ടി.പിയോട് ജനം ചോദിക്കുന്നു : ഇങ്ങനെയൊക്കെ ചെയ്യാമോ ഇങ്ങനെയൊക്കെ പറയാമോ

SEPTEMBER 12, 2024, 11:37 AM

എ. ഡി. ജി. പി.യും പി. ശശിയും കത്തിനിന്ന മാധ്യമ ദൃശ്യങ്ങളിലേക്ക് ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ഇടത് മുന്നണിയുടെ പുതിയ കൺവീനർ ടി.പി. രാമകൃഷ്ണന്റെ സുസ്‌മേര സ്വാഗതം കണ്ട് കേരളമൊന്ന് പകച്ചു. കാരണം, അജിത് കുമാറോ പി. ശശിയോ കൺവീനറുടെ ലിസ്റ്റിൽ ഇല്ല. പകരം, ഇടത് മുന്നണി ജനങ്ങളുടെ നീറിപ്പുകയുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള തത്രപ്പാടിലാണെന്ന് 32 പല്ലും കാണിച്ച് ടി.പി. പറഞ്ഞതോടെ മാധ്യമങ്ങൾ മഞ്ഞളിച്ചു. മാധ്യമങ്ങളും ഇനി ജനകീയ പ്രശ്‌നങ്ങൾ പഠിക്കാനും റിപ്പോർട്ട് ചെയ്യാനും ശ്രമിക്കണമെന്ന ജേർണലിസം ക്ലാസോടെ കൺവീനർ കസേര വിട്ടു. തലസ്ഥാനത്തുള്ള എല്ലാ മാധ്യമ പ്രവർത്തകരും അതോടെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ പെട്ടിയും തൂക്കിയിറങ്ങിയത്രെ. ഹാവൂ, ഈ ഓണത്തിന് ഇടത് മുന്നണിയുടെ ഈ ഇടിവെട്ട് ഓഫർ കേട്ട് കേരളം ഒന്നാകെ 'ഓണപ്പാട്ടിന്റെ' റിഹേഴ്‌സൽ തുടങ്ങിയിട്ടുണ്ട്. എന്നാലും എന്റെ  'ടീ.പ്പീ.' ഇങ്ങനെ 'കൊഞ്ഞാണ വർത്താനം' പറയാൻ അങ്ങേയ്ക്ക് ഒരു ഉളുപ്പുമില്ലേ ?

കാലാവസ്ഥയും രാഷ്ട്രീയവും 'കിളി പോയ' പരുവത്തിൽ  !

കേരളത്തിലെ കാലാവസ്ഥ 'കിളിപോയ' മട്ടിലാണ്. തെക്കൻ കേരളത്തിൽ ചന്നം പിന്നം ചാറ്റൽ മഴയും വെയിലും. മധ്യകേരളത്തിൽ വെയിലും മഴയും കബഡി കളിക്കുന്നു. വടക്കൻ കേരളത്തിൽ രാത്രിയും രാവിലെയും കനത്ത മഴ, ഉച്ചനേരത്ത് മലബാറിൽ മഴ മാറിനിൽക്കും. വൈകുന്നേരങ്ങളിൽ മദ്യപാനിയായ കുടുംബനാഥൻ വീട്ടിലേക്ക് ഇരച്ചെത്തുന്നതുപോലെ ഒരു വരവാണ്. പിന്നെ ഇടിയായി, മിന്നലായി, മഴയായി, ആകെ പൊടി പൂരം. ചുരുക്കത്തിൽ കേരളത്തിലെങ്ങും കാലാവസ്ഥയെ 'നമ്പാൻ' കൊള്ളാത്ത അവസ്ഥ.

vachakam
vachakam
vachakam

കേരളാ രാഷ്ട്രീയത്തിലും സ്ഥിതി ഇതൊക്കെ തന്നെ. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. ദാവൂദ് ഇബ്രാഹിമാകാൻ പഠിക്കുന്ന നൊട്ടോറിയസ് ക്രിമിനലാണെന്നാണ് പി.വി. അൻവർ എം.എൽ.എ. യുടെ മുഖ്യ ആരോപണം. പേര് എഴുതി കൊടുക്കാത്ത അൻവറിക്കയുടെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെപ്പറ്റിയും ആരോപണമുണ്ട്. ഏതായാലും അൻവർ പൊതു പരിപാടിയിൽ വച്ച് 'നിർത്തിപ്പൊരിച്ച' മലപ്പുറം എസ്.പി എൻ. ശശിധരനെയും 8 ഡിവൈ.എസ്.പി മാരേയും ഇതിനകം സർക്കാർ സ്ഥലം മാറ്റിക്കഴിഞ്ഞു. എഡി.ജി.പി, പൊളിറ്റിക്കൽ സെക്രട്ടറി എന്നിവർക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്ന 'അത്യാഗ്രഹ'ത്തിലാണ് മീഡിയ.

പക്ഷേ ബുധനാഴ്ച ഉച്ചയ്ക്ക് മന്ത്രിസഭായോഗവും കഴിഞ്ഞ് രണ്ടരമണിക്ക് ചേർന്ന ഇടതുമുന്നണിയോഗവും ശശിയേയും അജിത് കുമാറിനേയും 'തൊടുന്ന' തീരുമാനങ്ങളിലേക്ക് കടക്കാൻ യാതൊരു സാധ്യതയുമില്ല. മുഖ്യമന്ത്രി ചൊവ്വാഴ്ചത്തെ പൊതുപരിപാടിയിൽ ആർ.എസ്.എസിനെ പണ്ട് നേരിട്ട വീരകഥകൾ പറഞ്ഞ് അണികളെ തൃപ്തിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സി.പി.ഐ, ആർ.ജെ.ഡി എന്നീ കക്ഷികൾ ബുധനാഴ്ച നടക്കുന്ന ഇടതു മുന്നണി യോഗത്തിൽ അവരുടെ 'കലിപ്പ്' പുറത്തെടുക്കാം. പക്ഷേ ഇടതുമുന്നണിയുടെ പുതിയ കൺവീനർ ടി.പി. രാമകൃഷ്ണൻ മുഖ്യമന്ത്രിയുടെ 'ഓമന'കളെ രക്ഷിക്കാൻ ഏറെ വിയർക്കേണ്ടിവന്നു.

വേണ്ടകാര്യങ്ങൾ പറയാൻ മാധ്യമങ്ങൾക്ക് മടിയോ?

vachakam
vachakam
vachakam

ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് എം.പി.മാരിൽ ചിലർ ബി.ജെ.പിയിൽ ചേരാൻ പോകുന്നുവെന്ന് 'ദേശാഭിമാനി' അടക്കമുള്ള മലയാള പത്രങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഡെൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യൻ എക്‌സ്പ്രസി'നെ ഉദ്ധരിച്ചാണ് വാർത്ത ചമച്ചിട്ടുള്ളത്. തരൂരിനെയാണ് ഈ വാർത്തയിൽ നായകനായി അവർ അവതരിപ്പിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ പെറ്റുകളായവർ ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ പ്രതിക്കൂട്ടിലായിരിക്കെ, അത് മറച്ചുവയ്ക്കാനുള്ള പാർട്ടി ക്യാപ്‌സ്യൂളുകളായിരിക്കാം ഇത്. എന്നാൽ സോഷ്യൽ മീഡിയ ഒറ്റയടിക്ക്  4 കോൺഗ്രസ് എം.പി.മാർ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അമിത പ്രതീക്ഷ പ്രകടിപ്പിച്ചു കഴിഞ്ഞു. തരൂർ, കൊടിക്കുന്നിൽ, അടൂർ പ്രകാശ്, എം.കെ. രാഘവൻ എന്നിവരെ കൂറുമാറ്റക്കാരുടെ പട്ടികയിൽ ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വാർത്തയ്ക്ക് ഒരു 'ലോജിക്കി'ല്ലെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെടുകയുണ്ടായി. കോൺഗ്രസിന് 'ചീത്തകാല'മായിരുന്നപ്പോഴും പാർട്ടിയിൽ ഉറച്ചുനിന്നവർ ദേശീയതലത്തിൽതന്നെ കോൺഗ്രസിന് തിളക്കമേറിവരുമ്പോൾ, എങ്ങനെ പാർട്ടി വിട്ടുപോകുമെന്ന് മുരളീധരൻ ചോദിക്കുന്നുമുണ്ട്.

തരൂരിന്റെ 'ഡ്രീംസ്' വേറെ ലെവലാണ്!

തരൂർ പണമുള്ള രാഷ്ട്രീയക്കാരനാണ്. പൂത്ത പണമുണ്ട്. രാഷ്ട്രീയം കളിക്കാൻ അതുകൊണ്ടുതന്നെ പാർട്ടിമേലാളന്മാരെ ആശ്രയിക്കേണ്ടതില്ല. പുസ്തകങ്ങളുടെ വാർഷിക റോയൽറ്റി തന്നെ കോടികൾ വരും. തിരുവനന്തപുരത്തെ എം.പി. സ്ഥാനം രാജിവച്ചൊഴിഞ്ഞാലും ഇല്ലെങ്കിലും പാലക്കാട്ട് നടക്കാൻ പോകുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാലോ എന്ന ചിന്ത തരൂരിനുണ്ട്. ബി.ജെ.പിക്ക് സാമാന്യം നല്ല പിന്തുണയുള്ള പാലക്കാടാണ് തരൂരിന്റെ ജന്മദേശം. 2026ൽ നടക്കാൻ സാധ്യതയുള്ള നിയമസഭാ ഇലക്ഷന് മുമ്പുതന്നെ, ആ മണ്ഡലമൊന്ന് പരിചയപ്പെടാനും കേരളാ നിയമസഭയിൽ കയറിപ്പറ്റാനുമുള്ള 'ഒരുക്കം' തരൂർ തുടങ്ങിയിട്ടുണ്ടാകാം. അങ്ങനെ വന്നാൽ, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ഒരിക്കൽ കൂടി ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കാനും അരങ്ങൊരുങ്ങും.

vachakam
vachakam
vachakam

ബി.ജെ.പി. കേരളത്തോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും വേണ്ടവിധം ജനങ്ങളെ അറിയുക്കുന്നതിൽ പല മാധ്യമങ്ങളും ശ്രമിക്കുന്നില്ല. ജൂലൈ 30നാണ് വയനാട് ദുരന്തമുണ്ടായത്. ദുരന്തമുണ്ടായി പത്ത് ദിവസം തികഞ്ഞ ദിനത്തിൽ പ്രധാനമന്ത്രി വയനാട് സന്ദർശിച്ചു. തനിക്ക് കുട്ടികളെ കൊഞ്ചിക്കാനറിയാമെന്നും ദുരന്തബാധിതരെ നെഞ്ചോട് ചേർക്കാനറിയാമെന്നും പറഞ്ഞ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന മോദി ഡെൽഹിക്ക് മടങ്ങി. ഇതേവരെ ചില്ലിക്കാശ് ദുരന്തത്തിന്റെ പേരിൽ കേരളത്തിന് നൽകിയതേയില്ല. 'ദേശീയ ദുരന്തംലെവൽ 2' ആയി വയനാട്ടിലെ ഉരുൾ പൊട്ടൽ പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. മാത്രമല്ല, രണ്ടായിരം കോടിരൂപയെങ്കിലും കേന്ദ്ര, സംസ്ഥാന ദുരിതാശ്വാസ നിധികളിൽ നിന്ന് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ രണ്ട് ദുരിതാശ്വാസ നിധികളുണ്ട്: ഒന്ന്: എസ്.സി.ആർ.എഫ്. ഈ നിധിയിൽ നിന്നാണ് സംസ്ഥാനങ്ങൾക്ക് ദുരിതാശ്വാസ സഹായം നൽകുന്നത്. ഈ നിധിയിലുള്ളത് 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. രണ്ടാമത്തേത് എൻ.സി.ആർ.എഫ്. ആണ്. ഇതിലേയ്ക്കുള്ള വിഹിതത്തിന്റെ 100 ശതമാനവും കേന്ദ്രമാണ് നിക്ഷേപിക്കുക.

സംസ്ഥാനങ്ങൾക്കുള്ള ദുരിതാശ്വാസ നിധിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പണം അനുവദിക്കുന്നത് എല്ലാ വർഷവും ജൂണിലും ഡിസംബറിലുമാണ്. 2024 -2025ലെ കണക്കനുസരിച്ച് 291.02 കോടി രൂപയാണ് കേരളത്തിനായി കേന്ദ്രം നൽകേണ്ടത്. ഇതിൽ ആദ്യഗഡു 145.6 കോടി രൂപ കേന്ദ്രം നൽകി. ശേഷിച്ച തുകയെങ്കിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് നൽകാമായിരുന്നു. 224 പേർ മരിച്ച വയനാടിനായി ഇതുവരെ കേന്ദ്രം ഒന്നും തന്നിട്ടില്ല. എന്നാൽ വെള്ളപ്പൊക്കം മൂലം 19 പേർ മരിച്ച ആന്ധ്രാപ്രദേശിനും 16 പേർ മരിച്ച തെലങ്കാനയ്ക്കും കേന്ദ്രം പണം നൽകി. ആന്ധ്രായ്ക്കു മാത്രം 3448 കോടി രൂപയാണ് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് കേന്ദ്രം അനുവദിച്ചത്. അഞ്ച് വർഷത്തെ കണക്കനുസരിച്ച് ഇതേ നിധിയിൽ നിന്ന് കേന്ദ്രം ഏറ്റവും കൂടുതൽ പണം അനുവദിച്ചത് യു.പിക്കും (11369 കോടി) ഗുജറാത്തിനു (7802 കോടി)യാണ്! ഈ വർഷത്തെ യു.പിക്കുള്ള വിഹിതം (1791 കോടി) ഇതിനകം കേന്ദ്രം നൽകിക്കഴിഞ്ഞു. അധികാരത്തിൽ തിരിച്ചുവരാനാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്ന കർണാടകയ്ക്കും മോദി നൽകിയത് 3454.22 കോടിയാണ്.

കണ്ട് കൊതിച്ചോളൂ, ഞങ്ങളുടെ പ്രീണനം ഇങ്ങനെ

കേന്ദ്രബജറ്റിൽ ആന്ധ്രയ്ക്കും ബീഹാറിനും വൻതോതിൽ കേന്ദ്രസഹായം ബി.ജെ.പി വാരിക്കോരി നൽകിയത് ബി.ജെ.പി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളുടെ പണംപിടിച്ചുപറിച്ചാണെന്ന് അന്നേ ആരോപണമുയർന്നിരുന്നു. എന്നാൽ അന്നത്തെ ആരോപണമെല്ലാം ധനമന്ത്രി നിഷ്‌ക്കരുണം തള്ളിക്കളയുകയായിരുന്നു.

ഫെഡറൽ സംവിധാനത്തിന് നിരക്കാത്ത കേന്ദ്രത്തിന്റെ വസ്തുതകളും യാഥാർത്ഥ്യങ്ങളും അക്കമിട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് പകരം, നമ്മുടെ ധനകാര്യമന്ത്രി നേരേ പോയത് സുപ്രീംകോടതിയിലേക്കായിരുന്നു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കുള്ള 10 ലക്ഷം രൂപ കേന്ദ്രത്തിന്റെ ഔദാര്യമാണെന്ന് കേന്ദ്രം അവകാശപ്പെട്ടിട്ടും, ആ നഷ്ടപരിഹാരത്തിന്റെ നിജസ്ഥിതി എന്തെന്ന് ജനങ്ങളെ അറിയിക്കാൻ വനം വകുപ്പ് മന്ത്രിക്കുപോലും ഇന്നേവരെ കഴിഞ്ഞിട്ടില്ല!

പാർട്ടി സമ്മേളനങ്ങളെല്ലാം പകൽപ്പൂരങ്ങൾ

സി.പി.എംന്റെ താഴെത്തട്ടിലുള്ള കേഡർ തലങ്ങളിൽ നിന്ന് സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുയരുന്നുണ്ട്. അണികൾ പോലീസ് വകുപ്പിനെ വല്ലാതെ പ്രതിക്കൂട്ടിലാക്കുന്നു. സ്റ്റേഷനിൽ പോയി പോലീസിനെ വിരട്ടിയിരുന്ന സഖാക്കൾ വല്ലാത്ത ധർമ്മസങ്കടത്തിലാണ്. അതേസമയം, ബി.ജെ.പി ക്കാരനേയും എന്തിന് കോൺഗ്രസുകാരനെപ്പോലും പോലീസ് സ്റ്റേഷനിൽ 'കാവി, ത്രിവർണ്ണ കാർപ്പറ്റിട്ട്' ഏമാൻമാർ സ്വീകരിക്കുന്നുണ്ടത്രെ.

ടി.പി. സെൻകുമാറിന് കാവിയുടെ മണമുണ്ടെന്ന് പറഞ്ഞാണ് ഡി.ജി.പി തസ്തികയിൽ നിന്ന് പിണറായി അദ്ദേഹത്തെ  മാറ്റി നിർത്തിയത്. അതേ പിണറായി ആർ.എസ്.എസ്. നേതാക്കളെ ഊഴം വച്ച് സന്ദർശിച്ച എ.ഡി.ജി.പിയോട് എന്തിന് മൃദുസമീപനം പുലർത്തുന്നുവെന്ന ചോദ്യം പല രാഷ്ട്രീയക്കാരും ചോദിക്കുന്നുണ്ട്. ഇതിനൊന്നും സർക്കാരിന് മറുപടിയില്ല. അതായത്, കേന്ദ്രത്തെയോ ബി.ജെ.പി യെയോ ചൊറിയാൻ ഇടതു സർക്കാർ തൽക്കാലം ഒരുക്കമല്ലെന്ന് ചുരുക്കം.

അന്തർധാരകളുടെ അന്തംവിട്ട പോക്കോ?

അധികാരം നിലനിർത്തുക, മുഖ്യമന്ത്രിസ്ഥാനത്ത് പിണറായി തന്നെ ഉണ്ടാവുകയെന്നത് ചില സംസ്ഥാന ബി.ജെ.പി നേതാക്കളുടെ കൂടി 'ഒളി അജണ്ട'യാണ്. ഈ അജണ്ട നടപ്പാക്കാൻ പോലീസിലൂടെ ശ്രമിക്കുമ്പോൾ, 'ചുവപ്പ്' പെട്ടെന്നുതന്നെ 'കാവിനിറം' പ്രാപിക്കുകയാണെന്ന തോന്നലാണ് പൊതുജനത്തിന് ഇപ്പോഴുള്ളത്.

അടുത്തവർഷം മധ്യത്തിൽ നടക്കേണ്ട പഞ്ചായത്ത് തെരഞ്ഞെടുപ്പ് 'പാർട്ടിക്ക് പഞ്ചാപത്തു തെരഞ്ഞെടുപ്പായി' മാറാമെന്ന് 'ഗോവിന്ദൻ മാസ്റ്ററും കുട്ട്യോളും' ഭയപ്പെടുന്നുണ്ട്. ബ്രാഞ്ചു സമ്മേളനങ്ങളിൽ ഉയരുന്ന കലാപക്കൊടികളുടെ നിറം 'കാവിനിറ' മായി മാറുന്ന ഗതികേട് കണ്ട് എന്തുചെയ്യണമെന്നറിയാതെ ഓണമാഘോഷിക്കേണ്ടിവരുന്ന ചില സി.പി.എം നേതാക്കളാകട്ടെ, ഇപ്പോഴും ഭരണത്തിൽ നിന്ന് ലഭിക്കാനിടയുള്ള 'ബെൻസാ, ബെൻസാ' ഓഫറുകൾക്ക് മുന്നിൽ വാപൊത്തി നിൽക്കുകയാണോ?

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam