പരസ്പരവിരുദ്ധമായ രാഷ്ട്രീയതാൽപര്യങ്ങളുള്ള രണ്ട് സഖ്യങ്ങളാണ് മഹാരാഷ്ടയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നത്. ബി.ജെ.പി, ശിവസേന ഏക്‌നാഥ് ഷിൻഡേ, അജിത് പവാറിന്റെ എൻ.സി.പി എന്നിവയടങ്ങുന്നതാണ് മഹായുതി സഖ്യം. ശിവസേന ഉദ്ധവ് താക്കറേ, എൻ.സി.പി ശരത്പവാർ വിഭാഗം, കോൺഗ്രസ് എന്നിവയാണ് മഹാവികാസ് അഘാഡിയിലുള്ളത്. എൻ.സി.പിയിലും ശിവസേനയിലും വൻ പിളർപ്പുകളുണ്ടായിതിനുശേഷം ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത് എന്ന പ്രാധാന്യവുമുണ്ട്. ജാർഖണ്ഡിൽ 2021 മുതൽ പാർട്ടി അധ്യക്ഷനായിരുന്ന രാജേഷ് താക്കൂറിനെ മാറ്റി 2024 ഓഗസ്റ്റിലാണു കേശവ് കമലേഷിനെ ചുമതല ഏൽപ്പിച്ചത്. അതിന്റെ ഫലം എന്താകുമെന്ന വേവലാതിയിലാണ് കോൺഗ്രസ് നേതൃത്വം.
വീണ്ടും ഉദ്യോഗജനകമായി തന്നെ മുന്നേറുന്നു രണ്ട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് 2024 നവംബർ 20ന് നടക്കുമ്പോൾ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. നവംബർ 13ന് വയനാട് ലോക്‌സഭയിലും നിയമസഭയിൽ ആലത്തൂരും പാലക്കാടും ഉപതെരഞ്ഞെടുപ്പുകളും നടക്കും.
മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കുമ്പോൾ ജാർഖണ്ഡിന്റെ കാലാവധി 2025 ജനുവരി 5ന് അവസാനിക്കും. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ആവശ്യകതകൾ കണക്കിലെടുത്ത് ഈ മാസം ആദ്യം ജമ്മു കശ്മീരിനും ഹരിയാനയ്ക്കുമൊപ്പം മഹാരാഷ്ട്രയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താതിരുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറയുകയുണ്ടായായി.
മഹാരാഷ്ട്രയിലെ 288 സീറ്റുകളിൽ ജനറൽ വിഭാഗം 234 സീറ്റുകളിലും എസ്‌സി വിഭാഗം 29 സീറ്റുകളിലും എസ്ടി വിഭാഗം 25 സീറ്റുകളിലും മത്സരിക്കും. ഝാർഖണ്ഡിൽ 81 സീറ്റുകളിൽ 44 എണ്ണം ജനറൽ വിഭാഗത്തിനും എസ്ടി വിഭാഗത്തിന് 28ഉം എസ്‌സി വിഭാഗത്തിന് 9 സീറ്റുകളിലുമായി മത്സരിക്കും. കഴിഞ്ഞതവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
മഹാരാഷ്ട്രയിൽ എക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുമ്പോൾ കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എൻ.സി.പി (ശരദ് പവാർ) എന്നിവരടങ്ങിയ മഹാവികാസ് അഘാഡി സഖ്യം അധികാരത്തിൽ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം തുണയാകുമെന്നും മഹാവികാസ് അഘാഡി സഖ്യം കണക്ക് കൂട്ടുന്നു.
ഝാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഝാർഖണ്ഡ് മുക്തി മോർച്ചയാണ് നിലവിലെ ഭരണകക്ഷി. 2019 ലെ തെരഞ്ഞെടുപ്പിൽ ജെ.എം.എം 30 സീറ്റുകൾ നേടുകയും 16 സീറ്റുകൾ നേടിയ കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയുമായിരുന്നു.
ജനുവരിയിൽ ഭൂമി കുംഭകോണക്കേസിൽ സോറൻ അറസ്റ്റിലായതോടെ രാജിവച്ച് ജെ.എം.എം മുതിർന്ന നേതാവായ ചമ്പായ് സോറനെ മുഖ്യമന്ത്രിയാക്കി. ജയിൽ മോചിതനായതോടെ ഹേമന്ത് സോറൻ തന്നെ അധികാരത്തിലെത്തി. പിന്നാലെ ചമ്പായ് സോറൻ ബി.ജെ.പിയിലെത്തി. ഇത്തവണ ബി.ജെ.പിക്കും ജെ.എം.എമ്മിനും അഭിമാനപ്പോരാട്ടമാണ്. അധികാരം നിലനിർത്താനാകുമെന്ന് സോറനും തിരിച്ചുപിടിക്കാനാകുമെന്ന് ബി.ജെ.പിയും കണക്ക് കൂട്ടുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ഉറപ്പിച്ചിരുന്ന വിജയം തോൽവിയായതിന്റെ ആഘാതം മഹാരാഷ്ട്രയിലും കോൺഗ്രസിനെ വേട്ടയാടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി നവംബർ 20ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്,
അത്ര ആത്മവിശ്വാസത്തോടെയാണോ എന്ന് രാഷ്ടീയ നിരീക്ഷകർ സംശയിക്കുന്നു. ഹരിയാനയിൽ പ്രകടിപ്പിച്ച അമിതമായ ആത്മവിശ്വാസം വെടിയാനും യോജിപ്പോടെ പ്രവർത്തിക്കാനും സംസ്ഥാന നേതാക്കളോട് രാഹുൽ ഗാന്ധി ആവർത്തിച്ചു പറയുന്നുണ്ട്. എന്നാൽ, ഹരിയാനയുടേതിനേക്കാൾ അതിസങ്കീർണമായ ഇലക്ടറൽ സമവാക്യങ്ങൾ ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ പരിമിതമായ ആത്മവിശ്വാസം പുലർത്താനുള്ള ഘടകങ്ങൾ ഇപ്പോൾ മഹാ വികാസ് അഘാഡിക്കില്ല എന്നതാണ് വാസ്തവം..!
കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും തൂക്കുസഭക്ക് സാധ്യതയുണ്ടെന്നും കൂറുമാറ്റം അടക്കമുള്ള അട്ടിമറികൾ പ്രതീക്ഷിക്കാമെന്നും രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചിച്ചുകഴിഞ്ഞു.
ഇതുപോലെ തന്നെയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിനുമുന്നിലും കീറാമുട്ടികൾ ഏറെയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ നിഴൽ ഒരിടത്ത്. മറുവശത്ത്, സഖ്യകക്ഷികളായ അജിത് പവാറിന്റെ എൻ.സി.പിയും ഏകനാഥ് ഷിൻഡേയുടെ ശിവസേനയും തമ്മിലുള്ള 'കുറുമുന്നണി' എന്തൊക്കെയാണ് ചെയ്തുകൂട്ടുക എന്ന് ബി.ജെ.പിയ്ക്ക് പ്രവചിക്കാനും കഴിയുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന് ഉറപ്പുനൽകിയാണ് ബി.ജെ.പി 28 ലോക്‌സഭാ സീറ്റുകളിലും മത്സരിച്ചത്. അജിത് പവാർ പക്ഷത്തിന് നാലും ഷിൻഡേ വിഭാഗത്തിന് 15ഉം സീറ്റു മാത്രമാണ് വിട്ടുകൊടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റിൽ ഒതുങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായത് അജിത് പവാർ ഷിൻഡേ പക്ഷത്തിന്റെ കാലുവാരലാണെന്ന് സംസ്ഥാന ബി.ജെ.പിയിൽ തന്നെ സംസാരമുണ്ട്. ഈ കാലുവാരൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും വ്യാപിക്കുമോ എന്ന ആശങ്ക ബി.ജെ.പിയെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്.
പരസ്പരവിരുദ്ധമായ രാഷ്ട്രീയതാൽപര്യങ്ങളുള്ള രണ്ട് സഖ്യങ്ങളാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിനെയും പ്രവചനാതീതമാക്കുന്നത്. ബി.ജെ.പി, ശിവസേന ഏക്‌നാഥ് ഷിൻഡേ, അജിത് പവാറിന്റെ എൻ.സി.പി എന്നിവയടങ്ങുന്നതാണ് മഹായുതി സഖ്യം. ശിവസേന ഉദ്ധവ് താക്കറേ, എൻ.സി.പി ശരത്പവാർ വിഭാഗം, കോൺഗ്രസ് എന്നിവയാണ് മഹാവികാസ് അഘാഡിയിലുള്ളത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ എൻ.സി.പിയിലും ശിവസേനയിലും വൻ പിളർപ്പുകളുണ്ടായിതിനുശേഷം ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത് എന്ന പ്രാധാന്യവുമുണ്ട്.
കൗതുകകരമായ രാഷ്ട്രീയ സഖ്യങ്ങളാണ് സംസ്ഥാനത്തെ കക്ഷിരാഷ്ട്രീയത്തെ ഭരിക്കുന്നത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന അട്ടിമറികൾ വിചിത്രസഖ്യങ്ങൾക്കാണ് രൂപം കൊടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 105, ശിവസേന 56, എൻ.സി.പി 54, കോൺഗ്രസ് 44 സീറ്റിൽ വീതമാണ് ജയിച്ചത്. ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ഭിന്നത മണത്ത കോൺഗ്രസും ശരത് പവാറും മഹാ വികാസ് അഘാഡി സഖ്യസർക്കാറിന് അണിയറ നീക്കം നടത്തി. എന്നാൽ, ഇതറിഞ്ഞ ബി.ജെ.പി അതേ നാണയത്തിൽ തിരിച്ചടിച്ചു. ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് എൻ.സി.പിയിൽനിന്ന് അജിത് പവാറിനെ അടർത്തിയെടുത്ത് ദേവേന്ദ്ര ഫഡ്‌നാവിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു.
കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യ സർക്കാറിനുവേണ്ടിയുള്ള ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്ന അജിത് പവാർ, ഈ ചർച്ചകളിൽ നിന്നിറങ്ങിയ ഉടൻതന്നെ ബി.ജെ.പി സഖ്യത്തോടൊപ്പം ചേരുകയാണുണ്ടായത്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനിരുന്ന ദിവസം തന്നെ, പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ നടത്തി ബി.ജെ.പി ശക്തമായ തിരിച്ചടി നൽകി. എന്നാൽ, ഷിൻഡേ സർക്കാറിന്റെ ആയുസ്സ് വെറും മൂന്നു ദിവസമായിരുന്നു. അജിത് പവാർ ഇടഞ്ഞതോടെ ഷിൻഡേ സർക്കാർ നിലം പൊത്തി.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും ശക്തനായി നിൽക്കുന്ന ശരത്പവാർ, ഉദ്ധവ് താക്കറേ, ഏകനാഥ് ഷിൻഡേ, അജിത് പവാർ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നീ നേതാക്കളുടെ ജനകീയ പരിശോധന കൂടിയായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് എന്ന കാര്യത്തിൽ സംശയമില്ല.
ഇതേതുടർന്ന് ബി.ജെ.പിയുമായി തെറ്റിയ ശിവസേന എൻ.സി.പി കോൺഗ്രസ് സഖ്യത്തോടൊപ്പം ചേർന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി മഹാ വികാസ് അഘാഡി സഖ്യ സർക്കാർ അധികാരമേറ്റു. ശരത് പവാറിന്റെ തന്ത്രങ്ങളാണ് ഇതിൽ നിർണായകമായത്. എന്നാൽ, 2022 ജൂൺ വരെ മാത്രമേ ഉദ്ധവിനും തുടരാനായുള്ളൂ. അപ്പോഴേക്കും ശിവസേനയെ പിളർത്തുന്നതിൽ ബി.ജ.പി വിജയിച്ചു. ഏകനാഥ് ഷിൻഡേ മൂന്നിൽ രണ്ടു ഭാഗം ശിവസേന എം.എൽ.എമാരുമായി ബി.ജെ.പി സഖ്യത്തിലെത്തി. ഷിൻഡേ മുഖ്യമന്ത്രിയും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി 2022 ജൂണിൽ മഹായുതി സഖ്യം അധികാരത്തിലേറി. 2023ൽ അജിത് പവാർ എൻ.സി.പിയെ പിളർത്തി ഷിൻഡേ സർക്കാറിന്റെ ഭാഗമാകുകയും ചെയ്തു.
ഹരിയാന തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ജാർഖണ്ഡിലെ പ്രശ്‌നങ്ങൾ. അടുത്തിടെ നടത്തിയ നേതൃമാറ്റം വഴി ജാതിസമവാക്യം അനുകൂലമാകുമെന്നു പ്രതീക്ഷിച്ച പാർട്ടിക്കുള്ളിൽ പുതിയ വടംവലി രൂപപ്പെട്ടുകഴിഞ്ഞു. സമുദായം തിരിഞ്ഞുള്ള ഗ്രൂപ്പുപോരാട്ടമാണ് ഹരിയാനയിൽ പാർട്ടിക്കു തിരിച്ചടിയായത്. ജാർഖണ്ഡിസ് ജെ.എം.എം സഖ്യസർക്കാരിൽ ഭാഗമാണ് കോൺഗ്രസ്. 2021 മുതൽ പാർട്ടി അധ്യക്ഷനായിരുന്ന രാജേഷ് താക്കൂറിനെ മാറ്റി 2024 ഓഗസ്റ്റിലാണു കേശവ് കമലേഷിനെ ചുമതല ഏൽപ്പിച്ചത്. അതിന്റെ ഫലം എന്താകുമെന്ന വേവലാതിയിലാണ് കോൺഗ്രസ് നേതൃത്വം.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1