സി.പി.എം. നേതൃത്വത്തോട് ഒരപേക്ഷയുണ്ട്: കരുനാഗപ്പള്ളിയിലും മറ്റും ഉയരുന്ന അപകടകരമായ കറുത്ത പുക കണ്ടില്ലെന്ന് നടിക്കരുത്. ഒരു കേഡർ പാർട്ടിയെന്ന ലേബൽ ഇപ്പോൾ ഈ പാർട്ടിക്ക് ഉണ്ടോയെന്ന് സംശയമുണ്ട്. അണികളുടെ നെഞ്ചടിപ്പിനു കാതോർത്തിരുന്ന ഒരു കാലം പാർട്ടിയിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, എല്ലാ സംസ്ഥാന സമ്മേളനങ്ങൾക്കും മുമ്പായി സി.പി.എം ലോക്കൽ കമ്മിറ്റി തൊട്ട് സംസ്ഥാന ലെവൽ വരെ തെരഞ്ഞെടുപ്പുകളിലൂടെ നേതാക്കളെ കണ്ടെത്തിയിരുന്നത്. അതായത് ജനാധിപത്യം പുലരുന്ന ഒരു രാഷ്ട്രീയ പാർട്ടിയെന്ന അവകാശവാദം എക്കാലത്തും അതേ പാർട്ടിക്ക് അംഗീകരിച്ചു കൊടുക്കാൻ നമുക്ക് കഴിഞ്ഞിരുന്നു.
ഇന്ന് സ്ഥിതി മാറി. പ്രാദേശിക നേതാക്കളെ പോലും ഒരൊറ്റ നേതാവിന്റെ മാത്രം പ്രീതിയനുസരിച്ച് തെരഞ്ഞെടുക്കണമെന്ന ഏകാധിപത്യ ശൈലി പാർട്ടിയുടെ ഘടനയെ തന്നെ കളങ്കിതമാക്കി കഴിഞ്ഞുവെന്ന് അണികൾ പരാതിപ്പെടുന്നു. ഈ പരാതികൾക്കുള്ള കാരണങ്ങൾ പ്ലക്കാർഡുകളിൽ എഴുതിയൊട്ടിച്ച് കരുനാഗപ്പള്ളിയിൽ തെരുവിലിറങ്ങിയ പഴയ എസ്.എഫ്.ഐയുടെ പാരമ്പര്യമുള്ള പാർട്ടിയുടെ വനിതാംഗങ്ങൾ വിളിച്ചു പറഞ്ഞ മുദ്രാവാക്യങ്ങൾക്ക് ഒരൊറ്റ വിശേഷണമേയുള്ളൂ: വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ് ഇവിടെയുള്ള നേതാക്കൾ എന്ന്!
കരുനാഗപ്പള്ളിയിൽ ഉയരുന്ന ചോദ്യങ്ങൾ
സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയിൽ നടക്കാൻ പോകുന്നത് കൊല്ലത്താണ്. കൊല്ലം ജില്ലയിലാണ് കരുനാഗപ്പള്ളി. അതുകൊണ്ടുതന്നെ കരുനാഗപ്പള്ളിയിൽ ഉയരുന്ന വിമത ശബ്ദങ്ങളെ അടിച്ചമർത്തണമെന്ന് പാർട്ടി നേതൃത്വം പിടിവാശി പിടിക്കുന്നു. പക്ഷെ ബാർ മുതലാളിയും, റിയൽ എസ്റ്റേറ്റ് തലവന്മാരും, ക്വാറിമണ്ണ് മാഫിയയിൽ പെട്ടവരും സ്ത്രീ പീഡനക്കാരും ഉൾപ്പെട്ടവർ പാർട്ടി കൈയടക്കുന്നത് കണ്ട് തെരുവിലിറങ്ങിയ സാധാരണക്കാരായ പ്രവർത്തകരെ തൃപ്തിപ്പെടുത്താനാവാത്ത സ്ഥിതിയിലാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. അസംതൃപ്തരായ അണികളുടെ മുമ്പിൽ മാഷിന്റെ വേഷം കെട്ടി ചൂരലെടുത്തു നിൽക്കുന്ന എം.വി. ഗോവിന്ദൻ സി.പി.എമ്മിന്റെ നിലവിലുള്ള നേതൃത്വത്തിന്റെ ദയനീയ പ്രതീകമാണ്.
കൊല്ലം എം.എൽ.എയായ നടൻ മുകേഷിനെ ലോകസഭയിലേക്ക് മത്സരിപ്പിച്ചതിൽ കടുത്ത അതൃപ്തി പ്രാദേശിക നേതാക്കൾക്കുണ്ടായിരുന്നു. അണികളുടെ മനസ്സിൽ എന്തെന്നറിയാൻ പാർട്ടി നേതൃത്വം തയ്യാറാകാത്തതിന്റെ ഗുണം കിട്ടിയത് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രനാണെന്നു മാത്രം. ഇത്തരമൊരു രാഷ്ട്രീയ കാലാവസ്ഥാ മാറ്റം ഉണ്ടായിട്ടും, പിൽക്കാലത്ത് കൊല്ലം എം.എൽ.എ. യായ നടൻ സ്ത്രീ പീഡനക്കേസിൽ ഉൾപ്പെട്ടിട്ടും, പാർട്ടി ആ നടനെ സംരക്ഷിക്കാൻ കാണിച്ച അത്യുൽസാഹം ഏറെ സംശയത്തോടെയാണ് അണികൾ കണ്ടത്.
കൊല്ലവും ഇല്ലവും പാർട്ടിയും
കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന പഴഞ്ചൊല്ല് ഏത് അർത്ഥത്തിലും ഈ വിപ്ലവ ഭൂമികയ്ക്ക് അനുയോജ്യമായിരുന്നു ഒരു കാലത്ത്. സഖാക്കൾ സ്‌നേഹപൂർവം എൻ.എസ്. എന്നു വിളിച്ചിരുന്ന എൻ. സുരേന്ദ്രന്റെ ത്യാഗനിർഭരമായ ജീവിതത്തിന്റെ പിന്തുടർച്ചാ സൗഭാഗ്യമാണ് കൊല്ലത്ത് പാർട്ടിക്ക് വേരുറപ്പിക്കാനുണ്ടായ സാഹചര്യമൊരുക്കിയത്. പിൽക്കാലത്ത്, എക്‌സൈസ് വകുപ്പ് ഭരിച്ചിട്ടും കൈക്കൂലിയുടെ കറ പുരളാൻ സമ്മതിക്കാതിരുന്ന പി.കെ. ഗുരുദാസന്റെ തണലിലായി. കൊല്ലത്തെ സി.പി.എം. എന്തെല്ലാം പ്രചരണങ്ങളുണ്ടെങ്കിലും ജെ.മേഴ്‌സിക്കുട്ടിയമ്മയും വലിയ തട്ടുകേടില്ലാതെ പാർട്ടിയിലൂടെ വളർന്നു വന്നതും ചരിത്രമാണ്. ഇന്ന് ആ പാരമ്പര്യത്തിന്റെ കണ്ണികളെല്ലാം പൊട്ടിപ്പോയിരിക്കുന്നു. ജനങ്ങളുടെയും സഖാക്കളുടെയും മുമ്പിൽ പാർട്ടി മേക്കപ്പിട്ടു നിന്നിട്ടും അഴിമതിയുടെയും തട്ടിപ്പിന്റെയും പെൺവിഷയത്തിന്റെയും വൈകൃതങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.
വീട്ടിൽ (ഇല്ലത്ത്) കയറ്റാൻ കൊള്ളാത്ത പെണ്ണു പിടിയന്മാർ പാർട്ടി കൈയടക്കിയെന്നുള്ളത് ആരോപണമല്ലെന്നും സ്ത്രീ പീഡനത്തിന്റെ വിഷ്വലുകൾ വരെ ചാനലുകൾക്ക് നൽകാൻ തയ്യാറാണെന്നും കരുനാഗപ്പള്ളിയിലെ സ്ത്രീകളായ പ്രതിഷേധക്കാർ വിളിച്ചു പറഞ്ഞിട്ടും അതൊന്നും ഗൗനിക്കാത്ത സി.പി.എം. തേൃത്വം ചൈനീസ് മോഡലിൽ ജനത്തെ ഇരുട്ടത്തു നിർത്തുകയാണോയെന്ന് സംശയിക്കണം.
സി.കെ.പി., ജി. സുധാകരൻ...
കണ്ണൂരിൽ ചില നേതാക്കളെക്കുറിച്ച് പാർട്ടി നേതൃത്വത്തിനു പരാതികൊടുത്ത സി.കെ.പി. പത്മനാഭനെതിരെ ഉന്നതർ നടപടിയെടുക്കുകയുണ്ടായി. പാർട്ടിയുടെ മേലാവിലുള്ളവർ വിമർശനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന സൂചന നൽകുന്നതായിരുന്നു ഈ നടപടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയ്‌ക്കെതിരെ നടപടി വൈകിപ്പിച്ച പാർട്ടി നേതൃത്വം സി.കെ.പി.യ്‌ക്കെതിരെ ഇപ്പോൾ സടകുടഞ്ഞെഴുന്നേറ്റത് കണ്ടപ്പോൾ തമാശയാണ് തോന്നിയത്.
മുൻമന്ത്രി ജി. സുധാകരനെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെ വച്ച് നടന്ന പാർട്ടി സമ്മേളനത്തിന് വിളിക്കാതിരുന്നതു പോലും ഒരു വീഴ്ചയായി 'പാർട്ടി തലൈവന്മാർ' കരുതുന്നില്ല. സി.പി.എം. വിട്ട് സി.പി.ഐ.യിലേക്ക് കളം മാറിയ ആഞ്ചലോസിനെ ന്യായീകരിച്ചതാണോ ജി.എസിന്റെ കുറ്റം? കോൺഗ്രസും ബി.ജെ.പി.യും സുധാകരനെ നോട്ടമിട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിലും ഭരണത്തിലും സത്യസന്ധത പുലർത്തുന്ന ജി.എസ്. ഇതേവരെ മനസ്സ് തുറന്നിട്ടില്ല.
മധു മുല്ലശ്ശേരിയെ ബി.ജെ.പി.ക്കാരനാക്കിയതിന്റെ ക്രെഡിറ്റ് ഏതായാലും സുരേഷ് ഗോപി അടിച്ചു മാറ്റിക്കഴിഞ്ഞു. 8 വർഷം ലോക്കൽ സെക്രട്ടറിയും 6 വർഷം ഏരിയാ സെക്രട്ടറിയുമായിരുന്ന മധുവിനെ പാർട്ടി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ യോഗത്തിൽ ഇരുത്തി തോൽപ്പിച്ചതിനെ തുടർന്നാണ് മധു പാർട്ടി വിട്ടത്. മുൻമന്ത്രി കടകം പള്ളി സുരേന്ദ്രൻ, മധുവിന്റെ മകൻ പാർട്ടിവിടില്ലെന്ന് മാധ്യമങ്ങളുടെ മുമ്പിൽ ആണയിട്ടു പറഞ്ഞുവെങ്കിലും, അത് ചെവിക്കൊള്ളാതെ ആ യുവ നേതാവും മധുവിന്റെ വൈക്കത്തുള്ള മകളും ബി.ജെ.പി.യിലേക്ക് പൊയ്ക്കഴിഞ്ഞു.
'താമര' ച്ചന്തം കണ്ട് കൊതിക്കണോ?
വയനാട്, ചേലക്കര, പാലക്കാട് തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ കോട്ടമുണ്ടായ പാർട്ടി ബി.ജെ.പിയാണെന്നു നിരീക്ഷകർ പറയുന്നുണ്ട്. വയനാടും ചേലക്കരയും പാലക്കാടും തൃശ്ശൂർ രീതിയിൽ 'ഞാനങ്ങ് എടുക്കുവാ' എന്നു പറഞ്ഞ സുരേഷ് ഗോപിക്ക് ഈ തെരഞ്ഞെടുപ്പുകളിൽ ജനം കൊടുത്ത 'തിരിച്ചടി' കനത്തതാണ് ഇപ്പോഴും ഭരത്ചന്ദ്രൻ ഐ.പി.എസിന്റെ വേഷഭൂത ബാധയിൽ നിന്ന് മോചനം നേടാത്ത 'നിഷ്‌കളങ്ക മാനസ'നായ നടന് രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ മനസ്സിലാകാതെ പോകുന്നതിൽ എല്ലാവർക്കും സങ്കടമുണ്ട്. വയനാട് ലോക്‌സഭാ സീറ്റിൽ കെട്ടിവച്ച കാശ് പോയ പാർട്ടിയാണിപ്പോൾ ബി.ജെ.പി. ചേലക്കരയിൽ മാത്രമാണ് പോയ തെരഞ്ഞെടുപ്പിൽ അൽപ്പമെങ്കിലും നിലമെച്ചപ്പെടുത്താൻ ബി.ജെ.പി.ക്ക് കഴിഞ്ഞത്.പാലക്കാട്ട് മുനിസിപ്പൽ കോർപ്പറേഷൻ ഭരണം കൈവശമുള്ള ബി.ജെ.പി.യുടെ വോട്ട് ചോർന്നത് ജയസാധ്യതയുള്ള രാഹുലിന്റെ പെട്ടിയിലേയ്ക്കായതും ഈ ഇലക്ഷനിലെ രാഷ്ട്രീയ വൈരുദ്ധ്യമാണ്.
കോൺഗ്രസിൽ നേതാക്കൾ കൂണു പോലെ മുളച്ചു നിൽക്കെ, ബി.ജെ.പി.യാണ് നല്ല രാഷ്ട്രീയ അഭയ സങ്കേതമെന്നു കരുതുന്നവർ സി.പി.എം. അണികളിൽ വർധിച്ചിട്ടുണ്ട്. സി.പി.എംന്റെ ആക്രമണ സ്വഭാവമുള്ള ചിലരുടെ ഭീഷണി ഭയന്ന് ആർ.എസ്.എസ്. തങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്നു കരുതുന്നതാവാം 'താമര'ക്കെണികളിലേക്കുള്ള സി.പി.എം. അണികളുടെ പലായനമെന്നു കരുതാം.
ഹൈന്ദവ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ സി.പി.എം. അണികളുടെ പ്രവർത്തനങ്ങൾ. ഈ ക്ഷേത്ര പരിസര രാഷ്ട്രീയം ബി.ജെ.പി.യി ലേക്ക് ചേക്കേറാൻ അനുകൂലമാണെന്ന ചിന്ത മലബാറിലെ സി.പി.എം.കാർക്കുണ്ട്. അതുകൊണ്ടു തന്നെ സി.പി.എമ്മിൽ നിന്ന് ബി.ജെ.പി.യിലേക്ക് കൂട് മാറുന്നത് ബുദ്ധിപരമാണെന്നു കരുതുന്നവർ വടക്കൻ കേരളത്തിൽ കൂടിവരുന്നു.
ആദർശത്തിന്റെയും നൈതികതയുടെയും വിശുദ്ധമായ പ്രദക്ഷിണ വഴികളിൽ ഇന്ന് രാഷ്ട്രീയ നേതാക്കളുടെ തിക്കും തിരക്കുമില്ല. പകരം പുത്തൻ പണക്കാരുടെ രാഷ്ട്രീയ പിത്തലാട്ടങ്ങളുടെ പിന്നാലെയാണ് ഭൂരിപക്ഷവും ചരിക്കുന്നത്. എല്ലാവരും പണമുണ്ടാക്കുമ്പോൾ, നമുക്കും അതിന്റെ പൊട്ടും പൊടിയും കിട്ടിയാൽ നല്ലതെന്നു കരുതുന്നവർ ഇടതു ബി.ജെ.പി. പാർട്ടികളിൽ കൂടിവരികയാണ്. ഈ 'പുത്തൻ പണം' തേടിയുള്ള പാച്ചിലിൽ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെ തണലിൽ കഴിയുന്ന കളങ്കിതരുമായുള്ള കൂട്ടുകെട്ടാണ് സഹായത്തിനെത്തുകയെന്ന് ടി.പി. പ്രശാന്തനെ (പെട്രോൾ പമ്പ് വിവാദത്തിലെ നായകൻ) പോലുള്ളവർ ചിന്തിക്കുന്നു.
പെട്രോൾ പമ്പുകളും ബിനാമികളും
കേരളത്തിൽ നിന്നുള്ള ചലച്ചിത്ര നടനായ കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, ഏ.ഡി.എം. സംഭവത്തിൽ നടത്തിയ മലക്കം മറിച്ചിൽ മാധ്യമങ്ങൾ തമസ്‌ക്കരിച്ചത് മനഃപൂർവ്വമാണോ? അറിയില്ല. കാരണം, ഏ.ഡി.എം ന്റെ മരണത്തിനു കാരണമായ വിവാദമായ 'നിർദ്ദിഷ്ട പെട്രോൾ പമ്പി' നെക്കുറിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി, ലോക്‌സഭയിൽ നൽകിയ ഉത്തരത്തിൽ പെട്രോളിയം കമ്പനികളെ പഴിചാരി അന്വേഷണ പ്രഖ്യാപനത്തിൽ നിന്ന് രക്ഷപ്പെട്ടത് പാർലിമെന്റ് രേഖയിലുണ്ട്.
ഒരാൾക്ക് പെട്രോൾ പമ്പ് അനുവദിക്കണമെങ്കിൽ അപേക്ഷകൻ സർക്കാർ ശമ്പളം പറ്റുന്നവരാകരുതെന്നും ഏതെങ്കിലും പെട്രോൾ പമ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എക്‌സ്പീരിയൻസ് അപേക്ഷകന് ഉണ്ടായിരിക്കണമെന്നും കമ്പനി വ്യവസ്ഥകളിലുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ സർക്കാർ ശമ്പളം പറ്റിയ ടി.പി. പ്രശാന്തനെങ്ങനെ പമ്പ് അനുവദിച്ചുവെന്ന ചോദ്യത്തിനുള്ള വിവരാവകാശ മറുപടിയിൽ പ്രശാന്തന് പമ്പിന് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് പറഞ്ഞിട്ടുള്ളത് ജനങ്ങളെ കബളിപ്പിക്കലല്ലേ
പൊതുജനങ്ങളിൽ നിന്ന് നൽകുന്ന നക്കാപ്പിച്ച പെൻഷന് വർഷം തോറും, അവൻ ചത്തോ ജീവിച്ചിരിപ്പുണ്ടോയെന്നറിയാൻ വാർഷിക മസ്റ്ററിങ്ങ് നടത്തി, അവന്റെ അടിവസ്ത്രത്തിന്റെ നിറം പോലും അന്വേഷിക്കുന്ന ഭരണകൂടങ്ങൾ ബിനാമികളുടെ കള്ളക്കളികൾക്കു മുമ്പിൽ കണ്ണടച്ചിരിക്കുമ്പോൾ നമുക്ക് എന്തു ചെയ്യാൻ കഴിയും?
20ൽ പരം ബാറുകളുണ്ടായിരുന്ന യു.ഡി.എഫ്. ഭരണത്തിനെതിരെ പ്രകടനം നടത്തിയ ഇടതു പാർട്ടികളുടെ കാലത്ത് ഇന്ന് കേരളത്തിൽ 800ലേറെ ബാറുകളുണ്ടെന്ന കാര്യം ഓർമ്മിക്കുക. കഴിയുമെങ്കിൽ, ആരോഗ്യവും കീശയും അനുവദിക്കുമെങ്കിൽ രണ്ട് സ്മാളെങ്കിലും വീശുക. പിന്നീട് ഉടുവസ്ത്രം അരയിൽ കെട്ടണോ തലയിൽ കെട്ടണോ എന്ന് തീരുമാനിക്കുക. പിന്നെ എല്ലാം 'പുകമയം' അല്ലേ?
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1