ലോക ശ്രദ്ധ നേടിയ ഇന്ത്യന്‍ കമാന്‍ഡോകള്‍

JANUARY 9, 2024, 11:23 PM

തട്ടിക്കൊണ്ടുപോയ കപ്പല്‍ മോചിപ്പിച്ച് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ച സൈനിക നടപടി ഇന്ത്യയെ വീണ്ടും ലോക രാജ്യങ്ങളുടെ ശ്രദ്ധയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ നാവികസേനയിലെ മറൈന്‍ കമാന്‍ഡോകളായ മാര്‍ക്കോസാണ് ഈ ദൗത്യത്തിനായി ഇറങ്ങിത്തിരിച്ചത്. 'എംവി ലീല നോര്‍ഫോക്ക്' എന്ന കപ്പല്‍ തട്ടിക്കൊണ്ടുപോയ കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോകം അറിഞ്ഞത്.  

സൊമാലിയന്‍ തീരത്ത് നിന്നാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയത്. ലൈബീരിയയുടെ പതാക വഹിച്ചുകൊണ്ടുള്ള ഈ കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. അതുകൊണ്ടു തന്നെ കപ്പല്‍ തട്ടിയെടുത്തതായി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മറൈന്‍ കമാന്‍ഡോ മാര്‍ക്കോസ് ഓപ്പറേഷന്‍ ആരംഭിക്കുകയായിരുന്നു. ഇതോടെ മാര്‍ക്കോസ് കമാന്‍ഡോകളുടെ ഓപ്പറേഷന്‍ മികവ് വീണ്ടും ലോക ശ്രദ്ധയിലേക്ക് കടന്നു വരികയാണ്.

ഇന്ത്യന്‍ നാവികസേന അതിവേഗം നടപടിയെടുക്കുകയും കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെയും സുരക്ഷിതരാക്കുകയും ചെയ്തിരിക്കുകയാണ്. തുടര്‍ന്ന് മാര്‍ക്കോസ് കമാന്‍ഡോകള്‍ കപ്പലില്‍ മുഴുവന്‍ തിരച്ചില്‍ നടത്തി. ഈ സമയത്ത് ഒരു കടല്‍ക്കൊള്ളക്കാരന്‍ പോലും അവിടെയുണ്ടായിരുന്നില്ല. കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്തിരുന്നു എന്നും കപ്പല്‍ ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് അവര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാണെന്നും നവികസേന വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.  

മാര്‍ക്കോസ്

ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക വിഭാഗമാണ് മാര്‍ക്കോസ് കമാന്‍ഡോസ്. മറൈന്‍ കമാന്‍ഡോസ് എന്നുള്ളതിന്റെ ചുരുക്കപ്പേരാണ് മാര്‍ക്കോസ്. ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ദൗത്യ സംഘമായാണ് ഇവരെ കണക്കാക്കുന്നത്. സ്വാഭാവികമായി മറൈന്‍ കമാന്‍ഡോകള്‍ക്ക് കടലില്‍  യുദ്ധം ചെയ്യാനുള്ള പരിശീലനം ലഭിക്കുമെങ്കിലും കടലിനു പുറമേ, കരയിലും പര്‍വ്വതങ്ങളിലും വായുവിലും പ്രതികൂല കാലാവസ്ഥയെപ്പോലും വകവയ്ക്കാതെ പോരാടാന്‍ മാര്‍ക്കോസിന് കഴിയും.

രാജ്യം സ്വതന്ത്രമായ സമയത്ത് രാജ്യത്തിനു ചുറ്റം നിരവധി ശത്രു സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ശത്രു സാന്നിദ്ധ്യം അനുഭവപ്പെട്ടത് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികളിലായിരുന്നു. കടല്‍ വഴി രാജ്യത്തിനുള്ളില്‍ നുഴഞ്ഞുകയറാനും  കടല്‍ പാത തന്നെ കൈക്കലാക്കി സമാധാനം തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ സമുദ്രാതിര്‍ത്തികളില്‍ പ്രത്യക്ഷമായിത്തുടങ്ങി. ഇത് കണക്കിലെടുത്താണ് നാവികസേനയുടെ ഒരു പ്രത്യേക യൂണിറ്റ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യന്‍ മറൈന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് എന്ന പേരോടെ ഉദയം ചെയ്ത യൂണീറ്റ് പിന്നീട് മാര്‍ക്കോസ് എന്നറിയപ്പെടുകയായിരുന്നു.

എങ്ങനെയാണ് കമാന്‍ഡോ തിരഞ്ഞെടുപ്പ്


മാര്‍ക്കോസ് കമാന്‍ഡോകളെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാനാകില്ല.  ഇതിനായി പല ഘട്ടങ്ങളുണ്ട്. ഇന്ത്യന്‍ നാവികസേനയില്‍ ജോലി ചെയ്യുന്ന 20 വയസ്സിന് മുകളിലുള്ള, ധൈര്യശാലികളും സാഹസികത ഇഷ്ടപ്പെടുന്നവരുമായ ഉദ്യോഗാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ ഇതിനായി തിരഞ്ഞെടുക്കുന്നത്. വളരെ പ്രയാസകരമായ സാഹചര്യങ്ങളില്‍ സ്വയം കഴിവ് തെളിയിച്ചവരായിരിക്കണം അവര്‍. എന്നാല്‍ ഇതില്‍ 80 ശതമാനത്തിലധികം പേരും സ്‌ക്രീനിങ് സമയത്ത് തന്നെ പുറത്താകുകയാണ് പതിവ്. ശേഷം രണ്ടാം റൗണ്ടില്‍ 10 ആഴ്ചത്തെ പരിശീലനമാണ് നടക്കുന്നത്. ഇതിനെ പ്രാഥമിക യോഗ്യതാ പരിശീലനം എന്നാണ് പറയുന്നത്.

അതികഠിനമായ പരിശീലന കാലയളവാണിത്. രാത്രിയില്‍ ഉണര്‍ന്നിരിക്കാനും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ദിവസങ്ങളോളം പ്രവര്‍ത്തനക്ഷതയുള്ളവരായിരിക്കാന്‍ ഈ സമയത്താണ് ട്രെയിനികള്‍ക്ക് പരിശീലനം ലഭിക്കുന്നത്. രണ്ടോ മൂന്നോ മണിക്കൂര്‍ ഉറക്കത്തില്‍ തുടര്‍ച്ചയായി ദിവസങ്ങളോളം ജോലി ചെയ്യണം. പരിശീലനത്തിന്റെ കാഠിന്യം കൊണ്ടുതന്നെ ബാക്കിയുള്ള 20 ശതമാനം ആളുകളില്‍ പലരും ഈ ഘട്ടത്തില്‍ പരിശീലനം മതിയാക്കുകയാണ് പതിവ്.

രണ്ടാം ഘട്ടം


പ്രാഥമിക പരിശീലനത്തിന് ശേഷമാണ് യഥാര്‍ത്ഥ പരിശീലനം ആരംഭിക്കുന്നത്. ഈ പരിശീലനം ഏകദേശം മൂന്നു വര്‍ഷം നീണ്ടു നില്‍ക്കും. 30 കിലോ വരെ ഭാരം ഉയര്‍ത്തി വെള്ളത്തിലൂടെയും ചതുപ്പുനിലത്തിലൂടെയും ഓടുക. മരം കോച്ചുന്ന തണുത്ത വെള്ളത്തില്‍ കിടന്നുകൊണ്ട് ശത്രുക്കളോട് യുദ്ധം ചെയ്യുക, മലമുകളില്‍ ശ്വാസം വിലങ്ങുന്ന സാഹചര്യത്തില്‍ വ്യായാമം ചെയ്യുക എന്നിവയൊക്കെ ഈ പരിശീലന ഘട്ടത്തിലെ ചില പരിശീലന മുറകള്‍ മാത്രമാണ്. കരയിലും വെള്ളത്തിലും പുറമെ വായുവിലും യുദ്ധം ചെയ്യാനുള്ള പരിശീലനം മാര്‍ക്കോസുകള്‍ക്ക് ലഭിക്കുന്നത് ഈ ഘട്ടത്തിലാണ്.

പരിശീലനത്തിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണ്  ഹാലോ- ഹഹൂസ് പരിശീലനം. കമാന്‍ഡോകള്‍ക്ക് ഏകദേശം 11 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ചാടുന്ന ഹാലോ ജമ്പും എട്ടു കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ചാടുന്ന ഹഹൂസ് ജമ്പും ഈ പരിശീലന ഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട സംഗതികളാണ്. ചട്ടത്തിനിടയില്‍ പാരച്യൂട്ട് ഉപയോഗിക്കാം. പക്ഷേ എട്ടു സെക്കന്റിനുള്ളില്‍ പാരച്യൂട്ട് തുറക്കണമെന്നുള്ളത് പ്രത്യേക നിബന്ധനയാണ്. കൂടുതല്‍ സമയമെടുക്കുന്നവര്‍ക്ക് പരിശീലനത്തില്‍ നിന്ന് പുറത്തേക്കുള്ള വഴിതുറക്കമെന്നുള്ളതും യാഥാര്‍ത്ഥ്യം.

ഏത് ആയുധങ്ങളും വഴങ്ങും

ഏതു സാഹചര്യത്തിലും ഏത് ആയുധവും മാര്‍ക്കോ കമാന്‍ഡോയ്ക്ക് വഴങ്ങണം. കത്തി, വാള്‍, അമ്പും വില്ലും, വടി എന്നിവയും ഉപയോഗിക്കാന്‍ ഒരു മാര്‍ക്കോ കമാന്‍ഡോ പരിശീലിച്ചിരിക്കണം. ഇതിനു പുറമെ വെറും കൈകൊണ്ട് ശത്രുവിനെ കൊല്ലാനും പഠിച്ചിരിക്കണം. ആയുധ പരിശീലനത്തിനൊപ്പം തന്നെ മാനസിക പരിശീലനവും നല്‍കുന്നുണ്ട്. ഒരു ഓപ്പറേഷന്‍ സമയത്ത് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ എന്തുചെയ്യും, ജീവിതത്തിന്റെ മൂല്യം മറന്ന് ദൗത്യത്തിന്റെ വിജയത്തിനായി എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നിങ്ങനെ വളരെ കഠിന്യമേറിയ ശാരീരിക- മാനസിക പരിശീലനത്തിലൂടെ കമാന്‍ഡോകള്‍ പരിശീലനകാലയളവില്‍ കടന്നുപോകുന്നുണ്ട്.

ചുരുക്കി പറഞ്ഞാല്‍ ഒരു കമാന്‍ഡോ ജീവനോടെ ശത്രുവിന്റെ കൈകളില്‍ അകപ്പെട്ടാല്‍, എത്ര കഠിന ഹൃദയനായ ശത്രുവിനു പോലും തന്റെ വായ തുറപ്പിക്കാന്‍ കഴിയാത്തത്ര പരിശീലനം ഒരു കമാന്‍ഡോയ്ക്ക് ലഭിക്കുന്നു. കടലുമായോ ജലവുമായോ ബന്ധപ്പെട്ട ഓപ്പറേഷനുകളില്‍ പങ്കെടുക്കുക എന്നതാണ് മറൈന്‍ കമാന്‍ഡോകളുടെ യഥാര്‍ത്ഥ ജോലിയെങ്കിലും മാര്‍ക്കോസ് അവയില്‍ മാത്രമല്ല വൈദഗ്ധ്യം കാട്ടുന്നത്. ഏത് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും ശക്തമായി പോരാടാനുള്ള പരിശീലനം അവര്‍ക്ക് ലഭിക്കുന്നുണ്ട്.

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കടല്‍ക്കൊള്ള തടയല്‍, കടല്‍ വഴിയുള്ള നുഴഞ്ഞുകയറ്റം, വിമാന റാഞ്ചല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ഏത് ദൗത്യങ്ങളുടെ ഭാഗമാകാനും ഇവരുണ്ടാകും. ശത്രുരാജ്യം രാസായുധ ആക്രമണം നടത്തിയാല്‍ പോലും അതിനെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്ന തന്ത്രപ്രധാനമായ വൈദഗ്ധ്യം പരിശീലനം കഴിയുമ്പോള്‍ത്തന്നെ മാര്‍ക്കോസ് സ്വന്തമാക്കിക്കിയിരിക്കും. രഹസ്യാന്വേഷണ ഏജന്‍സികളുമായി സഹകരിച്ച് പല രഹസ്യാന്വേഷണ ദൗത്യങ്ങളിലും മാര്‍ക്കോസ് കമാന്‍ഡോകള്‍ പങ്കെടുത്തിട്ടുണ്ട്. മാര്‍ക്കോസിന്റെ ഭാഗമാകുന്ന കാര്യം വീട്ടുകാരോട് പോലും പറയില്ലെന്ന് പരിശീലന വേളയില്‍ തന്നെ പ്രതിജ്ഞയെടുക്കുന്നതും ഇതുകൊണ്ടാണ്.

മാര്‍ക്കോസിന്റെ കിരീടത്തിലെ പൊന്‍തൂവല്‍


ഓപ്പറേഷന്‍ കാക്റ്റസ് ഇന്‍ മാലിദ്വീപ് - മാലിദ്വീപില്‍ നടന്ന അട്ടിമറി ഒറ്റരാത്രികൊണ്ട് തടയുകയും ബന്ദികളാക്കിയ നേതാക്കളെയും സാധാരണക്കാരെയും രക്ഷപ്പെടുത്തുകയും ചെയ്ത തന്ത്രപ്രധാനമായ ഓപ്പറേഷന്‍ മാര്‍ക്കോസിന്റെ കിരീടത്തിലെ പൊന്‍തൂവലാണ്. ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ- 2008 നവംബറില്‍ നടന്ന മുംബൈ ആക്രമണത്തിനിടെ താജ് ഹോട്ടലില്‍ പ്രവേശിച്ച് അവിടെയുള്ള ഭീകരരെ വധിച്ച സൈനിക നീക്കമായ ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോയില്‍ പ്രധാന പങ്ക് വഹിച്ചത് മാര്‍ക്കോസ് ആണ്. കസബ് ഒഴികെ മറ്റെല്ലാ ഭീകരരും ഈ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിരുന്നു.

ഓപ്പറേഷന്‍ പവന്‍- ഇന്നും രോമാഞ്ചം ഉണര്‍ത്തുന്ന ഒന്നാണ് ശ്രീലങ്കയില്‍ നടന്ന ഈ കാമാന്‍ഡോ നീക്കം. മുതുകില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുക്കളുമായി കടലില്‍ 10 കിലോമീറ്ററോളം നീന്തിയാണ് അന്ന് മാര്‍ക്കോസ് കമാന്‍ഡോകള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിയത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam