പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ അന്തര്‍ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായിരിക്കുകയാണ് ലക്ഷദ്വീപ്. മോദിയുടെ സന്ദര്‍ശനത്തെ മാലദ്വീപിലെ മന്ത്രിമാര്‍ പരിഹസിച്ചതോടെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. അതേസമയം വിവാദം ചൂടുപിടിച്ചതോടെ ഇവിടെയുള്ള വിനോദ സഞ്ചാര മേഖല സജീവമാകുമെന്നാണ് കരുതുന്നത്.
മാത്രമല്ല ലക്ഷദ്വീപില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയുമാണ്. വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുള്ള ദ്വീപ് ഇന്ത്യയുടെ തന്ത്രപ്രധാന മേഖല കൂടിയാണ്. മിനികോയ് ദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മിക്കണമെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. ഒരേ സമയം സൈനിക വിമാനത്തിനും സിവിലിയന്‍ വിമാനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന വിമാനത്താവളം നിര്‍മിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
മിനിക്കോയ് ദ്വീപില്‍ പുതിയ വിമാനത്താവളം വേണമെന്ന് മാത്രമായിരുന്നു നേരത്തെയുള്ള ശുപാര്‍ശ. പുതിയ വിമാനത്താവളം വരുന്നതിലൂടെ ലക്ഷദ്വീപിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം വേണമെന്ന നിര്‍ദേശം തീരസേനയാണ് ആദ്യം മുന്നോട്ട് വച്ചത്. ഇന്ത്യന്‍ വ്യോമസേന കൂടി ഇപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടത്രെ. അറബി കടലിലെ നിരീക്ഷണ പരിധി വര്‍ധിപ്പിക്കാന്‍ ഇതിലൂടെ വ്യോമസേനയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ടൂറിസം മേഖലയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നിലവില്‍ അഗത്തിയില്‍ മാത്രമാണ് വിമാനത്താവളമുള്ളത്. ചെറിയ വിമാനങ്ങള്‍ മാത്രമാണ് ഇവിടെ സര്‍വീസ് നടത്തുന്നത്.
നിലവില്‍ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പല്‍ സര്‍വീസുണ്ട്. എന്നാല്‍ സമീപകാലത്ത് ഇതേ കുറിച്ച് ദ്വീപ് നിവാസികള്‍ ഒട്ടേറെ പരാതികള്‍ ഉന്നയിച്ചിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേല്‍ ചുമതലയേറ്റ ശേഷം നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ദ്വീപ് നിവാസികളുടെ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ദ്വീപിന്റെ സ്വഭാവം മനസിലാക്കാതെയാണ് പരിഷ്‌കാങ്ങള്‍ നടപ്പാക്കുന്നതെന്നാണ് ദ്വീപ് വാസികളുടെ പ്രതികരണം.
കൂടാതെ ഈ ഇന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പുനരുജ്ജീവനത്തിനായി ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്. അതിനായി പ്ലാന്‍ 2026 തയ്യാറാക്കുകയും ചെയ്തിരിക്കുകയാണ്. പ്ലാന്‍ 2026ലൂടെ വിലുലമായ പ്രവര്‍ത്തനങ്ങളാണ് ടാറ്റാ ഗ്രൂപ്പ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിലെ പ്രശസ്തമായ സുഹേലി, കദ്മത്ത് ദ്വീപുകളില്‍ ടാറ്റ ഗ്രൂപ്പിന്റെ രണ്ട് ആഡംബര റിസോര്‍ട്ടുകള്‍ 2026-ല്‍ തുറക്കും. കഴിഞ്ഞ വര്‍ഷം അതായത് 2023 ജനുവരിയില്‍, ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലക്ഷദ്വീപില്‍ രണ്ട് താജ് ബ്രാന്‍ഡഡ് റിസോര്‍ട്ടുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1