വിദ്യാർത്ഥികളെ നിയമം വഴി രാഷ്ട്രീയത്തിൽ നിന്നു മാറ്റി നിർത്തണോ എന്ന വിഷയം ടെലവിഷൻ വാർത്താ ചാനലുകളിലെ അന്തി ചർച്ചകളിൽ വീണ്ടും സ്ഥാനം പിടിക്കുന്നു. വിരുദ്ധ ധ്രുവങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും വാദങ്ങളും കളം നിറയുമ്പോൾ ആത്യന്തികമായി ശരിയുടെ പക്ഷമേതെന്നു തിരിച്ചറിയാനാകുന്നില്ല സാധാരണ പൗരന്മാർക്ക്. കലാലയ രാഷ്ട്രീയം വിലക്കാനുള്ള ഹർജികളിൽ കോടതികൾ മിക്കപ്പോഴും അനുകൂല നിലപാടാണ് രേഖപ്പെടുത്താറുള്ളത്. പക്ഷേ, രാഷ്ട്രീയ തട്ടകങ്ങളിലൂടെയുള്ള ആരോഹണ വഴികൾ മനസിലുള്ള അധികാര കേന്ദ്രങ്ങളുടെ തീർപ്പ് സ്വാഭാവികമായും ഇക്കാര്യത്തിൽ കോടതി വിധികളെ മാനിച്ചുള്ളതാകാറില്ല.
കേരള യൂണിവേഴ്സിറ്റി റെഗുലേഷൻസ് 2026 എന്ന പെരുമാറ്റച്ചട്ടത്തിന്റെ കരട്, പുറത്തിറങ്ങിയതോടെയാണ് സംസ്ഥാനത്ത് കലാലയ രാഷ്ട്രീയം ചർച്ചാവിഷയമായിരിക്കുന്നത്. സർവകലാശാലകളിലെ രാഷ്ട്രീയപ്രവർത്തനം, പ്രതിഷേധം, ധർണ, അംഗത്വപ്രചാരണം, പോസ്റ്റർ-ബാനർ പ്രചാരണം, ഫണ്ട് ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം നിർദേശിക്കുന്നതാണീ രേഖ. നിയന്ത്രണം ക്ലാസ് മുറികളിലും ക്യാമ്പസ് ഇടങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വിദ്യാർത്ഥികളുടെയും സംഘടനകളുടെയും ആശയവിനിമയത്തിന് നിയന്ത്രണം നിർദ്ദേശിക്കുന്നു. ഈ ചട്ടങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികൾക്ക് എതിരെ പിഴയിടാം, നടപടിയും എടുക്കാം.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഇന്ത്യയിലെ മുഴുവൻ സർവകലാശാല വിദ്യാർത്ഥികളും സ്കൂൾ വിദ്യാർത്ഥികളും അധികാരികളോട് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നതിനിടെയാണ് പ്രതിഷേധങ്ങൾ വിലക്കണമെന്ന മാർഗ്ഗരേഖ പുറത്തുവന്നത്. വിദ്യാർത്ഥികൾ നിശബ്ദരാകേണ്ടത് ഇന്ന് ആരുടെ ആവശ്യമാണെന്ന ചോദ്യം ഇതോടെ ശക്തി പ്രാപിച്ചു. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെ ഒരു രേഖ സർവ്വകലാശാലയിൽ രൂപം കൊണ്ടത്. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ രാഷ്ട്രീയം തന്നെ വേണ്ടെന്ന് വയ്ക്കണോ എന്ന സംശയത്തിന് മറുപടി നൽകേണ്ട ബാധ്യത സർക്കാരിനു മേൽ വന്നുപെട്ടു.
ചായക്കട മുതൽ വായനശാല വരെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ട സമൂഹമാണ് കേരളത്തിലേത്. ഉയർന്ന സാക്ഷരതയും ശക്തമായ മാധ്യമ സ്വാധീനവും വായനാശീലവും സാമൂഹിക സംഘടനകളും പൊതു ചർച്ചയുടെ പാരമ്പര്യവും ഉള്ളയിടം. അങ്ങനെയുള്ള കേരളത്തിൽ മാത്രം യുവാക്കളോട് 'രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കരുത്' എന്ന് പറയുന്നത് സാംസ്കാരിക അശ്ലീലമെന്നു ചൂണ്ടിക്കാട്ടുന്നത് രാഷ്ട്രീയ പ്രവർത്തകർ മാത്രമല്ല. കരട് രേഖയിൽ പറയുന്ന 'രാഷ്ട്രീയ പ്രവർത്തനം' എന്നതും 'രാഷ്ട്രീയ ചർച്ച' എന്നതും തമ്മിലുള്ള അതിർത്തി എവിടെ വരയ്ക്കുമെന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ ദുരുപയോഗ സാധ്യത കൂടുതലാണെന്നും അവർ വാദിക്കുന്നു.
2022 ജനുവരിയിൽ ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവം കേരളത്തെയാകെ ഞെട്ടിച്ചു. കുറച്ചുനാളത്തെ ശാന്തതയ്ക്കുശേഷമാണ് അന്ന് സംസ്ഥാനത്തെ കലാലയ രാഷ്ട്രീയം വീണ്ടും നിണമണിഞ്ഞത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ധീരജ് രജേന്ദ്രനു പ്രാകൃതരാഷ്ട്രീയത്തിന്റെ കത്തിമുനയിൽ ജീവൻ നഷ്ടപ്പെട്ടപ്പോൾ നാട് ഒരിക്കൽക്കൂടി ദുഃഖത്തോടെ, കുറ്റബോധത്തോടെ തലതാഴ്ത്തി. സംസ്ഥാനത്തു പലയിടത്തും സംഘർഷങ്ങളുണ്ടായി. 2018 ജൂലൈ രണ്ടിന് എറണാകുളം മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ അനുബന്ധമായി എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം കേരളത്തെ ഞെട്ടിച്ച ക്യാമ്പസ് അക്രമമായി പൈനാവിലേത്.
ലക്ഷ്യബോധമോ അച്ചടക്കമോ സ്നേഹമോ കരുതലോ ഇല്ലാത്ത തലമുറകളെ വളർത്തി ക്രൂരത പരിശീലിപ്പിക്കുന്നതാവരുത് രാഷ്ട്രീയം. ഇളമുറക്കാരെ അക്രമശൈലിയിൽനിന്നു പിന്തിരിപ്പിച്ചില്ലെങ്കിൽ നാടിന്റെയും സമൂഹത്തിന്റെയും വരുംകാലം എന്താകുമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുതിർന്ന നേതാക്കൾ ചിന്തിക്കാൻ സമയമായി. പേനയ്ക്കുപകരം കത്തിയെടുക്കുന്ന വിദ്യാർഥി യുവജന രാഷ്ട്രീയത്തെ എന്നേക്കുമായി തിരുത്താൻ തയ്യാറായാലേ നവകേരളത്തിനു തലയുയർത്താൻ കഴിയൂ. മനുഷ്യത്വത്തിന്റെയും സഹിഷ്ണുതയുടെയും സഹജാവബോധത്തിന്റെയും പാഠങ്ങൾ യുവജനതയ്ക്കു പകർന്നുകൊടുക്കാൻ സമൂഹം മുന്നിട്ടിറങ്ങുകകൂടി വേണം.
മുതിർന്നവരിൽനിന്നുതന്നെയാണു വിദ്യാർഥി യുവജന സംഘടനകൾക്ക് അസഹിഷ്ണുതയും അക്രമവാസനയും പകർന്നുകിട്ടുന്നത്. തങ്ങളുടെ സംഘടനകളെ നേർവഴിക്കു നയിക്കേണ്ട ഉത്തരവാദിത്തം മാതൃസംഘടനകൾ മറക്കുമ്പോൾ യുവതയ്ക്കതു പ്രാകൃത പ്രവർത്തനങ്ങൾക്കുള്ള ഉത്തേജകമരുന്നായിത്തീരുകയും കാര്യങ്ങൾ കൈവിട്ടുപോകുകയും ചെയ്യുന്നു. ഒരുകാലത്ത് നന്മയുടെയും പരസ്പര സ്നേഹത്തിന്റെയും സർഗാത്മകതയുടെയും വിളനിലമായിരുന്ന വിദ്യാലയങ്ങളിലും കോളജുകളിലും തെളിയുന്ന അക്രമ, അരാജകത്വ വാസനകളിൽനിന്നു വിദ്യാർഥികളെ മോചിപ്പിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം രാഷ്ട്രീയനായകരും മുന്നിട്ടിറങ്ങിയേ തീരൂ. സാമാന്യബോധം പോലുമില്ലാതെ, തോന്നിയപടി പെരുമാറുന്ന പ്രവർത്തകരെ ഉത്തരവാദിത്തബോധമുള്ള സംഘടനാ നേതൃത്വങ്ങൾ ഒരിക്കലും സംരക്ഷിക്കാനും പാടില്ല. കത്തിമുനയിലെ ചോരക്കറ കൊണ്ടല്ല, മാതൃകാപരവും നവീനവുമായ പ്രവർത്തനങ്ങളിലൂടെയാണു വിദ്യാർഥി യുവജനസംഘടനകൾ മറ്റുള്ളവരുടെ മനസ്സിൽ ചേക്കേറേണ്ടത്.
കതിരും പതിരും
രാഷ്ട്രത്തിന്റെ ചെറുപതിപ്പു തന്നെയാണ് ക്യാമ്പസ്. ഭൂരിപക്ഷവും ന്യൂനപക്ഷവുമുണ്ടവിടെ. വ്യത്യസ്ത മതങ്ങളും ജാതികളും സാമ്പത്തിക പശ്ചാത്തലങ്ങളുമുള്ള വിദ്യാർത്ഥികളുടേതാണ് അവിടം. അഭിപ്രായവ്യത്യാസങ്ങളുണ്ട്, അധികാരബന്ധങ്ങളുണ്ട്. ചിലർക്ക് കൂടുതൽ ശബ്ദമുണ്ടായിരിക്കേ സ്വരം കുറഞ്ഞവരും സ്വരമില്ലാത്തവരുമുണ്ടാകും. ഇത്തരം ഒരിടത്ത് രാഷ്ട്രീയം പഠിക്കാൻ കിട്ടുന്ന കനകാവസരം നഷ്ടമായ ശേഷം ജനാധിപത്യം പഠിക്കണമെന്ന വാദത്തിനു കഴമ്പുള്ളതായി അവകാശപ്പെടാനാകില്ല. ക്ലാസ് മുറിയിൽ ഭരണഘടന പഠിപ്പിക്കും, ക്യാമ്പസിൽ അഭിപ്രായ വ്യത്യാസം സഹിക്കാനാകില്ല. ഇതാണു രീതിയെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ബാക്കി ഉണ്ടാവുന്നത് പതിരാകും.
പരസ്യമായി ചിന്തിക്കാൻ പഠിക്കേണ്ട ഇടങ്ങളായി കലാലയങ്ങൾ വളർന്നിട്ട് കാലമേറെയായി. ശാസ്ത്ര വിഷയമായാലും മാനവിക വിഷയമായാലും, അവിടെ ചോദ്യങ്ങൾ ചോദിക്കപ്പെടണം, ഉത്തരങ്ങൾ നൽകപ്പെടണം. കാരണം അത് ശാസ്ത്രീയ മനോഭാവത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസത്തെ വിമർശനാത്മക ബോധത്തിന്റെ വളർച്ചയുമായി ബന്ധിപ്പിച്ചാണു മനശ്ശാസ്ത്ര വിദഗ്ധർ കാണുന്നത്. വിദ്യാർത്ഥി, അധ്യാപകൻ പറയുന്നത് സ്വീകരിക്കുന്ന ഒരു ശൂന്യപാത്രമല്ല; സ്വന്തം യാഥാർഥ്യത്തെ വായിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ്. വിദ്യാർത്ഥികൾക്ക് മാത്രമല്ല അതിന്റെ തലപ്പത്തിരിക്കുന്നവർക്കു കൂടി ആവശ്യമാണ് ഈ ശാസ്ത്രീയ മനോഭാവം.
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ രാജ്യത്തെ ക്യാമ്പസുകൾ വെറും പഠനകേന്ദ്രം മാത്രമായിരുന്നില്ല. ദേശവ്യാപകമായി അനീതികൾക്കെതിരെ ആശയങ്ങൾ പങ്കുവയ്ക്കാനും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികൾ സജീവമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടന വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന അവകാശങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പൊരുതി. അവരിൽ പലരുമാണ് നേതാക്കളും മന്ത്രിമാരുമായത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലിംഗസമത്വം, പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം, സാമൂഹിക നീതി എന്നിവ ഉറപ്പാക്കാൻ അവരുടെ സമരങ്ങൾ സഹായകമായി. അടിയന്തരാവസ്ഥയ്ക്കെതിരെയും 90 കാലത്തെ വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിനെതിരെയും ശബ്ദമുയർത്തി അവരുടെ പിൻഗാമികൾ.
കൊടി പിടിക്കുന്നതിനേക്കാൾ പ്രധാനമാണ് മറ്റൊരാളുടെ കൊടി സഹിക്കാൻ കഴിയുന്നത്. മുദ്രാവാക്യം വിളിക്കുന്നതിനെക്കാൾ പ്രധാനമാണ് എതിർവാദം കേൾക്കാൻ കഴിയുന്നത്. അരാഷ്ട്രീയരായിരിക്കുക എന്നതു നിഷ്പക്ഷതയാണെന്ന വാദത്തിനും കാമ്പില്ല. ക്യാമ്പസിൽ രാഷ്ട്രീയം വേണമോ വേണ്ടയോ എന്നുള്ളതല്ല ഇവിടുത്തെ പ്രശ്നം, ജനാധിപത്യബോധവും സംസ്കാരവും വിദ്യാർത്ഥികൾ പരിശീലിക്കണമോ വേണ്ടയോ എന്നുള്ളതാണ്. പക്ഷേ ജനാധിപത്യത്തിന്റെ പേരുപറഞ്ഞ് ക്യാമ്പസിൽ നടക്കുന്ന അക്രമം, ഭീഷണി, പഠിപ്പുമുടക്ക്, നിർബന്ധിത സംഘടനാ പ്രവർത്തനം എന്നിവയെ ന്യായീകരിക്കാനാകില്ല. അവയ്ക്ക് പെരുമാറ്റ ചട്ടങ്ങൾ ഉണ്ടായേ പറ്റൂ.
ക്യാമ്പസിൽ രാഷ്ട്രീയം നിരോധിച്ചാലും സോഷ്യൽ മീഡിയ വഴി അത് വിദ്യാർത്ഥികളുടെ മുറിയിലേക്ക് ഒഴുകിയെത്തുമെന്നു തീർച്ച. അൽഗൊരിതങ്ങളാകും അവരുടെ അധ്യാപകർ. സ്വന്തം ഇഷ്ടങ്ങളോട് ചേർന്ന് പോകുന്ന രാഷ്ട്രീയ അഭിപ്രായങ്ങൾ മാത്രം അവരുടെ കൺമുമ്പിലെത്തും. അത് കണ്ടു കണ്ട് അവരുടെ രാഷ്ട്രീയ അസഹിഷ്ണുതയും വർദ്ധിക്കുകയേയുള്ളൂ. ക്യാമ്പസിലെ റിയലിസ്റ്റിക് ആയുള്ള രാഷ്ട്രീയ സംവാദങ്ങളും ചർച്ചകളും ഇതിനെതിരെയുള്ള സാമൂഹിക പ്രതിരോധമാണെന്നതാണ് വസ്തുത.
കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ തയ്യാറാക്കിയെന്ന വിവാദത്തിൽ കാര്യമില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞത്. കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി അറിയിച്ചു. കോടതി നിർദ്ദേശപ്രകാരം കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നു. ഈ ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയ്യാറാക്കിയ രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വിദ്യാർത്ഥി സംഘടനകൾക്ക് ഈ രേഖ അയച്ച് അവരിൽ നിന്നും അഭിപ്രായം തേടിയ ശേഷം വീണ്ടും ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ ഇത് സർവകലാശാലയുടെ മാർഗ്ഗനിർദ്ദേശമാകൂ.
ജനാധിപത്യ വിരുദ്ധ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവന നടത്തുന്നതിന് മുൻപ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കണമായിരുന്നുവെന്നും മന്ത്രി റോജി എം. ജോൺ കൂട്ടിച്ചേർത്തു. അതേസമയം, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമാണ് കരട് രേഖയെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളുമായി പോലും ചർച്ച ചെയ്യാതെയാണ് കരട് രേഖ പുറത്തിറക്കിയത്. സർക്കാർ അതിന് അനുകൂലമല്ല. യൂത്ത് കോൺഗ്രസും അനുകൂലിക്കില്ല. കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയം തെറ്റല്ലെന്നും പ്രധാന നേതാക്കൾ വന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആണെന്നും യുവ മന്ത്രി പറയുന്നു.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
