസ്ഥക്കെതിരേ നടത്തിയ സമരങ്ങളിലും, മോദി ഭാഗഭാക്കായിരുന്നു.

1985ൽ ആണ് ബി.ജെ.പിയിൽ ചേരുന്നത്. അങ്ങിനെ ചെയ്യാൻ ആർ.എസ്സ്.എസ്സാണു മോദിയോട് ആവശ്യപ്പെട്ടത്. 1988ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു. 1995ൽ ഗുജറാത്തിൽ ബി.ജെ.പി നേടിയ വൻവിജയത്തിനു പിന്നിൽ മോദിയുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും വേണ്ടുവോളമുണ്ടായിരുന്നു. പിന്നീട് അതേ തന്ത്രങ്ങൾ ഡോസ് കൂട്ടി അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രധാനമന്തി പദത്തിലുമെത്തി. അപ്പോഴൊന്നും ഈ ദൈവീകത തൊട്ടുതെറുപ്പിക്കാൻ പോലും ഉള്ളതായി അറിവില്ല. അധികാരത്തിൽ 10 വർഷം പിന്നിട്ടശേഷമാണിപ്പോൾ ദൈവീക പരിവേഷം അണിയുന്നത്.

vachakam
vachakam
vachakam

ഈ തെരഞ്ഞെടുപ്പിൽ മോദി ആദ്യം തന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു പറഞ്ഞുതുടങ്ങിയത്. പിന്നീട് ജാതിയായി, അതിനുശേഷം വിദ്വേഷ പ്രചാരണമായി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടം കഴിയുമ്പോൾ പ്രധാനമന്ത്രി മോദിയുടെ പ്രസംഗങ്ങളിലെ ഗതിവ്യതിയാനം വ്യക്തമായി കാണാൻ കഴിയുന്നതായി.
കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതുവരെ 'ശാന്തമായി' പ്രചാരണം നടത്തിയ മോദി, പൊടുന്നനെ ഉഗ്രരൂപംപൂണ്ടു. പിന്നീട് രാജ്യം കണ്ടത്, പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വലിയ വിദ്വേഷപ്രസംഗങ്ങളാണ്.

മാർച്ച് 17 മുതൽ മേയ് 15 വരെ നരേന്ദ്ര മോദി നടത്തിയ 111 പ്രസംഗങ്ങളിൽ, ഏറ്റവും കൂടുതൽ കടന്നാക്രമിച്ചത് രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമാണ്. ബി.ജെ.പിക്കു 400ന് മുകളിൽ സീറ്റെന്ന ആഹ്വാനവുമായാണ് മോദി പ്രചാരണം ആരംഭിച്ചത്. വികസനം, ഇന്ത്യ വിശ്വഗുരുവാകുന്നു, 2047ലെ തന്റെ വികസിതഭാരത സ്വപ്‌നങ്ങൾ തുടങ്ങിയവയായിരുന്നു മോദിയുടെ ആദ്യഘട്ടത്തിലെ പ്രസംഗങ്ങളിൽ നിറഞ്ഞുനിന്നത്.

ഏപ്രിൽ അഞ്ചിന് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. അതോടെ അപകടം മനസിലാക്കിയ മോദി ഉടൻ ട്രാക്ക് മാറ്റി. കോൺഗ്രസിന്റെ പ്രകടനപത്രികയിലെ ചില ഭാഗങ്ങൾ മാത്രം ചർച്ചയാക്കി, മറ്റു വാഗ്ദാനങ്ങൾ ചർച്ചയാക്കാതിരിക്കാനായിരുന്നു മോദിയുടെ ശ്രമം. അതിനുവേണ്ടി, കോൺഗ്രസിന്റെ പ്രകടനപത്രികയെ സ്വാതന്ത്ര്യത്തിനു മുൻപുള്ള മുസ്ലിംലീഗിന്റെ നിലപാടുകളോട് ഉപമിച്ചു, പാകിസ്താനെ സഹായിക്കുന്ന പ്രകടനപത്രികയാണെന്ന് പറഞ്ഞു.
ഹിന്ദുമുസ്ലിം താരതമ്യവും കോൺഗ്രസ് ദളിതരുടെയും ആദിവാസികളുടെയും പിന്നാക്കവിഭാഗക്കാരുടെയും സ്വത്ത് തട്ടിയെടുത്ത് മുസ്ലിം വിഭാഗത്തിനു നൽകുമെന്നും ഒ.ബി.സി സംവരണം മുസ്ലിങ്ങൾക്കു നൽകുമെന്നും തുടങ്ങി വിദ്വേഷ പ്രസംഗങ്ങളുടെ പരമ്പര തന്നെ പിന്നാലെയുണ്ടായി.

vachakam
vachakam
vachakam

45 തവണയാണ് മോദി തൊഴിലിനെക്കുറിച്ച് പ്രസംഗിച്ചത്. സർക്കാർ നടപ്പിലാക്കിയ തൊഴിൽ പദ്ധതികളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ഈ പ്രസംഗങ്ങൾ. പ്രതിപക്ഷം സർക്കാരിന്നെതിരെ നിരന്തരമുയർത്തുന്ന പണപ്പെരുപ്പം അടക്കമുള്ള വിഷയങ്ങളിലും മോദി പ്രതികരണം നടത്തിയിട്ടുണ്ട്. എന്നാൽ, അധികം ഈ വിഷയങ്ങളിൽ ഊന്നി സംസാരിച്ചിട്ടില്ല. അഞ്ച് പ്രസംഗങ്ങളിൽ മാത്രമാണ് അദ്ദേഹം പണപ്പെരുപ്പത്തെക്കുറിച്ച് സംസാരിച്ചത്. പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നായിരുന്നു ഈ പ്രസംഗങ്ങളിൽ മോദിയുടെ വാദം. പത്ത് പ്രസംഗങ്ങളിൽ കേന്ദ്രപദ്ധതികളെക്കുറിച്ചും പ്രതിപക്ഷ പാർട്ടികൾ നടത്തിയ അഴിമതിയെക്കുറിച്ചും മോദി സംസാരിച്ചു.

കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതിനു മുൻപ് മോദി നടത്തിയ പത്ത് പ്രസഗങ്ങളിൽ ഇന്ത്യ വിശ്വഗുരുവായി മാറിയെന്ന പ്രചാരണം മോദി നടത്തി. ഇന്ത്യ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നായിരുന്നു മോദിയുടെ അവകാശവാദം. എന്നാൽ, പാളിയ വിദേശനയങ്ങൾ അടക്കം ചർച്ചയിലേക്കു വരുമെന്ന ഘട്ടമെത്തിയപ്പോൾ മോദി 'വിശ്വഗുരു പ്രസംഗം' അവസാനിപ്പിച്ചു. പിന്നെ കണ്ടേത്തിയ വഴിയാണ് 'ദൈവത്താൽ നിയോഗിക്കപ്പെട്ടവൻ' എന്ന പ്രയോഗം. ഇങ്ങനെ ദൈവത്താൽ നിയോഗിക്കപ്പെട്ടവൻ എന്ന വിശ്വാസത്തോടെ അത് പൊതുജനത്തോട് വിളിച്ചു പറയുകയും ചെയ്യുന്ന ആദ്യ നേതാവൊന്നുമല്ല മോദി.

ജർമ്മനിയുടെയും ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും അമേരിക്കയുടെയും ഉൾപ്പെടെയുള്ള ചരിത്രങ്ങളിൽ ഇത്തരം വിചിത്ര സ്വഭാവമുള്ള പേരുകൾ വേറെയുമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ അതായത് ഇരുണ്ട കാലഘട്ടം എന്ന് വിശേഷിപ്പിച്ച നാളുകളിൽ ദൈവിക അവകാശ സിദ്ധാന്തം എന്ന രാഷ്ട്രീയ ലൈൻ തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
സ്വർഗ്ഗത്തിൽ നിന്നുള്ള ഹിതമായി ഭരണാധികാരികൾ അവതരിപ്പിക്കപ്പെട്ടിരുന്നു, പിന്നീട് അത്തരക്കാരുടെ ചെയ്തികൾ അസഹനീയമായപ്പോൾ അവരെ പുറത്താക്കുന്നതും ദൈവഹിതം തന്നെയായി വ്യാഖ്യാനിക്കപ്പെട്ടു എന്നതാണ് രസകരമായ കാര്യം.

അധികാരത്തിൽ ഇരിക്കുമ്പോൾ എന്ത് കൊള്ളരുതായ്മയും കാണിച്ചാൽ അത് ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള ദൈവികത്വം അവകാശപ്പെടുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായതിനാൽ ഭാവിയിൽ ദൈവരാജ്യം തന്നെ വന്നു കൂടായ്ക ഇല്ലെന്ന് അവർ പ്രതീക്ഷിക്കുന്നു. അതിൽ വിശ്വസിക്കുന്നു..!
ഇന്ത്യയിൽ ദൈവഹിതം അവതരിപ്പിച്ചാൽ രാഷ്ട്രീയമായി പ്രയോജനം കിട്ടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മോദി അത് പറഞ്ഞതെന്ന കാര്യത്തിൽ തെല്ലും സംശയമില്ല.

അതും വാരണസി പോലൊരുപാർലമെന്റ് മണ്ഡലത്തിൽ. അവിടെ നിന്നുമാല്ലോ അദ്ദേഹം മത്സരിച്ചതും..! ഭരണത്തിലൊരാൻ ദൈവഹിതത്തെ കൂട്ടുപിടിക്കുന്നത് നമ്മുടെ രാജ്യത്താകുമ്പോൽ അത് ജനാധിപത്യസംവിധാനത്തിനും എന്തിനേറെഭരണഘടനയ്ക്കും എതിരായ സംഗതിയാണ്.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam