വന്‍ തിരിച്ചടി: രണ്ട് വര്‍ഷത്തേക്ക് ആരും ഇങ്ങോട്ട് വരേണ്ടെന്ന് ബിസി

JANUARY 31, 2024, 7:06 AM

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന പുതിയ നിര്‍ദേശം നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ് കാനഡയിലെ പ്രവിന്‍ശ്യകള്‍. ബ്രിട്ടീഷ് കൊളംബിയ അടക്കമുള്ള പ്രവിന്‍ശ്യകളാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് 2026 ഫെബ്രുവരി വരെയാണ് നിയന്ത്രണം. അതുവരെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പ്രവിന്‍ശ്യകളിലെ വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥി വിസ നല്‍കില്ല.

ഈ വര്‍ഷം വിദ്യാര്‍ത്ഥികളുടെ പ്രവേശനം 35 ശതമാനം കുറച്ച് 3,60,000 ആയി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കനേഡിയന്‍ ഗവണ്‍മെന്റ് പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകളില്‍ ഉടനടി രണ്ട് വര്‍ഷത്തെ പരിധി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ബ്രീട്ടിഷ് കൊളംബിയ തങ്ങളുടെ പ്രഖ്യാപനം നടത്തുന്നത്. ബിരുദാനന്തരം ചില വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതും നിര്‍ത്തലാക്കും.

യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ അടക്കം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറച്ചുകൊണ്ട് രാജ്യത്തെ പാര്‍പ്പിട പ്രതിസന്ധി ഉള്‍പ്പെടെ പരിഹരിക്കാനാണ് കാനഡയുടെ പദ്ധതി. അതേസമയം വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയന്‍ അധികൃതര്‍ വ്യക്തമാക്കി.

അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ സത്യസന്ധമല്ലാത്ത സ്ഥാപനങ്ങള്‍ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനും പ്രവിശ്യയിലെ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നുവെന്നാണ് ബ്രിട്ടീഷ് കൊളംബിയന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം പരിമിതപ്പെടുത്തണമെന്ന ആവശ്യം ദീര്‍ഘകാലമായി കാനഡയില്‍ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക വികാരം അനുകൂലമാക്കുകയെന്ന ലക്ഷ്യവും കാനഡയ്ക്ക് ഉണ്ട്. അതേസമയം ഈ നീക്കം ഇന്ത്യക്കാര്‍ അടക്കമുള്ളവരെ വളരെ അധികം ആശങ്കയിലാക്കുന്നതുമാണ്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ജനസംഖ്യ ഒരു ദശലക്ഷത്തില്‍ കൂടുതലാണ്. ഇതില്‍ ഇന്ത്യക്കാരാണ് ഏറ്റവും ഉയര്‍ന്ന വിഹിതം. അതായത് 37 ശതമാനം. അതോടൊപ്പം തന്നെ കാനഡയിലെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ ഈയിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം കാരണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച പഠന അനുമതികളില്‍ കുറവുണ്ടായതായും സൂചിപ്പിച്ചു.

2023-ല്‍, സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനായി 500,000 സ്ഥിര താമസക്കാരെയും 900,000 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെയും പ്രവേശിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി കാനഡ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍പ്പിട മേഖലയില്‍ അടക്കം വലിയ പ്രതിസന്ധി അഭിമുഖീകരിച്ചതോടെയാണ് കാനഡ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മേലുള്ള നിയന്ത്രണം കടുപ്പിച്ചത്.


അതേസമയം കാനഡയെന്ന വന്മരം വീണാലും പേടിക്കേണ്ട കാര്യമില്ല. കാരണം ചില രാജ്യങ്ങളാണ്. വര്‍ധിച്ചുവരുന്ന ഭവന പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി കാനഡ രണ്ട് വര്‍ഷത്തെ പ്രവേശന പരിധി നിശ്ചയിച്ചിരിക്കുന്നത്. കാനഡയിലേക്ക് വിദ്യാര്‍ത്ഥി വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ കൂടുതലും ഇന്ത്യക്കാര്‍ ആയതിനാല്‍ തന്നെ സ്വാഭാവികമായും പുതിയ തീരുമാനം വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്കാണ്.

കാനഡയിലെ മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ 40 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ലോകത്തെ എല്ലാ രാജ്യങ്ങളുടേയും കണക്ക് എടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന രാജ്യവും കാനഡയാണ്. 2024-ല്‍ 364000 പുതിയ പെര്‍മിറ്റുകള്‍ക്ക് മാത്രമായിരിക്കും അംഗീകാരം നല്‍കുകയെന്നാണ് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പങ്കുവെച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഇത് കാനഡയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മോഹങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ഏറ്റവും വലിയ തിരിച്ചടിയാണ്.

അതേമയം, കാനഡ പോലെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി ജനപ്രിയ പഠന കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ, യുഎസ്എ തുടങ്ങിയവയാണ് കാനഡയില്ലെങ്കില്‍ സ്വാഭാവികമായും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടിയേറാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍. അത്തരത്തില്‍ പ്രധാനപ്പെട്ട ചില രാജ്യങ്ങളെ ഇവിടെ പരിചയപ്പെടാം.

ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ 2023-ല്‍ ഏകദേശം 1.24 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ (ആകെ 7.68 ലക്ഷം) പഠിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഓസ്ട്രേലിയയില്‍ എംബിഎയ്ക്ക് പഠിക്കാനുള്ള ശരാശരി ചെലവ് ഒരു വര്‍ഷത്തേക്ക് 60,000 ഡോളര്‍(അല്ലെങ്കില്‍ 33 ലക്ഷം) ആണ്.

പരീക്ഷയൊന്നും എഴുതേണ്ട, അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസര്‍ മുതലുള്ള ജോലി നേടാം, ശമ്പളം 70000 വരെപരീക്ഷയൊന്നും എഴുതേണ്ട, അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസര്‍ മുതലുള്ള ജോലി നേടാം, ശമ്പളം 70000 വരെ
തിരഞ്ഞെടുത്ത ബാച്ചിലേഴ്‌സ് ബിരുദങ്ങള്‍ക്ക് 2-4 വര്‍ഷവും തിരഞ്ഞെടുത്ത ബിരുദാനന്തര ബിരുദങ്ങള്‍ക്ക് 3-5 വര്‍ഷവും എല്ലാ പിഎച്ച്ഡികള്‍ക്കും 4-6 വര്‍ഷവും താമസത്തിനുള്ള അനുമതിയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. യൂണിവേഴ്സിറ്റി ഓഫ് സിഡ്നി, യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍, യുഎന്‍എസ്ഡബ്ല്യു, മോനാഷ്, ക്വീന്‍സ്ലാന്‍ഡ് എന്നിവയാണ് രാജ്യത്തെ പ്രധാനപ്പെട്ട സര്‍വ്വകലാശാലകള്‍.

ന്യൂസിലാന്‍ഡ്: താരതമ്യേന ചെറിയ രാജ്യമാണ് ന്യൂസിലാന്‍ഡ്. അതായത് എട്ട് സര്‍വകലാശാലകള്‍ മാത്രമുള്ള ഒരു ദ്വീപ് രാഷ്ട്രമാണിത്. ഓസ്‌ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന ചിലവ് കുറവാണ് ന്യൂസിലന്‍ഡില്‍. ഒരു എംബിഎ കോഴ്‌സിനുള്ള ചെലവ് ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍ ഈടാക്കുന്നതിന് സമാനമായി NZ$50,000 (25 ലക്ഷം) വരെയായിരിക്കും. പഠനം പൂര്‍ത്തിയാക്കിയ ശേഷം, വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ വിസയില്‍ മൂന്ന് വര്‍ഷം വരെ രാജ്യത്ത് താമസിക്കാം. ഓക്ക്ലാന്‍ഡ് യൂണിവേഴ്സിറ്റി, വിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് വെല്ലിംഗ്ടണ്‍, മാസി യൂണിവേഴ്സിറ്റി എന്നിവയാണ് പ്രധാനപ്പെട്ട സര്‍വ്വകലാശാലകള്‍.

യുണൈറ്റഡ് കിംഗ്ഡം (യുകെ): 2021 രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ബ്രിട്ടീഷ് സര്‍ക്കാര്‍ പുനരാരംഭിച്ചതുമുതല്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വലിയ പ്രവാഹമാണ് യുകെയിലേക്കുള്ളത്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സിനെയും യൂണിവേഴ്‌സിറ്റിയെയും അടിസ്ഥാനമാക്കി യുകെയില്‍ പഠിക്കാനുള്ള ട്യൂഷന്‍ ഫീസ് പ്രതിവര്‍ഷം ഏകദേശം ?20-25 ലക്ഷം വരും. എന്നാല്‍ ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് തുടങ്ങിയ മുന്‍നിര സര്‍വകലാശാലകള്‍ വളരെ ഉയര്‍ന്ന തുകയാണ് ഈടാക്കുന്നത്. ഉദാഹരണത്തിന്, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു എംബിഎയ്ക്ക് ട്യൂഷനു മാത്രമായി ഏകദേശം 83 ലക്ഷം രൂപ (£78,510) ചിലവാകും.

2022ല്‍ യുകെയിലെ വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ 54 ശതമാനം വര്‍ധനയുണ്ടായി. 2022ല്‍ മാത്രം 1.39 ലക്ഷമാണ് ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ പ്രവേശിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം. ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, കിംഗ്സ് കോളജ്, എല്‍എസ്ഇ, യുസിഎല്‍, യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ എന്നിവയാണ് പ്രധാനപ്പെട്ട സര്‍വ്വകലാശാലകള്‍.

യുഎസ്എ: യുഎസ് സര്‍വ്വകലാശാലകളില്‍ 2.68 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. OPT (ഓപ്ഷണല്‍ പ്രായോഗിക പരിശീലനം) തിരഞ്ഞെടുത്തവരില്‍ ഏറ്റവും കൂടുതലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നതിന്റെ പ്രധാന നേട്ടങ്ങളിലൊന്നായ ഒരു വര്‍ഷത്തെ താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെടാന്‍ അവരെ ഇതിലൂടെ പ്രാപ്തരാക്കുന്നു.

പണത്തിന്റെ കാര്യം നോക്കുകയാണെങ്കില്‍ യുഎസ് സര്‍വ്വകലാശാലകള്‍ വളരെ ചെലവേറിയതാണ്. നാല് വര്‍ഷത്തെ ബിരുദ കോഴ്‌സാണ് രാജ്യത്തുള്ളത്. മികച്ച കോളേജുകള്‍ക്ക് പ്രതിവര്‍ഷം 40 ലക്ഷം രൂപ വരെ വാര്‍ഷിക ട്യൂഷന്‍ ഫീസ് വേണ്ടി വരും. യുഎസിലെ അറിയപ്പെടുന്ന ചില സര്‍വ്വകലാശാലകളില്‍ ഹാര്‍വാര്‍ഡ്, യേല്‍, എംഐടി, സ്റ്റാന്‍ഫോര്‍ഡ്, പ്രിന്‍സ്റ്റണ്‍, പെന്‍, കോര്‍ണല്‍, ബ്രൗണ്‍, ഷിക്കാഗോ എന്നിവ ഉള്‍പ്പെടുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam