ഈ അത്യാധുനിക കാലത്ത് മനുഷ്യരാശിയെ ബാധിക്കുന്ന ഏറ്റവും അപകടകരമായ വിദ്വേഷങ്ങളിലൊന്നാണ് തീവ്രവാദം. അതിന് അതിരുകളോ രാജ്യമോ പ്രദേശമോ എന്ന വ്യത്യാസമില്ല. അത് കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കാനും അതിക്രമങ്ങൽ ഉണ്ടാക്കാനും ശ്രമിക്കുന്നു. തീവ്രവാദം പരമ്പരാഗത സങ്കൽപ്പങ്ങളെ ധിക്കരിക്കുന്നു, അനുദിനം അത് അതിന്റെ സ്വഭാവത്തിലും വ്യാപ്തിയിലും നൂതനമായിക്കൊണ്ടിരിക്കുകയാണ്, ഇതുവരെ കാണാത്തതും കൂടുതൽ മാരകവുമായ പ്രകടനങ്ങളായി മാറുകയാണ്.
തീവ്രവാദം എന്നത് ഒരു സങ്കീർണ്ണ പ്രതിഭാസമാണ്, അതിന് അതിന്റെ സ്വഭാവം, അതിന്റെ വ്യത്യസ്ത രൂപങ്ങൾ, ഭാവങ്ങൾ, സമകാലിക സംവാദങ്ങൾ, രാഷ്ട്രീയ ലക്ഷ്യങ്ങൾ, തീവ്രവാദികളുടെ പ്രത്യയശാസ്ത്രം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള പരിശോധനയും വിശകലനവും ആവശ്യമാണ്. അനീതി വ്യക്തികളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു.
ഇതാ നോക്കൂ മണിപ്പൂരിൽ വംശീയ കലാപംതുടരുമ്പോൾ റോക്കറ്റ് ലോഞ്ചറുമായി ഇംഫാൽ താഴ്‌വരയിൽ തീവ്ര മെയ്‌തെയ് സംഘടന ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു റോഡ് ഷോ തന്നെ നടത്തിയിരിക്കുന്നു. അതും പട്ടാപ്പകൽ തുറന്ന വാഹനത്തിലാണ്. യന്ത്രതോക്കുകളും റോക്കറ്റ് ലോഞ്ചറുമായി. ആരംഭായി, തെംഗോൽ എന്നിവരുടെ പ്രവർത്തകർ എന്തും വരട്ടെ എന്ന മട്ടിലുള്ള റോന്തു ചുറ്റൽ നടത്തുന്നു. ഏതാണ്ട് 5000 യന്ത്രതോക്കുകളും മറ്റുമാണ് പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും കലാപനാളുകളിൽ കവർന്നെടുത്തത്. അതാണവരുടെ പിൻബലം..!
ഇംഫാൽ താഴ്വരയിൽ ക്രമസമാധാനം അപ്പാടെ തകർന്നിരിക്കുന്നു. കുകി വിഭാഗത്തിന്റെ കണക്കനുസരിച്ച് മണിപ്പൂരിൽ രണ്ടായിരത്തിലധികം ഗ്രാമങ്ങൾ അക്രമികൾ പൂർണമായും ഇല്ലാതാക്കി. എണ്ണായിരം വീടുകൾ നശിപ്പിച്ചുകളഞ്ഞു. വീട് വിട്ട് പോരേണ്ടി വന്നവരിൽ അഞ്ച് ശതമാനത്തിന് പോലും തിരികെ പോവാനായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള സ്ഥലങ്ങളിൽ ജീവനോപാധി കണ്ടെത്താനുള്ള ശ്രമത്തിലാണ് ആളുകൾ. അപ്പോഴും സമാധാനപരമായ ജീവിതമെന്നത് അവരുടെ പ്രതീക്ഷകളിൽ ദൂരെയാണ്. പലർക്കും രാത്രികാലങ്ങളിൽ കിടന്നുറങ്ങാനുള്ള സൗകര്യം പോലുമില്ല. പ്രായമാവർക്കും രോഗികൾക്കും മാത്രമാണ് കിടക്കകൾ നൽകിയിട്ടുള്ളത്.
പുതപ്പുകൾ കൊടുക്കുന്നുണ്ടെങ്കിലും അത് മാത്രം മതിയാകില്ല. ചൂടു വസ്ത്രങ്ങൾ വേണം. ആവശ്യങ്ങൾ ഒരുപാടുണ്ട്.'' അക്രമങ്ങൾ പൂർണമായി അടങ്ങിയിട്ടില്ല. ഇടക്കിടെ ക്ഷുഭിതരായ ആൾക്കൂട്ടം തെരുവിൽ ഇറങ്ങും. കടകൾ അടപ്പിക്കും. ഇപ്പോഴും മെയ്‌തേയ് വിഭാഗത്തിൽ പെട്ടവർക്ക് കുകികൾ താമസിക്കുന്ന മേഖലകളിലേക്കോ നേരെ തിരിച്ചോ യാത്ര ചെയ്യാൻ സാധിക്കില്ല. പൊതുഗതാഗത സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെങ്കിലും ഇരു വിഭാഗങ്ങളുടെ ഭാഗത്തു നിന്നും എതിർപ്പുകളുണ്ടാതോടെ അത് ഉപേക്ഷിക്കേണ്ടി വന്നു. അതിനിടയ്ക്കാണ് ഭീകര സംഘടനകൽ കൈകോർത്തുകൊണ്ടള്ള റോഡ് ഷോയും മറ്റും.
ഇരു ഭാഗത്തും സമാധാനം കൊതിക്കുന്നവരുണ്ടെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലെന്ന് പീസ് കമ്മിറ്റി കോർഡിനേറ്റർമാർ പറയുന്നു. ''അവർ നിസഹായരാണ്. അമ്പത് ശതമാനത്തിലധികം പേരും ഒടുക്കം വരെ പോരിന് തയാറായി നിൽക്കുന്നവരാണ്. അവരെ തടയാൻ സമാധാനം ആഗ്രഹിക്കുന്ന കുറച്ചുപേർക്ക് കഴിയില്ല. ഇവിടെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അത് മണിപ്പൂരിന് പുറത്തുള്ളവർക്കാണ്. സിവിൽ സൊസൈറ്റികൾ ഇങ്ങോട്ട് വരുന്നു പോലുമില്ല. ആകെ വരുന്നത് മാധ്യമപ്രവർത്തകരാണ്. ഇടനിലക്കാരായി നിന്ന് ആളുകളുമായി സംവദിക്കാൻ തയാറാകുന്ന സംഘങ്ങൾ വന്നാലെ സംസ്ഥാനത്ത് വീണ്ടും സമാധാനം പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂ.
അങ്ങനെ ഒരു സംഘം വന്നാൽ ജീവൻ പണയം വെച്ചും അവരെ സഹായിക്കാൻ പീസ് കമ്മിറ്റി കോർഡിനേറ്റർമാർ തയാറാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവരെന്ത് കൊണ്ട് ഒന്നും ചെയ്യുന്നില്ല, ഒന്നിവിടെ വരെ വരുന്നു പോലുമില്ല. ഞങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമാണെന്ന് ആരും കരുതുന്നില്ലെ? കേന്ദ്ര സർക്കാർ പോലും നിഷ്‌ക്രിയമാണ്. ' സുപ്രീംകോടതിയും ആവശ്യപ്പെട്ടത് ഇത്തരം സിവിൽ സൊസൈറ്റികളുടെ ഇടപെടലാണ്. എന്നാൽ ഒരു സംഘത്തിനും ഇതുവരെ അത് സാധിച്ചിട്ടില്ല. ഇരു വിഭാഗങ്ങളിലുള്ളവർക്കും നഷ്ടങ്ങളുണ്ടായി. ആളുകൾ കൊല്ലപ്പെട്ടു. ക്രൂരമായ പീഡനങ്ങൾ നടന്നു. ദരിദ്രർ കൂടുതൽ ദാരിദ്ര്യത്തിലേക്ക് പോയി. സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങളും കാണുന്നില്ല. സമാധാനം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ പോലും ഉറച്ച് പറയാൻ അവിടുത്തെ മനുഷ്യർക്ക് സാധിക്കുന്നില്ല.
ഈ പുതുവർഷദിനത്തിൽ പോലും തൗബാലിലെ ലീലോങ്ങിൽ നാല് മെയ്‌തെയ് മുസ്ലീംങ്ങളെ ഭീകരസംഘടനാ പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് മൊറെയിലെ ആക്രമണം ഉണ്ടായത്
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1