ഈ ആഴ്ചക്കുറിപ്പ് തയ്യാറാക്കുന്നതിനുമുമ്പേ ചാനലിൽ ഒന്നു പരതി.
കോതമംഗലത്ത് ടിപ്പറിടിച്ച് പിതാവും മകളും മരിച്ചതായി വാർത്ത കണ്ടു.
ട്രെയിനിൽ നിന്ന് ടി.ടി.ഇയെ തള്ളിയിട്ടു കൊന്നതിന്റെ ഫോളോഅപ്പ്
ചാനലുകളിലുണ്ട്. ഒപ്പം, കൊടുങ്ങല്ലൂർ തൃശൂർ റൂട്ടിലെ ശാസ്താ ബസ്സിലെ
കണ്ടക്ടർ ഒരു യാത്രക്കാരനെ ബസ്സിൽ നിന്ന് ചവിട്ടിത്താഴെയിട്ട ശേഷവും
മർദ്ദിക്കുന്ന വാർത്തയും ചിത്രവും മനോരമയിലുണ്ട്. ഒരു കടുവ കിണറ്റിൽ വീണു
കിടക്കുന്ന വിഷ്വൽ ഏഷ്യാനെറ്റ് ന്യൂസിലുണ്ട്.
ചൂട് കലശലായതോടെ മനുഷ്യ
മനസുകളുടെ താളം തെറ്റുന്നുണ്ടോ? വന്യജീവികൾ അക്രമാസക്തരാകുന്നത് കാട്ടിലെ
ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോൾ നാട്ടിലെ മനുഷ്യരും 'കിളി പോയ' അവസ്ഥയിലായോ?
കാലം മാറിയത് അറിയണം നാം
ഇപ്പോഴും
ടൂവീലറും ഫോർ വീലറുകളും ഡ്രൈവ് ചെയ്യുന്ന പ്രായമേറിയവർ റോഡ് മാറിപ്പോയത്
അറിഞ്ഞില്ലെന്നു സംശയിക്കണം. സ്പീഡും ലഹരിയും റോഡ് മരണക്കെണി തീർക്കുകയാണ്
ഇന്ന്. ടിപ്പർ ഓടിച്ചു വരുന്നവർ ആനപ്പുറത്തിരിക്കുന്ന ജാഡയോടെയാണ്
നിരത്തിലിറങ്ങുന്നത്. 'വേണമെങ്കിൽ വഴി മാറിപ്പോടാ' എന്ന മട്ടട്ടിലുള്ള
ബീഭത്സ രൂപമായി ടിപ്പർ ഓടിക്കുന്നവർ മാറുന്നുണ്ട്. 'മനഃപ്പൂർവമല്ലാത്ത
നരഹത്യ' എന്ന സുന്ദരപദ പ്രയോഗം പലപ്പോഴും ഡ്രൈവിംഗിൽ അനാസ്ഥ
കാണിക്കുന്നവർക്ക് തുണയായി മാറുന്നു. മോട്ടർ വാഹന വകുപ്പിലും പൊലീസും
ബസ്സുകാർക്കും ടിപ്പർ ലോറിക്കാർക്കും കുട പിടിക്കുമ്പോൾ, അവർ ആരെ
പേടിക്കാൻ? മനുഷ്യ ജീവനുകൾക്ക് പുല്ലുവില കൽപ്പിക്കുന്ന ഭാരവാഹന
ഡ്രൈവർമാർക്ക് പെറ്റിയടിക്കുന്ന കലാപരിപാടി മാത്രമേ ഇപ്പോൾ അധികൃതരുടെ
ഭാഗത്തു നിന്നുള്ളു. തിരുവനന്തപുരത്ത് അപകടമുണ്ടാക്കിയ ടിപ്പറിന് 25ഓളം തവണ
പെറ്റിയടിച്ചതായി വാർത്തയുണ്ടായിരുന്നു.വലിയൊരു കെണി മലയാളിയെ
കാത്തിരിക്കുന്നു..
ധനവകുപ്പിന്റെ അനുമതി കൂടാതെ കേരളാ പൊലീസ് 47 കോടി രൂപ ചെലവഴിച്ചത് വിവാദമായിട്ടുണ്ട്. എന്നാൽ ക്രമസമാധാനരംഗത്ത് ഇങ്ങനെയൊരു അനുമതി തേടൽ ഉണ്ടാക്കുന്ന പുകിൽ ചില്ലറയല്ല. പൊലീസ് ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നത് ചില കുറുക്കു വഴികളിലൂടെയാണ്. അവർ പണം ചെലവാക്കേണ്ട കേസ് അന്വേഷണത്തിൽ നിന്ന് തൽക്കാലം പിന്നാക്കം പോകും. അങ്ങനെ വരുമ്പോൾ, ഒരു സ്ത്രീയെ തോട്ടിൽ ചവിട്ടിത്താഴ്ത്തി സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ മുജിബ് റഹ്മാൻ എന്ന പ്രതിയെപോലുള്ളവരുടെ മേൽ പൊലീസ് നടത്തേണ്ട നിരീക്ഷണം പൊലീസും 'സാ' മട്ടിലാക്കും. മുജിബ് റഹ്മാന്റെ പേരിൽ അൻപതോളം കേസുകളുണ്ടത്രെ. ഒരു വൃദ്ധയെ ബലാൽക്കാരം ചെയ്തു കവർച്ച നടത്തിയ കേസിൽ മുജിബ് നിയമത്തിന്റെ പിടിയിൽ നിന്ന് വഴുതിപ്പോയതെങ്ങനെയെന്നത് ഇപ്പോഴും ദുരൂഹതയാണ്.
കോതമംഗലത്തിനടുത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന വൃദ്ധയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു കൊലപ്പെടുത്തിയ കേസിലെ പോലീസ് അന്വേഷണം മലയാളികൾക്ക് ഒരു ഡെയിഞ്ചർ സിഗ്‌നൽ നൽകുന്നുണ്ട്. മലയാളികളും അന്യസംസ്ഥാനക്കാരും ഉൾപ്പെട്ട സംഘമാണോ ഈ അരും കൊല നടത്തിയെതെന്ന സംശയമാണ് പൊലീസിനുള്ളത്. ക്വട്ടേഷൻ വലിയ തുകയ്‌ക്കെടുത്ത്, അന്യസംസ്ഥാന ക്രിമിനലുകളെ ഉപയോഗിച്ച് കുറഞ്ഞ റേറ്റിന് നടപ്പാക്കുന്ന രീതി കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞോ? മലയാളി മനസ്സല്ലേ, മാന്ത്രിക കുതിരപ്പുറമേറി പണമുണ്ടാക്കാൻ ഏതു വഴിയിലൂടെയും പാഞ്ഞെന്നു വരാം.
പ്രഭാതസവാരി പലരും ഉപേക്ഷിച്ചു കഴിഞ്ഞുവോ?
കേരളത്തിൽ വാഹനാപകടങ്ങളെ ഭയന്നും, പേപ്പട്ടികളെ പേടിച്ചും പ്രഭാത നടത്തം പലരും ഒഴിവാക്കിത്തുടങ്ങി. ഇലക്ഷൻ രംഗം ചൂടുപിടിച്ചതോടെ പേപ്പട്ടിയ്‌ക്കെല്ലാം ഇന്ന് മാർക്കറ്റ് വാല്യൂ ഇല്ല. പകരം ഇ.ഡി, സി.എ.എ., ഐ.ടി. തുടങ്ങിയ ചുരുക്കപ്പേരുകളാണ് പ്രചാരണയോഗങ്ങളിൽ പകിട പന്ത്രണ്ടായി രാഷ്ട്രീയക്കാർ വീശിയെറിയുന്നത്.
മന്ത്രിയായി എം.ബി. രാജേഷ് ചുമതലയേറ്റപ്പോൾകേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുമെന്ന് ജനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അവസാനം 'പവനായി ശവമായി' എന്ന മട്ടിൽ രാജേഷ് മന്ത്രി മറ്റ് മന്ത്രിമാരെപോലെ തന്നെ ക്യാപ്ടന്റെ മുമ്പിൽ നാവടക്കി നിൽക്കുന്നതും പണിയെടുക്കാതിരിക്കുന്നതും നാം കണ്ടു.പേപ്പട്ടി പ്രശ്‌നത്തിൽ എത്രത്തോളം നിർവികാരത കാണിക്കുന്നുണ്ടെന്ന് സമീപകാല മാധ്യമ വാർത്തകളിലുണ്ട്. പ്രതിവർഷം ശരാശരി 1 ലക്ഷം പേർക്ക് പേപ്പട്ടികളുടെ കടിയേറ്റിട്ടും ഭരണകൂടം അനങ്ങുന്നതേയില്ല.
കാസർകോട് തൃക്കരിപ്പൂരിൽ അയൽവീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരനെ പേപ്പട്ടി കടിച്ചെടുത്തു കൊണ്ടുപോയത് ജനുവരി രണ്ടാം വാരത്തിലാണ്. കൊല്ലത്ത് കടയ്ക്കലിൽ അമ്പലത്തിൽ മുത്തശ്ശിയോടൊപ്പം തൊഴാൻ പോയ അഞ്ചു വയസ്സുകാരന്റെ ചെവിക്ക് കടിച്ച് മുറിവേൽപ്പിച്ചതാണ് മറ്റൊരു സംഭവം. പേപ്പട്ടികളെ നിയന്ത്രിക്കാന് നായ്ക്കളുടെ വന്ധ്യംകരണമാണ് ഏറ്റവും നല്ല മാർഗം. എല്ലാ ജില്ലകളിലും ആനിമൽ ബർത്ത് കൺട്രോൾ സെന്ററുകൾ (ഏ.ബി.സി) ആരംഭിക്കുമെന്ന സർക്കാർ വാഗ്ദാനം ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്. ഏബിസി കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്തിയതായി മന്ത്രി പറയുന്നുണ്ട്. പക്ഷെ സർക്കാർ നടപടി അവിടെ ഒതുങ്ങിനിൽക്കുന്നു. ഇതിനിടെ തെരുവു വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന ലക്ഷ്യത്തോടെ 2022ൽ ആരംഭിച്ച പദ്ധതിയും ഫലവത്തായില്ല.
സുപ്രീംകോടതി പോലും കേരളത്തിലെ തെരുവ് നായ്ക്കളെ സംബന്ധിച്ച വിഷയത്തിൽ ഇടപെട്ടിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം 2017ൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. എണ്ണായിരത്തോളം പരാതികളാണ് കമ്മിറ്റിക്ക് ലഭിച്ചത്. കമ്മറ്റി പ്രഖ്യാപിക്കുന്ന നഷ്ട പരിഹാരം രണ്ടും മൂന്നും വർഷം കഴിയുമ്പോഴാണ് പരാതിക്കാർക്ക് ലഭിക്കുന്നത്. ഒരു പല്ലിന് 10,000 രൂപയെന്ന കണക്കിൽ നഷ്ടപരിഹാരം ലഭിക്കേണ്ടതാണെങ്കിലും ചുവപ്പുനാടയുണ്ടാക്കുന്ന പ്രശ്‌നങ്ങളിൽ പെട്ട് നഷ്ടപരിഹാരം പലപ്പോഴും ശുഷ്‌ക്കിച്ചുപോകുകയാണ് പതിവ്.
എന്തിനും ഏതിനും ലാഭം മാത്രമല്ല, കൊള്ള ലാഭമെന്ന മലയാളിയുടെ ചിന്ത ഇന്ന് വ്യാപകമാണ്. തട്ടിപ്പുകളുടെ നിഗൂഢ വഴികൾ കണ്ടെത്തുന്നതിൽ മലയാളി പലപ്പോഴും പരാജയപ്പെടുന്നു. 2023ൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരളത്തിന് നഷ്ടമായത് 201.79 കോടിയാണ്. രാജ്യത്താകെ ഓൺലൈനിൽ നഷ്ടമായത് 7488.64 കോടിയാണ്. ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത് മഹാരാഷ്ട്രയ്ക്കാണ് 990 കോടി. വർക്ക് ഫ്രം ഹോം അല്ല മലയാളിയെ കുടുക്കിയത്. പകരം വീട്ടിലിരുന്നും പണമുണ്ടാക്കാനുള്ള കുറുക്കു വഴികൾ തേടിയതാണ് മലയാളിക്ക് വിനയായത്.
കണ്ണിൽ ചോരയില്ലാത്തവരോ ഭരണാധികാരികൾ?
കഴിഞ്ഞയാഴ്ച
രണ്ട് ദയനീയ മുഖങ്ങൾ കേരളത്തിന്റെ ഉള്ളുലച്ചു. റിയാസ് മൗലവി കേസിൽപ്രതികളെ
വെറുതെ വിട്ട കോടതിക്കു മുന്നിൽ അലറിക്കരഞ്ഞ മൗലവിയുടെ ഭാര്യയുടെ മുഖമാണ്
ഇതിൽ ഒന്ന്. രണ്ടാമത്തേത് കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ നാൽപ്പത്തിയൊന്നാം
ചരമ ദിനത്തിൽ അമ്മ എം.ആർ. ഷീബ കുഴഞ്ഞു വീണു കിടക്കുന്ന രംഗം. ഈ രണ്ട്
സംഭവങ്ങളിലും കുറ്റം ചെയ്തവരെ ഭരണകർത്താക്കൾ സംരക്ഷിച്ചുവെന്ന് പൊതുസമൂഹം
സംശയിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അമ്മമാരുടെ കണ്ണുനീരു വീണ് നനയുന്ന ഈ കൊച്ചു
കേരളം ഈ കൊടുംക്രൂരതകൾക്കെല്ലാം വലിയ വില കൊടുക്കേണ്ടിവരില്ലേ?
രാഷ്ട്രീയ
പ്രസ്ഥാനങ്ങൾ വളരാൻ നിരപരാധരുടെ കണ്ണുനനീർ മതിയെന്ന് കരുതരുത് ആരും.
ചരിത്രം പഠിച്ചാൽ, അത്തരം കൊടും ക്രൂരതകൾക്ക് മാപ്പ് ലഭിച്ചതായി
കാണാനാവില്ല.
ആടുജീവിതവും ചില വിമർശനങ്ങളും
പൃഥ്വിരാജ് വിയർപ്പൊഴുക്കിയും പണം ചെലവഴിച്ചും നിർമ്മിച്ച ആടുജീവിതമെന്ന സിനിമയെ മറുനാടൻ ഷാജനും ഹരീഷ് പേരടിയുമെല്ലാം അതിക്രൂരമായി വിമർശിച്ചത് കണ്ടു. സോഷ്യൽ മീഡിയ ഒരു പ്രത്യേക ലോകമാണ്. എല്ലാവരും നല്ലതു പറയുന്നതുപോലെ ഒഴുക്കിനൊപ്പം നീങ്ങിയാൽ കാഴ്ചക്കാരെ കിട്ടില്ല. എല്ലാവരും പറഞ്ഞതിനെതിരെ പറഞ്ഞാലേ സംഗതി വൈറലാകൂ. ഒരു നടന്റെയും സംവിധായകന്റെയും ത്യാഗവും കഷ്ടപ്പാടുമെല്ലാം 'ഗ്രാസ്'പോലെ അവഗണിക്കുന്നതും അവരെ 'ഭള്ള്' പറയുന്നതും ഒരു സ്‌റ്റൈലായിരിക്കാം. അവരോട് ദൈവം പൊറുക്കട്ടെ
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1