അങ്ങനെ പി.എം.ശ്രീ പദ്ധതിയിൽ ഒത്തുതീർപ്പ്. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രിമാർ പങ്കെടുത്തു. നെല്ല് സംഭരണം സംബന്ധിച്ച തർക്കങ്ങൾക്കും ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. അങ്ങനെ ഇടതുമുന്നണിയെ പിടിച്ചുകുലുക്കിയെന്ന് മാധ്യമങ്ങൾ പറഞ്ഞുപരത്തിയ പ്രശ്‌നം വളരെ രമ്യമായി പരിഹരിച്ചതായി ഇനി കുറേ നേതാക്കൾ ഡയലോഗടിക്കുമായിരിക്കാം.
നൂറാം വയസ്സിൽ നൂറായിരം സങ്കടങ്ങൾ
അറുപതിലേറെ എം.പി.മാരുണ്ടായിരുന്ന സി.പി.ഐക്ക് ഇന്ന് ലോക്‌സഭയിൽ 'മരുന്നിന്' 2 എം.പി.മാരേയുള്ളൂ. സി.പി.എം.നും ലോക്‌സഭയിൽ കാര്യമായ പ്രാധാന്യമില്ല. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെയും മറ്റും സാന്നിധ്യമുള്ളതുകൊണ്ട് ഇടയ്ക്കിടെ സി.പി.എം.ന്റെ പേര് അവിടെ ഉയർന്നുകേൾക്കുന്നുണ്ട്. ഇടതുമുന്നണി എന്നാൽ 'ഞാൻ, ഞാൻ മാത്രം' എന്ന മുഖ്യമന്ത്രിയെ കടിഞ്ഞാണിട്ട് നിർത്തിയതിന്റെ ചൊരുക്കും പരുക്കും ഇനി കേരളത്തിലെ സി.പി.ഐ. അനുഭവിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.
പകയുടെ കാര്യത്തിൽ പുലിമുരുകനാണ് പിണറായിയെന്ന് സി.പി.ഐ.ക്കാർക്കുമറിയാം. പക്ഷെ, അതല്ല പ്രശ്‌നം. തദ്ദേശ സഭകളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഉടനെ നടക്കാനിരിക്കെ, തൽക്കാലം പുലിത്തലവൻ പല്ലും നഖവും ഒളിപ്പിച്ചുപിടിക്കുമെങ്കിലും സീറ്റ് വിതരണകാര്യത്തിലും കാലുവാരലിലും സി.പി.ഐ. ചില കുതികാൽവെട്ട് പരിപാടികൾ പ്രതീക്ഷിക്കുന്നുണ്ട്.
പി.എം.ശ്രീ പ്രശ്‌നത്തിൽ റവന്യൂമന്ത്രി കെ. രാജൻ കടുത്ത നിലപാടെടുത്ത് പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനോടൊപ്പം കട്ടയ്ക്ക് നിന്നതാണ് പി.എം.ശ്രീ വിവാദം ഇത്രയേറെ കത്തിപ്പടരാൻ കാരണമായതെന്ന് സി.പി.എം.ലെ ചില പിണറായി ഭക്തർക്ക് അഭിപ്രായമുണ്ട്. മോദി-അമിത്ഷാ ശൈലിയിൽ ഒപ്പമുള്ള പാർട്ടികളെ പിളർത്തി ക്ഷീണിപ്പിക്കുന്ന തന്ത്രം കേരളത്തിൽ 'വർക്കാ'വില്ലെന്ന് അവർക്കറിയാം. അതുകൊണ്ട് ഇനി ഒൡപ്പോരുകൾക്കായിരിക്കും തെരഞ്ഞെടുപ്പ് കാലത്ത് പ്രസക്തി.
സി.പി.ഐ. പണ്ടേ കണ്ണിലെ കരട്
പഴയകാലത്തെ പിണറായി പല വേദികളിൽ വച്ച് പന്ന്യൻ രവീന്ദ്രനെതിരേയും കാനം രാജേന്ദ്രനെതിരേയും കലിപ്പിൽ സംസാരിക്കുന്ന എഡിറ്റ് ചെയ്ത വീഡയോകൾ കഴിഞ്ഞ ദിവസങ്ങളിൽ newsat house എന്ന യൂട്യൂബ് ചാനലിൽ കാണുകയുണ്ടായി. പിണറായി പാർട്ടി സെക്രട്ടറിയായിരുന്ന കാലഘട്ടത്തെ വിഷ്വലുകളായിരുന്നു ഇവയിൽ കൂടുതൽ. പന്ന്യൻ രവീന്ദ്രനെ കേന്ദ്രത്തിലെ പഴയ കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ ഫ്രൈ ചെയ്ത് വിരട്ടാൻ നോക്കിയ പിണറായിയെ സി.പി.എം.ഉം കോൺഗ്രസുമായുള്ള പഴയ ബന്ധത്തെ ഓർമിപ്പിച്ചുകൊണ്ടാണ് സി.പി.ഐ. നേതാവ് നേരിട്ടത്.
സി.പി.ഐ. പണ്ടുമുതലേ വി.എസ്. അച്യുതാനന്ദനെ പിന്തുണച്ചിരുന്നു. കാരണം, പിണറായി പോകുന്നവഴി ഇടതുപക്ഷ രീതിയിലുള്ളതല്ല എന്ന് വെളിയം ഭാർഗവനും പന്ന്യൻ രവീന്ദ്രനും കാനം രാജേന്ദ്രനും സംശയിച്ചിരുന്നു. എന്നാൽ കാനത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളും മറ്റുചില വ്യക്തിപരമായ കാര്യങ്ങളുംമൂലമാകാം അദ്ദേഹം അവസാന നാളുകളിൽ പിണറായി ഭക്തനായി മാറിയെന്ന് ഒരു കൂട്ടർ അന്നേ ആരോപിക്കുകയുണ്ടായി. തലശ്ശേരിക്കാരനായ പന്ന്യൻ രവീന്ദ്രൻ ഇന്നും തിരുവനന്തപുരത്ത് ഒരു വാടകവീട്ടിലാണ് താമസം. ബിനോയ് വിശ്വത്തിന്റെ കറപുരളാത്ത വ്യക്തിത്വത്തെപ്പറ്റി എതിരാളികൾക്കുപോലും എതിരഭിപ്രായമില്ല.
കിട്ടുമ്പോഴെല്ലാം സി.പി.ഐ.യെ നോവിച്ചുവിടാനാണ് മുഖ്യമന്ത്രിക്ക് താല്പര്യം. സി.പി.ഐ. മന്ത്രിമാരുടെ വകുപ്പുകൾക്ക് പണം അനുവദിക്കുന്നതിൽ ധനവകുപ്പിന്റെ പിശുക്ക് മുഖ്യമന്ത്രി അറിയാത്തതല്ലെന്ന് പല വലതു കമ്മ്യൂണിസ്റ്റ് നേതാക്കളും കരുതുന്നു. എന്നാൽ ചോദ്യം ചെയ്യപ്പെടാനാവാത്തവിധം സി.പി.എം.നെയും സർക്കാരിനെയും നയിച്ചുകൊണ്ടിരിക്കുന്ന പിണറായിയെ പ്രത്യക്ഷത്തിൽ സി.പി.ഐ. നേതാക്കൾ എതിർക്കുന്നതേയില്ല. ഒന്നാം പിണറായി മന്ത്രിസഭയിൽ കായൽ നികത്തിയ കേസിൽ കുട്ടനാട് എം.എൽ.എ. തോമസ് ചാണ്ടിയെ മന്ത്രിപദവിയിൽ നിന്ന് നീക്കാൻ കഴിഞ്ഞതാണ് ഏറ്റവും ഒടുവിലായി 'വല്യേട്ട'നുമേൽ സി.പി.ഐ. നേടിയ വിജയം.
സി.പി.ഐ. പറയുന്ന ന്യായങ്ങൾ
സി.പി.എം.ന്റെ മധുര കോൺഗ്രസിൽ സമർപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ നാല് പ്രധാനപ്പെട്ട നിർദേശങ്ങൾ ഉണ്ടായിരുന്നു. 1. ബി.ജെ.പി.യെ ഒറ്റപ്പെടുത്തുകയും തോൽപ്പിക്കുകയും ചെയ്യുക. 2. ഹിന്ദുത്വ അജണ്ടയെ നേരിടുക. 3. പാർട്ടിയെ ശക്തിപ്പെടുത്തുക. 4. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുക. ഈ നാല് കാര്യങ്ങളിൽ കേരളത്തിലെ സി.പി.എം. ഊന്നൽ നൽകിയത് പാർട്ടിയെ ശക്തിപ്പെടുത്താൻ പിൻവാതിൽ നിയമനത്തെയും സ്വജനപക്ഷപാതത്തെയും ആശ്രയിക്കാൻ പിണറായി ഭരണകൂടം കൂടുതൽ ജാഗ്രത കാണിച്ചു.
തമിഴ്‌നാട്ടിൽ സി.പി.ഐ.ക്കും ബീഹാറിൽ സി.പി.എം.നും നിയമസഭാ സീറ്റുകൾ നേടാൻ കഴിഞ്ഞത് ഇന്ത്യാ സഖ്യത്തിലെ പങ്കാളിത്തമാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ.യുടെ അംഗങ്ങളിൽ 93 ശതമാനവും കേരളത്തിലാണെന്നുള്ള കണ്ടെത്തലും ഇതേ രേഖയിലുണ്ടായിരുന്നു. ഛത്തീസ്ഗഢിലെ ബി.ജെ.പി. സർക്കാർ നടത്തുന്ന നരനായാട്ടിനെ പാർട്ടി ഈ റിപ്പോർട്ടിൽ ശക്തമായി എതിർക്കുന്നുമുണ്ട്.
ബി.ജെ.പി.യെ എതിർക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഏറെ പിന്നോട്ടാണെന്ന് സി.പി.ഐ. പണ്ടും പരാതിപ്പെട്ടിട്ടുണ്ട്. രണ്ടാം വട്ടം മുഖ്യമന്ത്രിയായതിനുശേഷം പിണറായി പ്രധാനമന്ത്രിയെ പേരെടുത്തുപറഞ്ഞ് വിമർശിച്ചിട്ടില്ലെന്നുള്ള കാര്യം സോഷ്യൽ മീഡിയയിൽ പാട്ടാണ്. സി.പി.ഐ.യുടെ സമ്മേളനത്തിൽ പങ്കെടുത്ത് സി.പി.ഐ. എന്ന പാർട്ടിയുടെ പേരുപറയാതെ തന്ത്രം പയറ്റിയ പിണറായി ഇതോടെ സി.പി.ഐ. നേതാക്കളുടെ ഗുഡ് ബുക്കിലില്ലാതായിട്ടുണ്ട്.
പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രൊഫഷണലുകളെ നിയമിക്കാനുള്ള നീക്കവും സി.പി.എം. ഒരു കോർപറേറ്റ് ശൈലിയിലേക്ക് വളരുന്നതിന്റെ അടയാളമാണെന്ന് ബിനോയ് വിശ്വവും മറ്റും കരുതുന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്തുണ്ട്. (6129 പേർ.) ബംഗാളിൽ ഇന്ന് ഇതേ പട്ടികയിലുള്ളത് 1428 പേർ മാത്രമാണ്!
ഡെയിഞ്ചർ സിഗ്‌നലാണെങ്കിലും നിറം ചുവപ്പല്ലേ
പാർട്ടിയിലെ ചില ഡെയിഞ്ചർ സിഗ്‌നലുകൾ ഇതിനകം ഉന്നത നേതാക്കൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ സി.പി.എം. വിട്ടത് 2228 അംഗങ്ങളാണ്. എന്നാൽ കണ്ണൂർ സമ്മേളനത്തിനുശേഷം 37,271 പേർ പാർട്ടിയിൽ ചേർന്നു. സി.പി.എം.ൽ പുതിയതായി ചേർന്നവരിൽ 53.2 ശതമാനവും പിണറായിയുടെ നേതൃത്വത്തെയാണ് എല്ലാ തീരുമാനങ്ങളിലും ആശ്രയിക്കുന്നതെന്ന രഹസ്യ കണക്ക് വേറെയുമുണ്ട്. ഒരർത്ഥത്തിൽ പാർട്ടിയിൽ ഗ്രൂപ്പിസം കളിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതായി. അതൊരുകണക്കിന് നല്ല കാര്യമാണെങ്കിലും മുഖ്യമന്ത്രിക്കുചുറ്റും ഒരു 'കോക്കസ്' രൂപപ്പെട്ടുവോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
ഉദാഹരണം പറയാം: മുഖ്യമന്ത്രി കോഴിക്കോടുവച്ച് പങ്കെടുത്ത ഒരു ചടങ്ങിൽ എം.ടി. വാസുദേവൻ നായർ 'പിണറായി ശൈലി'യെ ചൊറിഞ്ഞതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, ഗൾഫിൽ മലയാള ഭാഷാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപേ, ദർബാർ ഹാളിന് മുമ്പിലെ അങ്കണത്തിൽ ശിലയിൽ കുറിച്ച എം.ടി.യുടെ ഭാഷാ പ്രതിജ്ഞ പൊട്ടിച്ചുനീക്കിയെന്ന് പത്രവാർത്തകളിൽ കണ്ടു.
2016ൽ 2 മിനിറ്റുകൊണ്ട് എം.ടി. എഴുതിയ 12 വരികളാണ് ഫലകത്തിലുണ്ടായിരുന്നത്. കവി മധുസൂദനൻ നായരാണ് ''മലയാളമാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്, ഞാൻ കാണുന്ന നക്ഷത്രമാണ്'' എന്നു തുടങ്ങിയ കാവ്യശകലം സ്വന്തം ചെലവിൽ നിർമ്മിച്ച് സെക്രട്ടറിയേറ്റിൽ എത്തിച്ചത്. പിന്നീട് ഈ ഫലകം സെക്രട്ടറിയേറ്റിൽനിന്ന് ദർബാർഹാളിന്റെ മുമ്പിൽ സ്ഥാപിക്കുകയായിരുന്നു.
ഫണ്ടിനുവേണ്ടി തക്കട തരികിട
പാർട്ടി നക്‌സൽവേട്ടയെ എതിർക്കുമ്പോൾ, ഇത്തവണ ഡൽഹിയിൽ പോയി അതേ ഓപ്പറേഷനുവേണ്ടി മുഖ്യമന്ത്രി ഫണ്ട് ചോദിച്ചതായും മാധ്യമവാർത്തകളിലുണ്ട്. കണക്ക് ബോധിപ്പിക്കേണ്ടതില്ലാത്ത 20 കോടി രൂപയാണ് നക്‌സൽ വേട്ടയ്ക്കായി കഴിഞ്ഞ വർഷം സംസ്ഥാനത്തിന് കേന്ദ്രം നൽകിയത്. ഈ ഫണ്ടിന്റെ ഒരു വിഹിതമാണ് തലസ്ഥാനത്ത് വാടകയ്‌ക്കെടുത്തിട്ടുള്ള ഹെലികോപ്റ്ററിന്റെ വാടകയ്ക്കായി നീക്കിവയ്ക്കുന്നത്.
നക്‌സൽ ബാധിത ജില്ലകളായി കണ്ണൂരിനെയും വയനാടിനെയും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഫണ്ട് പിടുങ്ങലാണിതെന്ന് ചിലർ ആരോപണമുന്നയിക്കുകയുണ്ടായി. ഈ വർഷമാകട്ടെ, കേരളത്തിലൊരിടത്തും നക്‌സൽ സാന്നിധ്യമില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം ഈ ഫണ്ട് നിർത്തലാക്കുകയായിരുന്നു. ഈ ഫണ്ട് വീണ്ടും നൽകണമെന്ന മുഖ്യന്റെ അഭ്യർത്ഥന കേന്ദ്ര ആഭ്യന്തരമന്ത്രി തള്ളിക്കളഞ്ഞുവെന്നും വാർത്തകളുണ്ട്.
182 പാഠപുസ്തകങ്ങളിൽ 1334 തിരുത്തലുകൾ
ഇനി പി.എം.ശ്രീയുടെ കാര്യം: രാജ്യത്തെ ഏക സി.പി.എം. മുന്നണി മന്ത്രിസഭയുള്ള കേരളം തുടക്കം മുതലേ, വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണം എന്ന പേരിൽ ഈ ഹിഡൻ അജൻഡയെ എതിർത്തിരുന്നു. കോവിഡ് കാലത്ത് എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കവേയാണ് പാഠ്യപദ്ധതിയിലെ പരിഷ്‌കരണത്തിന് മോദി സർക്കാർ മുതിർന്നത്. സി.പി.എം.ഉം സി.പി.ഐ.യും ഈ നീക്കത്തെ ശക്തമായി എതിർത്തിരുന്നു. എൻ.സി.ഇ.ആർ.ടി. പാഠപുസ്തക പരിഷ്‌കരണത്തിനു കോവിഡിനുശേഷമുള്ള സിലബസ് ലഘൂകരണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വിശദീകരണം. എൻ.ഡി.എ. അധികാരത്തിലെത്തിയതിനുശേഷം മൂന്നുതവണ പാഠപുസ്തകങ്ങളിൽ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്.
പോളണ്ടിനെക്കുറിച്ച് മിണ്ടരുതെന്ന സിനിമാ ഡയലോഗ് പോലെ മോദിയെപ്പറ്റി മിണ്ടരുതെന്ന രീതിയിലായിരുന്നു പല മാറ്റങ്ങളും. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്നത്തെ ഗുജറാത്ത് സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശങ്ങളും ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയെ വേദിയിലിരുത്തി അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ മുന്നറിയിപ്പും പാഠപുസ്തകങ്ങളിൽനിന്ന് നീക്കം ചെയ്യുകയുണ്ടായി. ഭക്രാനംഗൽ അണക്കെട്ടിനെക്കുറിച്ച് ജവഹർലാൽ നെഹ്‌റുവിന്റെ പ്രഖ്യാതമായ പ്രസംഗവും സിലബസ് പരിഷ്‌കരണത്തിൽ നഷ്ടമായി.
2017ൽ 182 പാഠപുസ്തകങ്ങളിൽ 1334 തിരുത്തലുകളും വെട്ടിമാറ്റലുകളും വരുത്തി. ഇതെല്ലാം അറിഞ്ഞിരുന്നിട്ടും പണം കിട്ടാൻ വേണ്ടി എന്തും ചെയ്യുമെന്ന വാദഗതി നീതീകരിക്കാനാവില്ല. ആർ.എസ്.എസിനെ അത്രയേറെ കടുത്ത ഭാഷയിലാണ് സി.പി.എം. വിമർശിച്ചുവരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആർ.എസ്.എസ്. ശാഖകളുള്ളത് കേരളത്തിലാണ്. പാർട്ടിയുമായല്ല, പിണറായി വ്യക്തിപരമായിട്ടാണ് ബി.ജെ.പി.യുമായുള്ള 'അന്തർധാര' നിലനിർത്തുന്നതെന്ന ആരോപണമാണ് നിലവിലുള്ളത്.
ഒരു ചാനലിൽ പറയുന്നത് കേട്ടത് ഇങ്ങനെ: പി.എം.ശ്രീ വിവാദത്തിൽ സി.പി.ഐ.യെ മരവിപ്പിച്ചുനിർത്തിയിട്ടുണ്ടെങ്കിൽ, ഇനി ആ പാർട്ടിയെ ' ശരിയാക്കുവാനുള്ള ഓപ്പറേഷൻ' വഴിയേയുണ്ടാകുമത്രെ. ഇടതുവന്ന് എല്ലാം ശരിയാക്കിയിരിക്കുകയാണല്ലോ, ഇനി സഖ്യകക്ഷികൡലേക്ക് ശസ്ത്രക്രിയാ ഉപകരണങ്ങളുമായി കടന്നുചെല്ലാമെന്നായിരിക്കുമോ മുഖ്യന്റെ ഉള്ളിലിരിപ്പ്? ഏതായാലും ഈ 'ഭ്രമയുഗപ്പേടി' വലതിനുണ്ടാകാതിരിക്കില്ല!
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
