ആലപ്പുഴ കളർകോട്ട് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടം പല കാരണങ്ങളാൽ സമാനതകളില്ലാത്തതായി. റോഡപകടങ്ങൾ ഏതു നിമിഷവും സംഭവിക്കാമെന്ന് ഓർമ്മിപ്പിക്കുന്നതോടൊപ്പം തീർത്തും പ്രതികൂല സാഹചര്യങ്ങളിൽ സ്വയം ചെന്നു ചാടാതിരിക്കാനുള്ള കരുതലും ജാഗ്രതയുമാണ് ഏവരും സ്വായത്തമാക്കേണ്ടതെന്ന മുന്നറിയിപ്പുമേകുന്നു അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ ജീവനെടുത്ത് സംസ്ഥാനത്തെ അടിമുടി ഞെട്ടിച്ച ഈ ദുരന്തം. കനത്ത മഴയും കാഴ്ചക്കുറവും യുവത്വത്തിന്റെ ആവേശവുമൊക്കെ നിരത്തുകളിൽ അപകടം ക്ഷണിച്ചുവരുത്തുന്ന സാഹചര്യങ്ങളാണെന്ന് ആവർത്തിച്ചു വ്യക്തമായി.
ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജിലെ ആദ്യ വർഷ വിദ്യാർഥികളായ ആയുഷ് ഷാജി, ശ്രീദീപ് വത്സൻ, ബി. ദേവാനന്ദൻ, മുഹമ്മദ് അബ്ദുൾ ജബ്ബാർ, മുഹമ്മദ് ഇബ്രാഹിം എന്നിവർക്കാണ് ദാരുണാന്ത്യമുണ്ടായത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി. ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡിൽ തെന്നിനീങ്ങിയ വാഹനം ബസിനു മുന്നിലേക്ക് ഇടിച്ചുകയറുന്നതായി സി.സി. ടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തം.
11 വിദ്യാർഥികൾ കാറിലുണ്ടായിരുന്നു. കാർ ഓടിച്ചത് അഞ്ചു മാസം മുമ്പ് ലൈസൻസ് ലഭിച്ച വിദ്യാർഥിയാണ്. ഡ്രൈവിങ്ങിലെ പരിചയക്കുറവ് അപകടത്തിനു പ്രധാന കാരണമായിട്ടുണ്ടാകാമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. വിലയിരുത്തുകയുണ്ടായി. കനത്ത മഴയും കാരണമായിട്ടുണ്ടെന്നാണ് നിഗമനം.
റെന്റ് എ കാർ ലൈസൻസ് ഇല്ലാത്തയാളാണ് 14 വർഷം പഴക്കമുള്ള വാഹനം കുട്ടികൾക്കു വാടകയ്ക്കു നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആരോഗ്യമേഖലയിൽ എത്രയോ പേർക്ക് ആശ്വാസമായി മാറേണ്ടിയിരുന്നവരാണ് നിരത്തിൽ പൊലിഞ്ഞത്. അഞ്ചു വർഷം കഴിഞ്ഞു ഡോക്ടർമാരായി പുറത്തിറങ്ങേണ്ടിയിരുന്നവർ. അപ്രതീക്ഷിത വിയോഗം എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. സംസ്ഥാനത്തെ ഞെട്ടിച്ച അപകടത്തെത്തുടർന്നു കണ്ണീർമഴയിൽ മുങ്ങിയ കുടുംബങ്ങളുടെ കടുത്ത ദുഃഖത്തിനൊപ്പമാണ് നാടൊന്നാകെ.
പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ
കഴിയുന്നവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുകയാണ്
മുഴുവൻ മലയാളികളും. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ രാത്രികാലങ്ങളിൽ
സിനിമയ്ക്കും മറ്റും പോകുന്നതിനിടയിൽ പലപ്പോഴും
അപകടങ്ങളിൽപ്പെടാറുണ്ടെങ്കിലും ഇത്തരമൊന്നിനു നാട് സാക്ഷ്യം
വഹിച്ചിട്ടില്ല.
അത്യന്തം വേദനാജനകമായ ഈ സന്ദർഭത്തിൽ, ഇനിയൊരാളുടെയും
ജീവൻ റോഡിൽ പൊലിയാതിരിക്കാനുള്ള ജാഗ്രതയുടെ പാഠങ്ങൾ പങ്കുവയ്ക്കുകയും
ഉൾക്കൊള്ളുകയും ചെയ്യുകയെന്നതാണ് പ്രധാന കാര്യം. കളർകോട്ടെ അപകടം ഏറെ
ദുഃഖകരമാകുന്നത്, അതിലുൾപ്പെട്ട പതിനൊന്നു കുട്ടികളും ഇനിയും ജീവിതത്തിന്റെ
വൈവിദ്ധ്യമാർന്ന തലങ്ങളിലേക്ക് പ്രവേശിക്കുക പോലും
ചെയ്തിട്ടില്ലെന്നതിലാണ്.
വിടരാൻ തുടങ്ങുംമുമ്പേ കൊഴിഞ്ഞുപോയ അഞ്ചു മിടുക്കന്മാർ. എത്രയോ നാളത്തെ കഠിനപ്രയത്‌നത്തിന്റെ ഫലമായി പ്രവേശന പരീക്ഷ എന്ന കടമ്പ കടന്ന് സർക്കാർ കോളേജിൽത്തന്നെ പ്രവേശനം ലഭിച്ചവരാണ് ഒറ്റനിമിഷം കൊണ്ട് എന്നേയ്ക്കുമായി അകന്നുപോയത്. വലിയ പ്രതീക്ഷകളോടെ അരുമ മക്കളെ പഠിക്കാനായി പറഞ്ഞുവിട്ട് വീടുകളിൽ കഴിയുന്ന രക്ഷിതാക്കൾക്ക്, ഓർക്കാപ്പുറത്ത് അവരുടെ വിയോഗം സന്ദേശമായി എത്തുമ്പോഴുണ്ടാകുന്ന ഹൃദയം പിളർക്കുന്ന വേദന ശമിപ്പിക്കാൻ ഒരുതരത്തിലുള്ള ആശ്വാസ വചനങ്ങൾക്കും സാദ്ധ്യമല്ല. മനുഷ്യരെ സംബന്ധിച്ച് എറെ കഠിനമാണ് മക്കളുടെ മരണം. അതുമൂലമുണ്ടാകുന്ന നഷ്ടം അതീജീവിക്കുക എന്നത് ഏറെ പ്രയാസകരവും. ഭൂമിയിൽ നിന്നു പോകുന്ന കാലം വരെ നീറുന്ന വേദനയുമായി വേണം അവർക്ക് ബാക്കിയുള്ള ജീവിതം തള്ളിനീക്കാൻ.
മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും അപകടം പിടിച്ച സ്ഥലമേതെന്നു ചോദിച്ചാൽ റോഡുകൾ എന്നു പറയാം. റോഡപകടങ്ങളും മരണവും ഏറ്റവുമധികം ഉണ്ടാകുന്ന രാജ്യങ്ങളുടെ മുൻപന്തിയിലാണ് ഇന്ത്യ. കേരളവും അപകട നിരക്കിൽ മുന്നിൽത്തന്നെയാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഒരു വർഷം ശരാശരി ചെറുതും വലുതുമായി 36000 ഓളം അപകടങ്ങൾ കേരളത്തിലെ റോഡുകളിൽ സംഭവിക്കുന്നുണ്ടെന്നത് ഇതിനെ സാധൂകരിക്കുന്നു. ആ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്,
അതിൽ 4200 പേർ മരണത്തിനു കീഴടങ്ങുന്നു. അതിൽത്തന്നെ ഇരുചക്രവാഹനയാത്രികരും കാൽനടക്കാരും കൂടുതലും. റോഡ് സുരക്ഷയെപ്പറ്റി എത്രമുറവിളി കൂട്ടിയിട്ടും അപകടങ്ങൾക്കും അതുമൂലമുണ്ടാകുന്ന മരണങ്ങൾക്കും കുറവുമില്ല. 20നും 55നും ഇടയിലുള്ള യുവതയാണ് അപകടങ്ങളുടെ ഇരകളിലേറെയും. ഡ്രൈവിംഗ് ലൈസൻസ് എടുത്തതുകൊണ്ടു മാത്രം ഒരാൾ വാഹനങ്ങളോടിക്കാൻ പ്രാപ്തനാകണമെന്നില്ല. അസാധാരണ സന്ദർഭങ്ങളിൽ വിവേകത്തോടെയും പാകതയോടെയും വാഹനം കൈകാര്യം ചെയ്യാൻ കഴിയണം. നമ്മുടെ റോഡുകളുടെ സ്ഥിതി നന്നായി അറിയുകയും വേണം.
കളർകോട് ദുരന്തത്തിൽ ഹൈഡ്രോപ്‌ളെയിനിങ് എന്ന പ്രതിഭാസം സംഭവിച്ചതായി സംശയിക്കപ്പെടുന്നു. മഴയിൽ വന്ന കാർ തെന്നിമാറി നിയന്ത്രണം വിട്ട് ബസിന്റെ മുന്നിലേക്ക് പാഞ്ഞ് സൈഡ് ചേർന്ന് വന്നിടിക്കുകയാണുണ്ടായത്. നല്ല ഇരുട്ടും, നല്ല മഴയും അപ്പോഴുണ്ടായിരുന്നു. എന്നാൽ, വാഹനം തെന്നിയത് എങ്ങനെയെന്ന് പറയണമെങ്കിൽ വിശദമായ അന്വേഷണം നടത്തണം. മഴയുള്ളപ്പോൾ മാത്രമല്ല, മഴ മാറിയിട്ടും വെള്ളത്തിന്റെ നേരിയ പാളി റോഡിലുണ്ടെങ്കിൽ ഹൈഡ്രോപ്‌ളെയിനിങ് പ്രതിഭാസത്തിൽ അപകടത്തിലേക്ക് നയിക്കാം. തേഞ്ഞ ടയറിനും റോഡിനുമിടയിൽ ഉള്ള ജലപാളി ഘർഷണത്തെ തടഞ്ഞ് നിർത്തും. ബ്രേക്ക് ചവിട്ടിയാൽ കിട്ടുകയില്ല. ഇതുമൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകും.
വേണം സൂക്ഷ്മത
പോളിയോ, മലേറിയ, ഡെങ്കിപ്പനി എന്നിവയെപ്പോലെ പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ് റോഡപകടങ്ങളും എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയിലെ റോഡുകളുടെ ശോച്യാവസ്ഥയാണ് അപകടങ്ങൾക്കു കാരണമെന്നു വാദിക്കുന്നവരുണ്ട്. അതായത് നല്ല റോഡുകൾ അപകടം കുറയ്ക്കുമെന്നും. ഇതു പൂർണമായും ശരിയല്ല. മോശം റോഡുകളെപ്പോലെ തന്നെ റോഡിലെ മോശം പെരുമാറ്റവും അപകടത്തിലേക്കു നയിക്കുന്നു എന്ന നിഗമനമാണു കൂടുതൽ ശരി. എന്നിരുന്നാലും അപകടമുണ്ടായതിനുശേഷം നടപടിയെടുക്കുന്നതിനേക്കാളും അതിനുമുന്നേ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതാകും ഉചിതം. രോഗപ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലതെന്നതു പോലെ.
റോഡ് അപകടത്തിലേക്കു നയിക്കുന്നത്
ഒന്നോ രണ്ടോ കാര്യങ്ങളല്ല. നിരവധിയായ കാര്യങ്ങളുടെ ആകെത്തുകയാണ്
അപകടമുണ്ടാക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റോഡിനെപ്പറ്റി
നിരന്തരം ജാഗ്രത അല്ലെങ്കിൽ ശ്രദ്ധ ഉണ്ടാകുന്നത് അതിൽ പ്രധാനമാണ്.
കാൽനടക്കാരും ഇരുചക്രവാഹനങ്ങളെയും നന്നായി സൂക്ഷിക്കുന്നത് അത്യാവശ്യമാണ്.
മരണപ്പെടുന്നവരിൽ മൂന്നിൽ രണ്ടുപേരും ഇക്കൂട്ടരാണ്. വീട്ടിലും ഓഫീസിലും
മറ്റു പരിപാടികൾക്കു സമയം വാരിക്കോരി ചെലവിട്ടശേഷം ലക്ഷ്യസ്ഥാനം പിടിക്കാൻ
റോഡിൽ ശരം വിട്ടപോലെ വാഹനം ഓടിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്.
നേരത്തെയെത്താൻ നേരത്തെ തന്നെ ഇറങ്ങുകയെന്നതിനു മറുമരുന്നില്ല. ഒരു
ദിവസത്തിൽ 1440 മിനിറ്റുണ്ട്. അഞ്ചോ പത്തോ മിനിറ്റ് നേരത്തേയിറങ്ങിയാൽ
തീരുന്നതാണ് റോഡിലെ തിടുക്കം. നമ്മുടെ നിരത്തുകളിൽ ആളുകൾ കാട്ടുന്ന
തിടുക്കം കുറച്ചാൽ തന്നെ അപകടം ഏറെക്കുറെ ഇല്ലതാകും.
അപകടകരമായ ഓവർടേക്കിങ് ഒഴിവാക്കുന്നതു സുരക്ഷയ്ക്ക് സുപ്രധാനമാണ്. പ്രത്യേകിച്ച് ഒറ്റവരി റോഡുകളിൽ. കൃത്യമായ കാഴ്ച ലഭിക്കുന്ന സ്ഥലത്തുമാത്രമേ ഓവർടേക്ക് ചെയ്യാവൂ. വളവുകളിൽ യാതൊരു കാരണവശാലും ഓവർടേക്കിങ് പാടില്ല. സേഫ്ടി സംവിധാനങ്ങൾ ഉപയോഗിക്കാൻ മറക്കരുത്. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ഇതിൽപ്പെടും. ചീറ്റപ്പുലിക്ക് 35 കിലോമീറ്റർ വേഗത്തിൽ പോയി ഒന്ന് ഉരുണ്ടുവീണാലും ഒന്നും തന്നെ സംഭവിക്കുകയില്ല. കാരണം അതിന്റെ ശരീരം അപ്രകാരം നിർമ്മിച്ചിരിക്കുന്നു.
എന്നാൽ, മനുഷ്യ ശരീരം പത്തു കിലോമീറ്റർ വേഗത്തിൽ നടക്കാനും അൽപമൊക്കെ ഓടാനും മാത്രമായി തന്നെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്, ശരീരത്തിന്റെ സുരക്ഷാ ക്രമീകരണവും അതനുസരിച്ചു തന്നെ.അതു കൊണ്ട് 70 കിലോമീറ്റർ വേഗത്തിൽ പോകുന്ന മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ചുവീണാൽ എന്താകും എന്ന് പറയേണ്ടതില്ല. അത്തരം വീഴ്ചയുടെ ആഘാതം താങ്ങാനുള്ള ശേഷി മനുഷ്യന്റെ ശരീരത്തിനില്ല. വാസ്തവത്തിൽ ആ വീഴ്ച ഏഴാം നിലയിൽ നിന്ന് താഴേയ്ക്ക് പതിക്കുന്നതിനു സമാനമായിരിക്കും. ഇരുചക്രവാഹനത്തിൽ നിന്ന് വീണാൽ ആദ്യം പരുക്കേൽക്കുക തലയ്ക്കായിരിക്കും.
ലൈറ്റ് ഇല്ലാതെ രാത്രിയിൽ വാഹനം ഓടിക്കുന്നത് അപകടകരമാണ്. നമുക്ക് കാണാൻ മാത്രമല്ല ലൈറ്റുകൾ, മറ്റുള്ളവർക്ക് നമ്മളെകൂടി കാണുന്നതിനു വേണ്ടിയാണത്. കറുത്ത വസ്ത്രമണിഞ്ഞ് ഇരുട്ടിൽ റോഡിലൂടെ നടക്കുന്നത് അപകടമാണ്. മറ്റുള്ളവർക്ക് നമ്മെ കാണാൻ കഴിയുകയില്ല, അത് അപകടം വരുത്തിവയ്ക്കും. വെള്ളയോ മഞ്ഞയോ നിറമുള്ള വസ്ത്രങ്ങൾ എളുപ്പത്തിൽ ദൃഷ്ടിയിൽപ്പെടും.
രാത്രി വൈകിയുള്ള ഡ്രൈവ് കഴിവതും ഒഴിവാക്കുക. ഉറക്കം തോന്നിയാൽ ഡ്രൈവിങ് നിർത്തുക, അൽപം മയങ്ങിയശേഷം യാത്ര തുടരാം. അതിനും പറ്റുന്നില്ലെങ്കിൽ യാത്ര നിർത്തുക. മദ്യപിച്ച ശേഷം വാഹനം ഒരു കാരണവശാലും നിരത്തിലിറക്കരുത്. അത് നമ്മുടെ പ്രതികരണസമയം കുറയ്ക്കും. ഒരു പെഗ് മദ്യം 40 ശതമാനം നമ്മുടെ പ്രതികരണശേഷി കുറയ്ക്കും. മണിക്കൂറിൽ 80 കിലോമീറ്ററിൽ പായുന്ന വാഹനം ഒരു സെക്കൻഡിൽ 70 അടി പിന്നിട്ടിരിക്കും. അതു കൊണ്ട് ബ്രേക്കിടാൻ ഒരു സെക്കൻഡ് സമയം പോലും നഷ്ടമായാൽ അതു ജീവനെടുക്കും.
ഡ്രൈവിങിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തെറ്റാണ്. കാഴ്ച സംഭവിക്കുന്നത് കണ്ണിലല്ല, തലച്ചോറിലാണ്. മൊബൈലിൽ സംസാരിക്കുന്ന സമയത്ത് കാണുന്ന കാഴ്ചകൾ കണ്ണിൽനിന്നു തലച്ചോറിലെത്താൻ സമയമെടുക്കും. അതായതു വണ്ടിക്കു മുന്നിലെ എല്ലാ കാഴ്ചകളും തത്സമയം നമ്മൾ കാണുന്നുണ്ടാവില്ല. അതായത് നമ്മൾ നോക്കുന്നുണ്ട്, പക്ഷേ കാണുന്നില്ല എന്നാണ് ആ അവസ്ഥ.
രാത്രികാല ഡ്രൈവിങ് പ്രത്യേകിച്ചും മഴയത്ത് സുരക്ഷിതമല്ലെന്ന് ഏവർക്കുമറിയാമെങ്കിലും ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നു. തിരക്കു കുറവായത് കൊണ്ട് പലരും രാത്രികാല യാത്രകൾ സുരക്ഷിതമാണെന്നൊക്കെ പറഞ്ഞെന്നിരിക്കും. ഉറങ്ങി ഓടിക്കുന്ന ഡ്രൈവർമാർ, ഓവർസ്പീഡ്, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, റോഡ് നിയമം തെറ്റിക്കുന്നവർ, വൺവേയിൽ തെറ്റായ ദിശയിൽ ഓടിക്കുന്നവർ, ലൈറ്റില്ലാതെ റോഡിൽ നിർത്തിയിട്ടിയിരിക്കുന്ന ലോറികൾ അങ്ങനെ അനവധി ഭീഷണികൾ അസമയത്ത് ഉണ്ടാകും.
വാഹനമോടിക്കാനുള്ള ലൈസൻസ് കിട്ടിയതുകൊണ്ടുമാത്രം അപകടമില്ലാതെ വണ്ടിയോടിക്കണമെന്നില്ല. നിയമങ്ങൾ പാലിച്ചും വേഗം നിയന്ത്രിച്ചും വണ്ടിയോടിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അപകടത്തിൽപ്പെടാം. കേരളത്തിലെ റോഡുകളിൽ മിക്കതും അപകടം ക്ഷണിച്ചുവരുത്തുന്നതുമാണ്.
വഴിയാത്രക്കാരെയടക്കം ഇടിച്ചുതെറിപ്പിച്ചുകൊണ്ടുള്ള അലക്ഷ്യമായ ഡ്രൈവിങ് സംസ്ഥാനത്തു വർധിക്കുമ്പോഴാണ് ഇത്തരത്തിലൊരു ദാരുണസംഭവം കൂടി ഉണ്ടായത്. സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുള്ള അവബോധം ആളുകളിൽ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ ഇനിയും ശക്തമാക്കണം. വാഹന, റോഡ് നിയമങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും കളർകോട് ദുരന്തം ഓർമിപ്പിക്കുന്നു.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1