തെരഞ്ഞെടുപ്പുകാല താര അവതാരങ്ങൾ

FEBRUARY 11, 2026, 10:59 AM

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമ്പറയൊച്ച അങ്ങകലെ കേൾക്കുമ്പോൾ, മലയാളികളുടെ ഇടനെഞ്ചിൽ ഇടതുപക്ഷമണോ അതോ അവരുടെ ഖൽബിലാകെ ത്രിവർണ്ണത്തിൽ മറുപക്ഷമാണോ? തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയമായും രാഷ്ട്രീയേതരമായും വോട്ടർമാരുടെ മനസ്സിൽ ചാപ്പ കുത്തുക എന്ന ലക്ഷ്യത്തോടെ അവതാരങ്ങൾ ഒന്നായി പ്രത്യക്ഷപ്പെടുകയാണ് ഈ ദിവസങ്ങളിൽ. അവരുടെ അവകാശവാദങ്ങൾ, വെല്ലുവിളികൾ, പഴമ്പുരാണങ്ങൾ, ദീനരോദനങ്ങൾ..

അങ്ങനെ, തെരഞ്ഞെടുപ്പ്കാലത്തുമാത്രം പ്രത്യക്ഷപ്പെടുന്ന താര പ്രതിഭാസങ്ങളുടെ ഒളിനോട്ടം ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല. മുന്നണികളുടെ പ്രീതിക്കും അപ്രീതിക്കും പാത്രമാകും വിധം ഇരുചേരികളിൽ, സാംസ്‌കാരിക നായകരും പൊതുജീവിതത്തിൽ നിന്ന് വിസ്മൃതിയിൽ മറഞ്ഞവരും വരിവരിയായി വരികയാണ്.

അതിൽ സാക്ഷാൽ സച്ചിദാനന്ദൻ മുതൽ സരിത നായർ വരെയും മുല്ലപ്പള്ളി രാമചന്ദ്രൻ മുതൽ മുരുകൻ കാട്ടാക്കട വരെയും നമ്മളെ ചിന്തിപ്പിക്കുന്നു; പലതും ഓർമ്മിപ്പിക്കുകയും കൂടി ചെയ്യുന്നു. അപ്രതീക്ഷിത സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ മുതൽ ഇഷ്ടക്കാരുടെ പേരിൽ ചുമരെഴുത്ത് വരെ തുടങ്ങിക്കഴിഞ്ഞു രാഷ്ട്രീയ കേരളത്തിൽ.

vachakam
vachakam
vachakam

ഏതായാലും, സമൂഹമാധ്യമങ്ങളുടെ സ്വാധീന ശക്തി ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞ, തിരിച്ചറിയാൻ പോകുന്ന ഒരു തിരഞ്ഞെടുപ്പായിരിക്കും അടുത്ത നിയമസഭയിലേക്ക് നടക്കുന്നത്. ആ മാധ്യമങ്ങളുടെ മാരക പ്രഹരശേഷി സമീപകാലത്ത് തിരിച്ചറിഞ്ഞതാണ് നമ്മൾ. അതിനപ്പുറം, അച്ചടി, ദൃശ്യ മാധ്യമങ്ങൾ കൂട്ടിനില്ലെങ്കിലും പ്രചാരണ മുഖത്ത് കേവലം ഒരു പാരഡിപാട്ടുകൊണ്ടും ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടത് ഈയിടെയാണ്. പാരഡിക്ക് മറുപാരഡി പാടിക്കൊണ്ട് പാട്ടിന്റെ ശക്തി പിന്നെയും രാഷ്ട്രീയ വേദികളിൽ തെളിയിക്കപ്പെട്ടു.

ഓർമ്മകൾ ഉണ്ടാവണം

വികസന തുടർച്ചയ്ക്ക് ഒരു പതിറ്റാണ്ടത്തെ ഭരണം ഇനിയും നീട്ടി കിട്ടണമെന്ന സി.പി.എമ്മിന്റെ മോഹം അതിമോഹമണോ? കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിൽ മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും എന്ന് വ്യക്തമായിക്കഴിഞ്ഞു. അതിനുമുൻപ്, കേരളത്തിന്റെ രണ്ടറ്റത്തു നിന്നും ഇരുമുന്നണികളുടെയും പ്രചാരണ യാത്രകൾ സഞ്ചരിച്ചു തീരണം. തുടർഭരണം ഇല്ലെങ്കിൽ കേരളം തകരുമെന്നാണ് ഇടതിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യം. നേട്ടങ്ങൾ നിലനിർത്തണമെങ്കിൽ ഭരണത്തുടർ വേണം. എന്നാൽ വികസന കാഴ്ചകൾ കാണാൻ കഴിയാത്ത വിധം വന്നു മൂടുകയാണ് വിവാദങ്ങൾ. ശബരിമല സ്വർണ്ണക്കൊള്ള കെട്ടടങ്ങിയിട്ടില്ലെങ്കിലും അത് ഇപ്പോൾ ഇരുവശത്തെയും മുറിവേൽപ്പിക്കുന്ന ഇരുതലവാളായി മാറിക്കഴിഞ്ഞു.

vachakam
vachakam
vachakam

അപ്പോഴാണ് ഒരു പതിറ്റാണ്ട് പഴക്കമുണ്ടെങ്കിലും മലയാളികൾ മറക്കാത്ത സോളാർ ലൈംഗികാരോപണ കേസുകളുടെ പിന്നാമ്പുറം ചികഞ്ഞ് ചിലർ എത്തുന്നത്. ചില കേസുകൾ കോടതിയിലെത്താൻ വൈകും. കോടതിയിൽ എത്തിയവ നടപടിക്രമങ്ങൾക്ക് പിന്നെയും സമയമെടുക്കും. അങ്ങനെ ഇഴഞ്ഞ് നീങ്ങുമ്പോഴാണ് കേസിലെ സാക്ഷി മൊഴികളും മറ്റും തെരഞ്ഞെടുപ്പ് കാലത്ത് മാരക ബോംബായി പരിണമിക്കുന്നത്.

മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്‌സണൽസ്റ്റാഫിൽ അംഗമായിരുന്നയാൾ, ഗണേഷ് കുമാറും സരിത നായരും ചേർന്നാണ് ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢലോചന നടത്തിയത് എന്ന് ഇപ്പോൾ കോടതിയിൽ മൊഴി നൽകുന്നു. പറ്റിയ സമയത്ത് തന്നെ! ഒരു തെരഞ്ഞെടുപ്പ് ആവേശത്തിന് സാക്ഷാൽ വി.എസ്. അച്യുതാനന്ദനെ കാമ ഭ്രാന്തൻ എന്ന് വിശേഷിപ്പിച്ച അതേ വ്യക്തി ഇപ്പോൾ പിണറായി സർക്കാരിൽ മന്ത്രിയായി തുടരുന്നിടത്ത് ഓർമ്മകൾ തികട്ടി വരേണ്ടതാണ്. ഒരു തരത്തിൽ ഒരോ തിരഞ്ഞെടുപ്പും ഓർമ്മപ്പെടുത്തലുകളുടെ കൂടി തെരഞ്ഞെടുപ്പാണ്. ആത്മകഥകളായും ഓർമ്മക്കുറിപ്പുകളായും വിവാദങ്ങൾക്കുള്ള മരുന്നും മേമ്പൊടിയും ഈ സീസണിൽ ഇനിയും പ്രതീക്ഷിക്കാം. ഏത് കച്ചിത്തുരുമ്പും ആയുധം തന്നെ!അതുകൊണ്ടാണ് പണ്ടെങ്ങോ നിരസിച്ച ഒരു മീൻ കറിയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂട്ടിക്കെട്ടിയത്.

പ്രത്യേക ക്ലാസിലുള്ള മത്സ്യം മാത്രമേ മുഖ്യമന്ത്രി കഴിക്കൂ എന്നാണ് കഴിഞ്ഞദിവസം മുൻമന്ത്രിയും സി.പി.ഐ നേതാവുമായ സി.ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. ദിവാകരന്റെ ആത്മകഥയിൽ വന്ന ചില പരാമർശങ്ങൾക്ക് അദ്ദേഹം വിശദീകരണം നൽകുകയായിരുന്നു. മീൻ ഏതാണെന്ന് ചോദിച്ചു എന്ന് ചൂര എന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റുപോയി എന്ന് ദിവാകരന്റെ പരാമർശം.
വിശപ്പിന്റെ വില നന്നായി അറിയുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. അതുകൊണ്ട് തന്നെ കിട്ടുന്ന ഭക്ഷണം കഴിക്കും. പരാതി പറഞ്ഞതായി ഇന്നുവരെ കേട്ടിട്ടില്ല എന്ന് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മകന് പിണറായിക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കേണ്ടിവന്നു വിവാദം അടങ്ങാൻ!

vachakam
vachakam
vachakam

അതിനിടെ കെ.പി.സി.സിയുടെ മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പെട്ടെന്നാണ് കുറ്റിയാടി എന്ന തന്റെ അയൽ ഗ്രാമത്തോട് പ്രത്യേക സ്‌നേഹം തോന്നിയത് പ്രതിപക്ഷ നേതാവിന്റെ യാത്രയിൽ സംസാരിക്കുമ്പോഴാണ് കുറ്റിയാടിയുമായുള്ള ആത്മബന്ധം മുല്ലപ്പള്ളി വെളിപ്പെടുത്തിയത് ലീഗിന്റെ കോട്ടയായ കുറ്റിയാടി മതേതരത്വത്തിന്റെ ശാശ്വതഭൂമിയാണെന്ന് വരെ അദ്ദേഹം പറഞ്ഞു വെച്ചു. ബാല്യകാലസ്മരണകൾ അയവിറക്കി. താൻ അവിടെ മത്സരയോഗ്യൻ എന്ന് അറിയാതെ പറയുകയാണ് മുല്ലപ്പള്ളി; അടവുകൾ പലവിധം.

അടിക്കുമ്പോൾ  തലയ്ക്ക് തന്നെ അടിക്കണമെന്ന ലൈനിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ. വി.എസ്. അച്യുതാനന്ദന്റെ മത്സര തട്ടകമായിരുന്ന മലമ്പുഴയിൽ വി.എസിന്റെ സന്തത സഹചാരിയും വിശ്വസ്തനും ആയിരുന്ന സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നടത്തുന്ന നീക്കവും അതിന്റെ ഭാഗമാണ്. സുരേഷ് മനസ്സ് തുറന്നിട്ടില്ലെങ്കിലും അക്കാര്യം നിഷേധിച്ചിട്ടുമില്ല. അപ്പോഴാണ് അച്യുതാനന്ദന്റെ മകൻ അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എം ചരടുനീക്കം നടത്തുന്നത്. അരുൺകുമാറും മനസ്സു തുറന്നിട്ടില്ല.

വി.ഡി. സതീശന്റെ യാത്ര എറണാകുളത്ത് എത്തുമ്പോൾ ശബരിമല സ്വർണ്ണകേസിൽ തന്നെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം ഒരുങ്ങുന്നതായി മുൻ ദേവസ്വം മെമ്പർ അജയ് തറയിലിന് സംശയം. ഈ വിവരം അദ്ദേഹത്തിന് ചോർത്തി നൽകിയത് ഒരു സഖാവാണത്രേ! ഇന്നത്തെ നിലയ്ക്ക് അതും സംശയിച്ചു കൂടാ. സതീശന്റെ യാത്ര തുടങ്ങിയ ശേഷമാണ് അടൂർ പ്രകാശിന്റെ മേലും എസ്.ഐ.ടി കൈ വച്ചത്. സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ  ആശാവർക്കർമാരുടെ തെരുവ് സമരം തെരഞ്ഞെടുപ്പ് സീസൺ എത്തുമ്പേഴേക്കും ആരും മറക്കരുത്. അതിനാലാവണം, സമരത്തിന്റെ വാർഷിക സ്മരണയിൽ സെക്രട്ടറിയേറ്റിലേക്ക് ഒരു മാർച്ച് വെച്ചത്.

മരുന്നില്ലാത്ത മറവി

തുടർഭരണം നല്ലതല്ല എന്ന ഒരു ക്യാമ്പയിൻ നടത്തുന്നത് ആരാണെന്ന് ശ്രദ്ധിക്കണം. തുടർഭരണം ദുരധികാരം ആകുമെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള ഇന്ധനമാക്കി ഒരു വിഭാഗം. അങ്ങനെ തുടർഭരണത്തിനെതിരായ പ്രതികരണത്തിൽ സാംസ്‌കാരിക മേഖലയിൽ ചേരിപ്പോര്. തുടർഭരണം നല്ലതല്ലെന്ന കേരള സാഹിത്യ അക്കാഡമി ചെയർമാനും കവിയുമായ കെ. സച്ചിദാനന്ദന്റെ നിലപാടിനെതിരേ സി.പി.എം നേതാക്കളും സൈബറിടങ്ങളും ശക്തമായി രംഗത്ത് വന്നിട്ടും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം.

ഇടതുസഹയാത്രികനായ സച്ചിദാനന്ദൻ പിന്നീട് പങ്കുവച്ച സാമൂഹിക പോസ്റ്റിലും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആവർത്തിച്ചിട്ടുള്ളത്. സച്ചിദാനന്ദന്റെ നിലപാടിന് പിന്തുണയുമായി സാഹിത്യകാരി സാറാ ജോസഫാണ് ആദ്യം രംഗത്ത് എത്തിയത്. പിണറായി 3.0 എന്ന ബ്രാൻഡിങ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു സാറാ ജോസഫിന്റെ പ്രതികരണം. ഭരണാധികാരത്തിലേക്ക് വന്നത് ഇടതുപക്ഷമാണ്, പിണറായി വിജയനല്ല. എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും നശിക്കുന്നത് ഏകാധിപത്യത്തിലേക്ക് പോകുമ്പോഴാണ്. ഓർത്തഡോക്‌സ് സഭാ തൃശൂർ ഭദ്രാസന അധിപൻ യൂഹനോൻ മാർ മിലിത്തയോസ് സച്ചിദാനന്ദന്റെ വാക്കുകൾ മറ്റൊരുതരത്തിൽ ആവർത്തിച്ചപ്പോൾ സാമുദായിക മേഖലയിൽ നിന്നും എതിരാളികൾക്ക് പ്രചരണവാക്യം കിട്ടി. 

തത്വം ബലിയടിക്കുന്ന ഇടതുപക്ഷം. യജമാനന് മുന്നിൽ വായടച്ചു നിൽക്കുന്ന അണികൾ എന്നിങ്ങനെ പോയി വിമർശനം. ലക്ഷ്യം പിണറായി തന്നെ! കവി മുരുകൻ കാട്ടാക്കടയെ പോലുള്ളവർ സച്ചിദാനന്ദനെ തിരിച്ച് ആക്രമിച്ചെങ്കിലും വിവാദം തണുപ്പിക്കാൻ അതിന് കഴിഞ്ഞില്ല. സാംസ്‌കാരിക രംഗത്തുനിന്ന് ആദ്യം എതിർ പ്രതികരണവുമായി രംഗത്ത് എത്തിയത് സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലായിരുന്നു. ചില ഘട്ടങ്ങളിൽ രക്ഷിക്കാനും ചില ഘട്ടങ്ങളിൽ നശിപ്പിക്കാനും ഇടതുപക്ഷത്തെ വിമർശിച്ച ചരിത്രമാണ് വലിയ എഴുത്തുകാർക്കുള്ളതെന്നായിരുന്നു ചരുവിലിന്റെ വിമർശനം. 

ഇതിനിടെ ബി.ജെ.പി എന്ത് ചെയ്യുന്നു എന്നല്ലേ?

കേന്ദ്ര ബജറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം കേരളത്തിലുള്ള നേട്ടങ്ങൾ നിരത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത് നന്നായി പഠിച്ചിട്ട് തന്നെ. അവഗണനയെ നേട്ടമായി ചിത്രീകരിക്കാൻ കഴിയുന്ന തിരക്കഥയൊന്നും അദ്ദേഹത്തിന്റെ പക്കലില്ല എന്ന് അതോടെ തെളിഞ്ഞു. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പുസ്തകം എഴുതിയ വി. കുഞ്ഞികൃഷ്ണന് പിന്നിൽ ആരാണെന്ന അന്വേഷണത്തിലാണ് പാർട്ടി ഇപ്പോൾ. ഇത്തരം അവതാരങ്ങൾക്ക് പിന്നിൽ ആരാധകർ ധാരാളം കാണുമെന്ന് പാർട്ടിക്ക് അറിയാം.

അത്തരക്കാരെ നിരീക്ഷിക്കുകയാണ് ഇപ്പോൾ. പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നത് ആരെല്ലാമാണെന്ന് നിരീക്ഷിക്കാനും ശക്തി കേന്ദ്രങ്ങളിൽ കുഞ്ഞികൃഷ്ണൻ അനുകൂല ബോർഡുകൾ സ്ഥാപിക്കുന്നത് ആരാണെന്ന് കണ്ടെത്താനും നീക്കം തുടങ്ങി കഴിഞ്ഞു, ഏതായാലും, ആൾനാശം ഇല്ലാതെ ആ അദ്ധ്യായം അവസാനിച്ചാൽ മതിയെന്ന് മാത്രമേ രാഷ്ട്രീയ നിഷ്പക്ഷമതികൾ ആഗ്രഹിക്കുന്നുള്ളൂ.

പ്രജിത്ത് രാജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam