ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ

JANUARY 9, 2024, 5:38 PM

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരമാര്‍ശത്തെ തുടര്‍ന്ന് ഇന്ത്യ-മാലിദ്വീപ് നയതന്ത്ര ബന്ധം രൂക്ഷമായിരിക്കുകയാണ്. മോദിക്കെതിരെ മാലിദ്വീപ് നേതാക്കള്‍ നാവുയര്‍ത്തിയതോടെ മാലിദ്വീപിലേക്കുള്ള സന്ദര്‍ശനം പലരും റദ്ദാക്കി. നിരവധി സെലിബ്രിറ്റികളും തങ്ങളുടെ മാലിദ്വീപ് പദ്ധതികള്‍ വേണ്ടെന്നുവച്ചു. മാലി ദ്വീപിന്റെ പ്രധാന വരുമാന മാര്‍ഗം വിനോദ സഞ്ചാരമാണെന്നിരിക്കെ ഈ നടപടികള്‍ ദ്വീപ് രാഷ്ട്രത്തിന് കനത്ത തിരിച്ചടിയാണ് നല്‍്കിയിരിക്കുന്നത്.

ദ്വീപിന്റെ മനോഹാരിതയില്‍ ആപേക്ഷികമായ സമ്പദ് വ്യവസ്ഥയെ ആശ്രയിച്ച് പോരുന്ന രാജ്യമാണ് മാലിദ്വീപ്. ഈ ചെറിയ ദ്വീപ് രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ടൂറിസം. ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് മാലിയിലേക്ക് എത്തുന്നവരില്‍ ഭൂരിഭാഗവും. അതായത് മാലിയുടെ സാമ്പത്തിക രംഗത്തെ പുരോഗതിക്ക് ഒരു പരിധി വരെ ശ്രോതസ്സാകുന്നത് ഇന്ത്യയാണ്. കോവിഡ് -19 പിടിമുറുക്കിയ കാലയളവിന് ശേഷം മാലിദ്വീപിന്റെ വിനോദസഞ്ചാരത്തിന്റെ പ്രധാന ഉറവിട വിപണിയായി ഇന്ത്യ ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള  നയതന്ത്ര തര്‍ക്കത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിനില്‍ക്കെ അതിനെ വളരെ ആശങ്കയോടെയാണ് മാലി ഭരണകൂടം കാണുന്നത്. വിവാദത്തിന്റെ ആക്കം കുറയ്ക്കുന്നതിനായി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മൂന്ന് മന്ത്രിമാരേയും മാലിദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. 

vachakam
vachakam
vachakam

2023-ല്‍ ദ്വീപ് രാഷ്ട്രത്തിലെത്തിയ ആകെ വിനോദസഞ്ചാരികളുടെ എണ്ണത്തിലെ 11.2 ശതമാനവും ഇന്ത്യക്കാരാണ്. 11.1 ശതമാനം വിഹിതവുമായി റഷ്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. മാലിദ്വീപിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാരുടെ പങ്ക് 2018-ല്‍ വെറും 6.1 ശതമാനമായിരുന്നു, എന്നാല്‍ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

കോവിഡ് സമയത്തും അതിനുശേഷവും മാലിയിലേക്കുള്ള യാത്രാ പ്രവാഹത്തില്‍ വന്ന മാറ്റങ്ങളിലൂടെ 2020, 2021, 2022 വര്‍ഷങ്ങളില്‍, മാലിദ്വീപിന്റെ ഉറവിട വിപണികളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ചിരുന്നു. ഈ വര്‍ഷങ്ങളില്‍ വിനോദസഞ്ചാരികളുടെ കണക്ക് യഥാക്രമം 11.3 ശതമാനം, 22.1 ശതമാനം, 14.4 ശതമാനം എന്നിങ്ങനെയായിരുന്നു.

എന്നാല്‍ നിലവിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാലിദ്വീപിലെ ടൂറിസം വ്യവസായം ആശങ്കയിലാണെന്നാണ് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സിയായ സിഎപിഎ ഇന്ത്യ അഭിപ്രായപ്പെടുന്നത്. വിവാദത്തിന്റെ ചൂട് കുറയ്ക്കാന്‍ മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് മാലിദ്വീപ് നടപടിയെടുത്തിട്ടുണ്ടെങ്കിലും, വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ദ്വീപ് രാഷ്ട്രത്തെ അവധിക്കാല കേന്ദ്രമാക്കി മാറ്റുന്നതില്‍ നിന്നും ഒഴിവാക്കാനുള്ള ആഹ്വാനങ്ങളാണ് ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലാകെ നിറയുന്നത്.

vachakam
vachakam
vachakam

അതിവേഗം പടരുന്ന വിവാദമായി പ്രധാനമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ മാറിയിരിക്കുന്നത് മാലിദ്വീപിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കുന്നതടക്കമുള്ള ഇന്ത്യക്കാരുടെ തീരുമാനത്തെ സ്വാധീനിക്കാമെന്നും സിഎപിഎ കൂട്ടിച്ചേര്‍ത്തു. 

വിവാദം കടുത്തതോടെ ഒരു പ്രധാന ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിംഗ് പോര്‍ട്ടലായ-ഈസ് മൈ ട്രിപ്പ്-മാലദ്വീപിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റുകളുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തി. ഇന്ത്യയ്ക്കും മാലിദ്വീപിനുമിടയിലെ ആഴ്ചയിലുള്ള 60 വിമാന സര്‍വ്വീസുകളില്‍ 50 ഓളം വിമാനങ്ങള്‍ ഇന്ത്യന്‍ വിമാനക്കമ്പനികളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളാണ് നിലവില്‍ ഇന്ത്യയ്ക്കും മാലിദ്വീപിനുമിടയില്‍ സര്‍വീസ് നടത്തുന്നത്.  എന്നാല്‍ വിവാദത്തെത്തുടര്‍ന്ന് ഇതുവരെ ഒരു ഇന്ത്യന്‍ വിമാനക്കമ്പനിയും മാലിദ്വീപ് ഷെഡ്യൂളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 

ലോകത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കെല്ലാം യാത്ര ചെയ്യാറുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ വിനോദസഞ്ചാര മേഖലയെ പ്രധാന സാമ്പത്തിക ശ്രോതസ്സായി കണക്കാക്കുന്ന രാജ്യങ്ങളുടെ വരുമാനത്തില്‍ വലിയ സംഭാവന നല്‍കുന്ന വിഭാഗമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ബഹിഷ്‌ക്കരണം വരികയാണെങ്കില്‍ അത് മാലിയേയും ദോഷകരമായി ബാധിക്കും. ഓരോ വര്‍ഷം കഴിയുമ്പോഴും ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വിദേശ യാത്രകളില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.  

vachakam
vachakam
vachakam

ഈ സാഹചര്യത്തില്‍, നിലവിലെ വിവാദങ്ങള്‍ ഇന്ത്യയിലെ മാലി ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങള്‍ ഗൗരവമുള്ളതാണ്. ഫൂക്കറ്റ് തീരത്ത് ഒരു വിനോദസഞ്ചാര കപ്പല്‍ മറിഞ്ഞതിനെത്തുടര്‍ന്ന് 2018 ല്‍ തായ്ലന്‍ഡുമായും,  2018-ലും 2014-ലും മലേഷ്യയുമായി ബന്ധപ്പെട്ടും സമാനമായ രീതിയിലെ ഒരു ബഹിഷ്‌ക്കരണ ക്യാമ്പയിന്‍ ചൈനയില്‍ നടന്നതായും സി എ പി എ ചൂണ്ടിക്കാട്ടുന്നു.

മാലിദ്വീപ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ദുബായ് എന്നിവയുള്‍പ്പെടെ വിനോദസഞ്ചാര മേഖലയെ പ്രധാന വരുമാന മാര്‍ഗ്ഗമായി കാണുന്ന രാജ്യങ്ങളുടെ വലിയ ഉറവിട വിപണിയാണ് ഇന്ത്യ. എന്തായാലും വിനോദസഞ്ചാരത്തെ പ്രധാന വരുമാനമാര്‍ഗമായി ആശ്രയിക്കുന്ന മാലിദ്വീപിലെ സമ്പദ് വ്യവസ്ഥ വരുംനാളുകളില്‍ എന്തായിത്തീരുമെന്ന് കണ്ടറിയണം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam