നിര്‍ണായക ചര്‍ച്ച: ഗാസ യുദ്ധത്തിന് പരിഹാരമാവുമോ?

OCTOBER 7, 2025, 5:28 AM

അമേരിക്കയുടെ നേതൃത്വത്തില്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രായേല്‍, ഹമാസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ഈജിപ്തിലെ കെയ്റോയില്‍ ഒരു റിസോര്‍ട്ടില്‍ വച്ചാണ് അതീവ രഹസ്യമായി ചര്‍ച്ചകള്‍ നടക്കുന്നത്. നിരവധി പേരുടെ മരണത്തിനും വ്യാപക നാശനഷ്ടങ്ങള്‍ക്കും വഴിയൊരുക്കിയ ഇസ്രായേല്‍-ഹമാസ് പോരാട്ടത്തിന് രണ്ട് വര്‍ഷം തികയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് നടപടി.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച 20 ഇന പദ്ധതിയെക്കുറിച്ച് ഇപ്പോഴും പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. പ്രത്യേകിച്ച് തീവ്രവാദി ഗ്രൂപ്പായ ഹമാസിനെ നിരായുധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇത് ഇസ്രായേലിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. ഗാസയുടെ ഭാവി ഭരണം എങ്ങനെ ആയിരിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനമാകൂ.

ഗാസ കരാര്‍ മധ്യപൂര്‍വേഷ്യന്‍ സമാധാന പ്രക്രിയക്ക് വഴിയൊരുക്കുമെന്നും മേഖലയെ പുനര്‍ രൂപീകരിക്കാന്‍ സഹായിക്കുമെന്നും ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതേസമയം ഇസ്രായേല്‍ ആക്രമണം തുടരുകയാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ചെങ്കടല്‍ തീരത്തെ ഷര്‍ം എല്‍-ഷെയ്ഖ് റിസോര്‍ട്ടില്‍ തിങ്കളാഴ്ച ചര്‍ച്ചകള്‍ ആരംഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചര്‍ച്ച ആരംഭിച്ചുവെന്ന് വിവരം ലഭിച്ചെങ്കിലും ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

ഉന്നതതല ചര്‍ച്ചകള്‍ക്ക് ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് നേതൃത്വം നല്‍കുന്നത് റോണ്‍ ഡെര്‍മറാണ്. മറുവശത്ത് ഹമാസ് പ്രതിനിധി സംഘത്തെ ഖലീല്‍ അല്‍-ഹയ്യയാണ് നയിക്കുന്നത്. ഇസ്രായേലിനെ പ്രതിനിധീകരിച്ച് വിദേശകാര്യ ഉപദേഷ്ടാവ് ഒഫിര്‍ ഫാള്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡെര്‍മര്‍ എത്തിച്ചേര്‍ന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അറബ് മധ്യസ്ഥരും ഹമാസ് പ്രതിനിധി സംഘവും തമ്മിലുള്ള കൂടിക്കാഴ്ചയോടെയാണ് ചര്‍ച്ച ആരംഭിച്ചതെന്ന് ഈജിപ്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്‍-ഖഹേര ന്യൂസ് ടെലിവിഷന്‍ സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഈ മധ്യസ്ഥര്‍ ഇസ്രായേല്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് മാധ്യമം അറിയിച്ചു. ശേഷം ഈജിപ്ത്, ഖത്തര്‍ മധ്യസ്ഥര്‍ ഇരു കക്ഷികളുമായുള്ള കൂടിക്കാഴ്ചകളുടെ ഫലം ചര്‍ച്ച ചെയ്യും.

ഈ ചര്‍ച്ചകള്‍ക്ക് ശേഷമാവും യുഎസ് പ്രതിനിധിയുമായുള്ള കൂടിക്കാഴ്ച നടക്കുക. സ്റ്റീവ് വിറ്റ്കോഫ് ആയിരിക്കും യുഎസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയുടെ ഭാഗമാവുക. ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് ഈജിപ്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്‍-അഹ്റാമിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുഎസ് പദ്ധതിയിലെ ചില നിബന്ധനകള്‍ ഹമാസ് അംഗീകരിച്ചതിനു ശേഷമാണ് സമാധാനത്തിനായുള്ള ഈ പുതിയ നീക്കം. ഇസ്രായേലും ഇതിനെ പിന്തുണച്ചതായി പറയപ്പെടുന്നു. പദ്ധതി പ്രകാരം, ഹമാസ് ബാക്കിയുള്ള 48 ബന്ദികളെ - അവരില്‍ ഏകദേശം 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു - മൂന്ന് ദിവസത്തിനുള്ളില്‍ മോചിപ്പിക്കും. ശേഷം ഹമാസ് അധികാരം ഉപേക്ഷിക്കുകയും നിരായുധീകരിക്കുകയും ചെയ്യും. ഈ കാര്യങ്ങളിലാണ് ഇനി വ്യക്തത വരാനുള്ളത്.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കനത്ത ബോംബാക്രമണം അവസാനിപ്പിച്ചാല്‍ മാത്രമേ ബന്ദികളെ മോചിപ്പിക്കാനാവൂ എന്നാണ് അമേരിക്ക അറിയിച്ചത്. ഇതിന് പിന്നാലെ ട്രംപിന്റെ ആഹ്വാനത്തിന് വലിയതോതില്‍ ചെവികൊടുക്കുന്നുണ്ടെന്ന് ഇസ്രായേല്‍ പറഞ്ഞെങ്കിലും ആക്രമണം തുടരുന്നുണ്ടെന്നാണ് ഹമാസിന്റെ ആരോപണം. അതുകൊണ്ടു തന്നെ ഈ സമാധാന എത്രത്തോളം ഫലപ്രദമാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam