ചിക്കമംഗ്ലൂർ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ ഹൈകമാൻഡ് യോഗം വിളിച്ചു. ആ യോഗത്തിൽ മുഖ്യമന്ത്രി ആന്റണി പങ്കെടുത്തിരുന്നില്ല. എന്നാൽ ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: 'ഇന്ദിരാഗാന്ധിയുടെ കോൺഗ്രസുമായി രഹസ്യമോ പരസ്യമോ ആയ ധാരണ ഉണ്ടാക്കിയാൽ എതിർക്കുമെന്ന് പ്രസംഗിച്ചു. ദിവസങ്ങൾക്കുള്ളിൽ ആന്റണി അറിയുന്നത് ഇന്ദിരാഗാന്ധിയെ പരോക്ഷമായി പിന്തുണയ്ക്കാൻ കോൺഗ്രസ് പാർട്ടി നേതൃത്വം തീരുമാനിച്ചു എന്നാണ്. അതോടെ മുഖ്യമന്ത്രി പദം രാജിവച്ചു ആന്റണി.
ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്യുമ്പോൾ അവർ തികച്ചും അക്ഷോഭയായിരുന്നു. സന്ധ്യ ആയതോടെ അവരെ കാറിൽ കയറ്റി കൊണ്ടു പോയി. ഇന്ദിരാഗാന്ധിയോടൊപ്പം പി.സി.ആർ. ഗോഖലെ, കെ.സി.എം മാളവിയ, സി.പി. ചതോപധ്യായ എന്നിവരെയും അറസ്റ്റ് ചെയ്തതായി വിവരം കിട്ടി. റായ്ബറയിലെയും പ്രചാരണത്തിന് 104 ജീപ്പുകൾ രണ്ടു സ്വകാര്യ കമ്പനിയിൽ നിന്നും സംഘടിപ്പിച്ചു എന്നായിരുന്നു കേസ്. മറ്റു മന്ത്രിമാരുടെ പേരിലുള്ള ചാർജ് ഷീറ്റ് വ്യത്യസ്തമായിരുന്നു. സോവനീറിന് വേണ്ടി അവർ പണം വാങ്ങി എന്നതായിരുന്നു ആരോപണം. മുൻ പ്രധാനമന്ത്രിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് ആർക്കും അറിയില്ലായിരുന്നു.
ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. അതിന്റെ പിന്നിൽ വിലകുറഞ്ഞ രാഷ്ട്രീയ പ്രതികാരത്തിന്റെ പ്രചോദനം ഉണ്ടെന്ന് പലരും അഭിപ്രായം പ്രകടിപ്പിച്ചു.
ഒരുവേള ഇന്ദിരാഗാന്ധി തന്നെ ചോദിച്ചു നിങ്ങൾ അറസ്റ്റ് ചെയ്ത് എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. ബസ്‌ക്കൽ റസ്റ്റ് ഹൗസിന്റെ പേര് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നെ അറസ്റ്റ് ചെയ്താൽ കൊണ്ടുപോകേണ്ട ഇടം അതല്ലെന്ന് ഇന്ദിരാഗാന്ധി പറഞ്ഞു. അറസ്റ്റിൽ ഒരു നടപടിക്രമം ഉണ്ട് ഉദ്യോഗസ്ഥന്മാർക്ക് തികഞ്ഞ ആശയക്കുഴപ്പമായി. അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധി തന്റെ പ്രതിഷേധം ശക്തിയായി തന്നെ അറിയിച്ചു അവർ കാറിൽ നിന്നുമിറങ്ങിയ ശേഷം ഒരു റെയിൽവേ ക്രോസിന് സമീപമുള്ള ഓവു പാലത്തിൽ പോയിരുന്നു.
അപ്പോഴേക്കും വിവരമറിഞ്ഞ് ജനങ്ങൾ കുതിച്ചെത്തി. അത്യുച്ചത്തിൽ മുദ്രാവാക്യം ഉയർന്നു. അതൊരു വൻ ആൾക്കൂട്ടമായി മാറാൻ ഏറെ സമയമൊന്നും വേണ്ടിവന്നില്ല. ഉദ്യോഗസ്ഥന്മാർ ആകെ പരിഭ്രാന്തരായി. ഇനി എന്തുചെയ്യണമെന്നറിയാതെ അവർ പകച്ചുനിന്നു പോയി. പിന്നെ ആ ആൾക്കുട്ടത്തിൽനിന്നും ഉദ്യോഗസ്ഥർ ആരുമറിയാതെ രക്ഷപെട്ട് അപ്രത്യക്ഷരായി. തുടർന്ന് ഡൽഹി ജുഡീഷ്യൽ കോടതി ഇന്ദിരാഗാന്ധിയെ വെറുതെ വിട്ടു. വാറന്റില്ലാതെ അറസ്റ്റിലായ വ്യക്തിയെ 24 മണിക്കൂറിനകം വിട്ടയച്ചേ പറ്റൂ. ഇന്ദിരാഗാന്ധി മോചിതയായത് ആശ്വാസത്തോടെയാണ് അനുയായികൾ കേട്ടത്. അപ്പോഴേക്കും ഡൽഹിയിൽ ആകെ തികച്ചും അരഷ്ടതമായൊരു അവസ്ഥയായി.
ഭരണകൂടം 144 പ്രഖ്യാപിച്ചു രാജ്യവ്യാപകമായി തന്നെ പ്രതിഷേധമുണ്ടായി.
അറസ്റ്റിനെക്കുറിച്ച് വ്യക്തമായ ഒരു മറുപടി നൽകാൻ ആവാതെ ഗവൺമെന്റ് കുഴഞ്ഞു. ഇത് വലിയൊരു മാറ്റമാണ് കോൺഗ്രസിൽ ഉണ്ടാക്കിയത് ഇന്ദിരാഗാന്ധി നേതൃത്വമെന്ന മുറവിളി പതുക്കെ ഉയരാൻ തുടങ്ങി. കർണാടക മുഖ്യമന്ത്രി ദേവരാജ് അരശിന്റെ ആഹ്വാനം പാർട്ടി പ്രവർത്തകർ സ്വീകരിച്ചു. ഇന്ദിരാഗാന്ധിയുടെ നേതൃത്വം വേണമെന്നായിരുന്നു അരശിന്റെ പ്രസ്താവന. ഈ വാർത്തകളൊക്കെ അപ്പപ്പോൾ ആന്റണിയുടേയും ഉമ്മൻചാണ്ടിയുടേയും കാതുകളിലെത്തുന്നുണ്ടായിരുന്നു, അവസ്ഥ കണ്ടിട്ട് ഇന്ദിരാഗാന്ധി ശക്തയായി തിരിച്ചുവരുമെന്നാണ് എനിക്കു തോന്നുന്നത് ഉമ്മൻചാണ്ടി പറഞ്ഞു.
അതേ എന്നമട്ടിൽ ആന്റണി തലയാട്ടിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. ആന്റണിയും ഉമ്മൻചാണ്ടിയും കൂട്ടരും ഇന്ദിരാഗാന്ധിയോട് സ്വീകരിച്ച അതേ, നിലപാടിനോട് ഒപ്പമായിരുന്നു അദ്യനാളുകളിൽ പ്രഗത്ഭരായ കോൺഗ്രസ് നേതാക്കളും.
എന്നാൽ കാറ്റ് അതിവേഗം മാറി വീശാൻ തുടങ്ങി. ഇന്ദിരാഗാന്ധി ശക്തിപ്രാപിച്ചുവന്നതുടങ്ങി എന്നവരിൽ പലരും മനസ്സിലാക്കി. ദേശീയതലത്തിൽ കാര്യങ്ങൾ അങ്ങിനെ ആയിരുന്നെങ്കിലും കേരളത്തിൽ ആന്റണി ഗ്രൂപ്പിനു തന്നെ ആയിരുന്നു മുൻതൂക്കം. നിയമസഭയിൽ ഇരുപക്ഷവും തീ പാറുന്ന തരത്തിലുള്ള പോർവിളിയും ഏറ്റുമുട്ടലുകളും നടത്തിക്കൊണ്ടിരുന്നു.
അങ്ങനെ കേരളത്തിലെ കോൺഗ്രസുകാരുടെ ഇടയിൽ അസ്വസ്ഥത പടർന്നുകൊണ്ടിരിക്കുമ്പോഴാണ് കർണാടകയിലെ മുല്ലയാന മലനിരകൾക്കിടയിൽ നീണ്ടുനിവർന്നു കിടക്കുന്ന ചിക്കമംഗളൂർ പ്രദേശം ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ കേന്ദ്രമാകുന്നത്. തിരഞ്ഞെടുപ്പിലൂടെ ലോകസഭയിൽ തിരികെയെത്താൻ ഇന്ദിരാഗാന്ധി തീരുമാനിച്ചു. അതിനായി അവർ കണ്ടെത്തിയ സുരക്ഷിതമായ മണ്ഡലം ആയിരുന്നു ചിക്കമംഗളൂർ. അന്നത്തെ കർണാടക മുഖ്യമന്ത്രി ദേവരാജ് അരശ് പ്രത്യേകം താല്പര്യം എടുത്താണ് ഇന്ദിരാഗാന്ധിയെ അവിടെ മത്സരിപ്പിക്കുന്നത്. കോൺഗ്രസിന്റെ കുത്തക സീറ്റ് ആയിരുന്നു അത്. ദരതഹള്ളി ബൈര ഗൗഡ ചന്ദ്ര ഗൗഡയാണ് സിറ്റിംഗ് എംപി. അദ്ദേഹം ഇന്ദിരാഗാന്ധിക്കായി വഴി മാറി കൊടുക്കാൻ തയ്യാറായി.
1977ൽ 64,568 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചന്ദ്ര ഗൗഡ ജയിച്ചത്. 1971 ഗൗഡ തന്നെയായിരുന്നു വിജയ്. അങ്ങനെ, ഏറെയൊന്നും അറിയപ്പെടാതെ കിടന്നിരുന്ന ചിക്കമംഗളൂർ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന പോരാട്ടഭൂമിയായി മാറി. ആ തെരഞ്ഞെടുപ്പ് കേരളത്തിലും ഒരു രാഷ്ട്രീയ മാറ്റത്തിന് കാരണമായി. സ്വരൺ സിംഗ് അധ്യക്ഷനായ കോൺഗ്രസ് ചിക്കമംഗളൂരിൽ ഇന്ദിരാഗാന്ധിക്ക് പിന്തുണ നൽകിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. 1978 മേയ് 1, 2 തീയതികളിൽ എറണാകുളത്ത് ആന്റണി കോൺഗ്രസ് ഗ്രൂപ്പ് നടത്തിയ സംസ്ഥാന സമ്മേളനത്തിൽ സ്വരൺ സിംഗ് പങ്കെടുത്തിരുന്നു.
ഇന്ദിരാ കോൺഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചുകൊണ്ടാണ് ആ സമ്മേളനം അവസാനിച്ചത്. അത്തരത്തിലുള്ള ഒരു കടുത്ത നിലപാട് എടുക്കുന്നതിൽ ആന്റണി ഗ്രൂപ്പിൽ പലർക്കും അത്ര താല്പര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഉമ്മൻചാണ്ടിക്ക്. എന്നാൽ അവർ ബഹുഭൂരിപക്ഷത്തിനോടൊപ്പം നിൽക്കുകയായിരുന്നു. സത്യത്തിൽ സ്വരൺസിംഗിന് പോലും ആ അഭിപ്രായത്തോട് പൂർണ്ണമായ യോജിപ്പുണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ യോജിപ്പിക്കാൻ സ്വരൺസിങ്ങിനെപ്പോലുള്ള നേതാക്കൾക്ക് കഴിയുമെന്ന ഒരു ചിന്ത ഉമ്മൻചാണ്ടിയുടെ ഉള്ളിൽ ഉദിച്ചു. അത് അടുത്ത ചില സുഹൃത്തുക്കളോട് അദ്ദേഹം പറയുകയും ചെയ്തിരുന്നു.
ചിക്കമംഗ്ലൂർ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ ഹൈക്കമാൻഡ് ഒരു യോഗം വിളിച്ചു കൂട്ടി. ആ യോഗത്തിൽ ആന്റണി പങ്കെടുത്തിരുന്നില്ല. വടക്കൻ ജില്ലാ പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം കാസർഗോഡ് ആയിരുന്നു. കണ്ണൂരിൽ വച്ച് ഒരു പ്രസംഗത്തിൽ അദ്ദേഹം പരസ്യമായി പറഞ്ഞു: 'ഇന്ദിരാഗാന്ധിയുടെ കോൺഗ്രസുമായി രഹസ്യമോ പരസ്യമോ ആയ ധാരണ ഉണ്ടാക്കിയാൽ എതിർക്കുമെന്ന് അവിടെ വച്ച് തന്നെ ആന്റണി ശക്തമായ ഭാഷയിൽ പ്രസംഗിച്ചു. ദിവസങ്ങൾക്കുള്ളിൽ ആന്റണി അറിയുന്നത് ഇന്ദിരാഗാന്ധിയെ പരോക്ഷമായി പിന്തുണയ്ക്കാൻ കോൺഗ്രസ് പാർട്ടി നേതൃത്വം തീരുമാനിച്ചു എന്നാണ്. അതും യാത്രാമധ്യേ റേഡിയോയിൽ നിന്ന്. ആന്റണി ആകെ അസ്വസ്ഥനായി. പിറ്റേദിവസം രാവിലെ തന്നെ അദ്ദേഹം തന്റെ ഔദ്യോഗിക പരിപാടികൾ എല്ലാം റദ്ദാക്കി തിരുവനന്തപുത്തേക്ക് യാത്ര തിരിച്ചു.
ഉച്ചയോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ അജന്തയിൽ എത്തി. അതിനുമുൻപ് അദ്ദേഹം രാജി തീരുമാനത്തിലെത്തിയിരുന്നു. പക്ഷേ അക്കാര്യം ആരോടും പറഞ്ഞില്ല. എന്തിനേറെ രാവിലെ ആലുവ പാലസിൽ ആന്റണിയെ കാണാൻ എത്തിയ എ.സി. ജോസിനോട് പോലും ഒരക്ഷരം ഇതേക്കുറിച്ച് പറഞ്ഞില്ല. കെ.പി.സി.സി പ്രസിഡന്റ് എസ്. വരദരാജൻ നായരെയാണ് ആന്റണി ആദ്യം വിളിച്ചത്. താൻ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയാണ്. ആന്റണി പറഞ്ഞു. ഏറെ അമ്പരപ്പോടെ വരദരാജൻ നായർ ചോദിച്ചു: 'ഒന്നുകൂടി ആ ആലോചിച്ചിട്ട് തീരുമാനമെടുത്താൽ പോരെ..?'
'അത് ശരിയാകില്ല' എന്നായിരുന്നു ആന്റണിയുടെ മറുപടി. ഉമ്മൻചാണ്ടിയോടും ആന്റണി ഈ വിവരം വിളിച്ചുപറഞ്ഞു. പിന്നെ ഘടകകക്ഷി നേതാക്കളെ ഓരോരുത്തരെയും വിളിച്ചു. എല്ലാവരും ഉടൻതന്നെ തിരുവനന്തപുരത്ത് ഒത്തുകൂടി. ആന്റണിയുടെ അപ്രതീക്ഷിതമായ തീരുമാനം എല്ലാവരിലും ഞെട്ടലുകളവാക്കി. രാജിവെക്കേണ്ട ആവശ്യമില്ല എന്ന് പലരും സ്‌നേഹപൂർവ്വം പറഞ്ഞു നോക്കി. ആര്യാടൻ മുഹമ്മദും കെ.കെ. ബാലകൃഷ്ണനും കെ. ശങ്കരനാരായണനും ഒക്കെ ആകുന്നത്ര ശക്തിയോടെ ആന്റണിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ചിലർ തർക്കിച്ചു മറ്റു ചിലർ അപേക്ഷിച്ചു.
വൈകുന്നേരം മൂന്ന് മണിക്ക് പത്രസമ്മേളനം എന്ന് ആന്റണി തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഒരു കോൺഗ്രസ് സർക്കാർ കൂടി നിലംപൊത്തുന്നത് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഉമ്മൻചാണ്ടി അവിടെനിന്ന് ഇറങ്ങി. അതിനിടയിൽ ടി.എച്ച്. മുഹമ്മദ് കോയ അവസാന ശ്രമം എന്ന രീതിയിൽ ആന്റണിയുമായി സംസാരിക്കാൻ ഒരുമ്പെട്ടു. അതിന് കെ.കെ. ബാലകൃഷ്ണനാണ് മുൻകൈയെടുത്തത്. ഒന്നിനും വഴിപ്പെടാൻ ആന്റണി തയ്യാറായിരുന്നില്ല. രണ്ടുവർഷം തികയ്ക്കു മുമ്പ് മൂന്നാമതൊരു മുഖ്യമന്ത്രിയെ കണ്ടെത്തേണ്ട അവസ്ഥയിലായി ആന്റണി കോൺഗ്രസ്.
ആദ്യ രണ്ടുതവണ ഉടലെടുത്ത സാഹചര്യത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോൾ സ്ഥിതി. ഇനി ആരാണ് മന്ത്രിസഭയെ നയിക്കുക..? ഇപ്പോൾ സ്ഥിതിഗതി ആകെ മാറിയിരിക്കുന്നു ആന്റണിയുടെ പക്ഷത്തുള്ള കോൺഗ്രസിൽ 20 അംഗങ്ങൾ മാത്രമാമുള്ളത്. അതിനാൽ രണ്ടാം സ്ഥാനത്താണ്. എന്നാൽ 23 എംഎൽഎമാരുള്ള വലതു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഒന്നാം സ്ഥാനക്കാർ. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരയേണ്ട ആവശ്യം വന്നില്ല. എങ്കിലും ഒരു അവസരം ഒത്തു വന്നാൽ അതിന് പറ്റിയ ആളുകളെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഉമ്മൻചാണ്ടി മുൻകൈയെടുത്ത് മറ്റ് എംഎൽഎമാരോട് സംസാരിച്ചു. ഒടുവിൽ കെ. ശങ്കരനാരായണന്റെയും വരദരാജൻ നായരുടെയും പേരുകളിൽ ചെന്നത് അവസാനിച്ചു.
എന്നാൽ സ്വാഭാവികമായും നേതൃത്വം സി.പി.ഐയുടെ കൈകളിൽ എത്തി. അടുത്ത മുഖ്യമന്ത്രിയുടെ പേര് നിർദ്ദേശിക്കാൻ എ.കെ. ആന്റണി തന്നെയാണ് മുന്നോട്ടുവന്നത്. അദ്ദേഹം എം.എൻ. ഗോവിന്ദൻ നായരുടെ പേര് പറഞ്ഞു. സങ്കീർണമായ പ്രശ്‌നങ്ങളെ നേരിടുമ്പോൾ ഘടകക്ഷികളെ ഒരുമിച്ച് നിർത്താനും എതിർ ചേരിയിലുള്ള സിപിഎമ്മിനെയും കോൺഗ്രസ് ഐയേയും ഒരുപോലെ കൈകാര്യം ചെയ്യാനും കഴിവുള്ള നേതാവ് എന്ന നിലയ്ക്കാണ് ആന്റണി ആ പേര് പറഞ്ഞത്.
എന്നാൽ സിപിഐ അതിനോട് അനുകൂലമായ നിലപാട് അല്ല എടുത്തത്. നിലവിലെ നിയമസഭാ കക്ഷി നേതാവായ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയാകട്ടെ എന്ന് അവർ തീരുമാനിച്ചു. വ്യക്തിപരമായി പി.കെ.വിയോട് ആന്റണി കോൺഗ്രസിനും യോജിപ്പാണ്. അങ്ങനെ പി.കെ. വാസുദേവൻ നായരെ ഐക്യമുന്നണിയുടെ സംയുക്ത നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1