അമ്മയുടെ ഉദരത്തിൽനിന്ന് പുറത്തുകടക്കുമ്പോൾ പൗരത്വം സംബന്ധിച്ച് ഓപ്ഷൻ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ജൂതൻ അല്ലെങ്കിൽ ഇംഗ്‌ളിഷ് എന്ന ഓപ്ഷൻ അടയാളപ്പെടുത്തുമായിരുന്നു. ഞാൻ ഭൂജാതനാകുമ്പോൾ ഇസ്രയേൽ എന്ന ജൂതരാഷ്ട്രം രൂപപ്പെട്ടിരുന്നില്ല. ഭൂജാതൻ എന്ന വാക്ക് ബോധപൂർവം ഉപയോഗിച്ചതാണ്. സിസേറിയൻ സെക്ഷനിലൂടെ സൗകര്യമുള്ള സമയത്ത് ഗർഭസ്ഥശിശുവിനെ പുറത്തെടുക്കുന്ന കാലത്ത് നക്ഷത്രത്തിനും സമയത്തിനും എന്തു പ്രസക്തി എന്ന് ചോദിച്ചപ്പോൾ എവ്വിധത്തിലായാലും ഭൂജാതനാകുന്ന സമയത്തിനാണ് പ്രാധാന്യം എന്ന് ചന്തിരൂരിലെ പ്രസിദ്ധനായ ജ്യോത്സൻ പറഞ്ഞിട്ടുണ്ട്.
ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യയെക്കുറിച്ചും ഭൂജാതവേളയിൽ ഞാൻ ചിന്തിക്കാനിടയില്ല. അങ്ങനെയെങ്കിൽ ബ്രിട്ടീഷ് പൗരനായി ജനിക്കുന്നതിനുള്ള സാധ്യതയാണ് ഞാനിപ്പോൾ കാണുന്നത്. അത് സംഭവിച്ചിരുന്നെങ്കിലും ഒരു രാജാവിന്റെ കീഴിൽ ജീവിക്കുന്നതിനുള്ള ജനിതകമായ പ്രയാസം നിമിത്തം WE THE PEOPLE എന്ന അർത്ഥഗർഭമായ വാക്കുകളോടെ ആരംഭിക്കുന്ന ഭരണഘടനയുള്ള രാജ്യത്തേക്ക് ഞാൻ കുടിയേറുമായിരുന്നു.
ചരിത്രത്തിലെ വിവിധങ്ങളായ യാത്രകളിൽ എന്നെ ആവേശഭരിതനാക്കുന്ന യാത്രയാണ് മനഃസാക്ഷിയുടെ സ്വാതന്ത്യത്തിനുവേണ്ടി മേഫ്‌ളവർ എന്ന കപ്പലിൽ ആ സാഹസികർ നടത്തിയത്. അവർക്കൊപ്പം സങ്കല്പത്തിന്റെ പായ്ക്കപ്പലിൽ ഞാനും ഉണ്ടായിരുന്നു. ഉപരിവിദ്യാഭ്യാസത്തിനുവേണ്ടി ഇംഗ്‌ളണ്ടിലേക്കു പോകുന്ന രീതിയായിരുന്നു സ്വാതന്ത്ര്യപൂർവ കാലത്തുണ്ടായിരുന്നത്. എന്റെ വല്യപ്പച്ചന്റെ രണ്ട്
സഹോദരന്മാർ ഇംഗ്‌ളണ്ടിലെ എഡിൻബറോ സർവകലാശാലയിൽനിന്ന് ബാരിസ്റ്ററായും ഡോക്ടറായും പഠിച്ചെത്തിയിട്ടുണ്ട്.
ബാരിസ്റ്റർ ജോർജ് ജോസഫിന്റെയും പോത്തൻ ജോസഫിന്റെയും സഹോദരിയെ ആണ് ഡോക്ടർ കുര്യൻ വിവാഹം കഴിച്ചത്. കൊളംബോയിൽ സർജൻ ജനറൽ ആയിരുന്നു കുര്യൻ. എന്റെ വിദ്യാഭ്യാസകാലത്ത് ആകർഷണകേന്ദ്രം അമേരിക്കയായി. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് എന്റെ കസിൻ വി.ജെ. കാർമലസ് അമേരിക്കയിലേക്ക് പോയത്. സംഗീതസംവിധായകൻ ജെറി അമൽദേവിന്റെ സഹോദരനാണ് കാർമൽ എന്നു വിളിക്കുന്ന കാർമലസ്. നാട്ടിൽ നിന്നിരുന്നുവെങ്കിൽ അംഗീകാരമുള്ള നാടകകൃത്തോ തിരക്കഥാകൃത്തോ ആകുമായിരുന്ന കാർമലസ് ഒരു ദിവസം കൊച്ചിയിൽനിന്ന്
അമേരിക്കയിലേക്ക് കപ്പൽ കയറി. എസ്.കെ. പൊറ്റക്കാട്ടിനെപ്പോലെ ചരക്കുകപ്പലിലായിരുന്നു യാത്ര.
ഇനി കണ്ടാൽ കണ്ടു എന്ന മട്ടിലുള്ള വികാരനിർഭരമായ യാത്രയയപ്പാണ് അന്ന് കുടുംബാംഗങ്ങൾ കാർമലസിനു നൽകിയത്. ഒന്നര മാസം കഴിഞ്ഞാണ് അദ്ദേഹം അമേരിക്കയിലെത്തി എന്ന വാർത്ത കൊച്ചിയിലെത്തിയത്. കുടുംബത്തിലെ അവിശ്വസനീയമായ സന്തോഷം ബാലനായിരുന്ന എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമായിരുന്നു. ഒപ്ടിക്കൽ ഫൈബർ കേബിളും മൊബൈൽ ഫോണും ഒക്കെ വരുന്നതിനു മുമ്പുള്ള കാലമായിരുന്നു അത്. ഞാൻ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഘട്ടത്തിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോകുന്നത് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല.
ഞങ്ങളുടെ ആർച്ച്ബിഷപ് അട്ടിപ്പേറ്റി തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് പലരെയും അമേരിക്കയിലേക്ക് അയച്ചിരുന്ന കാലമായിരുന്നു അത്. കൊളംബിയ സർവകലാശാലയിൽ ജേണലിസം പഠിക്കാൻ ഒരു സ്‌കോളർഷിപ് ഏതാണ്ട് തരമായെങ്കിലും നടന്നില്ല. കുറേക്കൂടി കഴിഞ്ഞ് ഗൾഫിലേക്കുള്ള ഒഴുക്ക് തുടങ്ങിയപ്പോഴും ഞാൻ മാറി നിന്നു. നാട്ടിൽത്തന്നെ നിന്നതുകൊണ്ടാവാം പരിമിതമായ തോതിലെങ്കിലും പേരും പെരുമയും ഉണ്ടായത്. അതിന്റെ പേരിൽ രണ്ടുവട്ടം അമേരിക്ക സന്ദർശിക്കുന്നതിനുള്ള അവസരം എനിക്കുണ്ടായി. ന്യൂയോർക്കിലെ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനായിരുന്നു ആദ്യത്തേത്. മഹാരാജ എന്ന പേരിൽ ന്യൂയോർക്കിൽ വ്യാപാരസ്ഥാപനം നടത്തിയിരുന്ന കോതമംഗലം സ്വദേശി പൗലോസ് അരികുപുറത്താണ്
അതിന് മുൻകൈ എടുത്തത്. രണ്ടാമത്തെ യാത്ര യേൽ സർവകലാശാലയിൽ ഇന്ത്യയേൽ പാർലമെന്ററി ലീഡർഷിപ് പരിപാടിയിൽ പങ്കെടുക്കുന്നുതിനുവേണ്ടിയായിരുന്നു. ഇന്ത്യയ്ക്ക് ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് എങ്ങനെയോ അതുപോലെയാണ് അമേരിക്കയ്ക്ക് യേൽ. ഇന്ത്യയുഎസ് ഫോറം ഓഫ് പാർലമെന്റേറിയൻസും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു ആ പരിപാടി. യേൽ സർവകലാശാലയിലെ പൂർവവിദ്യാർത്ഥിയാണ് എന്ന് വേണമെങ്കിൽ എനിക്ക് അവകാശപ്പെടാം.
വൈരുധ്യങ്ങളുടെ നാടാണ് അമേരിക്ക. പ്രഹേളികയെന്നോ പ്രതിഭാസമെന്നോ ഒക്കെ പറയാം. കൊച്ചിയിൽനിന്ന് നേരേ കുഴിയെടുത്തു ചെന്നാൽ അമേരിക്കയിലെത്തുമെന്ന് കുട്ടിക്കാലത്ത് ഞങ്ങൾ ധരിച്ചിരുന്നു. പിന്നീട് ഏഴാം കടലിനക്കരെയാണ് അമേരിക്ക എന്ന ധാരണയുണ്ടായി. ന്യൂ ഡൽഹിയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള നോൺസ്റ്റോപ് യാത്രയിൽ നല്ല ഭക്ഷണവും കമ്പിളിയും തന്ന് എയർ ഇന്ത്യ സ്റ്റാഫ് ഉറക്കിയതിനാൽ കടലുകൾ എണ്ണാൻ കഴിഞ്ഞില്ല. അവസരങ്ങളുടെ നാടാണ് അമേരിക്ക. അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നവനാണ് നേട്ടങ്ങൾ ഉണ്ടാക്കുന്നത്.
ക്രിസ്റ്റഫർ കൊളംബസ് എന്ന ജനോവൻ നാവികനാണ് അമേരിക്ക എന്ന് നാമകരണം ചെയ്യപ്പെട്ട ഭൂഖണ്ഡം കണ്ടുപിടിച്ചത്. ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കുന്ന കുട്ടികൾ ഇങ്ങനെയാണ് മനസ്സിലാക്കിയിട്ടുള്ളത്. പക്ഷേ കൊളംബസ് കണ്ടുപിടിച്ച നവലോകം അറിയപ്പെടുന്നത് അമേരിഗോ വെസ്പൂചി എന്ന യൂറോപ്യൻ സമുദ്രയാത്രികന്റെ പേരിലാണ്. താൻ കണ്ടെത്തിയത് ഇന്ത്യ ആണെന്നായിരുന്നു കൊളംബസിന്റെ ധാരണ. അത് ഒരു പുതിയ ഭൂഖണ്ഡമാണെന്ന തിരിച്ചറിവ് അമേരിഗോയടേതായിരുന്നു. കൊളംബസിന്റെ ധാരണപ്പിശക് മാപ്പാക്കപ്പെട്ടിരുന്നുവെങ്കിൽ നാം ഇന്നറിയുന്ന അമേരിക്ക? കൊളംബിയ എന്ന പേരിൽ അറിയപ്പെടുമായിരുന്നു.
ജോ ബൈഡനെ പ്രസിഡന്റ് ഓഫ് കൊളംബിയ എന്നു വിളിക്കുമായിരുന്നു. പാവം കൊളംബസ്! ഒരു പ്രവിശ്യയുടെ പേരു കൊണ്ടും പ്രസിദ്ധമായ ഒരു സർവകലാശാലയുടെ പേരു കൊണ്ടും അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടിവന്നു. ന്യൂയോർക് സിറ്റിയിലെ ഈ യൂണിവേഴ്‌സിറ്റിയിലെ ജേണലിസം പഠനകേന്ദ്രം വളരെ പ്രസിദ്ധമാണ്. ഇവിടെയാണ് ജേണലിസം പഠിക്കാൻ ഞാൻ ശ്രമം നടത്തിയത്. കൊല്ലക്കുടിയിൽ തൂശിയുടെ മാഹാത്മ്യം വിവരിക്കുന്നതുപോലെയാണ് അമേരിക്കയിലെ വായനക്കാരോട് ഇതൊക്കെ പറയുന്നതെന്ന് എനിക്കറിയാം. ലോകരാഷ്ട്രസമുച്ചയത്തിൽനിന്ന് വേറിട്ട് വിദൂരതയിൽ കഴിയുന്നതും ഏതാനും നൂറ്റാണ്ടുകളുടെ മാത്രം പഴക്കമുള്ളതുമായ ഒരു രാജ്യത്തെ സഹസ്രാബ്ദങ്ങളുടെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു രാജ്യത്തെ പൗരൻ എങ്ങനെ നോക്കിക്കാണുന്നുവെന്ന അന്വേഷണമാണ് എന്റെ ഓർമകളിലൂടെയും അനുഭവങ്ങളിലൂടെയും ഞാൻ നടത്തുന്നത്.
യുഎസ്എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഐക്യനാടുകളിൽ താമസിക്കുകയും അവിടെ ജനിച്ചു വളരുകയും ചെയ്യുന്ന മലയാളികളോടുള്ള കൊച്ചുവർത്തമാനമായി ഇതിനെ കരുതിയാൽ മതി. പരിഗണനാർഹമല്ലാത്ത രീതിയിൽ പരിമിതമായ പരിചയം മാത്രമാണ് അമേരിക്കൻ ഐക്യനാടുകളുമായി എനിക്കുള്ളത്. അതേസമയം എനിക്ക് നല്ല അറിവും പരിചയവുമുള്ള രാജ്യം കൂടിയാണ് അമേരിക്ക. രാജാജിയുടെ സ്വതന്ത്രാ പാർട്ടിയാണ് ഞാൻ ആദ്യം പ്രവർത്തിച്ച പാർട്ടി.
ആശയപരമായി അമേരിക്കയോട് അടുപ്പമുള്ള പാർട്ടിയായിരുന്നു അത്. ഇപ്പോൾ ഞാൻ അറിയപ്പെടുന്നത് അമേരിക്കയോട് ആശയപരമായി മാത്രമല്ല പല നിലകളിലും വിയോജിപ്പുള്ള സി.പി.ഐ(എം) എന്ന പാർട്ടിയുടെ സഹയാത്രികനായാണ്. വിചിത്രമായ ഈ പരിണാമത്തിലെ കൗതുകകരമായ ചില സന്ദർഭങ്ങൾ അമേരിക്കയിലെ എന്റെ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവയ്ക്കാൻ കഴിയും.
സെബാസ്റ്റ്യൻ പോൾ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1