സൈബർ തട്ടിപ്പുകാരുടെ വലയിൽ കുരുങ്ങാൻ സന്നദ്ധരാകുന്നവരുടെ കഥകൾ കേട്ട് തരിച്ചു പോവുന്നു കേരള പോലീസ്. കള്ളപ്പണ ഭീഷണി, സൈബർ അറസ്റ്റ്, വ്യാജ ട്രേഡിങ്ങ് പ്ലാറ്റ്‌ഫോം തുടങ്ങിയ കുതന്ത്രങ്ങളുമായി പണമപഹരിച്ചു വിലസുന്ന സംഘങ്ങൾക്കെതിരെ ഫോണിലുൾപ്പെടെ ആവർത്തിക്കുന്ന മുന്നറിയിപ്പിനു പലരും നൽകുന്നതു പുല്ലുവില. ഇത്തരം തട്ടിപ്പു വാർത്തകൾ പെരുകുമ്പോഴും 'ഒന്നിങ്ങു വന്ന് എന്നെ കബളിപ്പിക്കൂ' എന്ന ഭാവം നിലനിർത്തുന്നവരുടെ മനശ്ശാസ്ത്രം ഇനിയും പിടികിട്ടുന്നില്ല: സൈബർ പോലീസിലെ അംഗമായ ഒരു ഓഫീസർ പറഞ്ഞു.
ബോധവത്കരണവും മുന്നറിയിപ്പുകളുമൊക്കെ മുറയ്ക്ക് നടക്കുന്നു. പക്ഷേ, സൈബർ തട്ടിപ്പുകൾക്ക് സംസ്ഥാനത്ത് കുറവ് സംഭവിക്കുന്നില്ല. രണ്ടു മാസത്തോളമെടുത്ത് നടന്ന സൈബർ തട്ടിപ്പ് വഴി മട്ടഞ്ചേരിയിലെ അൻപത്തിയൊൻപതുകാരിയായ വീട്ടമ്മയ്ക്ക് 2.88 കോടി രൂപ ഈയിടെ നഷ്ടമായി. ജെറ്റ് എയർവേസുമായി ബന്ധപ്പെട്ട കള്ളപ്പണ കടത്തു കേസിൽ വീട്ടമ്മയ്ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട് എന്ന ഭീഷണിയുമായാണ് സംഘം ആദ്യം അവരെ ബന്ധപ്പെട്ടത്. എല്ലാം യഥാർത്ഥത്തിലുള്ളതാണെന്ന് വരുത്താൻ വ്യാജ കോടതിയും വ്യാജ ജഡ്ജിയും വ്യാജ സാക്ഷിയും വരെ തട്ടിപ്പ് സംഘം ഒരുക്കിയിരുന്നു. മുംബൈയിലെ തിലക് നഗർ പൊലീസ് സ്‌റ്റേഷനിൽ നിന്നാണെന്നു പറഞ്ഞ് വീട്ടമ്മയ്ക്ക് ഫോൺ കാൾ എത്തിയതോടെയായിരുന്നു നാടകത്തിന്റെ തുടക്കം.
ഇത്തരം ഫോൺ കോളുകൾ വന്നപ്പോൾത്തന്നെ വിവരം വീട്ടമ്മ പോലീസിനെ അറിയിച്ചിരുന്നെങ്കിൽ തട്ടിപ്പിന് ഇരയാകില്ലായിരുന്നു എന്ന കാര്യം അവർ തിരിച്ചറിയാൻ വൈകി. വീട്ടമ്മയെ വെർച്വൽ അറസ്റ്റിന് വിധേയമാക്കിയ തട്ടിപ്പ് സംഘം 'പ്രതി'യെ ഓൺലൈൻ കോടതിയിലും ഹാജരാക്കി 'തെളിവെടുത്തു' വിരട്ടി 2.88 കോടി രൂപ തട്ടിയെടുത്തു. തുടർന്ന് അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ പോയാൽ പൊലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് കിട്ടുമെന്നും ധരിപ്പിച്ചു. ഇതൊക്കെ വിശ്വാസ്യത ഉറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇതനുസരിച്ച് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാൻ സ്‌റ്റേഷനിൽ ചെന്നപ്പോഴാണ് വമ്പൻ സാമ്പത്തിക തട്ടിപ്പിനിരയായ കാര്യം അവർ തിരിച്ചറിഞ്ഞത്.
വെർച്വൽ അറസ്റ്റ് എന്ന പ്രക്രിയ വെറും തട്ടിപ്പു പരിപാടിയാണെന്നും അത്തരമൊന്ന് ഒരിടത്തുമില്ലെന്നും രാജ്യത്തെ ഔദ്യോഗിക അന്വേഷണ ഏജൻസികളും പോലീസ് വകുപ്പുമൊക്കെ പലതവണ അറിയിച്ചിട്ടുള്ളതാണെങ്കിലും വീണ്ടും ആളുകൾ ഇതേ നാടകവുമായി അരങ്ങേറുന്ന തന്ത്രങ്ങളിൽ വീണുകെണ്ടേയിരിക്കുന്നു. കള്ളപ്പണവുമായി ബന്ധപ്പെട്ടതാണെങ്കിൽപ്പോലും അക്കൗണ്ടിലൂടെ പണം നൽകിയല്ല അത് പരിഹരിക്കേണ്ടതെന്ന കാര്യവും അറിയേണ്ട സമയത്ത് അറിയാതെ പോകുന്നു; ധന നഷ്ടവും മാനഹാനിയും ഫലം. മറ്റു രാജ്യങ്ങളിൽ ഇരുന്നാവും മിക്കവാറും തട്ടിപ്പുകാരുടെ ഓപ്പറേഷൻ എന്നതിനാൽ ഇവരെ പിടികൂടുക അത്ര എളുപ്പമല്ല.
ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നാലത് എന്തിന്റെ പേരിലായാലും ഉടനെ സൈബർ പോലീസിനെ അറിയിക്കുക എന്നതാണ് രക്ഷപ്പെടാനുള്ള ഏക മാർഗം. പരിചയമില്ലാത്ത ഫോൺ നമ്പർ എടുക്കാതിരിക്കുക എന്ന ഉപദേശവും പോലീസ് നൽകുന്നു.തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി ബാങ്ക് അക്കൗണ്ട്, സ്വകാര്യ വിവരങ്ങൾ തുടങ്ങിയവ കൈവശപ്പെടുത്തി അക്കൗണ്ടിലെ പണമെല്ലാം എടുക്കുന്ന നിരവധി ഹാക്കിംഗ് സംഘങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അതിനാൽ അനാവശ്യമായ ലിങ്കുകളിൽ ക്‌ളിക്ക് ചെയ്യാതിരിക്കാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കണമെന്ന് പോലീസ് പറയുന്നു. മൊബൈൽ ഫോണിലേക്ക് മാൽവെയറുകൾ കടത്തിവിട്ട് തട്ടിപ്പ് നടത്തുന്നവരും കുറവല്ല. എഐ ഉപയോഗിച്ചും തട്ടിപ്പുകൾ അരങ്ങേറുന്നു. കുടുംബാംഗങ്ങളുടെ ശബ്ദത്തിൽ വിളിച്ച് ഒ.ടി.പി, പിൻ നമ്പരുകൾ എന്നിവ ചോദിക്കുന്ന രീതിയും നിലവിലുണ്ട്.
സൗജന്യ നെറ്റ്‌വർക്കുകൾ അനാവശ്യമായി ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. അംഗീകൃത വൈഫൈ നെറ്റ്‌വർക്കുകൾ മാത്രം ഉപയോഗിച്ച് ബ്രൗസിംഗ് ചെയ്യാൻ ശ്രമിക്കണം. അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും അപകടകരമാണ്. തട്ടിപ്പിന് ഇരയായാൽത്തന്നെ അത് റിപ്പോർട്ട് ചെയ്യുന്ന സമയത്തിന് വളരെയേറെ പ്രാധാന്യമുള്ളതിനാൽ പരാതി നൽകുന്നതു വൈകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നതും പ്രധാനം. ആവർത്തിക്കുന്ന സൈബർ തട്ടിപ്പുകൾ തടയാൻ ആധുനിക പരിശീലനം നൽകിയ സൈബർ പോലീസ് സംഘങ്ങളെ നിയോഗിക്കുന്ന കാര്യത്തിൽ സർക്കാർ ഇനിയും വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്ന പരാതി അഭിഭാഷകർക്കിടയിലുണ്ട്.
സൈപ്രസ് മാഫിയ
കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് 25 കോടി രൂപ തട്ടിയ ക്യാപ്പിറ്റലിക്‌സ് സൈബർ കേസിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിയുമ്പോൾ പുറത്തുവരുന്നത് പോലീസിനെയും ഞെട്ടിക്കുന്ന വിവരങ്ങളാണ്. സൈപ്രസ് മാഫിയയാണ് പിന്നിലെന്ന സംശയവും ശക്തം. തട്ടിപ്പിന്റെ കേന്ദ്ര ബിന്ദുവായി സൈബർ പോലീസ് കാണുന്ന കാലിഫോർണിയ ആസ്ഥാനമായ ക്യാപ്പിറ്റലിക്‌സ് ട്രേഡിംഗ് കമ്പനിയിൽ നിക്ഷേപം നടത്തിയതു വഴി കബളിപ്പിക്കപ്പെട്ടവരിൽ മലയാളികളും ഏറെ.
ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ കൈമാറിയ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. 10 ലക്ഷം മുതൽ കോടികൾ നഷ്ടപ്പെട്ട മലയാളികൾ വരെയുണ്ട്. ഇവരാരും പരാതി നൽകാൻ മുന്നോട്ടുവന്നിട്ടില്ല. രാജ്യാന്തര സൈബർ തട്ടിപ്പുകളിൽ നേരത്തെയും പ്രതിസ്ഥാനത്ത് വന്ന കമ്പനിയാണ് ക്യാപ്പിറ്റലിക്‌സ്. ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയെ കബളിപ്പിച്ച് 2023 മാർച്ച് മുതൽ 2025 വരെയുള്ള കാലയളവിലാണ് 25 കോടി രൂപ സൈബർ കൊള്ളസംഘം തട്ടിയെടുത്തത്. ഇന്ത്യയിലെ അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി. ബാങ്ക് ഇടപാടിന്റെ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്.
പരാതിക്കാരനുമായി തട്ടിപ്പുസംഘം ഫോൺ വഴിയും സമൂഹമാദ്ധ്യമ പേജുകൾ വഴിയുമെല്ലാം നടത്തിയ ആശയവിനിമയങ്ങളുടെ പൂർണവിവരങ്ങൾ ശേഖരിച്ച് വിശകലന വിധേയമാക്കുന്നതിലൂടെ നിർണ്ണായക സൂചനകൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
ക്യാപ്പിറ്റലിക്‌സ്.കോം എന്ന വെബ്‌സൈറ്റ് വഴി ഓഹരി വിപണനം നടത്തിയാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി ക്യാപ്പിറ്റലിക്‌സ് ബോട്ട് എന്ന ടെലഗ്രാം അക്കൗണ്ടും ഉപയോഗിച്ചു. ഷെയർ ട്രേഡിംഗിനായുള്ള എല്ലാ രേഖകളും വ്യാജമായി ചമച്ചാണ് ക്യാപ്പിറ്റലിക്‌സിലേക്ക് ഇരകളെ വീഴ്ത്തുന്നത്. ട്രേഡിംഗ് പ്ലാറ്റ്‌ഫോമും പണം നിക്ഷേപിക്കാനുള്ള ആപ്പും സംഘം വ്യാജമായി നിർമ്മിച്ചു.
ട്രേഡിംഗിലെ വീര ശൂര പരാക്രമികൾ പോലും കബളിപ്പിക്കപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് പോലീസ് പറയുന്നു. കൊച്ചി സിറ്റി പോലീസിലെ പ്രത്യേക സംഘമാണ് കേസ് കേസന്വേഷിക്കുന്നത്. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് കാലിഫോർണിയയിലാണെങ്കിലും ഇടപാടുകാരെ സമീപിക്കുന്ന കോൾ സെന്റർ പ്രവർത്തിക്കുന്നത് സൈപ്രസിലാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൊച്ചി എളംകുളം കുമാരനാശാൻ നഗറിൽ താമസിക്കുന്ന മധ്യവയസ്‌കനായ വ്യവസായിയെ ഡാനിയേൽ എന്ന് പരിചയപ്പെടുത്തി മലയാളത്തിൽ സംസാരിക്കുന്ന ഒരാളാണ് ട്രേഡിംഗിൽ നിക്ഷേപിക്കാനും ലാഭം കൊയ്യാനും പ്രേരിപ്പിച്ചത്.
ടെലഗ്രാമിലൂടെയായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം. ഡാനിയേലിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സൈപ്രസിലേക്കുള്ള വഴിതുറന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ അന്വേഷണസംഘം. മൂന്ന് ബാങ്കുകളിലൂടെ 96 തവണ നടന്ന ഇടപാടുകളിലാണ് പരാതിക്കാരന് 24.76 കോടി രൂപ നഷ്ടമായത്.
പോലീസ് ലോഗോയും
കേരള പോലീസിന്റെ ലോഗോ ഉപയോഗിച്ചുള്ള നമ്പറുകളിൽ നിന്നു സന്ദേശങ്ങൾ അയച്ചും സൈബർ തട്ടിപ്പു നടക്കുന്നതായുള്ള വിവരവും പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം കാലടി സ്വദേശിക്ക് ഇ-ചെലാൻ ഫൈൻ അടയ്ക്കണമെന്നാവശ്യപ്പെട്ട് 7025362829 എന്ന നമ്പറിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. ഈ നമ്പറിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് നോക്കിയപ്പോൾ കേരള പോലീസിന്റെയും, ട്രാഫിക് പോലീസിന്റെയും സംയുക്ത ലോഗോ ആണ് കണ്ടത്. ഫോൺ നമ്പറിന് താഴെയായി ആർടിഒ ഓഫീസ് എന്നും രേഖപ്പെടുത്തിയിരുന്നു.
ആർടിഒ ട്രാഫിക് ചെലാൻ 500 രൂപ എന്ന രീതിയിൽ ഒരു ലിങ്കും 7025362829 നമ്പറിൽ നിന്ന് വന്നപ്പോൾ സംശയമുണർന്നതോടെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് സൈബർ തട്ടിപ്പിന്റെ പുതിയ രൂപം തെളിഞ്ഞത്. പോലീസിന്റെയും, ആർടിഒയുടെയും ഔദ്യോഗിക നമ്പർ എന്നു തോന്നും വിധത്തിലാണ് ഇത്തരം തട്ടിപ്പുകൾക്കായുള്ള കളമൊരുക്കം. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ പ്ലേസ്‌റ്റോറിലേക്ക് പോവുകയും, ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. തുടർന്നാണ് തട്ടിപ്പുകൾ നടക്കുന്നത്. അക്കൗണ്ടിലുള്ള പണവും ഇമെയിൽ രേഖകൾ അടക്കം ഇവർ കയ്യിലാക്കും.
ആർടിഒ ഓഫീസിനു കീഴിലുള്ള പരിവാഹൻ പേരിലും തട്ടിപ്പ് വ്യാപകമാണ്. അതിലാണെങ്കിൽ ഫൈൻ അടയ്ക്കാൻ ലിങ്കും തരും. ലിങ്കിൽ കയറി വിവരങ്ങളൊക്കെ കൈമാറി തീരുമ്പേഴേക്കും അക്കൗണ്ട് കാലിയായിട്ടുണ്ടാകും. ഇടപാടുകളുമായി ബന്ധപ്പെട്ട സ്‌ക്രീൻഷോട്ട് എടുക്കുവാൻ കഴിയാറുമില്ല. നമ്പർ സ്‌ക്രീൻഷോട്ട് അഡ്മിൻ ഓൺലി എന്ന നിലയിൽ ആയിരിക്കും ഉണ്ടാവുക. ഇത്തരം തട്ടിപ്പ് വ്യാപകമാണെന്ന് പോലീസ് കണ്ടെത്തി മുന്നറിയിപ്പുകൾ നൽകിവരുന്നു.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1