ആകാശ യാത്രകളില്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും മാഞ്ഞുപോയ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും ഒടുവിലത്തെ ആളാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. സഞ്ജയ് ഗാന്ധിയില്‍ തുടങ്ങി പവാര്‍ വരെയുള്ളവരുടെ മരണങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടമായവരില്‍ എം.പിമാരും, ഗവര്‍ണറും, മുഖ്യമന്ത്രിയും വരെ ഉള്‍പ്പെടുന്നു.
സഞ്ജയ് ഗാന്ധി (1980) :
1980 ജൂണ്‍ 23 ന് ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് വിമാനത്താവളത്തിന് സമീപം ഉണ്ടായ വിമാനാപകടത്തിലാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയ മകനും എം.പിയുമായ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടത്. അമ്മയ്ക്ക് ശേഷം സഞ്ജയ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലവനാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ആകസ്മിക മരണം. വിമാനം പറത്തുന്നതില്‍ അതിയായ അഭിനിവേശമുള്ള സഞ്ജയ്, പുതിയ വിമാനത്തില്‍ അക്രോബാറ്റിക്‌സ് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
മാധവറാവു സിന്ധ്യ (2001):
2001 സെപ്റ്റംബറില്‍ കാണ്‍പൂരില്‍ നിന്ന് 172 കിലോമീറ്റര്‍ അകലെയുള്ള മെയിന്‍പുരി ജില്ലയുടെ പ്രാന്തപ്രദേശത്ത് സ്വകാര്യ വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് മുതിര്‍ന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മാധവറാവു സിന്ധ്യയും മറ്റ് ആറ് പേരും കൊല്ലപ്പെട്ടത്.
ജി.എം.സി ബാലയോഗി (2002) :
2002 മാര്‍ച്ച് 3 ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൈക്കലൂരില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ലോക്‌സഭയുടെ പന്ത്രണ്ടാമത്തെ സ്പീക്കറായിരുന്ന തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ജി.എം.സി ബാലയോഗി മരിച്ചത്. 1998 ല്‍ ബാലയോഗി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999 ല്‍ അദ്ദേഹം വീണ്ടും പതിമൂന്നാം ലോക്‌സഭയുടെ സ്പീക്കറായി.
വൈ.എസ്. രാജശേഖര റെഡ്ഡി (2009):
ആന്ധ്രാപ്രദേശില്‍ രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി 2009 സെപ്റ്റംബര്‍ 2ന് രുദ്രകൊണ്ട കുന്നിലെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഏകദേശം 24 മണിക്കൂര്‍ കാണാതായിരുന്നു. ഹെലികോപ്റ്റര്‍ കണ്ടെത്തുന്നതിനായി വന്‍ രക്ഷാപ്രവര്‍ത്തനവും നടത്തിയിരുന്നു.
ജനറല്‍ ബിപിന്‍ റാവത്ത് (2021):
2021 ഡിസംബര്‍ എട്ടിന് നടന്ന Mi-17 V5 ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജ്യത്തെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് മരിച്ചു. ജനറല്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉള്‍പ്പെടെ ആകെ 12 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ കൂനൂരിനടുത്തുള്ള മലനിരകളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.
ദേവകി ഗോപിദാസ് (1973):
1973 മെയ് 31 ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 440 അപകടത്തിലാണ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ദേവകി ഗോപിദാസ് കൊല്ലപ്പെട്ടത്. 1962 മുതല്‍ 1968 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമെന്ന നിലയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗമായിരുന്നു.
കെ. ബാലദണ്ഡായുധം (1973):
ദേവകി ഗോപിദാസ് സഞ്ചരിച്ചിരുന്ന അതേ വിമാനത്തിലായിരുന്നു കെ. ബാലദണ്ഡായുധം യാത്ര ചെയ്തത്. കോയമ്പത്തൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും പ്രമുഖ സിപിഐ നേതാവുമായിരുന്നു അദ്ദേഹം.
എന്‍.വി.എന്‍ സോമു (1997):
ഡിഎംകെ നേതാവ് എന്‍.വി നടരാജന്റെ മകനായിരുന്ന എന്‍.വി.എന്‍ സോമു 1997 നവംബര്‍ 14 ന് കേന്ദ്ര പ്രതിരോധ സഹമന്ത്രിയായിരിക്കെ അരുണാചല്‍ പ്രദേശില്‍ നടന്ന ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു.
സുരേന്ദ്ര നാഥ് (1994):
പഞ്ചാബ് ഗവര്‍ണറായിരുന്ന സുരേന്ദ്ര നാഥ്, ഹിമാചല്‍ പ്രദേശിന്റെ അധിക ചുമതല കൂടി വഹിച്ചിരുന്ന വേളയിലാണ് ഹിമാചലില്‍ നടന്ന വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. 1994 ജൂലൈ 9 ന് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം മാണ്ഡി ജില്ലയില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
വിജയ് രൂപാണി (2025):
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും. 2025 ജൂണ്‍ 12 ന്, ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 171 തകര്‍ന്ന് മരിച്ച 241 പേരില്‍ അദ്ദേഹവും ഉള്‍പ്പെടുന്നു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ, വിമാനം ബി.ജെ. മെഡിക്കല്‍ കോളജിലെ ഒരു ഹോസ്റ്റല്‍ ബ്ലോക്കില്‍ ഇടിച്ചുകയറി, വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരും, സ്ഥലത്തുണ്ടായിരുന്ന 19 പേരും അപകടത്തില്‍ കൊല്ലപ്പെട്ടു.
അജിത്ത് പവാര്‍ (2026):
2026 ജനുവരി 28 ന് മഹാരാഷ്ട്രയില്‍ സ്വകാര്യ വിമാനം ലാന്‍ഡിംഗിന് തൊട്ടു മുന്‍പ് തകര്‍ന്നു വീണ സംഭവത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഒപ്പം യാത്ര ചെയ്ത പൈലറ്റ് ഉള്‍പ്പെടെ മറ്റ് അഞ്ച് പേരും അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
