ഭരണപ്രതിപക്ഷ മുന്നണികളിൽ പ്രശ്നങ്ങളേറെയാണ്. യു.ഡി.എഫിൽ അടൂരാണ് വില്ലൻ, ഇടതു മുന്നണിയിൽ പിണറായിക്കെതിരെ പല നീക്കങ്ങളും നടക്കുന്നു. സി.പി.എമ്മും മാണി ഗ്രൂപ്പും അസംപ്തൃപ്തരാണ്. ശശീന്ദ്രന്റെയും കടന്നപ്പള്ളിയുടെയും പാർട്ടികൾ ലയിച്ചിട്ടും ഇടത് മുന്നണി യോഗത്തിനെത്തിയത് 4 പേർ ഇവർ ഇരുന്നതാകട്ടെ മൂന്നിടത്തും. സഹികെട്ട് പിണറായി ചോദിച്ചുവത്രെ. 'നിങ്ങൾ ലയിച്ചതല്ലേ, പിന്നെ എന്തിനാണ് നാലുപേർ?''
സി.പി.എം. മുന്നണി ഭരിച്ച് കുളമാക്കിയ സംസ്ഥാനത്തെ ഭരണതലം എങ്ങനെയെങ്കിലും അടിച്ച് വൃത്തിയാക്കാനുള്ള തിരക്കിട്ട ശ്രമം യു.ഡി.എഫ്. സർക്കാർ നടത്തുന്നുണ്ട്. ശമ്പളവും പെൻഷനുകളും മുടങ്ങാതെ നോക്കുന്നുണ്ട് പുതിയ ധനമന്ത്രിയായ മുഖ്യമന്ത്രി. പലിശ കൂടുതൽ വേണമെന്ന നിക്ഷേപകരുടെ ആവശ്യം മൂലം സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം കടമെടുത്തതേയില്ല.
ഇന്നലെ 1000 കോടി രൂപ കടമെടുത്തിട്ടുണ്ട്. പലിശ നിരക്ക് പഴയതു തന്നെ. ഖജനാവിലെ ഒരൊറ്റ രൂപ പോലും നഷ്ടപ്പെടാതെയാണ് ഈ സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് മുന്നോട്ടു പോകുന്നത്. ജി.എസ്.ടി. പിരിവിന്റെ ദേശീയ ശരാശരി 18% ആണ്. കേരളമാകട്ടെ ഈ മേഖലയിൽ 27% വർധന നേടിക്കഴിഞ്ഞു. നികുതിയടയ്ക്കാതെ തടിതപ്പാൻ ഏതെങ്കിലും പാർട്ടി സഹായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അത് പറ്റില്ല. നികുതിയടച്ചില്ലെങ്കിൽ പിടി വീഴും. ഈ മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റിന്റെ ആദ്യ നേട്ടം മന്ത്രിമാർക്കും എം.എൽ.ഏ.മാർക്കും സർക്കാർ നൽകിക്കഴിഞ്ഞു.
2018നുശേഷമുള്ള ഈ ശമ്പള വർധന അനിവാര്യമായിരുന്നു. ഇനി രണ്ടാം സ്ഥാനത്ത് ഗുണം ലഭിക്കാൻ പോകുന്നത് സർക്കാർ ജീവനക്കാർക്കാണ്. അവരുടെ ഡി.എ. കുടിശ്ശികയിൽ ഒരു പങ്ക് നവംബറിലെ ശമ്പളത്തിൽ ലഭിക്കും. ക്ഷേമപെൻഷനും 3000 രൂപയാക്കിയേക്കുമെന്ന ഊഹാപോഹങ്ങൾ സെക്രട്ടറിയേറ്റിൽ പ്രചരിക്കുന്നുണ്ട്. എങ്കിലും യു.ഡി.എഫ്. സർക്കാരിനെ നിരന്തരം വേട്ടയാടുകയാണ് സി.പി.എം. ഒന്നും രണ്ടും പിണറായി ഭരണകൂടങ്ങൾ നടത്തിയ കാട്ടുകൊള്ളകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ ഈ പാർട്ടി മറ്റെന്തു ചെയ്യാൻ?
ഞങ്ങളെ തേച്ചില്ലേ, 'ചുമക്കുന്നത്' നിർത്തി!
ഇടതുമുന്നണി അധികാരമൊഴിഞ്ഞതിനുശേഷം ആദ്യമായിട്ടാണ് സി.പി.എം.ന്റെ ഒരു പ്രധാനപ്പെട്ട പോഷക സംഘടനയുടെ സമ്മേളനം കഴിഞ്ഞയാഴ്ച കോട്ടയത്ത് നടന്നത്. പോസ്റ്ററൊട്ടിക്കാനും എസ്.എഫ്.ഐ.ക്കാരെ കോളജിൽ കയറിവരെ എതിരാളികളിൽ നിന്ന് രക്ഷിക്കാനും സദാസന്നദ്ധരായിരുന്ന പാർട്ടിയുടെ കാലാൾപ്പടയാണ് സി.ഐ.ടി.യു. പാർട്ടി പിരിവ്, ജീവകാരുണ്യ പിരിവ്, ദേശാഭിമാനി വാർഷിക വരിസംഖ്യ, പാർട്ടി സമ്മേളനങ്ങൾക്കായുള്ള സംഭാവന എന്നിങ്ങനെ സി.ഐ.ടി.യുക്കാരുടെ കീശയിൽ നിന്ന് ഇടതു ഭരണകാലത്ത് പോലും വൻതുക ചോർന്നിരുന്നത് അണികളെ ക്ഷുഭിതരാക്കിയിരുന്നു. സ്ഥലംമാറ്റം, മറ്റ് പിപ്പിടികൾ, ഭീഷണികൾ വർഗസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തൽ തുടങ്ങിയ 'ആക്ഷനു' കളിലൂടെ അണികളെ സി.ഐ.ടി.യു നേതൃത്വം അന്ന് അടക്കിനിർത്തിയിരുന്നു.
കോട്ടയം സമ്മേളനത്തിൽ ഇതെല്ലാം പൊളിഞ്ഞു. ഭരണം കിട്ടിയപ്പോൾ പോസ്റ്റർ ഒട്ടിക്കാനും, കസേരനിരത്താനും, പിരിവ് നൽകാനും സംഭാവന വാങ്ങിയെടുക്കാനുമല്ലാതെ ഭരണക്കാർ തങ്ങളെ പരിഗണിച്ചില്ലെന്ന് സംഘടനയുടെ റിപ്പോർട്ടിൽ തന്നെ പരാമർശമുണ്ട്. സി.ഐ.ടി.യുവിന്റെ ഇത്തരമൊരു 'കുതറിമാറൽ' പിണറായി പ്രതീക്ഷിച്ചിരുന്നുവെന്നു വേണം കരുതാൻ. അങ്ങനെ 'ഇരട്ടച്ചങ്കൻ' സി.ഐ.ടി.യുവിന്റെ തലപ്പത്തേയ്ക്ക് വി.ശിവൻകുട്ടിയോ, എം.വി.ജയരാജനോ വരട്ടെ എന്ന് ഓർഡറിട്ടു. എന്നാൽ സംഘടനയുടെ ദേശീയ പ്രസിഡണ്ടായ എളമരം കരീം ഈ നീക്കം വെട്ടി പകരം ഇടുക്കി ജില്ലയിൽ നിന്നുള്ള കെ.കെ. ജയചന്ദ്രനെ പ്രസിഡണ്ടാക്കി. കുഞ്ചിത്തണ്ണി സ്വദേശിയും വിഖ്യാത ഉടുക്ക് പ്രാസംഗികനുമായ എം.എം. മണിയുടെ അയൽക്കാരനുമാണ് ജയചന്ദ്രനെങ്കിലും മാന്യനായ രാഷ്ട്രീയ പ്രവർത്തകനാണ്.
അഴിമതിയുടെ കറയില്ലാത്ത ജയചന്ദ്രൻ പ്രസിഡന്റായി വരുന്നതിൽ പിണറായി അസംതൃപ്തനായിരുന്നു. ഒടുവിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കാനിരുന്ന ടി.പി. രാമകൃഷ്ണനെ തന്നെ പ്രസിഡന്റ് പദത്തിൽ തുടരട്ടെ എന്നായി കരീം. ഒത്തുതീർപ്പെന്ന നിലയിൽ ശിവൻകുട്ടിയെ ട്രഷററുമാക്കി. എളമരം കരീം മുഹമ്മദ് റിയാസ് പോര് കോഴിക്കോട്ടെ പാർട്ടിയിലെ അരമന രഹസ്യമാണ്.
കോഴിക്കോട്ടും പരിസരത്തുമുള്ള എല്ലാ റിയൽ എസ്റ്റേറ്റ് ഇടപാടുകളും എളമരം കരീം അറിയാതെ പണ്ട് നടക്കില്ലായിരുന്നു. പക്ഷെ റിയാസ് പിണറായിയുടെ മരുമകനും മന്ത്രിയുമായതോടെ കരീമിന് പ്രസക്തി നഷ്ടപ്പെട്ടു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്റ്റീൽ കോംപ്ലെക്സിന്റെ എക്കറു കണക്കിന് ഭൂമി ഗുജറാത്തിലെ ഒരു വ്യവസായിക്ക് നിസ്സാരവിലയ്ക്ക് വിറ്റത് റിയാസിന്റെ 'കോക്കസാ' യിരുന്നു. കരീം പോലും ഈ കച്ചവടത്തിൽ ഇരുട്ടിലായിപ്പോയി.
ഇതെല്ലാം ഉള്ളിൽ വച്ച് കൊണ്ട് ദേശീയതലത്തിൽ കരീം എം.എ.ബേബിയുമായി ചേർന്ന് പുതിയ കരുനീക്കങ്ങൾ നടത്തിക്കഴിഞ്ഞു. വീടുവീടാന്തരം കയറിയിറങ്ങിക്കൊണ്ട് ഡിസബർ രണ്ടാം വാരം മുതൽ പാർട്ടി നടത്തുന്ന ജനസമ്പർക്ക പരിപാടി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലായിരിക്കും. സംഘടനാംഗങ്ങളെ 'വർഗ്ഗ സമരം' പഠിപ്പിക്കാൻ പുതിയ പാഠ്യപദ്ധതിയും ബേബിയുടെ നേതൃത്വത്തിൽ ഒതുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡോ. തോമസ് ഐസക്കിനോട് ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശമിട്ടു കഴിഞ്ഞിട്ടുണ്ട്.
കരാറുണ്ടോ സഖാവേ കാശടിച്ചുമാറ്റാൻ
കേരളാ ഇലക്ട്രിസിറ്റി ബോർഡ് എന്ന കെ.എസ്.ഇ.ബി. സി.പി.എം.ന്റെ കറവപ്പശുവാണ് എക്കാലത്തും. ഭരണം ഇടതായാലും വലതായാലും ബോർഡ് ഭരിച്ചിരുന്നത് ബോർഡിലെ ഓഫീസേഴ്സ് യൂണിയനാണ്. കടുത്ത പാർട്ടി ഭക്തരാണവർ സ്വന്തമായി ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിച്ച ലോകത്തിലെ തന്നെ ഏക സർക്കാർ സംരംഭം കൂടിയാണിത്. കേരളത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ 'ചെറുവിരൽ' അനക്കാതെ, അന്നന്നേയ്ക്കുള്ള വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ വാങ്ങിയായിരുന്നു കഴിഞ്ഞ കുറേ വർഷങ്ങളായി ബോർഡിലെ 'ഏമാന്മാർ' വിരാജിച്ചിരുന്നത്.
ഇടതു ഭരണകാലത്ത് ഈ പവർ ഫുൾ യൂണിയനെ വെല്ലുവിളിക്കാൻ നോക്കിയ ബോർഡ് ചെയർമാനായിരുന്നു ബി. അശോക്. എന്നാൽ പിണറായി അശോകിനെ ആ പദവിയിൽ നിന്ന് 'നൈസാ'യി മാറ്റി. പകരം കൃഷി വകുപ്പ് കൊടുത്തു. കൃഷി വകുപ്പിനായി കോടികളുടെ വിദേശ ഫണ്ട് ലഭിക്കുന്ന ഒരു പദ്ധതി അദ്ദേഹം എഴുതിയുണ്ടാക്കി. ലോകബാങ്കായിരുന്നു പണം ഓഫർ ചെയ്തത്. എന്നാൽ ആ പണം അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വകമാറ്റി ചെലവഴിച്ചു. പദ്ധതിയ്ക്കായി നൽകിയ തുക 'അണപൈ' കുറയ്ക്കാതെ തിരിച്ച് ഖജനാവിൽ അടയ്ക്കണമെന്നായി ലോകബാങ്ക്. അങ്ങനെ പണം തിരിച്ചടച്ച് സർക്കാർ തലയൂരി.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെയും മുഖ്യമന്ത്രിയെയും ഒരേ പോലെ കബളിപ്പിച്ച എം.ജി. രാജമാണിക്യം സി.പി.എം. യൂണിയനുമായി ഒത്തുകളിച്ചെന്നും, നിർബന്ധപൂർവം ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി യൂണിറ്റിന് 14 രൂപ 50 പൈസയ്ക്ക് വാങ്ങാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയെന്നുമുള്ള പരാതിയാണുയർന്നിട്ടുള്ളത്. ബുധനാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി കരാർ സംബന്ധിച്ച എല്ലാ കള്ളക്കളികളുടെയും 'യഥാർത്ഥ സ്ഥിതി' വാർത്താ ലേഖകർക്കു മുമ്പിൽ വിശദമായി വിവരിക്കുകയുണ്ടായി. മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് 22 ദിവസം അടിയന്തിര സ്വഭാവമുള്ള ഫയൽ പിടിച്ചുവെന്നുമുള്ള ആരോപണവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.
വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ നിന്ന് അയച്ച ഫയലിലെ രണ്ട് നിർദ്ദേശങ്ങളിൽ, സർക്കാരിന് ലാഭകരമായ കരാറിനെക്കുറിച്ചാണ് മറുപടി നൽകിയതെന്നും, ഈ ഫയൽ 'പ്രോപ്പർ ചാനലി' ലൂടെ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചുവെന്നും സതീശൻ പറഞ്ഞു. സർക്കാർ ഒരു ഓർഡർ പോലും ഇറക്കാത്ത വൈദ്യുതി വാങ്ങൽ കരാർ എങ്ങനെയാണ് 'വിവാദ' ത്തിന് അടിസ്ഥാനമാകുന്നതെന്ന ചോദ്യവും മുഖ്യമന്ത്രി ഉന്നയിച്ചു.
മുള്ളാണി പപ്പന്മാരും കെ.സി.യും
യു.ഡി.എഫ്. സർക്കാരിനെ കൊണ്ട് 'ചില കാര്യങ്ങൾ' ചെയ്യിക്കണമെന്ന മോഹവുമായി ചിലർ തലസ്ഥാനത്ത് ചുറ്റിക്കറങ്ങുന്നുണ്ട്. ഭരണ ചക്രത്തിന് അള്ള്വയ്ക്കാൻ നടക്കുന്ന ഈ മുള്ളാണി പപ്പന്മാർ തൽക്കാലം ഇത്തരം ഉഡായിപ്പ് പണി അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്. കാരണം, സെക്രട്ടറിയേറ്റിലെ പഴയ 'പറ്റു പടി'ക്കാരെ കണ്ടെത്തി ഭരണത്തിനെതിരെ തിരിക്കാമെന്ന മോഹവും, പാർട്ടിയിൽ തന്നെ സതീശനെതിരെ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളും ആലപ്പുഴയിലെ ഒരു സമുദായ നേതാവ് വഴിയാണ് ഊർജ്ജിതമായി നടപ്പാക്കുന്നതെന്ന കരക്കമ്പി ഇപ്പോൾ തന്നെ പരന്നിട്ടുണ്ട്. നവംബർ 12 ന് എസ്.എൻ.ഡി.പി. യോഗം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ, കോടതിപോലും കൈവിട്ടു കഴിഞ്ഞ ഈ സമുദായ നേതാവിനെ 'സംരക്ഷിക്കാൻ' സർക്കാർ തലത്തിൽ 'സംരക്ഷണമതിൽ' നിർമ്മിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു കഴിഞ്ഞു.
എന്നും കേരളത്തിന്റെ എല്ലാ വികസന സാദ്ധ്യതകളെയും പിന്നോട്ട് ചവിട്ടിത്തള്ളിയ ചരിത്രമാണ് സി.പി.എം.ന്റേത്. പുതിയ കേരളത്തിനായുള്ള പുതിയ നീക്കങ്ങളെ ചെറുക്കാൻ ഇപ്പോൾ എസ്.എഫ്.ഐ.യെയും ഡിഫിയെയുമെല്ലാം ഇറക്കിയുള്ള പിണറായിയുടെ പുതിയ രാഷ്ട്രീയനീക്കങ്ങൾ വിജയിക്കാനുള്ള സാധ്യത വിരളമാണ്. പാർട്ടിയിൽ പിണറായിക്കെതിരെ ഉരുണ്ടുകൂടുന്ന ചക്രവാതച്ചുഴികളെ ചെറുക്കാനാണ് ഇനി ഈ 'രാഷ്ട്രീയ ചാണക്യൻ' ശ്രമിക്കേണ്ടത്. പ്രതിമാസം 1.60 ലക്ഷം രൂപ വാടക നൽകുന്ന പുതിയ വീട്ടിലെ താമസത്തിലൂടെ അതിനുള്ള വഴികൾ അദ്ദേഹത്തിന് തെളിഞ്ഞുകിട്ടുമോ ആവോ? കാരണം പിണറായിയുടെ പുതിയ വാടക വീട് ജഗതി ഹൈസ്കൂളിനരികിനടുത്തുള്ള ഇടപ്പഴഞ്ഞിയിലാണ്. 'ഈശ്വര വിലാസം റോഡെ' ന്നാണ് പുതിയ വീട്ടിലേക്കുള്ള വഴിയുടെ പേരെങ്കിലും രാവിലെ മുതൽ രാത്രി വരെ ഒടുക്കത്തെ ട്രാഫിക് ബ്ലോക്കാണിവിടെ.
ഇനി 'വൈ' സുരക്ഷ മാത്രമുള്ള പിണറായിയുടെ വരവും പോക്കും ഈ ഭാഗത്തുള്ള ജനങ്ങളെ ദുരിതത്തിലാക്കാം. ഒരു സംസ്ഥാനം തന്നെ ദുരിതത്തിലാക്കിയ ഈ നേതാവ് ഈ റോഡിലേക്ക് ഒതുങ്ങിയെന്ന് തോന്നാമെങ്കിലും സൂര്യയുടെ പുതിയ സിനിമയായ 'സീനി' ൽ, മലയാളത്തിന്റെ ന്യൂജെൻ നായകൻ നസ്ലൻ കെ ഗഫൂർ അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിന്റെ പേര് ഈശ്വരനെന്നാണ്. ! അതുകൊണ്ട് ഇടപ്പഴഞ്ഞിയിലെ 'ഈശ്വരവിലാസം' റോഡിലെ സീനിയർ സിറ്റിസനായ പിണറായി എന്ന വില്ലനെയും കോൺഗ്രസ്സുകാർ കരുതിയിരിക്കണം!
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
