റഷ്യന്‍ ചാരനെന്ന് വിശ്വസിച്ചു പോന്നിരുന്ന ബെലൂഗ തിമിംഗലമായ ഹ്വാള്‍ഡിമിറിനെ കടലില്‍ ചത്തനിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നോര്‍വേയില്‍ വച്ചാണ് തിമിംഗലത്തിന്റെ ശരീരം കണ്ടെത്തിയതെന്നാണ് വിവരം. 2019ലാണ് ഈ തിമിംഗലം ലോക ശ്രദ്ധയാകര്‍ഷിച്ചത്. റഷ്യന്‍ ചാരനാണ് ഇതെന്നായിരുന്നു പൊതുവെ വിശ്വസിച്ചു പോന്നിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
14 അടി നീളവും 1225 കിലോഗ്രാം ഭാരവുമുള്ള തിമിംഗലം അഞ്ച് വര്‍ഷം മുമ്പ് ഒരു ക്യാമറയ്ക്കായി രൂപകല്‍പ്പന ചെയ്തതായി തോന്നുന്ന പ്രത്യേക ഭാഗവുമായി കണ്ടെത്തിയതോടെ ആയിരുന്നു വാര്‍ത്തകളില്‍ ഇടം നേടിയത്. ഇതോടെ ഈ തിമിംഗലം ഒരു റഷ്യന്‍ രഹസ്യാന്വേഷണ ദൗത്യത്തിന്റെ ഭാഗമാണെന്ന് വ്യാപകമായ അഭ്യൂഹങ്ങളും പ്രചാരണങ്ങളും നടന്നിരുന്നു.
സെന്റ് പീറ്റേഴ്സ്ബര്‍ഗിന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്ന ചില ഉപകരണങ്ങള്‍ തിമിംഗലത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പക്ഷേ ഒരിക്കല്‍ പോലും തിമിംഗലത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയോ ഇക്കാര്യത്തില്‍ തുറന്ന് സംസാരിക്കാനോ റഷ്യ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഇതിന്റെ നിഗൂഢത വര്‍ധിച്ചത്.
ഹ്വാള്‍ഡിമിര്‍ തിമിംഗലവും പിന്നിലെ നിഗൂഢതയും
2019 ല്‍ റഷ്യന്‍ സമുദ്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെ നോര്‍വേയുടെ വടക്കന്‍ ജലാശയത്തിലെ ഇങ്കോയ ദ്വീപിന് സമീപം കണ്ടെത്തിയതോടെയാണ് ഹ്വാള്‍ഡിമിര്‍ ആദ്യമായി താരമാവുന്നത്. അതിന്റെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറ സംവിധാനത്തില്‍ 'എക്വിപ്പ്‌മെന്റ് സെന്റ് പീറ്റേഴ്സ്ബര്‍ഗ്' എന്ന് അടയാളപ്പെടുത്തിയത് ഈ ജീവി ഒരു റഷ്യന്‍ ഗവേഷണ പരിപാടിയുടെ ഭാഗമായിരുന്നുവെന്ന് നോര്‍വേയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സി സംശയിക്കാന്‍ കാരണമായി.
മനുഷ്യരോടുള്ള അസാധാരണമായ സൗഹാര്‍ദ്ദപരമായ പെരുമാറ്റത്തോടൊപ്പം ഈ ഉപകരണത്തിന്റെ സാന്നിധ്യവും കൂടിയായതോടെ ഇത് കൃത്യമായ പരിശീലനം ലഭിച്ച ഒരു ജീവി ആണെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. രഹസ്യാന്വേഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണെന്ന വര്‍ദ്ധിച്ചുവരുന്ന തെളിവുകള്‍ ഉണ്ടായിരുന്നിട്ടും, റഷ്യ ഒരിക്കലും ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതാണ് ഹ്വാള്‍ഡിമിറിന്റെ നിഗൂഢതയ്ക്ക് വഴിയൊരുക്കിയത്.
ആര്‍ട്ടിക് ജലാശയങ്ങളിലെ വിദൂര മേഖലകളില്‍ വസിക്കുന്നതും സാധാരണയായി മനുഷ്യരോട് ജാഗ്രത പുലര്‍ത്തുന്നതുമായ മിക്ക ബെലുഗ തിമിംഗലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഹ്വാള്‍ഡിമിര്‍ ആളുകളോട് അടുപ്പം കാണിച്ചിരുന്നു. സിഗ്‌നലുകളോട് കൃത്യമായി പ്രതികരിക്കുക, മനുഷ്യരുടെ ഇടപെടലില്‍ താല്‍പര്യം കാട്ടുക തുടങ്ങിയ പെരുമാറ്റമാണ് ചാര സിദ്ധാന്തത്തിന് ആക്കം കൂട്ടിയത്.
വാരാന്ത്യത്തിലാണ് തെക്കന്‍ നോര്‍വേയുടെ തീരത്ത് പൊങ്ങിക്കിടക്കുന്ന നിലയില്‍ ഹ്വാള്‍ഡിമിറിന്റെ മൃതദേഹം കണ്ടെത്തിയത്. മറൈന്‍ മൈന്‍ഡ് പറയുന്നതനുസരിച്ച്, മരണത്തിന് ഒരു ദിവസം മുമ്പാണ് തിമിംഗലത്തെ അവസാനമായി കണ്ടത്. അന്ന് തീര്‍ത്തും ആരോഗ്യവാനായിരുന്നു ഈ ജീവി. ഇതോടെ ജീവിച്ചിരുന്ന കാലത്തെ നിഗൂഢതകള്‍ മരണശേഷവും പേറുകയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1