ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഖനി വറ്റുന്നു

NOVEMBER 26, 2025, 1:30 PM

റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാര്‍. എന്നാല്‍  റഷ്യയില്‍ നിന്നുള്ള ഇറക്കുമതി അടുത്ത മാസങ്ങളില്‍ കുത്തനെ ഇടിയുമെന്നാണ് വിലയിരുത്തല്‍. നവംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ അമേരിക്കന്‍ ഉപരോധങ്ങള്‍ റഷ്യയുടെ ഏറ്റവും വലിയ എണ്ണ കമ്പനികളായ റോസ്നെഫ്റ്റും ലുക്കോയിലും ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡിനെ 'സാങ്ഷന്‍ മോളിക്യൂള്‍' ആക്കി മാറ്റിയിരിക്കുന്നു. ഇതോടെ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ഈ കമ്പനികളില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങാനുള്ള സാധ്യത പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്.

ഈ വര്‍ഷം ഇതുവരെ റഷ്യയില്‍ നിന്ന് ശരാശരി പ്രതിദിനം 17 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഉപരോധം വരുന്നതിന് മുമ്പ് പരമാവധി വാങ്ങാന്‍ ശ്രമിച്ചതിനാല്‍ നവംബറില്‍ ഇത് 18-19 ലക്ഷം ബാരല്‍ വരെയെത്തിയിരുന്നു. എന്നാല്‍ ഡിസംബര്‍ മുതല്‍ ഈ ഒഴുക്ക് 75-80 ശതമാനം കുറഞ്ഞ് ഏകദേശം നാല് ലക്ഷം ബാരല്‍ മാത്രമായി ചുരുങ്ങുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്പിസിഎല്‍-മിറ്റല്‍ എനര്‍ജി, മംഗളൂര്‍ റിഫൈനറി തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇതിനകം റഷ്യന്‍ എണ്ണ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു. 

റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനര്‍ജി മാത്രമാണ് ഇപ്പോഴും തുടരുന്നത്. ഇതിന്റെ കാരണം അവര്‍ക്ക് റഷ്യന്‍ എണ്ണയെ ആശ്രയിക്കാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നതാണ്. അതേസമയം അമേരിക്കന്‍ ഉപരോധം റഷ്യന്‍ എണ്ണയെ മൊത്തത്തില്‍ നിരോധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. സുര്‍ഗുട്നെഫ്റ്റ്ഗാസ്, ഗാസ്‌പ്രോം നെഫ്റ്റ് തുടങ്ങിയ ഉപരോധമേല്‍ക്കാത്ത കമ്പനികളുടെ എണ്ണ ഇപ്പോഴും വാങ്ങാം. പക്ഷേ ഉപരോധമേറ്റ കപ്പലുകള്‍, ബാങ്കുകള്‍, ഇടനിലക്കാര്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എന്നിവ ഉപയോഗിക്കരുതെന്ന് മാത്രമാണ് നിബന്ധന.

കഴിഞ്ഞ രണ്ട് വര്‍ഷമായി വന്‍ കിഴിവില്‍ ലഭിച്ച റഷ്യന്‍ ക്രൂഡാണ് ഇന്ത്യന്‍ റിഫൈനറികളുടെ റെക്കോര്‍ഡ് ലാഭവും പെട്രോള്‍-ഡീസല്‍ വിലയിടിവും സാധ്യമാക്കിയത്. ഇപ്പോള്‍ ആ കിഴിവ് എണ്ണയുടെ ഭൂരിഭാഗവും നഷ്ടപ്പെടുന്നതോടെ റിഫൈനറികളുടെ ലാഭം കുറയുകയും ഇന്ധന വിലയില്‍ സമ്മര്‍ദം ഉണ്ടാവുകയും ചെയ്യും. റിലയന്‍സ് ജാംനഗര്‍ SEZ റിഫൈനറി നവംബര്‍ 20 മുതല്‍ റഷ്യന്‍ എണ്ണ സ്വീകരിക്കുന്നത് പൂര്‍ണമായി നിര്‍ത്തി.

ഈ കുറവ് നികത്താന്‍ ഇന്ത്യ ഇപ്പോള്‍ മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, പശ്ചിമ ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതമാകും. പക്ഷേ ഈ എണ്ണകള്‍ക്ക് റഷ്യന്‍ ക്രൂഡിന്റെ കിഴിവ് ലഭിക്കില്ല. എങ്കിലും പൂര്‍ണമായ നിലച്ചുപോക്ക് ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കിഴിവ് എണ്ണയ്ക്ക് വേണ്ടി ഇന്ത്യ കൂടുതല്‍ സങ്കീര്‍ണവും സുതാര്യമല്ലാത്തതുമായ ചാനലുകളിലൂടെ വാങ്ങല്‍ തുടരും. 

ഇന്ത്യയുടെ ഊര്‍ജ്ജ നയത്തില്‍ ഇന്ധനവില കുറയ്ക്കുക, വിതരണ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതിനാണ് എപ്പോഴും മുന്‍ഗണന. അതുകൊണ്ട് തന്നെ റഷ്യന്‍ ടാങ്കറുകളുടെ എണ്ണം കുറഞ്ഞാലും പുതിയ മറയിട്ട പാതകളിലൂടെ ഒഴുക്ക് തുടരും. എന്നാല്‍ ആ പാതകളുടെ ചെലവ്, സുരക്ഷിതത്വം, സുതാര്യത എന്നിവ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് പുതിയ വെല്ലുവിളിയാകും എന്ന വിലയിരുത്തലുകളും ഉണ്ട്. 

അമേരിക്ക-റഷ്യ സംഘര്‍ഷം തുടരുന്നിടത്തോളം ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരനില്‍ നിന്നുള്ള ഒഴുക്ക് അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത് എന്ന സൂചനയും ഉണ്ട്

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam