'നരേന്ദ്രമോദി ഈ പാർട്ടിയുടെ ഐശ്വര്യം' എന്ന ബോർഡ് വച്ചുകൊണ്ടാണ് പിണറായി വിജയന്റെ സർക്കാർ ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷവും പി.വി.അൻവറും പറയുന്നു. നിലമ്പൂരിലെ അൻവറിന്റെ പ്രസംഗവും കോഴിക്കോട് മുതലക്കുളത്തെ പ്രസംഗവും താരതമ്യം ചെയ്യുമ്പോൾ സി.പി.എം. അൻവറിനെ 'രാഷ്ട്രീയമായി' കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ഭരണതലത്തിലും പാർട്ടിതലത്തിലും അൻവറിനെതിരെയുള്ള പടനീക്കത്തെ ചെറുക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ചുവടുകളിലെ പിഴവുകൾ തുടരുകയാണ്. മുഖ്യമന്ത്രിയെ 'രഹസ്യമായി' നിയന്ത്രിക്കുന്നവരുടെ തലച്ചോറിലെ ആൾത്താമസമില്ലായ്മ അദ്ദേഹത്തെ കുരുക്കുകളിൽ നിന്ന് കുടുക്കുകളിലേക്ക് നയിക്കുകയാണോയെന്ന് സംശയിക്കണം.
പിണറായിക്കും മോദിക്കും 'എഴുപത്തിയഞ്ചി'ന്റെ ചെറുപ്പമോ?
2024
സെപ്തംബർ 18നാണ് നരേന്ദ്രമോദിക്ക് 75 വയസ്സ് പൂർത്തിയായത്. പിണറായി 78
കാരനാണ്. ബി.ജെ.പിയിൽ പഴയ പടക്കുതിരകളായ അദ്വാനിയെയും മുരളീ
മനോഹർജോഷിയെയുമെല്ലാം 'വീട്ടിലിരുത്താൻ' മോദി 75 വയസ്സ് എന്ന പ്രായപരിധി
പടവാളാക്കി. സി.പി.എമ്മിൽ സഖാവ് ബാലാനന്ദൻ, എം.എം.ലോറൻസ്, ആനത്തലവട്ടം
എന്നിവരെ പാർട്ടി നിബന്ധനയനുസരിച്ച് 'മുതിർന്നനേതാക്കൾ' എന്ന പൊന്നാട
പുതപ്പിച്ച് പിണറായി നിശ്ശബ്ദനാക്കിയെങ്കിലും, ഇപ്പോൾ പ്രായപരിധിക്കെല്ലാം
പുല്ലുവില കൽപ്പിച്ച് മൂന്നാം വട്ടവും മുഖ്യമന്ത്രിയാകാമെന്ന അത്യാഗ്രഹം
പിണറായി പ്രകടിപ്പിച്ചു കഴിഞ്ഞു.
പാർട്ടിയിലെ പലനേതാക്കളും ബുധനാഴ്ച (ഒക്.2) രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ മുഖ്യന്റെ ഈ 'പൂതി' പരസ്യമാക്കിയിട്ടുണ്ട്. 'മുത്തി ചത്ത് കട്ടിലൊഴിയുമെന്ന്' കരുതിയിരുന്ന പല സി.പി.എം നേതാക്കളും പാർട്ടിയെന്ന കട്ടിലൊടിഞ്ഞാലും 'നാൻ താൻ പെരിയവൻ' എന്ന പിണറായിയുടെ നിലപാടിൽ സംശയാലുക്കളാണ്. റിയാസിനു പിന്നാലെ മന്ത്രി ശിവൻകുട്ടിയും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്തുവെങ്കിലും, മന്ത്രിയുടെ 'ശരീര ഭാഷ'യിൽ ഒരുതരം നിസ്സഹായത തെളിഞ്ഞു കണ്ടു.
പി.ആർ. വിവാദത്തിലും കാവിനിറമെന്ന് പരാതി
മുഖ്യമന്ത്രിക്കായി പബ്ലിക്‌റിലേഷൻസ് ചുമതല ഏറ്റെടുത്ത കെയ്‌സൻ ഏജൻസിയുടെ ഓഹരികളിൽ 75 ശതമാനവും റിലയൻസുമായി ബന്ധപ്പെട്ട ഒരു കമ്പനിയുടേതാണെന്ന വാർത്തകൾ, രാഷ്ട്രീയത്തിലുള്ള കുത്തകകളുടെ നിഗൂഢ ഇടപെടലുകൾക്ക് സൂചനയാണ്. മാത്രമല്ല പല രാഷ്ട്രീയനേതാക്കൾക്കും ജനപ്രിയരെന്ന ചമയമൊരുക്കാനുള്ള മേക്കപ്പ് വിദ്യ ഈ കമ്പനികൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുവെന്നും ആരോപണമുണ്ട്.
യു.പി.യിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'വെള്ളപൂശിയ' ഏജൻസിയാണ് കൈസൻ. ഇതോടെ കൈസനെ പിണറായിക്കുവേണ്ടി നിയോഗിച്ചതിൽ ആർ.എസ്.എസിന്റെ പങ്ക് എല്ലാവരും സംശയിക്കുന്നു. മാത്രമല്ല, ഇടതു പാർട്ടിനേതാക്കളുടെ പല മക്കളും അംബാനി, അദാനിമാരുടെ കമ്പനികളിൽ ഉദ്യോഗസ്ഥരാണെന്ന രഹസ്യവും പി.ആർ. വിവാദത്തിലൂടെ വെളിപ്പെട്ടു കഴിഞ്ഞു. ഹരിപ്പാട്ട് സി.പി.എം. എം.എൽ.ഏ.യായിരുന്ന നേതാവിന്റെ മകന് റിലയൻസിലാണ് ജോലി. സുബ്രഹ്മണ്യൻ എന്നുപേരുള്ള ഈ വ്യക്തി മുഖ്യമന്ത്രിയുമായുള്ള അഭിമുഖ മധ്യേകേരള ഹൗസിൽ ഉണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ പറയുന്നു.
സ്വർണ്ണക്കടത്തും ഹവാല പണമിടപാടും മലപ്പുറം ജില്ലയോട് മാത്രം ബന്ധപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ പരാമർശം നാക്കുപിഴയാണെന്നോ വാക്ക് പിഴയാണെന്നോ ഉള്ള വിവാദം അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' വിനെക്കൊണ്ട് മാപ്പപേക്ഷ നടത്തിയാൽ തീരില്ലെന്ന് തീർച്ചയായിട്ടുണ്ട്. അഭിമുഖം പ്രസിദ്ധീകരിച്ച് 32 മണിക്കൂർ കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് കോഴിക്കോട്ട് വച്ച് ഈ വിവാദത്തിൽ മറുപടിയുണ്ടായത്. മലബാർ രാഷ്ട്രീയത്തിൽ ഈ വിവാദമുണ്ടാക്കിയ 'മുറിവ്' ഉണക്കാൻ പാലൊളിയേയും ടി.കെ. ഹംസയേയും പാർട്ടി രംഗത്തിറക്കിയെങ്കിലും, ആ നീക്കങ്ങളൊന്നും ഇതേവരെ ഫലിച്ചിട്ടില്ല.
പാർട്ടിയും ഭരണവുംലേറ്റാണ്, പല കാര്യങ്ങളിലും...
പുകഞ്ഞ കൊള്ളി പുറത്തെന്നാണ് പഴഞ്ചൊല്ല്. എന്നാൽ അൻവറിന്റെ കാര്യത്തിൽ 'തീരുമാനങ്ങൾ' മുഖ്യമന്ത്രിക്ക് വിട്ടത് പാർട്ടിക്ക് ഒരു തരത്തിൽ വിനയായി. അൻവറിനെതിരെയുള്ള പൊലീസ് പരാതിയിൽ കേസെടുക്കാൻ 24 ദിവസമാണ് വൈകിയത്. അതും ജോസ് കെ.മാണി ഗ്രൂപ്പിന്റെ ഒരു പ്രാദേശികനേതാവിന്റെ മകന്റെ വന്ദ്യ പിതാവിനെ (പഴയൊരുകോൺഗ്രസ് വിമതനാണ് കക്ഷി) ഇതിനായി രംഗത്തിറക്കേണ്ടിവന്നത് സി.പി.എമ്മിന്റെ ബലഹീനതയായി കരുതുന്നവരുണ്ട്. എടമണ്ണയിലും മറ്റും അൻവറിന്റെ കൈയും കാലും വെട്ടുമെന്നു അട്ടഹസിച്ച ഒരു കടത്തനാടൻ കമ്മ്യൂണിസ്റ്റ് പോരാളിയെയും അൻവറിനെതിരെ കേസ് കൊടുക്കാൻ സി.പി.എംന് കിട്ടിയില്ലേയെന്ന് പലരും ചോദിക്കുന്നു.
സക്കറിയയുടെ ലേഖനവും സി.പി.എംന്റെ സ്ഥിതിയും
കഴിഞ്ഞയാഴ്ച മനോരമ പത്രത്തിൽ സക്കറിയയുടെ ഒരു ലേഖനമുണ്ടായിരുന്നു. മനുഷ്യർ എങ്ങനെ മരിക്കുന്നുവെന്ന ചിന്ത പങ്കുവെച്ചുകൊണ്ട് വെങ്കി രാമകൃഷ്ണൻ എന്ന നൊബേൽ ജേതാവിന്റെ ഒരു ഗ്രന്ഥത്തെ സക്കറിയ തന്റെ പംക്തിയിൽ പരിചയപ്പെടുത്തിയിരുന്നു. വെങ്കി രാമകൃഷ്ണൻ തമിഴ്‌നാട്ടിലെ ചിദംബരം സ്വദേശിയാണ്. യു.കെ., യു.എസ്.എ. തുടങ്ങിയ രാജ്യങ്ങളുടെ പൗരത്വമുള്ളയാൾ. 2009ൽ കെമിസ്ട്രിയിൽ മറ്റ് രണ്ടുപേരോടൊപ്പം നൊബേൽ പങ്കിട്ട വെങ്കിയുടെ സ്‌കൂൾ വിദ്യാഭ്യാസം പഴയ ബറോഡയിലെ (ഇപ്പോൾ വഡോദര) ജീസസ് ആൻഡ് മേരി കോൺവെന്റ് സ്‌കൂളിലായിരുന്നു.
മനുഷ്യ ശരീരത്തിലെ കോടിക്കണക്കിനു കോശസമൂഹങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന സമ്പർക്കവും സംവേദനവുമാണ് മനുഷ്യനിൽ ജീവൻ നിലനിർത്തുന്നതെന്ന് വെങ്കി രാമകൃഷ്ണൻ ശാസ്ത്രീയമായ തെളിവുകൾ സഹിതം അവകാശപ്പെടുന്നു. ഒരർത്ഥത്തിൽ പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും സ്ഥിതിയും ഏതാണ്ട് ഇതുപോലെതന്നെ. പശ്ചിമ ബംഗാളിൽ 220 എം.എൽ.എമാരും 32 എം.പി.മാരും ഉണ്ടായിരുന്ന സി.പി.എമ്മിന് ഇന്ന് ആ സംസ്ഥാനത്ത് ഒറ്റ ജനപ്രതിനിധിപോലും ഇല്ലാതായത് ജനങ്ങളോടുള്ള സമ്പർക്കവും സംവേദനവും ഇല്ലാതെപോയതുകൊണ്ടാണ്.
അൻവർ പാർട്ടിനേതൃത്വത്തെക്കുറിച്ചും ഭരണനേതൃത്വത്തെക്കുറിച്ചും ആരോപിക്കുന്നതും ഈപോരായ്മകൾ തന്നെ. സെക്രട്ടറിയേറ്റിനു മുന്നിൽ നിന്ന് നോക്കിയാൽ കാണാവുന്ന ഫ്‌ളാറ്റിൽ ശിവശങ്കറും സ്വപ്‌നയുമൊരുമിച്ച് താമസിച്ചിരുന്ന കാര്യം അറിയാതെപോയ മുഖ്യമന്ത്രിയെയും പാർട്ടിയെയും അൻവർ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.
കരിപ്പൂരിലെ കള്ളക്കടത്തും കണ്ണൂരിലെനേതാക്കളും
188 കേസുകൾ. 123കോടിയുടെ ഹവാല പണം. ഇതെല്ലാം മലപ്പുറത്തിന്റെപേരിൽ ചാർത്തപ്പെടുമ്പോൾ 2019ൽ തിരുവനന്തപുരത്ത് 2019ൽ 1 വർഷം കൊണ്ട് 709 കിലോ ഗ്രാം കടത്തിയ ഹൈന്ദവ നാമധാരിയായ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഡിപ്ലോമാറ്റിക് ചാനൽ വഴി 120ലേറെ കിലോഗ്രാം സ്വർണ്ണം കടത്തിയ സ്വപ്‌നയെയും മുഖ്യമന്ത്രി ഏത് ദേശവിരുദ്ധരുടെ പട്ടികയിൽ പെടുത്തും? സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് 50 ലക്ഷവും സ്വപ്‌നയ്ക്ക് 6കോടിയും പിഴ ചുമത്തിയ കാര്യവും കസ്റ്റംസ് രേഖകളിലുണ്ട്.
സ്വർണ്ണക്കടത്തായാലും ഹവാലയായാലും മയക്കു മരുന്നായാലും അത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാരിന്റെ കൈവശമുണ്ട്. എന്നാൽ, ഈ കുറ്റകൃത്യങ്ങൾ തടയേണ്ടവർ, കുറുക്കു വഴിയിൽകേന്ദ്രസംസ്ഥാന ഭരണകൂടങ്ങളെ കബളിപ്പിച്ച് പണമുണ്ടാക്കുമ്പോൾ, ആ പ്രക്രിയ തൂങ്ങിച്ചത്തവന്റെ ഏതോ ഒരു അവയവത്തിൽ കെട്ടിത്തൂങ്ങുന്ന ഹീനന്മാരുടേതായി രൂപാന്തരപ്പെടുന്നുണ്ട്. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണത്തെക്കാൾ കടുപ്പം കൂടിയ ആരോപണമാണിത്.
ഒടുവിൽ പാർട്ടിയുടെ ബഡായി 'ഭാവി കടമകൾ' !
ലോക്‌സഭാ ഇലക്ഷനുശേഷം പാർട്ടി നടത്തിയ വിശകലനങ്ങൾ കഴിഞ്ഞ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് 'ഭാവി കടമകൾ' എന്നപേരിൽ ഒരു വാറോല പുറത്തിറക്കിയിട്ടുണ്ട്. 'സന്ദേശം' സിനിമയിൽചോദിക്കുന്നതുപോലെ എന്തുകൊണ്ട് പാർട്ട ിതോറ്റുവെന്ന ചോദ്യത്തിന് നേരിട്ടുള്ള ഒരു മറുപടി നൽകുന്നില്ല. എങ്കിലും പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗത്തെ കർശനമായി നിയന്ത്രിക്കണം, ക്ഷേത്രങ്ങൾ കേന്ദ്രമാക്കിയുള്ള പ്രവർത്തനം ശക്തിപ്പെടുത്തണം, സ്ത്രീകളുടെയും കുട്ടികളുടെയും പാർട്ടി കൂട്ടായ്മകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണം, നവമാധ്യമങ്ങളിലെ സാന്നിധ്യത്തിനു പ്രാധാന്യം നൽകണം തുടങ്ങിയ നിർദ്ദേശങ്ങൾ 'ഭാവി കടമകൾ' എന്നരേഖയിലുണ്ട്.
1992 മാർച്ചിൽ ചിന്താ പബ്ലിഷേഴ്‌സ് പുറത്തിറക്കിയ ഇ.എം.എസിന്റെ ഒരു കൈപ്പുസ്തകമുണ്ട്. പേര് : യുവാക്കളുടെ ഇന്നത്തെ കടമകൾ. ഈ ചെറുഗ്രന്ഥത്തിലെ അവസാനത്തെ (എട്ട്) അധ്യായത്തിൽ യുവജന പ്രസ്ഥാനങ്ങളുടെ കടമകൾ വിവരിക്കുന്നുണ്ട്. നമ്പൂതിരിപ്പാട് അഞ്ചാമത്തെ കടമയായി നിർദ്ദേശിച്ചിട്ടുള്ളത് തൊഴിലില്ലായ്മ ഇല്ലാതാക്കലാണ്. എന്നാൽ ഇക്കാര്യത്തിൽ ഭരണകർത്താക്കൾക്ക് എതിരെ ഒരു മുദ്രാവാക്യം പോലും ഉയർത്താൻ കഴിയാത്ത വിധം ഇടതു യുവജന പ്രസ്ഥാനങ്ങൾ വന്ധ്യംകരിക്കപ്പെട്ടിരിക്കുകയാണിപ്പോൾ.
ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തോൽപ്പിക്കാനാകും മക്കളേ...
പി.വി. അൻവർ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത പഞ്ചായത്തു തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും തന്റെ പാർട്ടിയുടെ സ്ഥാനാർത്ഥികളുണ്ടാകുമെന്നാണ് അൻവർ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. മലബാർ രാഷ്ട്രീയത്തിൽ ഈ നീക്കം പുതിയ ധ്രുവീകരണങ്ങൾക്ക് വഴി തെളിക്കാം. അൻവർ യു.ഡി.എഫിന്റെയും അസംതൃപ്തരായ സി.പി.എമ്മിന്റെയും അണികളിൽ പ്രതീക്ഷവയ്ക്കാം.
സി.പി.എം. ആകട്ടെ ബി.ജെ.പി.യിൽ നിന്ന് ചോർന്നു കിട്ടുന്ന വോട്ടുകളും ലക്ഷ്യം വയ്‌ക്കേണ്ടിവരാം. മുസ്ലീം പ്രീണനത്തിൽ പ്രതിക്കൂട്ടിലായ പിണറായി മുസ്ലീം വിരുദ്ധ നിലപാടിലൂടെ സി.പി.എമ്മിനെ നയിക്കുന്നത് ഏത് 'ഗോ ശാല'യിലേക്കായിരിക്കും? സുരേഷ്‌ഗോപിയുടെ കമ്മീഷണർ ഫെയിം ഭാഷയിൽ നമുക്കും പറയാം: വെയ്റ്റ് ആൻഡ് സീ !
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1